ഈ ഭൂമി മനുഷ്യന്റേത് മാത്രമല്ല!
ഇക്കഴിഞ്ഞ ജൂൺ 19ന് കോയന്പത്തൂരിനടുത്ത് നടന്ന ഒരു അപകടം മാധ്യമങ്ങളിലൊന്നും അത്ര വലിയ വാർത്തയായില്ല. അന്ന് രാത്രി പതിനൊന്നര മണിയോടെ ബംഗളൂരു− കൊച്ചുവേളി എക്‌സ്പ്രസ് കോയന്പത്തൂരിനടുത്ത മധുക്കരൈയിലൂടെ കടന്നുപോകുന്പോൾ ഒരു പിടിയാനയും രണ്ട് കുട്ടിയാനകളുമടക്കം ആറ് ആനകൾ റെയിൽവേ ട്രാക്ക് കടക്കുകയായിരുന്നു. പതിനഞ്ചു വയസ്സുകാരിയായ പിടിയാനയെ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയും ട്രാക്കിൽ നിന്നും പുറത്തേയ്ക്ക് തെറിച്ചുവീണ ആന തൽക്ഷണം കൊല്ലപ്പെടുകയും ചെയ്തു. ഇത് ഒരു ഒറ്റപ്പെട്ട സംഭവമൊന്നുമല്ല. കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ മാത്രം കഞ്ചിക്കോട്−വാളയാർ മേഖലയിൽ ട്രെയിനിടിച്ച് പതിനൊന്ന് ആനകൾ കൊല്ലപ്പെട്ടിട്ടുണ്ട്. കാലങ്ങളായി നിരവധി ആനകൾ കാടിനുള്ളിലൂടെ കടന്നുപോകുന്ന തീവണ്ടികളിടിച്ചും ഹൈവേയിലൂടെ കടന്നുപോകുന്ന വാഹനങ്ങളിടിച്ചും കൊല്ലപ്പെട്ടിട്ടുണ്ടെങ്കിലും ദക്ഷിണേന്ത്യയിൽ ഇപ്പോഴും ഇതിനൊരു പരിഹാരം കാണാൻ ബന്ധപ്പെട്ട സർക്കാരുകൾ ശ്രമിച്ചിട്ടേയില്ല. വികസനത്തിന്റെ ബലിയാടുകളാകാൻ വിധിക്കപ്പെട്ടിരിക്കുകയാണ് വാസ്തവത്തിൽ നമ്മുടെ കാടുകളിലെ ആനകളുമെന്നതാണ് ദയനീയം. എന്തിനധികം പറയുന്നു, മനുഷ്യരാരും തങ്ങളുടെ മരണത്തിൽ പ്രതിഷേധിക്കുകയോ അപകടങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടികൾ സ്വീകരിക്കുകയോ ചെയ്യാത്തതിനാലാകണം കാട്ടാനകൾ തന്നെ റോഡ് തടസ്സപ്പെടുത്തി ഗതാഗതം സ്തംഭിപ്പിച്ച കാഴ്ച പോലും കൃഷ്ണഗിരി− ഹൊസൂർ ദേശീയപാതയിൽ 2015 ഫെബ്രുവരിയിൽ കണ്ടതാണ്. തങ്ങളുടെ കൂട്ടത്തിൽപ്പെട്ട ഒരു ആന അതിവേഗത്തിലെത്തിയ കാറിടിച്ച് കൊല്ലപ്പെട്ടതിനെ തുടർന്ന് മറ്റ് ആനകൾ കാറ് തവിടുപൊടിയാക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തത് അന്ന് വാർത്തയായിരുന്നു.
