അലംഭാ­വത്തി­ന്റെ­ വി­ല!


താഗത കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി നേരത്തെ ഒരുപാട് ആരോപണങ്ങൾ നേരിട്ട ഒരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ്. ഈ വിവാദ പൊലീസ് ഓഫീസർക്കെതിരെ പതിനെട്ട് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് മുൻ ചീഫ് സെക്രട്ടറിക്ക് അന്നത്തെ സംസ്ഥാന ഡി.ജി.പി ബാലസുബ്രഹ്മ്ണ്യം കത്തയ്ക്കുക പോലും ചെയ്തിട്ടുണ്ട്. ഈ ഐ.പി.എസുകാരന്റെ പല പല കുരുത്തക്കേടുകളും അധികാര ദുർവിനിയോഗവുമെല്ലാം മുന്പ് പുറത്തുവന്നതോടെ കേരളത്തിലാദ്യമായി പ്രോസിക്യൂഷൻ നടപടിക്ക് വിധേയനാകുന്ന ഐ.പി.എസ്സുകാരനുമായി മാറിയിരുന്നു അയാൾ; മൂന്നു തവണ സർവ്വീസിൽ നിന്നും സസ്‌പെൻഷൻ, ഒരു വിജിലൻസ് കേസ്സിലടക്കം പല കേസ്സുകളിലും പ്രതിസ്ഥാനത്ത്; അനുമതി കൂടാതെ വിദേശത്തു പോയതിനും തീവ്രവാദികളുമായി ഇടപഴകിയെന്നുമുള്ള ആരോപണത്തെ തുടർന്ന് എൻ. ഐ.എ അന്വേഷണം; സിങ്കപ്പൂരിൽ നിന്നും ഇലക്‌ട്രോണിക് വസ്തുക്കൾ നെടുന്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്തിയെന്ന് ആരോപണം; വിദേശത്ത് ദുബായ് എമിറേറ്റ്‌സ് നാഷണൽ ബാങ്കിന്റെ അൽ മക്‌തോം ശാലയിൽ തച്ചങ്കരിക്ക് ടോമിൻ ജോസഫ് തച്ചങ്കരിയെന്ന പേരിൽ ബാങ്ക് അക്കൗണ്ട് ഉണ്ടെന്ന് പി.സി ജോർജിന്റെ ആരോപണം; ആർ.ഡി.ഒ സന്തോഷിന്റെ മരണത്തെ തുടർന്ന് ഉണ്ടായ ആരോപണങ്ങൾ; വിജിലൻസ് എ.ഡി. ജി.പി ശ്രീലേഖയുമായുള്ള കലഹം; മഹേഷ്കുമാർ സിംഗ്ല നൽകിയ ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് പാസ്സ്‌പോർട്ടിൽ അഡീഷണൽ ബുക്ക്‌ലെറ്റുകൾ നേടിയെടുത്തുവെന്ന ആരോപണം; ലോക്കപ്പ് മർദ്ദനപീഡന ആരോപണങ്ങൾ; ക്വാറി തട്ടിയെടുക്കാൻ ശ്രമിച്ചുവെന്ന പരാതി; സർക്കാർ ഭൂമി കൈയേറിയെന്ന ആരോപണം തുടങ്ങി ആരോപണ പ്രളയം തന്നെ ഈ ഐ.പി.എസ് ഓഫീസറെ ചുറ്റിപ്പറ്റിയുണ്ട്. പക്ഷേ ഇടതുപക്ഷമായാലും വലതുപക്ഷമായാലും ഈ പോലീസ് ഉദ്യോഗസ്ഥന് താങ്ങും തണലുമായി ചുറ്റും രാഷ്ട്രീയക്കാരുണ്ടെന്നതാണ് വാസ്തവം. 1994ൽ അന്നത്തെ ആഭ്യന്തര സെക്രട്ടറിയായിരുന്ന സി.പി നായർ തച്ചങ്കരിയെ പ്രോസിക്യൂട്ട് ചെയ്യാൻ ഉത്തരവിറക്കിയത് ജലരേഖയായി; ഗുരുതരമായ ആരോപണങ്ങളും ആക്ഷേപങ്ങളും നേരിട്ടിരുന്ന സമയത്ത് ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് തച്ചങ്കരിക്ക് ഐ.ജിയായി പ്രൊമോഷൻ ലഭിച്ചു; 2002ൽ ആരംഭിച്ച വിജിലൻസ് അന്വേഷണം പല ഉദ്യോഗസ്ഥരും മാറിമാറി അന്വേഷിച്ച് വർഷങ്ങൾക്കുശേഷം 2013ലാണ് തച്ചങ്കരിയ്‌ക്കെതിരായ കുറ്റപത്രം സമർപ്പിക്കപ്പെട്ടത്; തച്ചങ്കരിയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള റിയാൻ സ്റ്റുഡിയോ അന്നത്തെ ആന്റി പൈറസി നോഡൽ ഓഫീസർ ഋഷിരാജ് സിംഗ് റെയ്ഡ് ചെയ്തപ്പോൾ ഒരു ടെലിഫോൺ ഉത്തരവിലൂടെ അന്നത്തെ ഡി.ജി.പി മണിക്കൂറുകൾക്കുള്ളിൽ സ്ഥലം മാറ്റപ്പെട്ടു; 2002 ജനുവരി 23ന് നെടുന്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും തച്ചങ്കരിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായ ബാബുക്കുട്ടക്കുറുപ്പിൽ നിന്നും ഇലക്‌ട്രോണിക്‌സ് ഉപകരണങ്ങൾ പിടിച്ചെടുത്ത കേസ്സിൽ ഈ ഉപകരണങ്ങൾ ജെയിംസ് ലൂക്കോസ് എന്നയാളുടേതാണെന്ന് വരുത്തിത്തീർക്കുകയും ഉപകരണങ്ങൾ തിരിച്ച് സിങ്കപ്പൂർക്ക് അയച്ച് കേസ്സൊതുക്കുകയും ചെയ്തത് (പിന്നീട് ജെയിംസ് ലൂക്കോസും തച്ചങ്കരിയും ഒരേ പി.എൻ.ആർ നന്പറിലാണ് യാത്ര ചെയ്തതതെന്നും അതേ പി.എൻ.ആർ നന്പറിൽ തന്നെയാണ് ടോമിന്റെ പേരിൽ 62 കിലോ 4 ബാഗുകൾ ബുക്ക് ചെയ്തതെന്നും പിന്നീട് കണ്ടെത്തപ്പെടുകയുണ്ടായി); ഇങ്ങനെ പോകുന്നു ടോമിന്റെ കഥകൾ.

