ഇതാണ് യഥാ­ർ­ത്ഥ ലൈംഗി­ക ചൂ­ഷണം


ലൈംഗിക ദാരിദ്ര്യം അനുഭവിക്കുന്നതുപോലെ തന്നെ ലൈംഗിക ശേഷിയില്ലായ്മ അനുഭവിക്കുന്നവർ കൂടിയാണ് മലയാളി സമൂഹം. സ്വന്തം പങ്കാളിയുടെ ലൈംഗിക മുന്നേറ്റങ്ങൾ പോലും ഭാരമായി തോന്നുകയും ലൈംഗികശേഷിക്കുറവിന് ഡോക്ടർമാരെ ആശ്രയിക്കുകയും ചെയ്യുന്നവരുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയാണെന്നാണ് സെക്‌സോളജിസ്റ്റുകളെ സമീപിക്കുന്ന മലയാളി പുരുഷന്മാരുടെ എണ്ണത്തിലുണ്ടായ വർദ്ധനവ് വെളിപ്പെടുത്തുന്നത്. രാവിലെ മുതൽ രാത്രി വരെ നീളുന്ന തൊഴിൽ ജീവിതവും അതിന്റെ ടെൻഷനുകളും മദ്യം, സിഗരറ്റ് പോലുള്ള ലഹരി വസ്തുക്കളുടെ ഉപയോഗവും ജീവിതശൈലി രോഗങ്ങളുമൊക്കെ കിടപ്പറയിൽ ദുർബലനായ ഒരാളായി മലയാളിയെ മാറ്റിയിരിക്കുകയാണിപ്പോൾ. അത് വലിയ തോതിൽ വിവാഹമോചനങ്ങളിലേക്കും കുടുംബ അസ്വാസ്ഥ്യങ്ങളിലേക്കുമൊക്കെ അവരെ കൊണ്ടെത്തിക്കുന്നുമുണ്ടു താനും. 

പക്ഷേ ലൈംഗിക ബലഹീനതയെക്കുറിച്ചും അതിന്റെ ചികിത്സയെക്കുറിച്ചുമൊക്കെ അറിവുള്ളവരാണെങ്കിലും ഡോക്ടറെ കാണാനുള്ള മടി മൂലം ഒട്ടുമിക്ക മലയാളികളും പത്രത്താളുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ലാസിഫൈഡ് പരസ്യങ്ങളിലാണ് ഇതിനുള്ള പരിഹാരം മാർഗം തേടുന്നതെന്നതാണ് ദയനീയമായ കാര്യം. ലൈംഗിക ബലഹീനത പരിഹരിക്കുമെന്നും ഓജസ്സ് വർദ്ധിപ്പിക്കുമെന്നും പരസ്യം ചെയ്തിരുന്ന ഒരു ഉൽപന്നങ്ങളിൽ അവർ വീഴുന്നു. മാസങ്ങളോളം ഉൽപന്നം കഴിച്ചിട്ടും യാതൊരു വ്യത്യാസവും ലൈംഗികബന്ധത്തിലുണ്ടാകാത്തവർ അതുപോലുള്ള മറ്റു ഉൽപന്നങ്ങളും പരീക്ഷിക്കാൻ നോക്കുകയും ചെയ്യും. ഇത്തരം മരുന്നുകളിൽ അടങ്ങിയിരിക്കുന്നതെന്തെന്ന് പോലും പരിശോധിക്കാതെ ലൈംഗിക ബലഹീനത അതുകൊണ്ട് ശരിയാകുമെന്ന ധാരണയിലാണ് പലരും ഈ കള്ളനാണയങ്ങളിൽ വിശ്വാസം അർപ്പിക്കുന്നത്. ആയുർവേദ ഔഷധമെന്ന പേരിൽ പുറത്തിറങ്ങുന്ന പല മരുന്നുകളിലും വയാഗ്രയിലെ രാസവസ്തുക്കളുടെ സാന്നിധ്യവും ഉണ്ടാകാം. ഇത് വലിയ അപകടങ്ങളിലേക്ക് നയിക്കുകയും ചെയ്‌തേക്കാം. 

