സ്ലീപ്പർ സെല്ലുകളുടെ ഭീകരത!
ഇസ്ലാമിക് േസ്റ്ററ്റ് ഓഫ് ഇറാക്ക് ആന്റ് സിറിയ (ഐ എസ്.ഐ.എസ്) കേരളത്തിൽ ഇപ്പോൾ വലിയ ചർച്ചയായതിനു കാരണം ആ ഭീകരവാദ പ്രസ്ഥാനത്തിൽ ചേരാൻ കേരളത്തിൽ നിന്നും ഏതാനും ചിലർ പോയിട്ടുണ്ടെന്ന വാർത്തകളുടെ അടിസ്ഥാനത്തിലാണ്. എല്ലായ്‌പ്പോഴുമെന്ന പോലെ തീവ്രവാദപരമായ ആശയങ്ങൾ പ്രചരിപ്പിക്കുകയും അതുവഴി നിരപരാധികളായവരെ ഭീകരവാദത്തിലേയ്ക്ക് എത്തിക്കുകയും ചെയ്യുന്നവരെ പിന്തുണയ്ക്കുന്ന ഒരു നിലപാട് ഇപ്രാവശ്യവും സക്കീർ നായിക്കിനെപ്പോലുള്ളവരെ പിന്തുണയ്ക്കുന്ന കാര്യത്തിലും കേരളത്തിലുണ്ടായി. നിഷ്‌ക്കളങ്കമെന്നു ഒറ്റനോട്ടത്തിൽ തോന്നാവുന്ന ഇത്തരം അഭിപ്രായങ്ങൾ പക്ഷേ ഭീകരവാദത്തിന് ഒളിഞ്ഞും തെളിഞ്ഞും പിന്തുണ നൽകുന്നതിനുള്ള കുത്സിതനീക്കത്തിന്റെ ഭാഗമാണെന്നതാണ് വാസ്തവം. ഒരു കൊലപാതകിയേക്കാൾ വലിയ കുറ്റവാളി ആ കൊലപാതകത്തിന് അയാളെ പ്രചോദിപ്പിക്കുന്നയാളാണെന്ന് ആർക്കാണ് അറിയാത്തത് ?
ഉദാഹരണത്തിന് അധികം ദൂരേയ്‌ക്കൊന്നും പോകേണ്ടതില്ല. തടിയന്റവിട നസീർ എന്ന മലയാളിയായ തീവ്രവാദിയുടെ പൂർവ്വചരിതം തന്നെ പരിശോധിച്ചാൽ മതിയാകും. പഠിക്കുന്ന കാലത്ത് സിപിഎമ്മിന്റെ വിദ്യാർത്ഥി പ്രസ്ഥാനമായ സ്റ്റുഡന്റ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ്.എഫ്.ഐ) അനുഭാവിയായിരുന്ന നസീറിന്റെ മനസ്സിലേയ്ക്ക് തീവ്രവാദത്തിന്റെ തീകോരിയിട്ടവരിലൊരാൾ അബ്ദുൾ നാസർ മദനിയാണ്. അബ്ദുൾ നാസർ മദനിയുടെ മതവിദ്വേഷം വിളന്പിയിരുന്ന പ്രസംഗങ്ങളിൽ നസീറിനെപ്പോലെ ആകൃഷ്ടരായി രാഷ്ട്രത്തിനെതിരെ യുദ്ധം ചെയ്യാനിറങ്ങിയവർ പലരുമുണ്ടാകാം. ബാബ്‌റി മസ്ജിദിന്റെ തകർക്കൽ ഇന്ത്യൻ മുസ്ലിംകൾക്കിടയിൽ സൃഷ്ടിച്ച അരക്ഷിതാവസ്ഥയേയും ഭയത്തേയും പ്രതിഷേധത്തേയും മുതലെടുത്തുകൊണ്ട് കേരളത്തിൽ തീവ്രവാദത്തിന്റെ ആദ്യവിത്തുകൾ വിതച്ചത് മദനിയായിരുന്നു. ചെറുപ്പത്തിന്റെ ആവേശത്തിൽ തനിക്ക് തെറ്റുപറ്റിപ്പോയെന്ന് പിൽക്കാലത്ത് പീപ്പിൾസ് ഡമോക്രാറ്റിക് പാർട്ടി (പി.ഡി.പി) ചെയർമാനായി ഇടതുപക്ഷത്തിനായി പ്രചാരണം നടത്തുന്പോൾ മദനി കുന്പസരിച്ചിട്ടുണ്ടായിരുന്നു. ഇത്തവണ ബംഗലുരു ജയിലിൽ നിന്നും ഒരാഴ്ചക്കാലത്തെ ജാമ്യം കിട്ടി കേരളത്തിലെത്തി മടങ്ങുന്പോൾ ഡോക്ടർ സക്കീർ നായിക്കിനെ കേവലമൊരു മതപ്രഭാഷകനായി മാത്രം കാണാനാകില്ലെന്നും അയാളെ പിന്തുണയ്ക്കില്ലെന്നും മദനി പറഞ്ഞത് സക്കീറിന്റെ പ്രവർത്തനങ്ങൾ തന്റെ മുൻകാല പ്രവർത്തനങ്ങളെപ്പോലെ തന്നെ വിഷം കുത്തിെവയ്ക്കുന്നവയാണെന്ന് മദനി തിരിച്ചറിഞ്ഞതിനാലുമാകണം. മുസ്ലിം ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറിനെപ്പോലെ സക്കീർ നായിക്കിനെ പിന്തുണയ്ക്കുകയെന്ന പരമാബദ്ധം മദനി ചെയ്തില്ല.