പക്ഷേ ഈ ആരോപണങ്ങളിലൊക്കെ ചെന്നുപെട്ട് വിവാദപുരുഷനായി മാറിയ ടോമിൻ തച്ചങ്കരി ഇപ്പോൾ തന്റെ ആ പഴയ കുപ്പായം ഊരിവച്ച് അഴിമതിക്കതിരെ യുദ്ധം ചെയ്യുന്ന, നിയമങ്ങൾ കർക്കശമായി നടപ്പാക്കാൻ തീരുമാനിച്ചിട്ടുള്ള ഒരു ഉദ്യോഗസ്ഥന്റെ മേലങ്കി എടുത്തണിഞ്ഞിരിക്കുന്നു. മാർക്കറ്റ്‌ഫെഡിലിരിക്കുന്പോൾ തുടങ്ങിയ ഈ അഴിമതിവിരുദ്ധ ശുദ്ധികലശം ഇപ്പോൾ ഗതാഗത കമ്മീഷണറായ ടോമിന്റെ പുതിയ നയതീരുമാനങ്ങൾ വരെ നീളുന്നു. ഏറ്റവുമൊടുവിൽ ഹെൽമറ്റ് എല്ലാവരും കർശനമായി ഉപയോഗിച്ച് റോഡപകടങ്ങളിൽ പൊലിയുന്ന ജീവനുകൾ പരമാവധി കുറയ്ക്കാൻ പെട്രോൾ ബങ്കുകളിൽ ഹെൽമറ്റ് ഇല്ലാതെ എത്തുന്നവർക്ക് ഇന്ധനം നൽകരുതെന്നൊരു തീരുമാനം കൂടി പുറത്തുവന്നിരിക്കുന്നു. നല്ല കാര്യം. ഒരു മനുഷ്യൻ ചീത്ത കാര്യങ്ങളുടെ പേരിൽ വിവാദങ്ങളിലേയ്ക്ക് ചെന്നുപെടുന്നതിനേക്കാൾ നല്ലതാണല്ലോ നല്ല കാര്യങ്ങളുടെ പേരിൽ വാർത്തകളിൽ നിറയുന്നത്. ഗതാഗത കമ്മീഷണർ എന്ന നിലയിൽ റോഡപകടങ്ങൾ പരമാവധി കുറയ്ക്കാൻ ടോമിൻ തച്ചങ്കരിക്കു കഴിഞ്ഞാൽ കേരളം അദ്ദേഹത്തോട് കടപ്പെട്ടിരിക്കുമെന്നതിൽ സംശയമില്ല. പ്രത്യേകിച്ചും കഴിഞ്ഞ വർഷം മാത്രം 14,482 ഇരുചക്ര വാഹന അപകടങ്ങളുണ്ടാകുകയും അതിൽ 1330 പേർ കൊല്ലപ്പെടുകയും ചെയ്തുവെന്ന കണക്കുകൾ നമുക്ക് മുന്നിലുള്ളപ്പോൾ. ഹെൽമറ്റ് ധരിക്കാത്തതു കൊണ്ടാണ് ഇരുചക്ര വാഹന യാത്രക്കാരുടെ മരണനിരക്ക് കൂടുന്നതെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ പഠനങ്ങൾ പറയുന്നത്. 

