അഴിയുമോ ചുവപ്പുനാടക്കുരുക്കുകൾ?
ഏതാനും വർഷം മുന്പ് കൊച്ചി കോർപ്പറേഷൻ ഓഫീസിൽ ബയോമെട്രിക് പഞ്ചിങ് മെഷീൻ സംവിധാനം കൊണ്ടുവരികയും ജീവനക്കാരുടെ ഹാജർ നില ഉറപ്പുവരുത്താൻ ശ്രമിക്കുകയും ചെയ്തപ്പോൾ ജീവനക്കാർ ബയോമെട്രിക് പഞ്ചിങ് സംവിധാനം കാൻസർ ഉണ്ടാക്കുമെന്നു പറഞ്ഞാണ് അതിനെതിരെ സമരം ചെയ്തത്. സർക്കാർ ജീവനക്കാരെ ഉത്തരവാദപ്പെട്ടതാക്കാനും ഭരണസംവിധാനം കൂടുതൽ ക്രിയാത്മകമാക്കി മാറ്റാനും ഏതൊരു സംവിധാനവും നടത്തുന്ന ശ്രമങ്ങളെ ഇവിടെ എതിർക്കുന്നതിൽ ഭരണ−പ്രതിപക്ഷ ഭേദമേന്യ എല്ലാ തൊഴിലാളി യൂണിയനുകളും ഒറ്റക്കെട്ടാണ്. എങ്ങനെ പരമാവധി തൊഴിൽ കുറച്ചു ചെയ്തു കൊണ്ട്, സർക്കാർ ശന്പളം പരമാവധി കൂടുതൽ എങ്ങനെ വാങ്ങാമെന്ന മനസ്ഥിതിയാണ് ഭൂരിപക്ഷം വരുന്ന സർക്കാർ ജീവനക്കാർക്കുമുള്ളതെന്ന് ഇവിടെ സർക്കാർ സംബന്ധിയായ ആവശ്യങ്ങൾക്ക് ആ ഓഫീസുകളെ സമീപിച്ചിട്ടുള്ളവർക്ക് നന്നായി അറിയാം. പുട്ടിനിടയിലെ പീര പോലെ ഇക്കാര്യത്തിൽ വ്യത്യസ്തരും ക്രിയാത്മകരുമായ ഉദ്യോഗസ്ഥർ ഉണ്ടാകുമെന്ന കാര്യത്തിൽ തർക്കമില്ല. അവരുടെ ശതമാനം തുലോം തുച്ഛമാണെന്നതാണ് വാസ്തവം. അത്തരക്കാർ എപ്പോഴും യൂണിയൻ നേതാക്കളുടെ കണ്ണിൽ കരിങ്കാലികളായിരിക്കും, അവരെ അധിക്ഷേപിക്കാനും അവർക്കെതിരെ ആരോപണങ്ങൾ ഉന്നയിക്കാനും മുൻപന്തിയിൽ തന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർ ഉണ്ടാകാറുമുണ്ട്. അതേപോലെ അഴിമതിക്കും പക്ഷപാതപരമായ പ്രവർത്തനങ്ങൾക്കും കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ ദ്രോഹനടപടികൾ സ്വീകരിക്കുന്നതിലും ഇവരിൽ പലരും മുന്നിലാണ്. ഇത്തരമൊരു പശ്ചാത്തലത്തിലാണ് സർക്കാർ ജീവനക്കാരെ കൂടുതൽ ഉത്തരവാദപ്പെട്ടവരാക്കുമെന്നും ഭരണസംവിധാനം കൂടുതൽ ക്രിയാത്മകമാക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവന വന്നിരിക്കുന്നത്. ചുവപ്പുനാടകളിൽ കുടുങ്ങിക്കിടക്കുന്നത് നിരവധി ജീവിതങ്ങളാണെന്ന ധാരണ ഉദ്യോഗസ്ഥർക്കുണ്ടാകണമെന്ന അദ്ദേഹത്തിന്റെ പ്രസ്താവന ജോലി ചെയ്യാതെ കാലം കഴിക്കാൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥർക്ക് ദഹിച്ചിട്ടുമുണ്ടാകില്ല.