മനുഷ്യന്റെ ജീവശാസ്ത്രപരമായ ആവശ്യമാണ് ലൈംഗികത. മൃഗങ്ങളിൽ പ്രത്യുൽപാദനത്തിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നാണ് ലൈംഗികതയെങ്കിൽ മനുഷ്യന് അത് ഒരേസമയം പ്രത്യുൽപാദനപരവും ആസ്വാദനപരവും ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതുമൊക്കെയാണ്. ഏറ്റവും ശക്തമായ മനുഷ്യബന്ധങ്ങൾ പലതും നിലനിൽക്കുന്നത് ലൈംഗികതയിലൂടെയാണെന്നതാണ് വാസ്തവം. എന്നാൽ പല ലൈംഗിക ദുർബലതകളും മറ്റു രോഗങ്ങളുടെ ഉപോൽപന്നങ്ങൾ മാത്രമാണെന്ന് പലർക്കുമറിയില്ലെന്നതാണ് സത്യം. തലച്ചോറിലുള്ള ട്യൂമർ പോലും പലപ്പോഴും ലൈംഗിക ബലഹീനതയ്ക്ക് കാരണമാകാറുണ്ട്. യഥാർത്ഥരോഗം ചികിത്സിക്കാതെ ലൈംഗിക ഉദ്ധാരണം മാത്രം സാധ്യമാക്കി ഭാര്യയെ തൃപ്തിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ പലപ്പോഴും ഇത്തരക്കാരുടെ ചതിക്കുഴികളിൽ വീഴുന്നുവെന്നതാണ് ദയനീയം. 

2006 ജനുവരി 31 മുതൽ 2013 ജനുവരി 31 വരെ ലൈംഗിക പ്രശ്‌നങ്ങൾ നേരിടുന്ന 12,718 പേരിൽ ഡോക്ടർ പ്രമോദ് നടത്തിയ പഠനങ്ങൾ ശ്രദ്ധേയമായ പല കണ്ടെത്തലുകളിലുമെത്തിയിരുന്നു. ഡോക്ടർ പ്രമോദാസ് ഇൻസ്റ്റിറ്റ്യൂട്ട് ആറു വർഷത്തെ ഡേറ്റ പരിശോധിച്ച് നടത്തിയ പഠനത്തിൽ മൊത്തം 12,718 പേരിൽ ലൈംഗിക പ്രശ്‌നങ്ങളുള്ളവരായി കണ്ടെത്തിയത് 10,977 പേരെയാണ്. ഇതിൽ 9605 പേർ (87.5 ശതമാനം) പുരുഷന്മാരും 1372 പേർ സ്ത്രീകളുമാണ് (12.5 ശതമാനം). വിവാഹബന്ധത്തിനുശേഷം ലൈംഗികബന്ധം പുലർത്താത്തവരായി 17 ശതമാനം പേരും വന്ധ്യതയുള്ളവരായി 14 ശതമാനം പേരും മറ്റു ലൈംഗിക പ്രശ്‌നങ്ങളുള്ളവരായി 58 ശതമാനം പേരും വിവാഹ കലഹങ്ങൾ ഉള്ളവരായി 11 ശതമാനം പേരുമാണ് ഉള്ളത്. പുരുഷന്മാരുടെ പട്ടിക മാത്രമെടുത്താൽ ഇവരിൽ 59 ശതമാനം പേർക്ക് ഉദ്ധാരണ തകരാറുള്ളതായും 29 ശതമാനം പേർക്ക് ശീഘ്രസ്ഖലനം ഉള്ളതായും ലൈംഗിക താൽപര്യമില്ലാത്തവരായി 4 ശതമാനം പേരും രതിമൂർച്ഛയിലെത്താത്തവരായി 3 ശതമാനം പേരും ലൈംഗികതയോട് വെറുപ്പുള്ളരായി ഒരു ശതമാനം പേരും മറ്റുള്ളവർ 