ഇത്തരം അപകടങ്ങൾ നടക്കുന്പോൾ ആരാണ് കാടിനുള്ളിലെ ആനകളെ സംരക്ഷിക്കാൻ ബാധ്യതപ്പെട്ടതെന്നതാണ് ആദ്യം ഉയരുന്ന ചോദ്യം. റെയിൽവേ അത് തങ്ങളുടെ ഉത്തരവാദിത്തമല്ലെന്ന് അതിശക്തം വാദിക്കും. വന്യജീവി സംരക്ഷണം പരിസ്ഥിതി വകുപ്പിന്റെ ഉത്തരവാദിത്തമാണെന്നും ആനകളടക്കമുള്ള മൃഗങ്ങൾ തീവണ്ടിപ്പാതകളും ഹൈവേകളും കടക്കുന്നതിൽ നിന്ന് അവയെ വിലക്കേണ്ടത് വനം−പരിസ്ഥിതി മന്ത്രാലയങ്ങളാണെന്ന് അവർ വാദിക്കും. പരസ്പരം പഴിചാരി ഉത്തരവാദിത്തത്തിൽ നിന്നും ഇരുകൂട്ടരും മാറുമെന്നല്ലാതെ, ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ സർക്കാരുകൾ കാര്യമായി ഒന്നും തന്നെ ചെയ്യുകയുമില്ല. 1987നും 2010നുമിടയിൽ മാത്രം ട്രെയിൻ തട്ടി 150ഓളം ആനകൾ ചരിഞ്ഞിട്ടുണ്ടെന്നാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം കമ്മീഷൻ ചെയ്ത എലിഫന്റ് ടാസ്‌ക് ഫോഴ്‌സിന്റെ റിപ്പോർട്ടിൽ കാണുന്നത്. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ മാത്രം നൂറിലധികം ആനകൾക്ക് തീവണ്ടിപ്പാളങ്ങളിൽ ജീവൻ നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് അവർ കണക്കാക്കുന്നത്. 2013ൽ അന്നത്തെ പരിസ്ഥിതി മന്ത്രിയായിരുന്ന ജയന്തി നടരാജൻ റോഡപകടങ്ങളിൽപ്പെട്ട് ആ വർഷം 28 ആനകളും മൂന്നു കടുവകളും ഒരു കണ്ടാമൃഗവും കൊല്ലപ്പെട്ടുവെന്ന് പാർലമെന്റിനെ അറിയിക്കുകയും ചെയ്തിരുന്നു. 2012ൽ 54 ആനകളാണ് ഇത്തരം അപകടങ്ങളെ തുടർന്ന് ചരിഞ്ഞത്. അന്ന് മന്ത്രി ഇതിന് പരിഹാരം കാണണമെന്ന് റെയിൽവേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിൽ ആ അഭ്യർത്ഥന ബധിരകർണങ്ങളിലാണ് പതിഞ്ഞത്.
നമ്മുടെ റെയിൽവേ ലൈനുകൾ പലതും കടന്നുപോകുന്നത് വന്യജീവി സങ്കേതങ്ങളിലൂടെയാണ്. ഇത് വന്യമൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ രണ്ടായി വിഭജിക്കുന്നു. ഭക്ഷണത്തിനും ജലത്തിനുമൊക്കെയായി ആനകളും മറ്റു മൃഗങ്ങൾക്കുമൊക്കെ ഇത്തരം റെയിൽവേ ലൈനുകളും ഹൈവേകളുമൊക്കെ രാത്രികാലങ്ങളിൽ മുറിച്ചു കടക്കേണ്ടതായി വരുന്നുണ്ടെങ്കിലും അവ കൊല്ലപ്പെടാതിരിക്കാൻ എലിവേറ്റഡ് റെയിൽവേ പാളങ്ങൾ നിർമ്മിക്കുന്നതിനെപ്പറ്റിയോ ടണലിലൂടെയുള്ള ഗതാഗതം വിഭാവനം ചെയ്യുന്നതിനെപ്പറ്റിയോ നമ്മുടെ സർക്കാരുകൾ ചിന്തിക്കുന്നതേയില്ല. എന്തിനധികം പറയുന്നു, 2013 നവംബർ 13ന് ജയ്പൂരിൽ നിന്നും അസമിലേക്കുള്ള കവി ഗുരു എക്‌സ്പ്രസ് ജൽധാക്ക പാലത്തിനടുത്തെത്തിയപ്പോൾ അവിടെ നദിയിൽ വെള്ളം കുടിക്കാനെത്തിയ നാൽപ്പതോളം വരുന്ന ആനക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് അത് പാഞ്ഞു