ഇതിനു മുന്പ് അത്തരമൊരു പ്രശ്‌നത്തെപ്പറ്റി ചിന്തിച്ചത് മുൻ ഡി.ജി.പിയായിരുന്ന ടി.പി സെൻ കുമാറായിരുന്നു. കൊല്ലത്ത് 1991ൽ എസ്.പിയായിരിക്കുന്ന സമയത്താണ് സെൻകുമാറിന്റെ ചിന്ത റോഡപകടങ്ങളിൽ അനാഥരാക്കപ്പെടുന്നവരിലേക്ക് തിരിയുന്നത്. കൊല്ലം മൈലത്ത് ഒരു വാഹനാപകടത്തെ തുടർന്ന് സെബാസ്റ്റ്യൻ എന്ന ഒന്നര വയസ്സുകാരൻ മാതാപിതാക്കളെ നഷ്ടപ്പെട്ട് എട്ടുംപൊട്ടും തിരിയാത്ത പ്രായത്തിൽ അനാഥത്വത്തിൽ അകപ്പെട്ട വാർത്തയാണ് സെൻകുമാറിന്റെ കരളലിയിച്ചത്. പത്രവാർത്തകളിൽ ചെറിയൊരു തലക്കെട്ടായി മാത്രം പ്രത്യക്ഷപ്പെടുന്ന ഒരു ദുരന്തം എങ്ങനെയാണ് വലിയ പ്രത്യാഘാതങ്ങൾ സഹജീവികളുടെ ജീവിതത്തിൽ ഉണ്ടാക്കുന്നതെന്ന് ചിന്തിക്കാനും പഠിക്കാനും അതിനൊരു പരിഹാരം കണ്ടെത്താനും ടി.പി സെൻകുമാറിനെ ആ സംഭവം പ്രേരിപ്പിച്ചു. അങ്ങനെയാണ് 2010−-2011 കാലയളവിൽ സെൻകുമാർ ട്രാൻസ്‌പോർട്ട് കമ്മീഷണറായിരിക്കേ, ഡ്രൈവിങ് ലൈസൻസ് എടുക്കാൻ വരുന്നവർക്ക് ബോധവൽക്കരണ ക്ലാസ് നിർബന്ധമാക്കിയത്. ഇതിന് ഗുണഫലങ്ങളുമുണ്ടായി. അപകടങ്ങളിൽപെടുന്നവർക്കു നേരെ കണ്ണടച്ച് വാഹനം പായിച്ചുപോകുന്ന അവസ്ഥ കുറഞ്ഞു. സുരക്ഷാനടപടികളുടെ ഭാഗമായി ആയിരക്കണക്കിനു ജീവനുകൾ രക്ഷിക്കാനായി. 