പക്ഷേ മദനിയുടെ ഈ കുന്പസാരം നടന്നതും നടക്കാനിരിക്കുന്നതുമായ കാര്യങ്ങൾ വെച്ചുനോക്കുന്പോൾ ഒന്നിനും ഒരു പരിഹാരമാകുന്നില്ല. കേരളത്തിൽ മദനിയുടെ വാക്‌ധോരണിയിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടാണ് പല മതമൗലികവാദികളും തീവ്രവാദികളും പിറവികൊണ്ടത് എന്ന യാഥാർത്ഥ്യം മറച്ചുവെയ്ക്കാനാവില്ല. ആ പിറവിയുടെ പ്രത്യാഘാതം വെളിപ്പെട്ടത് കേരളത്തെ നടുക്കിയ കശ്മീർ ഭീകര റിക്രൂട്ട്‌മെൻ്റ് കേസ്സിലൂടെയും കൈവെട്ടു കേസ്സിലൂടെയും രാജ്യത്ത് വിവിധയിടങ്ങളിൽ നടന്ന സ്‌ഫോടന പരന്പരകളിൽ മലയാളികൾക്കുള്ള പങ്ക് വെളിപ്പെട്ടതിലൂടെയുമൊക്കെയാണ്. ഇതിനെല്ലാം പുറമേയാണ് കശ്മീർ റിക്രൂട്ട്‌മെന്റ് കേസ്സിൽ തടിയന്റവിട നസീർ അടക്കം 12 പേരെ ശിക്ഷിച്ചുകൊണ്ട് കൊച്ചിയിലെ നാഷണൽ ഇൻവസ്റ്റിഗേഷൻ ഏജൻസി (എൻ.ഐ.എ) കോടതി 2013 ഒക്‌ടോബർ നാലിന് നടത്തിയ വിധി പ്രസ്താവം. കേരളത്തിൽ തീവ്രവാദ പ്രസ്ഥാനങ്ങളുടെ സ്ലീപ്പർ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടെന്നതിന്റെ ആദ്യത്തെ ഔദ്യോഗിക സ്ഥിരീകരണമാണ് ഈ കേസ്സിൽ കുറ്റക്കാരെ കണ്ടെത്തി ശിക്ഷ നൽകിയതിലൂടെ വെളിപ്പെട്ടിരിക്കുന്നത്.