കയറി വൻദുരന്തം ഉണ്ടായിരുന്നു. രണ്ട് കുട്ടിയാനകളടക്കം ഏഴ് ആനകൾ തൽക്ഷണം കൊല്ലപ്പെട്ടപ്പോൾ 10 ആനകൾക്ക് അപകടത്തിൽ ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഈ അപകടത്തെ തുടർന്ന് ന്യൂ ജൽപൈഗുരി മുതൽ അലിപർധുവാർ വരെ നീളുന്ന, ബുക്‌സ കടുവ സങ്കേതത്തിലൂടെ കടന്നുപോകുന്ന 168 കിലോമീറ്റർ നീളുന്ന തീവണ്ടിപ്പാതയ്ക്കിരുവശത്തും വൈദ്യുതി വേലിയും എൽ ഇ ഡി ലൈറ്റിങ്ങും ആനകളുടെ നടത്തം തിരിച്ചറിയാനുള്ള ചലന സെൻസറുകളും വേണമെന്ന് നിർദ്ദേശം വച്ചിരുന്നുവെങ്കിലും നാളുകൾ കഴിഞ്ഞപ്പോൾ പരിസ്ഥിതിപ്രേമികളടക്കം എല്ലാവരും അതെല്ലാം തന്നെ മറന്നു. എന്തിന്, കാടിനുള്ളിലൂടെ മണിക്കൂറിൽ 40 കിലോമീറ്റർ വേഗത്തിൽ മാത്രമേ ട്രെയിനുകൾ ഓടിക്കാൻ പാടുള്ളുവെന്ന മാർഗനിർദ്ദേശം പോലും ആരും ചെവിക്കൊണ്ടില്ല. ഇപ്പോഴും പശ്ചിമ ബംഗാളിലേയും അസമിലേയും ആ കാടുകളിലൂടെ 80 കിലോമീറ്റർ വേഗത്തിൽ തന്നെയാണ് തീവണ്ടികളുടെ പോക്ക്.
ഏതാണ്ട് 26,000ത്തോളം ഏഷ്യൻ ആനകൾ ഇന്ത്യയിലുണ്ടെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. ഇന്ത്യയിൽ മൊത്തം 88 ആന ഇടനാഴികളാണ് വിവിധ കാടുകളിലായി ഉള്ളത്. ഇതിൽ 40 എണ്ണത്തിലൂെട ഹൈവേകൾ കടന്നുപോകുന്നുണ്ടെങ്കിൽ 21 എണ്ണത്തിൽ റെയിൽവേ ട്രാക്കുകൾ കടന്നുപോകുന്നുണ്ട്. 18 ഇടനാഴികളിൽ റെയിൽവേ ലൈനുകളും റോഡുകളും കടന്നുപോകുന്നു. വികസനത്തിന്റെ പേരിൽ സർക്കാരുകൾ ഹൈവേകൾ കാടിനുള്ളിലൂടെ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണെങ്കിലും വന്യജീവികളുടെ ജീവൻ സംരക്ഷിക്കാൻ ഉതകുന്ന സംവിധാനങ്ങൾ ഇത്തരം പാതകളിൽ നിർമ്മിക്കാൻ അവർ കൂട്ടാക്കുന്നതേയില്ല. കാട്ടിനുള്ളിലെ മൃഗം വാഹനമിടിച്ചു ചരിഞ്ഞാൽ ആരും അത് ചോദ്യം ചെയ്യാനില്ലെന്നതു തന്നെയാണ് ആത്യന്തികമായി ഈ അനാസ്ഥയ്ക്ക് കാരണം. സംരക്ഷിത വനഭൂമി പ്രദേശങ്ങളിലൂടെ റോഡുകൾ നിർമ്മിക്കുന്പോൾ ലോകത്തെ ദരിദ്ര രാഷ്ട്രങ്ങൾ പോലും തങ്ങളുടെ സഹജീവികളുടെ ആവാസ വ്യവസ്ഥയെ സംരക്ഷിച്ചുകൊണ്ട് അവ നിർമ്മിക്കാൻ ശ്രമിക്കുന്പോൾ ഇന്ത്യയിൽ വികസനമെന്നത് മനുഷ്യനു മാത്രമുള്ള സ്വാർത്ഥത നിറഞ്ഞ ഒരു സങ്കൽപ്പമായി മാറുന്നു. ആഫ്രിക്കയിലെ കെനിയയിൽ പോലും വന്യമൃഗ സങ്കേതങ്ങളിലൂടെ പാതകൾ നിർമ്മിക്കുന്പോൾ അവർ ടണലുകളിലൂടെ അത് നിർമ്മിക്കുന്ന കാര്യത്തിൽ പ്രത്യേക ശ്രദ്ധ വെച്ചിട്ടുണ്ട്. കെനിയയുടെ ടൂറിസ വികസനം വന്യജീവിസങ്കേതങ്ങളെ ആശ്രയിച്ചാണെന്നും ഇന്ത്യയിലെ സ്ഥിതി അതെല്ലന്നുമായിരിക്കും ഒരുപക്ഷേ ഈ പരാമർശത്തോട് ഉദ്യോഗസ്ഥരുടെ പ്രതികരണമുണ്ടാകാൻ പോകുന്നത്!