ഭരണസിരാകേന്ദ്രമായ സെക്രട്ടറിയേറ്റിലെ ജീവനക്കാരെ അഭിസംബോധന ചെയ്യുന്പോഴാണ് വിജയൻ ജൂൺ എട്ടിന് ഈ പ്രസ്താവന നടത്തിയത്. സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുക വഴി ഭരണസംവിധാനം കൂടുതൽ കാര്യക്ഷമമാക്കാമെന്ന് എല്ലാവർക്കും തന്നെ അറിയാവുന്ന കാര്യമാണ്. പക്ഷേ വിവിധ സർക്കാരുകൾ പലവട്ടം ശ്രമിച്ചിട്ടും മണികെട്ടാൻ കഴിയാത്ത പൂച്ചയായി തന്നെ കഴിഞ്ഞുപോകുകയാണത്. സെക്രട്ടറിയേറ്റ് ജീവനക്കാരെ പുതിയ മുഖ്യമന്ത്രി ചില ചട്ടങ്ങൾ പഠിപ്പിക്കാൻ അന്ന് ശ്രമിച്ചിരുന്നു. കസേരയിലിരുന്ന് ആനുകാലികങ്ങൾ വായിച്ച് സാഹിത്യാഭിരുചി കൂട്ടേണ്ടതില്ല, പഞ്ച് ചെയ്ത് മുങ്ങുന്ന പരിപാടി ഇനി നടക്കില്ല, മൊബൈൽ ഫോൺ ഉപയോഗം കുറയ്ക്കണം, രാവിലെ വന്ന് ചായ കുടിക്കാൻ പോകുകയും അൽപം കഴിഞ്ഞ് ഊണു കഴിക്കാൻ നീങ്ങുകയും വീണ്ടും ചായ കുടിക്കാനായി പോകുകയും വൈകുന്നേരം ട്രെയിൻ പിടിക്കാൻ നേരത്തെ സ്ഥലം വിടുകയും ചെയ്യുന്ന പരിപാടി അവസാനിപ്പിക്കും, ഫയലുകൾ വച്ചു താമസിപ്പിക്കുന്നവർ മറുപടി നൽകേണ്ടി വരും, ഉദ്യോഗസ്ഥർക്കായല്ല സർക്കാർ സംവിധാനം മറിച്ച് ജീവനക്കാർ പ്രവർത്തിക്കുന്ന സർക്കാരിനു വേണ്ടിയാണ്, അഴിമതിയുടെ കാര്യത്തിൽ വിട്ടുവീഴ്ചയുണ്ടാകില്ല− എന്നിങ്ങനെ സർക്കാർ ഉദ്യോഗസ്ഥരെ ഏതാണ്ട് ഒരു മണിക്കൂറോളം ഗുണദോഷിക്കാൻ മുഖ്യമന്ത്രി സമയം ചെലവിട്ടു. തങ്ങളുടെ ഇതുവരെയുള്ള സ്വൈര്യവിഹാരത്തിന് ഭംഗം വരുത്താനെത്തിയ പുതിയ മുഖ്യമന്ത്രിയെ പലരും അറപ്പോടും വെറുപ്പോടും കൂടി വീക്ഷിക്കുന്നതും തങ്ങളുടെ ജീവിതം കട്ടപ്പൊകയാക്കുന്നതിനാണോ ഈ സർക്കാർ അധികാരത്തിലേറിയതെന്ന് അവരിൽ ചിലർ പിറുപിറുക്കുന്നതും ചടങ്ങിനിടയിൽ കാണാമായിരുന്നു.
കേരളത്തിൽ അധ്യാപകർ അടക്കം ഏതാണ്ട് അഞ്ചു ലക്ഷത്തോളം സർക്കാർ ഉദ്യോഗസ്ഥരാണ് ആകെയുള്ളത്. ഇവർക്ക് ശന്പളം നൽകുന്നതിനാണ് സംസ്ഥാനത്തിന്റെ മൊത്തം വരുമാനത്തിന്റെ 80 ശതമാനവും സർക്കാർ മാറ്റിവെച്ചി
രിക്കുന്നത്. പത്താം ശന്പള കമ്മീഷന്റെ പരിഷ്‌കരണം 2016 ജനുവരിയിൽ നടപ്പാക്കിയതോടെപ്രതിവർഷം 7222 കോടി രൂപ കൂടി സർക്കാരിന്അധിക ബാധ്യതയായി മാറി. സർക്കാർ ഉദ്യോഗസ്ഥരുടെ ശന്പളത്തിലും ഡി എയിലുമെല്ലാം കാ
ലാകാലങ്ങളായി വലിയ വർധനവുണ്ടാകുന്നുണ്ടെങ്കിലും തങ്ങൾ പൊതുജന സേവനകരാണെന്നബോധം നാൾക്കുനാൾ അവരിൽ നിന്നും മായുകയാണെന്ന് സർക്കാർ ഓഫീസുകളിലെത്തുന്നവർക്ക് ബോധ്യപ്പെടുന്ന കാര്യമാണ്. അടിയന്തര പ്രാധാന്യത്തോടെ തീർപ്പാക്കേണ്ട ഫയലുകൾ പോലും മാസങ്ങളോളവും വർഷങ്ങളോളവും വച്ചു താമസിപ്പിക്കുന്ന പ്രവണതയാണ് വർഷങ്ങളായി പല സർക്കാർ ഓഫീസുകളിലും കണ്ടുവരുന്നത്.സെക്രട്ടറിയേറ്റിലാണെങ്കിൽ ഭരണപരമായ തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ഫയലുകളുടെ പോക്ക് വിവിധ അധികാരശ്രേണികളിലൂടെയായതിനാൽ അതിന് ഏറെ സമയമെടുക്കുകയും ചെയ്യും. മൊത്തം 5500 ഉദ്യോഗസ്ഥരാണ് സെക്രട്ടറിയേറ്റിൽ ആകെയുള്ളത്. വിവിധ അധികാരശ്രേണികളിലുള്ള കൃത്യമായ പരിശോധന അഴിമതി ഒഴിവാക്കാൻ ഒരു പരിധി വരെ സഹായിക്കുമെങ്കിലും താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ കണ്ടെത്തിയ പല ന്യൂനതകൾക്കുനേരെയും കണ്ണടച്ചുകൊണ്ട് മന്ത്രിതലത്തിൽ അനുകൂലമായ തീരുമാനമെടുക്കാനാകുമെന്നത് വേറെ കാര്യം.