എങ്കിലും സംസ്ഥാനത്തെ നിരത്തുകളിൽ ഇപ്പോഴും വാഹനാപകടങ്ങളിൽ മരണപ്പെടുന്നവരുടെ എണ്ണം വർദ്ധിച്ചുവരികയാണ്. 1960ൽ കേരളത്തിൽ മൊത്തം വാഹനങ്ങൾ 24,000 ആയിരുന്നുവെങ്കിൽ ഇന്ന് കേരളത്തിൽ ഒരു കോടിയിലേറെയായി വർദ്ധിച്ചിരിക്കുന്നു. വീതി കുറഞ്ഞ ചെറിയ നിരത്തുകളും മത്സരപ്പാച്ചിലുകളും സുരക്ഷാക്രമീകരണങ്ങൾ നടപ്പാക്കുന്നതിൽ കാട്ടുന്ന അലംഭാവവുമെല്ലാം നമ്മുടെ നിരത്തുക്കളെ ഇന്ന് ഒരു യുദ്ധക്കളത്തിനു സമാനമാക്കി മാറ്റിയിരിക്കുകയാണ്. 2005ലാണ് സംസ്ഥാനത്ത് ഏറ്റവുമധികം റോഡപകടങ്ങൾ ഉണ്ടായിട്ടുള്ളത് 42,363. 2015ൽ അത് 39,014 ഉം 2016 മാർച്ച് വരെ അത് 10,392ഉം ആയിരുന്നു. 2012ലാണ് ഏറ്റവും കൂടുതൽ പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടത് 4286 പേർ. 2015ൽ 4196 പേർ റോഡ് അപകടങ്ങളിൽ കൊല്ലപ്പെട്ടങ്കിൽ ഈ വർഷം മാർച്ച് മാസം വരെ മാത്രം 1154 പേർ കൊല്ലപ്പെട്ടു കഴിഞ്ഞിരിക്കുന്നു.  റോഡപകടങ്ങളിൽ ഏറ്റവും കൂടുതൽ പേർക്ക് പരിക്ക് പറ്റിയത് 2004ലാണെങ്കിൽ (51228) 2015ൽ 43,735 പേർക്കും 2016 മാർച്ച് വരെ മാത്രം 11,372 പേർക്കും പരിക്കുപറ്റി. റോഡ് സേഫ്റ്റി അതോറിട്ടിയെന്ന പേരിൽ സംസ്ഥാനത്ത് റോഡ് സുരക്ഷ മുൻനിർത്തി 2007ൽ അതോറിട്ടി രൂപീകരിച്ചെങ്കിലും  അതിന് വിവിധ പദ്ധതികൾ നടപ്പാക്കുന്നതിനായി അനുവദിക്കപ്പെട്ട തുക ഇപ്പോഴും ചെലവഴിക്കപ്പെടാതെ തന്നെ കിടക്കുകയാണെന്നതാണ് ഒരു പ്രധാന പ്രശ്‌നം. ചെറുതല്ല ആ അനാസ്ഥ മൂലമുണ്ടാകുന്ന ദുരവസ്ഥ. കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ റോഡപകടങ്ങൾ മൂലം കേരളത്തിൽ പൂർണമായും അനാഥമായത് 75 കുടുംബങ്ങളാണ്. റോഡ് അപകടങ്ങൾ മൂലം സംസ്ഥാനത്ത് പ്രതിവർഷം 11,000 കോടി രൂപയുടെ നഷ്ടമുണ്ടാകുന്നുണ്ടെന്നും ഇതേപ്പറ്റി മുൻ ഡി ജി പി ടി പി സെൻകുമാർ പി എച്ച് ഡിക്കായി തയാറാക്കിയ ഗവേഷണ പ്രബന്ധം പറയുന്നു.  നിരത്തുകളിലെ ചോരക്കളി തുടരുന്നതിൽ റോഡ് സുരക്ഷാ അതോറിട്ടി തന്നെ വലിയൊരു പങ്ക് വഹിക്കുന്നുണ്ടെന്നാണ് പ്രമുഖ വിവരാവകാശ പ്രവർത്തകനും ഹൈക്കോടതി അഭിഭാഷകനുമായ ഡി ബി ബിനു കണ്ടെത്തിയ കാര്യങ്ങൾ. റോഡ് സുരക്ഷാ അതോറിട്ടിയെ സംബന്ധിച്ചും അതിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ചും അന്വേഷിച്ചുകൊണ്ട് ഡി ബി ബിനു അതോറിട്ടിക്കു നൽകിയ അപേക്ഷയ്ക്ക് അവർ നൽകിയ മറുപടി ആരേയും ഞെട്ടിക്കുന്നതാണ്. ഇതാ മറുപടിയിൽ നിന്നുള്ള ചില വർത്തമാനങ്ങൾ.