കാടുകളിലൂടെ സർക്കാർ നിർമ്മിച്ചിട്ടുള്ള റെയിൽവേ ലൈനുകളും പാതകളും അധികം വീതിയുള്ളവയല്ല. ട്രെയിൻ വരുന്നതു കണ്ടാൽ അതുകൊണ്ടു തന്നെ ട്രാക്കിൽ നിന്നും മറ്റൊരിടത്തേയ്ക്ക് മാറാൻ അവയ്ക്കാവില്ല. മാത്രവുമല്ല ആനകൾ വലിയ മൃഗങ്ങളായതു കൊണ്ടും അവയ്ക്ക് വേഗത്തിൽ സഞ്ചരിക്കാനാകാത്തതു കൊണ്ടും കൂട്ടമായാണ് അവ സഞ്ചരിക്കുന്നതെന്നതിനാലും സ്വന്തം ജീവൻ രക്ഷിക്കുന്നതിൽ പലപ്പോഴും അവ പരാജയപ്പെടുന്നു. കാടിനുള്ളിലൂടെ മുന്പൊക്കെ നാരോഗേജ് പാതകളായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്നത് സ്റ്റാൻഡേർഡ് ഗേജ് ആക്കി മാറ്റിയതോടെ വലിയ വേഗത്തിലുള്ള തീവണ്ടികളും അതുവഴി സഞ്ചരിക്കാൻ തുടങ്ങിയിരിക്കുന്നത് വന്യമൃഗങ്ങളുടെ ജീവിതം കൂടുതൽ ദുരിതമയമാക്കി മാറ്റിയിരിക്കുന്നു. ആഹാരം തേടിയുള്ള അവയുടെ യാത്രകൾ പലതും തീവണ്ടിപ്പാതകളിലും ഹൈവേകളിലും അവസാനിക്കുന്നു.
ആനകൾ സ്ഥിരമായി സഞ്ചരിക്കുന്ന വഴികൾ കണ്ടെത്തി ആനകൾക്ക് കടന്നുപോകാനുള്ള ഇടനാഴികൾ അവിടെയൊക്കെ നിർമ്മിക്കുകയെന്നത് അപകടങ്ങൾ കുറയ്ക്കാനിടയാക്കുമെന്ന കാര്യത്തിൽ സംശയമില്ല. രാത്രികാലങ്ങളിൽ വയനാട് പോലെയുള്ള പ്രദേശങ്ങളിൽ വന്യമൃഗ സങ്കേതങ്ങളിലൂടെ വാഹനങ്ങളിൽ സഞ്ചരിക്കുന്നത് നിയമം മൂലം നിരോധിച്ചിട്ടുണ്ടെങ്കിലും ഈ നിയമങ്ങൾ പരക്കെ ലംഘിക്കപ്പെടുന്നതായും വന്യമൃഗങ്ങൾ ഇത്തരം അപകടങ്ങളിൽ കൊല്ലപ്പെടുന്നതും സർക്കാരിന്റെ ശ്രദ്ധയിൽ പെട്ടിട്ടുണ്ടുതാനും. കേരളത്തിൽ അഞ്ചു കിലോമീറ്റർ വരുന്ന വാളയാർ കാട്ടുപ്രദേശത്ത് വൈൽഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ നിർദ്ദേശപ്രകാരം വന്യമൃഗങ്ങൾ ട്രാക്കിലിറങ്ങുന്നത് തടയാൻ സൗരോർജ വൈദ്യുതി വേലിയും മിന്നുന്ന എൽ ഇ ഡി ലൈറ്റുകളും പിടിപ്പിച്ചതിൽ പിന്നെയും പട്രോളിങ് ഊർജിതമാക്കിയശേഷവും വന്യജീവികൾ കാര്യമായി കൊല്ലപ്പെട്ടിട്ടില്ലെന്നാണ് സർക്കാരിന്റെ കണ്ടെത്തൽ. പക്ഷേ ഇതൊന്നും ദീർഘകാലാടിസ്ഥാനത്തിൽ നിലനിൽക്കുന്ന പദ്ധതികളല്ല. പകരം ടണലുകളും ഫ്‌ളൈഓവറുകളും നിർമ്മിക്കുന്നതു പോലെയുള്ള മെച്ചപ്പെട്ട പദ്ധതികൾ സർക്കാർ വന്യജീവികളുടെ ജീവസുരക്ഷയ്ക്കും സംരക്ഷണത്തിനുമായി നടപ്പാക്കേണ്ടതുണ്ട്.