4 ശതമാനം പേരുമായിരുന്നു. സ്ത്രീകളുടെ കാര്യത്തിൽ 58 ശതമാനം പേർക്ക് യോനി സങ്കോചമുള്ളതായും 13 ശതമാനം പേർക്ക് ലൈംഗിക താൽപര്യക്കുറവും 12 ശതമാനം പേർ രതിമൂർച്ഛ കിട്ടാത്തവരും ലൈംഗിക ഉത്തേജനം ഉണ്ടാകാത്തവരായി ഏഴു ശതമാനം പേരും രതി വേദനാജനകമായ അനുഭവമായി മാറിയവർ 6 ശതമാനവും ലൈംഗികതയോട് വെറുപ്പുള്ളതായി 6 ശതമാനം പേരും ഉണ്ടായിരുന്നു. പ്രമേഹം, ഹൃദോഗം, കൊളസ്‌േട്രാളിന്റെ കൂടുതൽ എന്നിവയൊഴിച്ചു നോക്കിയാൽ പുരുഷന്മാരിലെ ലൈംഗിക പ്രശ്നങ്ങൾക്കിടയാക്കുന്ന പ്രധാനപ്പെട്ട കാരണങ്ങൾ പ്രോസ്‌റ്റേറ്റ് ഗ്രന്ഥിയുടെ നീർക്കെട്ട്, ലിംഗത്തിന്റെ അഗ്രചർമ്മം പിറകോട്ട് നീക്കാൻ പറ്റാതിരിക്കുക, വൃഷണസഞ്ചിയിൽ ഞെരന്പ് തടിച്ചുകിടക്കുന്ന അവസ്ഥ, വൃഷണങ്ങളിൽ വേദന എന്നിങ്ങനെയാണ്. സ്ത്രീകളിൽ ഏറ്റവും വലിയ ലൈംഗിക പ്രശ്‌നമായി കാണപ്പെടുന്നത് വജീനിസമസ് അഥവാ യോനിസങ്കോചമാണ്. പഠനത്തിൽ പങ്കെടുത്ത ഏതാണ്ട് 58 ശതമാനം സ്ത്രീകളിലും ഈ പ്രശ്‌നം കണ്ടെത്തുകയുണ്ടായി.

പുതിയകാല തൊഴിൽ സമ്മർദ്ദങ്ങൾ മൂലം ഉദ്ധാരണശേഷിക്കുറവ് അനുഭവിക്കുന്നവരുടെ എണ്ണം ഇപ്പോൾ വർദ്ധിച്ചുവരുന്നതായാണ് കാണുന്നതെന്ന് ഈ രംഗത്തെ ചികിത്സാവിദഗ്ദ്ധർ പറയുന്നു. ആദ്യരാത്രിയിലെ ദുരനുഭവം മൂലം ഏതാണ്ട് എട്ടു വർഷത്തോളം ലൈംഗിക ബന്ധത്തിൽ ഏർപ്പെടാതെ കഴിഞ്ഞശേഷം ലൈംഗികരോഗ വിദഗ്ദ്ധനെ സമീപിച്ചവർ പോലും അക്കൂട്ടത്തിലുണ്ട്. വിവാഹത്തിനു ശേഷം ലൈംഗികബന്ധത്തിൽ ഏർപ്പെടാതെ കഴിയുന്നവരുടെ എണ്ണവും കൂടി വരുന്നു. പല സ്ത്രീകളും ലൈംഗികബന്ധത്തിലേർപ്പെടാൻ കഴിയാത്തത് വലിയൊരു ന്യൂനതയായി കണക്കാക്കുകയും അവരുടെ ജീവിതം ഭർത്താവ് നശിപ്പിച്ചുവെന്ന് ആക്ഷേപിക്കുകയും ചെയ്യുന്നുണ്ട്. ഇത്തരം ആക്ഷേപങ്ങൾ പലപ്പോഴും കൂടുതൽ വലിയ അകൽച്ചകളിലേക്ക് അവരെ നയിക്കുകയാണ് പതിവ്. ഉദ്ധാരണ പ്രശ്‌നത്തിന്റെ പേരിലും ലൈംഗികശേഷിക്കുറവിന്റെ പേരിലും വിവാഹത്തിന്റെ രണ്ടാം നാളിലും ആദ്യ ആഴ്ചയിലും തന്നെ ബന്ധമൊഴിയാൻ തീരുമാനിച്ച സ്ത്രീകളുമുണ്ട്. 