∗ റോഡ് സുരക്ഷാ അതോറിട്ടി വിവിധ പദ്ധതികൾ നടപ്പാക്കുന്നിനായി വിവിധ ജില്ലകളിലെ ജില്ലാ സേഫ്റ്റി കൗൺസിലുകൾക്ക് അനുവദിച്ച തുക ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. കോട്ടയം ജില്ലയിൽ 200910നും 2011 12നും അനുവദിച്ച 16.15 ലക്ഷം രൂപയിൽ 6.30 ലക്ഷം രൂപ 2015 16 ആയപ്പോഴും ചെലവഴിക്കപ്പെടാതെ കിടക്കുന്നു. മലപ്പുറത്ത് 8.36 ലക്ഷം രൂപയും പത്തനംതിട്ടയിൽ 3.15 ലക്ഷം രൂപയും അനുവദിച്ചത് ചെലവഴിക്കപ്പെട്ടതേയില്ല. ഏതാണ്ട് 30 ലക്ഷം രൂപയോളം വിവിധ പദ്ധതികൾക്കായി അനുവദിക്കപ്പെട്ടത് ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. തിരുവനന്തപുരം ജില്ലയിലാണെങ്കിൽ ഇപ്പോഴും 24.17 ലക്ഷം രൂപ ചെലവഴിക്കപ്പെടാതെ കിടക്കുകയാണ്. കണ്ണൂർ ജില്ലയിൽ 2009 മുതൽ ഫണ്ട് ലഭിക്കുന്നുണ്ടെങ്കിലും ആദ്യ രണ്ടു വർഷം ഫണ്ട് അനക്കിയേതയില്ല. ആലപ്പുഴയിലേയും തൃശൂരിലേയും കൊച്ചിയിലേയുമൊക്കെ അവസ്ഥ ഇതു തന്നെ. 

∗ റോഡ് സുരക്ഷാ അതോറിട്ടിയുടെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് നടത്തേണ്ടത് അക്കൗണ്ടന്റ് ജനറലാണെങ്കിലും നാളിതുവരെ കണക്കുകൾ അക്കൗണ്ടന്റ് ജനറൽ ഓഡിറ്റ് നടത്തിയിട്ടില്ല.  പ്രസ്തുത ഓഡിറ്റ് നടത്തുന്നതിന് റോഡ് സുരക്ഷാ കമ്മീഷണർ നേരിട്ടും സർക്കാർ മുഖേനയും അക്കൗണ്ടന്റ് ജനറലിന് കത്ത് അയച്ചിരുന്നതാണ്. 

∗ റോഡ് സുരക്ഷാ ഫണ്ടിൽ നിന്നും മോട്ടോർ വാഹന വകുപ്പിന് 2009ൽ റോഡ് സുരക്ഷാ ഉപകരണങ്ങളും ക്യാമറകളും വാങ്ങുന്നതിന് 36,000,000 തുക അനുവദിച്ചെങ്കിലും അതിൽ 20,497,000 രൂപ മാത്രമേ ചെലവാക്കിയുള്ളു.

∗ 2010ൽ റോഡ് സുരക്ഷാ പദ്ധതിക്ക് അനുവദിച്ച 425000ത്തിൽ ഒരു രൂപ പോലും ഇനിയും ചെലവഴിച്ചിട്ടില്ല.

∗ 2011ൽ റോഡ് സുരക്ഷാ ദശവൽസര പദ്ധതിക്ക് അനുവദിച്ച തുകയിൽ 4,419,909 രൂപ ഇനിയും ചെലവഴിക്കാതെ ബാക്കി കിടക്കുന്നു.

∗ 2012ൽ ഓട്ടോമേഷൻ ഓഫ് എൻഫോഴ്‌സ്‌മെന്റ് വിങ്ങിന് അനുവദിച്ച തുകയിൽ 7,500,000 രൂപ ചെലവഴിക്കാതെ ബാക്കി കിടക്കുന്നു. 

∗ 2012ൽ സേഫ് ആന്റ് ഹാപ്പി ശബരിമലയ്ക്കായി അനുവദിച്ച 2,787,000 രൂപയിൽ ഒരു രൂപ പോലും ഇനിയും ചെലവാക്കിയിട്ടില്ല.

∗ 2012ൽ റോഡ് സുരക്ഷാ ഉപകരണങ്ങൾ വാങ്ങുന്നതിന് അനുവദിച്ച 1,800,000 രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. റീ ടെൻഡർ നടപടികൾ സ്വീകരിച്ചുവരുന്നതേയുള്ളു.

∗ 2012ൽ എറണാകുളം ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നിർമ്മിക്കുന്നതിന് അനുവദിച്ച 20,000,000 രൂപയിൽ ഒരു രൂപ പോലും ചെലവഴിച്ചിട്ടില്ല. ഡ്രൈവിങ് ടെസ്റ്റ് ട്രാക്ക് നിർമ്മിക്കുന്നതിന് ശുപാർശ ചെയ്തിരുന്ന സ്ഥലം അനുയോജ്യമല്ലെന്ന് കണ്ടതിനാൽ യോജിച്ച സ്ഥലം കണ്ടെത്തുന്നതിനായി ശ്രമിച്ചുവരുന്നുെവന്നാണ് നിലവിൽ അതോറിട്ടിയെ മോട്ടോർ വാഹന വകുപ്പ് അറിയിച്ചിട്ടുള്ളത്. 

∗ 2013 14ൽ ശബരിമല സേഫ് സോണിനായി അനുവദിച്ച തുകയിൽ 1,40,125 രൂപ ബാക്കി കിടക്കുന്നു.

സംസ്ഥാനത്ത് വാഹനാപകടങ്ങൾ വർദ്ധിക്കുന്പോഴും സർക്കാരിന്റെ കീഴിലുള്ള റോഡ് സുരക്ഷാ അതോറിട്ടി അനുവദിച്ച പണം പോലും വിവിധ പദ്ധതികൾക്കായി ചെലവിടുന്നതിൽ അവർ മടി കാട്ടുന്നുവെന്നത് കുറ്റകരമായ അനാസ്ഥയാണെന്ന കാര്യത്തിൽ തർക്കമില്ല. ഫണ്ട് കൃത്യമായി വിനിയോഗിക്കാതെ അത് നഷ്ടപ്പെട്ടുപോകുന്ന അവസ്ഥ പോലും പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതാത് സ്ഥലത്തെ ഗതാഗത പ്രശ്‌നങ്ങൾ പഠിച്ച് അവ പരിഹരിക്കാൻ ഈ തുക വിനിയോഗിച്ചിരുന്നുവെങ്കിൽ കേരളത്തിൽ റോഡ് അപകടങ്ങൾ ഇതുപോലെ വർദ്ധിക്കുകയില്ലായിരുന്നുവെന്നതാണ് സത്യം. പക്ഷേ ഈ തുക വിനിയോഗിക്കാത്തതിന്റെ പേരിലോ കാലതാമസം വന്നതിന്റെ പേരിലോ ഒരു സർക്കാർ ഉദ്യോഗസ്ഥനും ഇതുവരെ ഒരു മെമ്മോ പോലും ലഭിക്കുകയോ അവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുകയോ ഉണ്ടായിട്ടില്ല. കാരണം സർക്കാർ ഉദ്യോഗസ്ഥരെ ജോലി ചെയ്യാത്തതിന്റെ പേരിൽ ശിക്ഷിക്കാൻ ഇക്കാലമത്രയും ഒരു സർക്കാരും ധൈര്യപ്പെട്ടിട്ടില്ല. ഉദ്യോഗസ്ഥനെതിരെ നടപടി വന്നാൽ യൂണിയൻകാർ ഉടനടി സമരനടപടികളുമായി രംഗത്തെത്തുമെന്ന് ആർക്കാണ് അറിയാത്തത്? എന്തിനധികം പറയുന്നു, മുഖ്യമന്ത്രി പിണറായി വിജയൻ പോലും സർക്കാർ ഉദ്യോഗസ്ഥർ ജോലിക്ക് കൃത്യമായി ഹാജരാകണമെന്ന് പറയേണ്ട അവസ്ഥ പോലും ഇവിടെ ഉണ്ടായിരിക്കുന്നു.