2008 ഒക്‌ടോബർ നാലിനാണ് കശ്മീരിലെ കുപ്‌വാരയിൽ സുരക്ഷാ സൈനികർ തീവ്രവാദികളെ പാക് അധിനിവേശ കശ്മീരിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്പോൾ ഉണ്ടായ പോരാട്ടത്തിൽ കൊലപ്പെടുത്തിയത്. ഒരാഴ്ചയ്ക്കുശേഷം കശ്മീരിലെ ലോലാബ് മേഖലയിൽ നുഴഞ്ഞുകയറാൻ ശ്രമിച്ച മറ്റു മൂന്നു പേരും കൊല്ലപ്പെട്ടു. കൊല്ലപ്പെട്ട അഞ്ചു പേരിൽ നാലു പേർ മലയാളികളാണെന്ന് തിരിച്ചറിഞ്ഞതാണ് കേരളത്തെ നടുക്കിയത്. കണ്ണൂരിലെ ചെറുഗ്രാമത്തിൽ നിന്നുള്ള ഫയാസും ഫയീസും മലപ്പുറത്തു നിന്നുള്ള അബ്ദുൾ റഹീമും കൊച്ചിയിൽ നിന്നുള്ള മുഹമ്മദ് യാസിനുമാണ് കൊല്ലപ്പെട്ടത്. തുടർന്ന് പോലീസിന് കീഴടങ്ങിയ തീവ്രവാദികളാണ് തങ്ങൾ പാക് അധിനിവേശ കശ്മീരിൽ ഭീകരവാദ പരിശീലനത്തിനായി തെരഞ്ഞെടുക്കപ്പെട്ടവരാണെന്നും കേരളത്തിൽ നിന്നും തടിയന്റവിട നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അവരെ തീവ്രവാദ പ്രവർത്തനത്തിനായി റിക്രൂട്ട് ചെയ്തതെന്ന് വെളിപ്പെടുത്തിയത്.
എൻ.ഐ.എയുടെ അന്വേഷണത്തിൽ നിന്നും വെളിപ്പെട്ട വസ്തുതകൾ കേരളത്തിൽ തീവ്രവാദ സംഘടനകൾ ഉണ്ടാക്കിയ വേരോട്ടം വ്യക്തമാക്കുന്നതാണ്. വിവിധ ട്രസ്റ്റുകളായും കാരുണ്യസംഘടനകളായുമൊക്കെ പ്രവർത്തിക്കുന്ന ഇത്തരം സംഘടനകൾ തങ്ങളുടെ സംഘത്തിലേക്ക് റിക്രൂട്ട്‌മെന്റ് നടത്തുന്നത് പലപ്പോഴും ദിവസങ്ങൾ നീണ്ട മസ്തിഷ്‌ക പ്രക്ഷാളനത്തിലൂടെയാണ്. കണ്ണൂരിലെ കറുകച്ചാലിൽ ഒരു പ്രത്യേക ക്ലാസ് സംഘടിപ്പിച്ചുകൊണ്ടായിരുന്നു 2008 ഓഗസ്റ്റ് പതിനാലിന് (പാക്‌സ്ഥാൻ സ്വാതന്ത്ര്യദിനമാണത്) തടിയന്റവിട നസീർ കശ്മീരിലേക്ക് പോകാൻ സന്നദ്ധരായ യുവാക്കളെ തെരഞ്ഞെടുത്തത്. മുഹമ്മദ് സാബിർ, അബ്ദുൾ ജബ്ബാർ, റഹിം, ബദറുദ്ദീൻ, ഉമറുൾ ഫറൂക്ക് എന്നിവർ തടിയന്റവിട നസീറിനൊപ്പം 2008 ഓഗസ്റ്റ് 31−നാണ് ഹൈദരാബദിൽ എത്തിച്ചേർന്നതെങ്കിൽ ഫൈസലും ഫയാസും ഫയീസും യാസിനും ഹൈദരാബാദിലെത്തിയത് സെപ്തംബർ 10ാം തീയതിയാണ്. അവിടെ നിന്നും ദൽഹിയിലെത്തിയ ഈ സംഘം സി ഇ അബ്ദുൾ ഹമീദിന്റെ ഒപ്പമായിരുന്നു. അയാളാണ് ജമ്മുവിലേക്ക് നീങ്ങുംവരെ അവരുടെ കാര്യങ്ങൾ നോക്കിയത്. പർവീൺ എന്നു പേരുള്ള ഒരു കശ്മീരി പെൺകുട്ടിയാണ് ഇവരെ ശ്രീനഗറിലേക്കും പിന്നീട് ലോലാബിലെ ലശ്കറെ തോയിബയുടെ പരിശീലനം നടക്കുന്ന കാടുകളിലും എത്തിച്ചതെന്ന് എൻ.ഐ.എ പറയുന്നു. ഒക്‌ടോബർ രണ്ടിന് ദൽഹിയിലെ ഇന്റലിജൻസ് ബ്യൂറോയുടെ കൺട്രോൾ റൂം ജമ്മുവിൽ നിന്നും കേരളത്തിലേയ്ക്ക് കോളുകൾ പോയിക്കൊണ്ടിരുന്ന നാല് ഫോൺ നന്പറുകൾ കണ്ടെത്തി കേരളാ പോലീസിനോട് വിശദാംശങ്ങൾ തേടി. രണ്ടു നാളുകൾക്കുള്ളിൽ കശ്മീരിൽ സുരക്ഷാസൈനികരുമായി നടന്ന ഏറ്റുമുട്ടലിൽ അവർ കൊല്ലപ്പെട്ടു. കൂട്ടത്തിലുണ്ടായിരുന്ന അഞ്ചാമനായ മലപ്പുറം കാരഞ്ചേരി