എന്തായാലും മലയാളി ഇന്ന് ലൈംഗിക അരക്ഷിതത്വത്തിന്റെ പിടിയിലായിരിക്കുന്നുവെന്ന് ദിനം പ്രതി മാധ്യമങ്ങളിൽ വരുന്ന ലൈംഗിക ബലഹീനത പരിഹാര ‘മരുന്നു’കളുടെ പരസ്യങ്ങളിൽ നിന്നും വ്യക്തം. ഉദ്ധാരണശേഷിക്കുറവ്, ശീഘ്രസ്ഖലനം, പങ്കാളിയെ തൃപ്തിപ്പെടുത്താൻ കഴിയാതിരിക്കുക തുടങ്ങി സർവമാന ലിംഗോദ്ധാരണ സമസ്യകളേയും അഭിസംബോധന ചെയ്യുന്നവയാണ് അവയിൽ പലതും. പ്രമുഖ ദിനപ്പത്രങ്ങളുടെ ക്ലാസിഫൈഡ്‌സ് കോളത്തിൽ പ്രത്യക്ഷപ്പെട്ട ചില പരസ്യങ്ങളുടെ സാന്പിൾ ഇതാ: ‘ലൈംഗിക ശക്തിക്കും കൂടുതൽ സമയത്തിനു’മെന്നാണ് അവയിൽ ഒന്നിന്റെ തലക്കെട്ട്. ‘ശക്തിക്കുറവ്, താൽപര്യക്കുറവ്, വലിപ്പക്കുറവ്, പറയാൻ മടിക്കുന്ന എല്ലാ രഹസ്യരോഗങ്ങൾക്കും ഫലപ്രദമായ ആയുർവേദ മരുന്നുകൾ.’ മരുന്ന് എന്താണെന്നോ മരുന്നിലെ ചേരുവകൾ എന്താണെന്നോ വ്യക്തമാക്കുന്നില്ലെങ്കിലും മരുന്നിന്റെ വില കൃത്യമായി പരസ്യത്തിലുണ്ട് 1400 രൂപ. ‘കടകളിലൂടെ മരുന്ന് വിതരണമില്ലെന്നും കേരളം മൊത്തം വിതരണം ചെയ്യാനായി എറണാകുളത്തെ ഒരു ടീം മരുന്ന് എടുത്തിട്ടുണ്ടെന്നും ഫോൺ നന്പറും പേരും മാത്രം നൽകിയാൽ ഉൽപന്നം കൈയിൽ ഭദ്രമായി എത്തിക്കുമെന്നും’ ആണ് അവരുമായി ബന്ധപ്പെട്ടപ്പോൾ ലഭിച്ച മറുപടി. ആയുർവേദ ഉൽപന്നങ്ങളുടെ ലേബലിൽ ഇത്തരം മരുന്നുകൾ വീട്ടിലെത്തിക്കുന്ന സംഘത്തിന്റെതിൽ നിന്നും വ്യത്യസ്തമായി വൻകിടക്കാർ സംഘടിതമായ രീതിയിൽ പരസ്യം നൽകി മെഡിക്കൽ സ്റ്റോറുകളിലൂടെ വിതരണം ചെയ്യുന്ന ഔഷധങ്ങളും വിപണിയിൽ ധാരാളം. ആയുർവേദ മരുന്നുകൾ നിർമ്മിക്കാനും വിതരണം ചെയ്യാനുമുള്ള ലൈസൻസ് ഇല്ലാതെ തന്നെ പ്രവർത്തിക്കുന്നവയാണ് ഈ മേഖലയിൽ ‘മരുന്നുകൾ’ വിതരണം ചെയ്യുന്ന പല സ്ഥാപനങ്ങളും (അവ പലതും വ്യക്തികൾ മാത്രമാണ്). യാതൊരു മാനദണ്ധവും പാലിക്കാതെ പത്രത്തിലെ ക്ലാസിഫൈഡ് കോളങ്ങളിൽ പരസ്യം നൽകി ഉൽപന്നം വീട്ടിലെത്തിച്ച് പണം വാങ്ങുന്നവരെ നിയന്ത്രിക്കാൻ ഇനിയും സർക്കാരിനായിട്ടില്ല. ഡോക്ടറെ നേരിട്ടു കണ്ട് പ്രശ്‌നം അവതരിപ്പിക്കാൻ മടിയുള്ളവരും ലൈംഗികപ്രശ്‌നം ഒളിച്ചുവച്ച് ലൈംഗിക ബന്ധത്തിലേർപ്പെടാതെ കാലം കഴിക്കുന്നവരും ഇത്തരം പരസ്യങ്ങളിൽ ആകൃഷ്ടരായി അവ പരീക്ഷിക്കാൻ മുതിരുമെന്നതാണ് ഇത്തരക്കാരുടെ വിപണി സജീവമായി നിലനിർത്തുന്നതും. ഒരു ആയുർവേദ ഡോക്ടറെ സമീപിക്കുക പോലും ചെയ്യാതെ ഈ ഉൽപന്നങ്ങൾ വാരിക്കോരി തിന്ന് ലൈംഗികശേഷി വർദ്ധിപ്പിക്കാൻ ശ്രമിക്കുന്ന യുക്തിഹീനരുടെ നാടായി മാറിയിരിക്കുന്നു കേരളം. 

ലൈംഗിക പ്രശ്‌നങ്ങൾക്ക് ഒട്ടുമിക്കപ്പോഴും മറ്റ് അസുഖങ്ങളായിരിക്കും കാരണം എന്ന വസ്തുതയും പലപ്പോഴും പലരും തിരിച്ചറിയാൻ തയാറാകുന്നില്ല. ലൈംഗിക പ്രശ്‌നങ്ങളുള്ളവർക്ക് മിക്കവർക്കും പ്രമേഹം, രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ഹൃദ്രോഗം എന്നിവ ഉള്ളതായും കണ്ടെത്തിയിരുന്നു. ഇതിനു പുറമേ തലച്ചോറിൽ ട്യൂമർ ഉള്ളവർക്കും ലൈംഗികശേഷി പൂർണമായി നഷ്ടപ്പെട്ടേക്കാം. ആശുപത്രിയിൽ പരിശോധന നടത്തിയ ശേഷമാണ് അവരിൽ പലരും തങ്ങൾക്ക് മറ്റു ചില അസുഖങ്ങൾ കൂടിയുണ്ടെന്ന് മനസിലാക്കുന്നത്. പ്രമേഹം കൂടി നിൽക്കുന്ന അവസ്ഥയിൽ ലൈംഗികശേഷി ഒരാൾക്കുണ്ടാവില്ല. അമിത മദ്യപാനവും പുകവലിയും പ്രത്യുൽപാദനശേഷിയേയും ലൈംഗികശേഷിയേയും ദോഷകരമായി ബാധിക്കുകയും ചെയ്യും. 