വന്യജീവികൾ നാട്ടിലേക്കും പാതകളിലേക്കും വരുന്നത് തടയാൻ അശാസ്ത്രീയമായ മാർഗങ്ങൾ അവലംബിക്കുന്നതും അപകടങ്ങൾ ക്ഷണിച്ചുവരുത്തും. ആനകളുടെ സഞ്ചാരപഥം അടയ്ക്കുന്നതിനായി വയനാട് വന്യജീവി സങ്കേതത്തിൽ നിർമ്മിച്ച വലിയ കിടങ്ങുകൾ ആനകളുടെ മരണക്കെണിയായി മാറുകയാണെന്നാണ് സമീപകാല സംഭവങ്ങൾ തെളിയിക്കുന്നത്. മുത്തങ്ങ വനപ്രദേശത്ത് ജൂൺ 14−ാം തീയതി ഇത്തരത്തിലുള്ള ഒരു കിടങ്ങിലേക്ക് വീണ് ഗുരുതരമായി പരിക്കേറ്റ് ആന ചരിഞ്ഞത് നാം മറക്കാറായിട്ടില്ല. ആനകളുടെ സഞ്ചാരം ഈ വിധത്തിൽ തടസ്സപ്പെടുത്തുന്നപക്ഷം അവയ്ക്ക് ഭക്ഷണവും ജലവും ലഭിക്കാനുള്ള മാർഗങ്ങളാണ് വാസ്തവത്തിൽ ഇല്ലാതാക്കപ്പെടുന്നത്. കല്ലൂർ സംരക്ഷിത വനപ്രദേശത്തു മാത്രം 27 കിലോമീറ്റർ നീളത്തിൽ ആനകൾ കടക്കാതിരിക്കാനുള്ള കിടങ്ങുകൾ ഉണ്ടാക്കിയിട്ടുണ്ടത്രേ. അശാസ്ത്രീയമായി നിർമ്മിക്കപ്പെടുന്ന ഇത്തരം കിടങ്ങുകൾ ആനകളുടെ സ്വാഭാവികമായ ആവാസ വ്യവസ്ഥയെ അട്ടിമറിക്കുകയും അത് അവയുടെ എണ്ണം കുറയാനിടയാക്കുകയും ചെയ്യുന്നു.