മുട്ടന്നൂർ നായാടിൽ വീട്ടിൽ അബ്ദുൾ ജബ്ബാർ പരിക്കുകളോടെ രക്ഷപ്പെട്ട് നാട്ടിലെത്തി. പെരുന്പാവൂരിലെ ആശുപത്രിയിൽ അനൂബ് എന്ന പേരിൽ ചികിത്സ തേടിയ ഇയാൾ അതിനുശേഷം അവിടത്തെ ഒരു പ്ലൈവുഡ് ഫാക്ടറിയിൽ തൊഴിലെടുത്തുവരികയായിരുന്നു. ഷമീർ കൊല്ലംകോടിയെന്ന പേരിൽ വ്യാജ പാസ്സ്‌പോർട്ട് സംഘടിപ്പിച്ച് വിദേശത്തേക്ക് അയാൾ കടന്നെങ്കിലും ഇയാളെ നാട്ടിലെത്തിച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പാക് അധിനിവേശ കശ്മീരിൽ പരിശീലനത്തിനായി കേരളത്തിൽ നിന്നും 180−ഓളം പേർ വരാനിരിക്കുന്നുണ്ടെന്ന് കശ്മീരിൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെടുന്നതിനു മുന്പ് കൂട്ടാളികളായവരോട് അബ്ദുൾ റഹിം പറഞ്ഞതായി എൻ.ഐ.എ കണ്ടെത്തിയിട്ടുണ്ട്.
കശ്മീർ ഭീകരവാദി റിക്രൂട്ട്‌മെന്റ് കേസ്സിൽ കടുത്ത കുറ്റങ്ങൾ ചെയ്തവരായി കണ്ടെത്തിയിട്ടുള്ളവരിൽ പ്രധാനികൾ തടിയന്റവിട നസീറും സർഫറാസ് നവാസും അബ്ദുൾ ജബ്ബാറുമാണ്. എന്തിന് തടിയന്റവിട നസീറിന്റെ സ്വന്തം ജീവിതം തന്നെ ആശയങ്ങൾക്ക് അടിപ്പെട്ട് തീവ്രവാദത്തിലേക്ക് കുപ്പുകുത്തിയ ഒരു ഭീകരവാദിയുടെ കഥയാണ് പറയുന്നത്. പത്താം ക്ലാസ് വിദ്യാഭ്യാസത്തിനുശേഷം മതക്ലാസ്സുകളും മറ്റുമൊക്കെയായി നടന്ന നസീർ കശ്മീരിലും വിദേശരാജ്യങ്ങളിലുമൊക്കെ മുസ്ലിംകൾ പീഡിപ്പിക്കപ്പെടുന്നതിനെപ്പറ്റിയൊക്കെ കൂട്ടുകാരുമായി ചർച്ചകൾ നടത്തിയിരുന്നുവെന്നും വികാരഭരിതമായി വിഷയങ്ങൾ അവതരിപ്പിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ചേകന്നൂർ മൗലവിയുടെ കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച സംഘടനയെന്ന് സംശയിക്കപ്പെടുന്ന ജമിയ്യത്തുൾ ഇസ്ഹാനിയ എന്ന സുന്നി സംഘടനയിലായിരുന്നു പിന്നീട് നസീറിന്റെ പ്രവർത്തനം. ബാബറി മസ്ജിദിന്റെ തകർക്കലിനുശേഷം മുസ്ലിം സമുദായത്തിലുണ്ടായ വ്രണം മുതലെടുത്ത് അബ്ദുൾ നാസർ മദനി ആർ.എസ്.എസിന് ബദലായി രൂപം നൽകിയ ഇസ്ലാമിക് സേവക് സംഘിന്റെ (ഐ.എസ്.എസ്) സജീവ പ്രവർത്തകനായി. പിന്നീട് മദനിയുടെ തന്നെ പിഡിപിയുടെ സജീവ പ്രവർത്തകനായി നസീർ മാറി. അക്കാലയളവിൽ അബ്ദുൾ നാസർ മദനിയുമായി നസീറിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നതിന് പല തെളിവുകളുമുണ്ട്. മദനി കോയന്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായപ്പോൾ കോയന്പത്തൂർ പ്രസ്സ് ക്ലബിൽ സ്‌ഫോടകവസ്തുക്കൾ വെച്ചതും തമിഴ്‌നാട് ട്രാൻസ്‌പോർട്ട് വകുപ്പിന്റെ ബസ്സ് കളമശ്ശേരിയിൽ വച്ച് തട്ടിക്കൊണ്ടുപോയി തീയെരിച്ചതും തടിയന്റവിട നസീറിന്റെ നേതൃത്വത്തിലായിരുന്നു. കോഴിക്കോട്ടെ ഇരട്ട സ്‌ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചതിനുശേഷമാണ് ബംഗലുരുവിലെ സ്‌ഫോടന പരന്പര പദ്ധതിയിട്ടത്.