റോഡ് സുരക്ഷ ഉറപ്പാക്കേണ്ടത് പൗരനോട് പ്രതിബദ്ധതയുള്ള ഏതൊരു സർക്കാരിന്റേയും ഉത്തരവാദിത്തമാണ്. ഈ ഉത്തരവാദിത്തം ലംഘിക്കുന്നതിലൂടെ അതിനുത്തരവാദികളായ ഉദ്യോഗസ്ഥർ കൊലപാതകികളുടെ അതേ നിലവാരത്തിലേയ്ക്ക് തന്നെയാണ് കൂപ്പുകുത്തുന്നത്. ദേശീയ ശരാശരിയേക്കാൾ കൂടുതലാണ് കേരളത്തിലെ റോഡപകടങ്ങൾ. ഇത്തരം അപകടങ്ങൾ പൗരന്മാരുടെ ജീവനെടുക്കുക മാത്രമല്ല സമൂഹത്തിന്റെ സാമൂഹികവും സാന്പത്തികവുമായ അവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുമെന്ന് തിരിച്ചറിഞ്ഞാണ് ഐക്യരാഷ്ട്ര സഭാ ജനറൽ അസംബ്ലിയുടെ ആശയമായ റോഡ് സുരക്ഷാ ദശാബ്ദം 2011− 2020ന്റെ ചുവടുപിടിച്ച് കേരളത്തിലും റോഡ് സുരക്ഷാ വീക്ഷണ രേഖയ്ക്ക് സർക്കാർ രൂപം നൽകിയത്. 2020ഓടെ റോഡപകടങ്ങൾ 50 ശതമാനം കണ്ട് കുറയ്ക്കാനും അതിനുശേഷം റോഡപകടങ്ങളുടെ അവസ്ഥയിൽ വളർച്ച ഉണ്ടാകാതിരിക്കാനുമാണ് ഈ രേഖ വിഭാവനം ചെയ്യുന്നത്. സീറ്റ് ബെൽട്ടിന്റെ ഉപയോഗവും ഹെൽമറ്റ് ഉപയോഗവും പരമാവധി പ്രോത്സാഹിപ്പിക്കാനുള്ള നടപടികൾ അത് എടുത്തുപറയുന്നുണ്ട്. ഒരു മണിക്കൂറിനുള്ളിൽ തന്നെ അപകടത്തിൽപ്പെട്ടയാളെ ആശുപത്രിയിലെത്തിച്ച് അയാളുടെ ജീവൻ രക്ഷിക്കുകയെന്നതും ഈ രേഖ ഊന്നൽ നൽകുന്ന കാര്യമാണ്. പക്ഷേ ഇതൊക്കെ എങ്ങനെ നടപ്പാക്കിയെടുക്കാനാകുമെന്നതാണ് പ്രധാന ചോദ്യം. പ്രത്യേകിച്ചും അലംഭാവ സമീപനം വെച്ചുപുലർത്തുന്ന സർക്കാർ ഉദ്യോഗസ്ഥരും നാട്ടുകാരുമുള്ള ഒരു ദേശത്ത്. 

ഹൈവേകളിൽ സുരക്ഷാ ഓഡിറ്റ് ദിനംപ്രതി നടത്താനുള്ള സംവിധാനവും കുണ്ടും കുഴിയുമുള്ള പാതകൾ കണ്ടെത്തി അതിവേഗം അതിന്റെ തകരാർ പരിഹരിക്കുന്നതിനുള്ള സംവിധാനവും അതിനായി നമുക്കാവശ്യമാണ്. നിരത്തുകളിൽ നിരീക്ഷണ ക്യാമറകളും റഡാർ സ്പീഡ് ചെക്ക് ഉപകരണങ്ങളും ജി.പി.എസ് സഹായത്തോടെയുള്ള ആക്‌സിഡന്റ് മാനേജ്‌മെൻ് സംവിധാനവും കൊണ്ടുവരേണ്ടതും അനിവാര്യമാണ്. വേഗതയുടെ കാര്യത്തിൽ വെറുതെ പിഴയൊടുക്കി മാത്രം വാഹന ഉടമകൾ രക്ഷപ്പെടുന്ന അവസ്ഥയ്ക്കുമുണ്ടാകണം മാറ്റം. അപകടം ഉണ്ടായാലും ഇല്ലെങ്കിലും അപകടമുണ്ടാക്കുന്ന അവസ്ഥയിൽ വാഹനമോടിക്കുന്നയാളെ അറസ്റ്റ് ചെയ്യാവുന്ന നിലയിൽ നിയമം ഭേദഗതി ചെയ്യപ്പെടണം. സംസ്ഥാന ദേശീയ ഹൈവേകളിൽ 10 കിലോമീറ്റർ ചുറ്റളവിൽ പോസ്റ്റ്ആക്‌സിഡന്റ് ട്രോമ കെയർ സെന്ററുകൾ സ്ഥാപിക്കാനായാൽ അപകടത്തിൽപ്പെട്ടവരെ 10− 20 മിനിട്ടിനുള്ളിൽ തന്നെ അവിടെയെത്തിക്കാനും ജീവൻ രക്ഷിക്കാനുമാകും. അതിനായി സ്വകാര്യ ആശുപത്രികളുമായി സഹകരണാടിസ്ഥാനത്തിലുള്ള ബാന്ധവം സർക്കാർ സൃഷ്ടിക്കുകയും വേണം. ഇതിനെല്ലാം പുറമേ മോട്ടോർ വാഹനങ്ങളുടെ ഫിറ്റ്‌നെസ് പരിശോധിക്കാനും ഡ്രൈവിങ് ലൈസൻസ് പുതുക്കി നൽകുന്പോൾ കാഴ്ചയടക്കമുള്ള ഡ്രൈവറുടെ ആരോഗ്യനില പരിശോധിക്കാനുമുള്ള സംവിധാനവും വേണം. മദ്യപിച്ച് വാഹനമോടിച്ചവരുടേയും ഒന്നിലധികം മാരകമായ അപകടങ്ങൾ ഉണ്ടാക്കിയവരുടെ ലൈസൻസ് റദ്ദാക്കുന്ന നടപടികളും ഉണ്ടാകേണ്ടതുണ്ട്. സ്‌കൂൾ തലം മുതൽ റോഡ് സുരക്ഷാ അവബോധം പകർന്നുനൽകാൻ കരിക്കുലത്തിൽ പാഠങ്ങൾ ഉൾക്കൊള്ളിക്കേണ്ടതും ഒരുപാട് മാറ്റങ്ങൾ ഉണ്ടാക്കാൻ സഹായിക്കും.