ഏതെങ്കിലുമൊരു പ്രത്യേക ജനവിഭാഗത്തെയോ പ്രായപരിധിയിൽപ്പെട്ടവരെയോ മാത്രമല്ല ലൈംഗികപ്രശ്‌നങ്ങൾ വേട്ടയാടുന്നത്. പക്ഷേ ലൈംഗിക പ്രശ്‌നങ്ങൾക്ക് ചികിത്സ തേടുന്നവർ അധികവും മധ്യവർഗ −ഉന്നത മധ്യവർഗ− സന്പന്ന വിഭാഗത്തിൽപ്പെട്ടവർ മാത്രമാണ്. ചികിത്സയെപ്പറ്റിയുള്ള അജ്ഞതയും രോഗമുണ്ടെന്നു പറയുന്നതിനുള്ള മടിയുമാണ് പലപ്പോഴും പ്രശ്‌നങ്ങൾ സങ്കീർണമാക്കുന്നത്. പങ്കാളിയുടേത് തന്നോടു മാത്രമുള്ള ലൈംഗിക താൽപര്യരാഹിത്യമാണെന്നു ധരിക്കുന്ന സ്ത്രീകളാകട്ടെ വലിയ ദാന്പത്യകലഹങ്ങളും സൃഷ്ടിക്കുന്നു. ഉദ്ധാരണ തകരാറ് പലതരത്തിലുണ്ടെന്നും മരുന്നുകൊണ്ടും ശസ്ത്രക്രിയ കൊണ്ടും സുഖപ്പെടുത്താവുന്നവയുണ്ടെന്നുമൊക്കെ തിരിച്ചറിയേണ്ടത് അനിവാര്യം. ലിംഗത്തിലേക്ക് രക്തം ഒഴുകി വരാതിരിക്കുകയും ഒഴുകി വന്ന രക്തം അവിടെ തന്നെ കെട്ടിനിൽക്കുന്ന അവസ്ഥയുമൊക്കെ പലപ്പോഴും ഉദ്ധാരണ തകരാറിന് ഇടയാക്കാറുണ്ട്. ഇവയിൽ ചിലതിനെങ്കിലും ചില ലഘു ശസ്ത്രക്രിയകൾ വേണ്ടിവരികയും ചെയ്യും. അതിനിടെ വിപണിയിൽ ഇപ്പോൾ ഡോക്ടറുടെ കുറിപ്പടിയില്ലാതെ വിൽക്കപ്പെടുന്ന ചില മരുന്നുകളും ലൈംഗികശേഷി കുറച്ചിട്ടുണ്ടെന്ന പരാതിയുമായി സെക്‌സ് തൊറാപ്പിസ്റ്റുകളെ സമീപിക്കുന്നതും ചെറുതല്ല. മലയാളിയുടെ ലൈംഗിക അരക്ഷിതത്വം പരമാവധി മുതലെടുക്കാനുള്ള ശ്രമങ്ങളുമായി നീങ്ങുന്ന വ്യാജ മരുന്നു നിർമ്മാണക്കാർക്കും രോഗം തിരിച്ചറിയാതെ പ്രതിവിധി നിശ്ചയിക്കുന്നവർക്കും കടുത്ത നിയന്ത്രണവും ശിക്ഷാനടപടികളും കൊണ്ടുവരാത്ത പക്ഷം ലൈംഗികശേഷിക്കുറവുള്ളയാൾ വ്യാജമരുന്നു വാങ്ങിത്തിന്ന് ആരോഗ്യപരമായി മറ്റ് രോഗങ്ങൾക്കടിപ്പെടുകയും സാന്പത്തികമായി കുത്തുപാളയെടുക്കുന്ന സാഹചര്യവും ഉടലെടുത്തേക്കാമെന്ന് ചുരുക്കം. 

You might also like

Most Viewed