ഇന്ത്യൻ മുജാഹിദിനെപ്പോലെ, ശക്തമായി ഭീകരവാദ പദ്ധതികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന സംഘടനകൾക്കും കേരളത്തിൽ വേരോട്ടമുണ്ടെന്നതിന്റെ സൂചനകളാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ഥാപക നേതാവായ യാസിൻ ഭട്കൽ അഹമ്മദാബാദ് സ്‌ഫോടനം ആസൂത്രണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2007−ൽ കേരളത്തിൽ വന്നിട്ടുണ്ടോയെന്നതിനെപ്പറ്റി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടില്ലെങ്കിലും വാഗമൺ സിമി ക്യാന്പിൽ അന്നു പങ്കെടുത്ത മുഹമ്മദ് മൻസർ ഇമാമുമായി യാസിൻ ഭടക്‌ലിനും റിയാസ് ഭട്കലിനുമുള്ള (യാസിന്റെ കസിനാണ് ഇയാൾ) ബന്ധത്തെപ്പറ്റി ഇതിനകം അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. റിയാസ് ഭട്കൽ വാഗമൺ ക്യാന്പിൽ പങ്കെടുത്തിരുന്നതായാണ് വിവരം. 2007−ലെ വാഗമൺ ക്യാന്പിലും മധ്യപ്രദേശിലുമായാണ് അഹമ്മദാബാദിൽ 2008−ൽ നടന്ന സ്‌ഫോടന പരന്പര ഇന്ത്യൻ മുജാഹിദ്ദീൻ ആസൂത്രണം ചെയ്തത്. അക്കാലയളവിൽ യാസിനും മൻസർ ഇമാമും തമ്മിൽ ബന്ധപ്പെട്ടിരുന്നതായും വിവരങ്ങൾ എൻ.ഐ.എയുടെ പക്കലുണ്ട്. യാസിൻ− റിയാസ് ഭട്കൽമാർ തമ്മിലുള്ള ഒരു ടെലിഫോൺ സംഭാഷണത്തിൽ നിന്നാണ് അവർക്ക് മൻസർ ഇമാമും അവരുമായുള്ള ബന്ധത്തെപ്പറ്റി വിവരം ലഭിക്കുന്നത്. റാഞ്ചി യൂണിവേഴ്‌സിറ്റിയിൽ നിന്നും സ്വർണമെഡലോടെ ബിരുദം നേടിയ മൻസർ ഇമാമായിരിക്കാം കേരളത്തിൽ ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ലീപ്പർ സെല്ലുകൾക്ക് വേണ്ട സഹായങ്ങൾ നൽകിയിരുന്നതെന്ന് ഇന്റലിജൻസ് ഏജൻസികൾ സംശയിക്കുന്നു. അതിനിടെ സിമിയുടെ മുൻ അദ്ധ്യക്ഷനായ, ഒളിവിൽ കഴിയുന്ന ആലുവ കുഞ്ഞുണ്ണിക്കര സ്വദേശിയായ എയ്‌റോനോട്ടിക്കൽ എഞ്ചിനീയർ സി.എ.എം ബഷീർ ഇപ്പോഴും ഭീകരവാദ പ്രവർത്തനങ്ങളിൽ ഏർപ്പെട്ട് നിലകൊള്ളുന്നതായാണ് റിപ്പോർട്ടുകൾ.