പക്ഷേ ഏറ്റവും അവശ്യം വേണ്ടത് മെച്ചപ്പെട്ട നിരത്തുകൾ തന്നെയാണ്. ഇപ്പോഴും ഇടുങ്ങിയ നിരത്തുകളിലൂടെ തിക്കിത്തിരക്കുകയാണ് കേരളത്തിലെ വാഹനങ്ങൾ. വീതി കുറഞ്ഞ കലുങ്കുകളും അപകടകരമായ വളവുകളും നിറഞ്ഞതാണ് നമ്മുടെ പാതകൾ. നിരത്തുകളുടെ വശങ്ങളിലുള്ള ഇടങ്ങൾ കടകൾ കൈയേറിയിരിക്കുന്നു. ലെയ്‌നുകൾ തെറ്റായ വിധത്തിൽ മാർക്ക് ചെയ്യുന്നതും ട്രാഫിക് അടയാളങ്ങൾ പൊട്ടിപ്പൊളിഞ്ഞു കിടക്കുന്നതുമാണ് മിക്ക പാതകളും. കാൽനടക്കാർക്കുള്ള ക്രോസിങ്ങുകൾ വളരെ കുറവ്. റോഡുകളിൽ വൈദ്യുതി വിളക്കുകളുടെ അഭാവം. തെന്നുന്ന റോഡ് ഉപരിതലം. ഒരു മഴയിൽ പൊട്ടിപ്പൊളിയുന്ന ടാറിങ്. പാലങ്ങളിൽ വെർട്ടിക്കൽ ക്ലിയറൻസിന്റെ അഭാവം. ആവശ്യത്തിനും അനാവശ്യത്തിനുമുള്ള റോഡ് കുത്തിക്കുഴിക്കൽ. റോഡരുകിലുള്ള പരസ്യപ്പലകകൾ. മോശപ്പെട്ട ഡ്രൈയിനേജ് സംവിധാനം. ജംങ്ഷനുകളിൽ വാഹനം പാർക്കു ചെയ്യുന്പോൾ ഉണ്ടാകുന്ന ഗതാഗത തടസ്സം. ഇങ്ങനെ നൂറുകണക്കിനു പ്രശ്‌നങ്ങളുണ്ട് നമ്മുടെ നിരത്തുകളിൽ. അവയ്‌ക്കെല്ലാം പരിഹാരം കാണാൻ നിയുക്തരായ റോഡ് സുരക്ഷാ അതോറിട്ടിയാകട്ടെ അലംഭാവത്തിന്റെ പര്യായവും. എല്ലാം ശരിയാകുമെന്ന് വാഗ്ദാനം നൽകി ഭരണത്തിലെത്തിയ സർക്കാർ ഇത്തരം വിഷയങ്ങളിൽ സത്വരശ്രദ്ധ പുലർത്തിയിരുന്നുവെങ്കിൽ നിരത്തുകളിൽ പൊലിയുന്ന ജീവനുകളെങ്കിലും നമുക്ക് കുറയ്ക്കാമായിരുന്നു.

 

You might also like

Most Viewed