അസമിലും പശ്ചിമ ബംഗാളിലും തമിഴ്‌നാട്ടിലും കേരളത്തിലും കർണ്ണാടകയിലുമെല്ലാം ഹൈവേകളിലും റെയിൽവേ പാതകളിലും ആനകൾ വാഹനാപകടങ്ങളിൽപ്പെട്ട് ചരിയുന്നുണ്ടെങ്കിലും ഗൗരവതരമായി ഇനിയും ഈ വിഷയത്തെ നോക്കിക്കാണാൻ സർക്കാരുകൾ ശ്രമിച്ചിട്ടില്ല. എന്നാൽ തുടരുന്ന ഈ രക്തച്ചൊരിച്ചിൽ ഇപ്പോൾ ദക്ഷിണ റെയിൽവേയുടെ കണ്ണുതുറപ്പിച്ചിട്ടുണ്ടെന്നാണ് കഞ്ചിക്കോട് −വാളയാർ-−മധുക്കരൈ പ്രദേശത്ത് വനംവകുപ്പുമായി ചേർന്ന് 30 കോടി രൂപ ചെലവിൽ അവർ നിർമ്മിക്കാനൊരുങ്ങുന്ന ആന ഇടനാഴികൾ. കിടങ്ങുകൾ നിർമ്മിച്ച് ആനകളുടെ ജീവിതം ദുസ്സഹമാക്കുന്നതിനേക്കാൾ നല്ലത് എന്തുകൊണ്ടും ഇത്തരം ഇടനാഴികളുടെ നിർമ്മാണം തന്നെയാണ്. 2007ൽ അസമിലെ മാനസ് നാഷണൽ പാർക്കിലൂടെ ദേശീയപാത 152 നിർമ്മിച്ചപ്പോൾ രണ്ട് ഫ്‌ളൈഓവറുകൾ മൃഗങ്ങളും വാഹനങ്ങളുമായി കൂട്ടിയിടിക്കാതിരിക്കാനായി നിർമ്മിച്ചിരുന്നു. ഉത്തരാഖണ്ഡിലെ രാജാജി ദേശീയ പാർക്കിലും 18 കിലോമീറ്റർ നീളുന്ന റെയിൽവേ ട്രാക്കിൽ ഇത്തരത്തിലുള്ള ഫ്‌ളൈഓവറുകൾ നിർമ്മിക്കപ്പെട്ടിട്ടുണ്ട്. അത് വന്യമൃഗങ്ങളുടെ മരണങ്ങൾ പരമാവധി കുറയ്ക്കാനിടയാക്കിയിട്ടുമുണ്ട്. രാജാജി പാർക്കിൽ ട്രെയിൻ ഡ്രൈവർമാർക്കുള്ള നിർദ്ദേശങ്ങളും റോഡ് അടയാളങ്ങളും വെച്ചിട്ടുള്ളതു കൊണ്ടും റെയിൽവേ ട്രാക്കിനു പരിസരത്തെ ചെടികൾ വെട്ടിമാറ്റി, ഡ്രൈവർമാർക്ക് നിരത്ത് കൂടുതൽ നന്നായി കാണാനുള്ള സംവിധാനവും ഒരുക്കിയിട്ടുണ്ട്.
എന്നിരുന്നാലും ഇപ്പോഴും വികസനത്തിന്റെ പേരിൽ മൃഗങ്ങളെ ബലിയാടാക്കുന്ന സർക്കാരിന്റെ സമീപനത്തിൽ പലയിടങ്ങളിലും ഒരു മാറ്റവുമുണ്ടായിട്ടില്ല. മഹാനന്ദ വന്യജീവി സങ്കേതത്തിലൂടെയുള്ള റെയിൽവേ ട്രാക്കിൽ 55 ആനകൾ തീവണ്ടിയിടിച്ച് കൊല്ലപ്പെട്ടെങ്കിലും സർക്കാർ അതിലൂടെയുള്ള റെയിൽവേ കൂടുതൽ വികസിപ്പിക്കാനുള്ള ശ്രമങ്ങളാണ് നടത്തിവരുന്നത്. മനുഷ്യന്റേതു മാത്രമാണ് ഈ ഭൂമിയെന്നും അവനും മാത്രമേ ഈ ലോകത്ത് ജീവിക്കേണ്ടതുള്ളുവെന്നും ചിന്തിക്കുന്ന വികസനഭ്രാന്തിൽ നിന്നാണ് മറ്റു ജീവികളെ കണക്കിലെടുക്കാതെയുള്ള ഇത്തരം വികസന നിലപാടുകൾ ഉടലെടുക്കുന്നത്. പ്രകൃതിയേയും ഇവിടത്തെ സഹജീവികളേയും സ്‌നേഹിക്കുന്നവർ വാസ്തവത്തിൽ ഇത്തരം അസമത്വങ്ങൾക്കെതിരെ കൂടി ശബ്ദമുയർത്തേണ്ടതുണ്ടെന്നു തോന്നുന്നു.