എറണാകുളം ജില്ലയിൽ ആലുവ, വടക്കൻ പറവൂർ മേഖലകളിലും കണ്ണൂരും കാസർകോഡും വേരുകളുള്ളതുമായ ജമിയത്തുൾ അൻസറുൾ മുസ്ലിമിൻ (ജിയാം) എന്ന സംഘടന ഇന്ത്യൻ മുജാഹിദ്ദീന്റെ കേരളത്തിലെ മൊഡ്യൂൾ ആണെന്നാണ് ഇന്റലിജൻസ് വൃത്തങ്ങൾ പറയുന്നത്. കേരളത്തിൽ ആദ്യം ഇന്ത്യൻ മുജാഹിദ്ദീന്റെ പേരിൽ തന്നെ പ്രവർത്തിക്കാനാണ് അവർ താൽപര്യപ്പെട്ടതെങ്കിലും പിന്നീട് ജിയാം എന്ന പേരിൽ പ്രവർത്തിക്കുകയായിരുന്നു. ഇപ്പോൾ ഗൾഫ് രാജ്യത്തെവിടെയോ ഒളിജീവിതം നയിക്കുന്ന കണ്ണൂർ കൊച്ചു പീടികയിൽ സബീർ അഥവാ കെ.പി സബീറും തടിയന്റവിട നസീറുമാണ് ജിയാമിന്റെ സ്ഥാപകരെന്നാണ് എൻ.ഐ.എ പറയുന്നത്. തടിയന്റവിട നസീറിനെ ഭീകരവാദ പ്രവർത്തനങ്ങളിലേയ്ക്ക് എത്തിച്ചയാളാണ് സബീർ എന്നാണ് ഇന്റലിജൻസിന്റെ നിഗമനം. 2006 മുതൽ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ തീവ്രവാദത്തിലേയ്ക്ക് യുവാക്കളെ ആകർഷിക്കാനായി സബീറിന്റെ നിർദ്ദേശപ്രകാരമായിരുന്നുവത്രേ നസീർ ‘’ക്ലാസുകൾ’’ കൈകാര്യം ചെയ്തിരുന്നത്. ഈ സംഘടനയിലെ പലരും മറ്റ് പല രാഷ്ട്രീയ പാർട്ടികളിലും അംഗങ്ങളായതിനാൽ ആളുകൾ അതിലെ അംഗങ്ങളെ സംശയിക്കുകയുമില്ല. 2008 ജൂലൈ 25ന് നടന്ന ബംഗളൂരു സ്‌ഫോടനങ്ങളുടെ പിന്നിൽ പ്രവർത്തിച്ചതും ഇതേ സംഘം തന്നെയായിരുന്നു. സ്‌ഫോടനത്തിനായി ഉപയോഗിച്ച കാർ പെരുന്പാവൂരു നിന്നും മോഷ്ടിക്കപ്പെട്ടതാണെങ്കിൽ ബോംബുകളിൽ ഉപയോഗിച്ച ടൈമറുകൾ കണ്ണൂരിൽ നിന്നുള്ളതായിരുന്നു. ബംഗളൂരു സ്‌ഫോടനത്തിൽ തടിയന്റവിട നസീറിനെ ചോദ്യം ചെയ്തപ്പോഴാണ് ഈ സംഘടനയ്ക്ക് കേരളത്തിലുള്ള വേരുകളെപ്പറ്റി പോലീസിന് വ്യക്തമായ സൂചന ലഭിച്ചത്. ബംഗളൂരു സ്‌ഫോടനത്തിനായി വൻതോതിൽ ഈ സംഘടനയിലൂടെ ഫണ്ട് ശേഖരണം നടന്നതായും വിവരങ്ങളുണ്ട്.
ഇതുപോലെ തന്നെയാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ കാര്യവും. ബാബറി മസ്ദിജിന്റെ തകർക്കലും ഗുജറാത്തിലെ വംശഹത്യയും പിന്നാക്ക സമുദായക്കാരോടുള്ള അസഹിഷ്ണുതയും എങ്ങനെ തങ്ങളുടെ വളർച്ചയ്ക്ക് ഇന്ധനമാക്കാമെന്നാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പ്രാഗ് രൂപമായ, വടകരയിൽ 1993−ൽ 17 പേർ ചേർന്ന് രൂപം നൽകിയ നാഷണൽ ഡവലപ്‌മെന്റ് ഫ്രണ്ട് (എൻ.ഡി.എഫ്) നോക്കിയത്. ജമാഅത്തെ ഇസ്ലാമിയിലും സിമിയിലും പ്രവർത്തിച്ചവർ ഈ സംഘടനയിലെ അമരത്തുണ്ടായിരുന്നു. സ്വാതന്ത്ര്യം, നീതി, സുരക്ഷ എന്നായിരുന്നു മുദ്രാവാക്യം. അബ്ദുൾ നാസർ മദനിയുടെ അറസ്‌റ്റോടെ പീപ്പിൾസ് ഡമോക്രോറ്റിക് പാർട്ടിക്കുണ്ടായ (പിഡിപി) ക്ഷീണം മുതൽക്കൂട്ടായത് എൻ. ഡി.എഫിനായിരുന്നു. 2002−ലെ മാറാട് കലാപത്തിൽ എൻ.ഡി. എഫിന്റെ പ്രവർത്തകരും ഉൾപ്പെട്ടിരുന്നുവെന്നാണ് തോമസ് ജോസഫ് കമ്മീഷൻ റിപ്പോർട്ടിലുള്ളത്. വർഗീയ വിഷം ചീറ്റുന്ന സംഘടനയായി നിലകൊണ്ടുകൊണ്ട് എങ്ങനെ കൂടുതൽ ശക്തിപ്പെടാനാകുമെന്ന എൻ.ഡി.എഫിന്റെ തന്ത്രത്തിന്റെ പ്രതിഫലമായിരുന്നു. 2006 നവംബർ 22−ന് മൂന്ന് സംസ്ഥാനങ്ങളിലെ സമാന ചിന്താഗതിക്കാരായ സംഘടനകളെ ചേർത്തുകൊണ്ട് (എൻ.ഡി.എഫ്, കേരളം, കർണാടക ഫോറം ഫോർ ഡിഗ്‌നിറ്റി, കർണാടക, മനിത നീതി പാസറൈ, തമിഴ്‌നാട്) എൻ.ഡി. എഫിന്റെ നേതൃത്വത്തിൽ രൂപീകരിച്ച സൗത്ത് ഇന്ത്യാ കൗൺസിലാണ് പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ പിറവിയിലേക്ക് നയിച്ചത്. 2007 ഫെബ്രുവരിയിൽ ബാംഗ്ലൂരിൽ സംഘടിപ്പിച്ച എംപവർ ഇന്ത്യാ കോൺഫ്രൻസിൽ വെച്ചായിരുന്നു സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം. ഇന്ന് ഇന്ത്യയിലെ 22 സംസ്ഥാനങ്ങളിൽ (9 സംസ്ഥാനങ്ങളിൽ സംസ്ഥാന കമ്മിറ്റികളും മറ്റുള്ളവയിൽ അഡ്‌ഹോക് കമ്മിറ്റികളും) ഉള്ള പി.എഫ്. ഐയ്ക്ക് ഇന്ന് വിദ്യാർത്ഥി പ്രസ്ഥാനവും (കാന്പസ് ഫ്രണ്ട്), രാഷ്ട്രീയ പാർട്ടിയും (സോഷ്യൽ ഡമോക്രാറ്റിക് പാർട്ടി ഓഫ് ഇന്ത്യ) മറ്റനവധി അനുബന്ധ സംഘടനകളുമുണ്ട്. പക്ഷേ ചില കൊലപാതകക്കേസുകളുമായും ആയുധം കണ്ടെത്തൽ കേസ്സുകളുമായും മാത്രം ബന്ധപ്പെട്ട് വാർത്തകളിലെത്തുകയും തീവ്രവാദ നിലപാടുകളിലൂടെ സംശയം ജനിപ്പിക്കുകയും ചെയ്തിരുന്ന പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകരമുഖം വെളിപ്പെട്ടത് നാറാത്ത് ആയുധ പരിശീലന കേസ്സിൽ 2013 ഒക്‌ടോബർ 19−ാം തീയതി ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) കൊച്ചിയിലെ എൻ.ഐ.എ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലൂടെയാണ്. 2013 ഏപ്രിൽ 23−ന് കണ്ണൂരിലെ നാറാത്തെ ചാരിറ്റിബിൾ ട്രസ്റ്റിന്റെ കെട്ടിടത്തിനുള്ളിൽ ആയുധ പരിശീലനത്തിൽ ഏർപ്പെട്ടിരുന്ന 22 പിഎഫ്ഐ പ്രവർത്തകരെ അൺലോവുൾ ആക്ടിവിറ്റീസ് പ്രിവൻഷൻ ആക്ട് (യു.എ .പി.എ) ്രപകാരമാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് തുടർന്ന് നടത്തിയ തെരച്ചിലിൽ കെട്ടിടത്തിൽ നിന്ന് നാടൻ ബോംബുകളും ഒരു മനുഷ്യക്കോലവും വെടിമരുന്നും ഒരു വാളും മൊബൈൽ ഫോണുകളും ബോംബ് നിർമ്മാണത്തിനുള്ള വസ്തുക്കളും കണ്ടെത്തിയിരുന്നു. ഒരു വിദേശ പാസ്‌പോർട്ട് അടക്കം കണ്ടെത്തിയതിനെ തുടർന്നായിരുന്നു അത്. മൊത്തം 22 പേരാണ് പരിശീലന ക്യാന്പിൽ ഉണ്ടായിരുന്നതെന്നും റെയ്ഡ് നടക്കുന്നതിനിടെ പ്രധാന സംഘാടകനും നാറാത്തുകാരനുമായ എവി കമറുദ്ദീൻ ഓടിരക്ഷപ്പെടുകയായിരുന്നുവെന്നുമാണ് എൻ.ഐ.എ പറയുന്നത്. തുടർന്ന് കമറുദ്ദീന്റെ വസതിയിൽ നടത്തിയ തെരച്ചിലാണ് അയാൾക്ക് ഇന്ത്യൻ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്ന സൂചനകൾ എൻ.ഐ.എയ്ക്ക് ലഭിച്ചത്. ഭട്കൽ സ്വദേശിയും ഇന്ത്യൻ മുജാഹിദ്ദീന്റെ സ്ഥാപകരായ റിയാസ് ഭട്കലിന്റേയും യാസിൻ ഭട്കലിന്റേയും ബന്ധുവായ സാനുള്ള ഷബാന്ദ്രി എന്നയാളുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ച വിവരങ്ങളാണ് കമറുദ്ദീന്റെ വീട്ടിൽ നിന്നും കണ്ടെടുത്തത്. രണ്ടാം പ്രതിയും ട്രാവൽ ഏജന്റുമായ പി.സി ഫഹദിന്റെ അക്കൗണ്ടിലേക്ക് എത്തിയ 80 ലക്ഷം രൂപയുടെ വിവരങ്ങളും എൻ.ഐ.എ ശേഖരിക്കുകയുണ്ടായി.
ജിഹാദി പ്രസ്ഥാനങ്ങൾക്ക് കേരളത്തിൽ വേരോട്ടമുണ്ടാക്കാനാകുന്ന ഒരു സാഹചര്യമാണ് ഇത്തരം പ്രസ്ഥാനങ്ങൾ കേരളത്തിലുണ്ടാക്കിയിരിക്കുന്നത്. എൻ.ഐ.എ താമസിയാതെ തന്നെ 24 പേർക്കെതിരെ ഐ.എസ് ബന്ധത്തിന്റെ പേരിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് അറിയുന്നത്. ജുനുദ് അൽ ഖാലിഫ−ഇ−ഹിന്ദ് (ജെ .കെ.എച്ച്) എന്ന പേരിൽ ഐഎസിന്റെ പ്രവർത്തനങ്ങൾ ഇന്ത്യയിൽ ഏകോപിപ്പിച്ചു പ്രവർത്തിച്ചിരുന്നവരാണ് അവർ. സിറിയ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഷാഫി അർമാർ എന്നയാളാണ് യൂസഫ് അൽ ഹിന്ദി എന്ന അപരനാമത്തിൽ ജെ കെ എച്ചിനായി ഇന്ത്യയിൽ നിന്നും ഐ എസ് റിക്രൂട്ട്‌മെന്റ് നടത്തുന്നതെന്നാണ് ഇപ്പോൾ കണ്ടെത്തിയിട്ടുള്ളത്. കേരളത്തിൽ നിന്നും ഐ എസിലേക്ക് നീങ്ങുന്നവർക്കു പിന്നിലും ഷാഫി അർമാറാണോ എന്നതാണ് ഇനി കണ്ടെത്തപ്പെടാനിരിക്കുന്ന കാര്യം.