സെക്രട്ടറിയേറ്റിൽ ഏറ്റവും താഴെത്തട്ടിലുള്ള സെക്ഷൻ അസിസ്റ്റന്റിൽ നിന്നാണ് ഒരു ഫയലിന്റെ പിറവി, നിലവിൽ മൊത്തം വകുപ്പുകളിലായി 1800−ഓളം സെക്ഷൻ അസിസ്റ്റന്റുമാരാണ് സെക്രട്ടറിയേറ്റിലുള്ളത്. ഒരു വകുപ്പിൽ ഒരു സെക്ഷൻ ഓഫീസർക്കു കീഴിൽ മൂന്നോ നാലോ സെക്ഷൻ അസിസ്റ്റന്റുമാരാണ് ഉള്ളത്. സെക്ഷൻ അസിസ്റ്റന്റ് ഫയൽ ഉണ്ടാക്കിയശേഷം അതിൽ തന്റെ അഭിപ്രായം രേഖപ്പെടുത്തിയശേഷം ഫയൽ അതാത് വിഷയം കൈകാര്യം ചെയ്യുന്ന സെക്ഷൻ ഓഫീസർക്ക് കൈമാറുന്നു. സെക്ഷൻ ഓഫീസർമാരായി നിലവിലിൽ 500−ഓളം പേർ സെക്രട്ടറിയേറ്റിലുണ്ട്. ഈ സെക്ഷൻ ഓഫീസർ പ്രസ്തുത ഫയൽ പരിശോധിച്ചശേഷം അണ്ടർ സെക്രട്ടറിക്കു കൈമാറുന്നു. 175 അണ്ടർ സെക്രട്ടറിമാരാണ് സെക്രട്ടറിയേറ്റിലുള്ളത്. ഒരു അണ്ടർ സെക്രട്ടറിയുടെ കീഴിൽ സാധാരണഗതിയിൽ മൂന്നു വകുപ്പുകളാണ് ഉള്ളത്. പ്രസ്തുത ഫയലിൽ എല്ലാ രേഖകളുമുണ്ടെന്ന് ഉറപ്പുവരുത്തുകയും ആവശ്യമുള്ളവ ഇല്ലെന്നു കണ്ടാൽ അവ സമർപ്പിക്കാൻ ആവശ്യപ്പെടുകയുമാകാം. അണ്ടർ സെക്രട്ടറി ഒരു ഫയൽ ക്ലിയർ ചെയ്താൽ അത് ഡെപ്യൂട്ടി സെക്രട്ടറിയുടെ കൈയിലേക്കോ ജോയിന്റ് സെക്രട്ടറിയുടെ കൈയിലേക്കോ അഡീഷണൽ സെക്രട്ടറിയുടെ കൈയിലേക്കോ എത്തപ്പെടും. 94 ഡെപ്യൂട്ടി സെക്രട്ടറിമാരും 82 ജോയിന്റ് സെക്രട്ടറിമാരും 108 അഡീഷണൽ സെക്രട്ടറിമാരുമാണ് ആകെയുള്ളത്. ഇവർക്കു മുകളിലുള്ള സെക്രട്ടറിമാരുടെ പരിശാധനയ്ക്കുശേഷം മാത്രമേ ഫയലുകൾ മന്ത്രിമാരുടെ മുന്നിലെത്തുകയുള്ളു. ചല പ്രത്യേക കേസ്സുകളിൽ ഡെപ്യൂട്ടി സെക്രട്ടറിമാരിൽ നിന്നും മന്ത്രിമാർക്ക് ഫയലുകൾ സെക്രട്ടറിമാരിലെത്തിക്കാതെ നേരിട്ട് കാണാനാകും. 46 സെക്രട്ടറിമാരാണ് ചീഫ് സെക്രട്ടറിക്കു കീഴിലുള്ളത്. നയപരമായ കാര്യങ്ങളാണെങ്കിൽ മന്ത്രിസഭയാണ് അവയിൽ തീരുമാനമെടുക്കേണ്ടത്. ഇത്തരം കാര്യങ്ങൾ വകുപ്പ് സെക്രട്ടറിയിലൂടേയും ചീഫ് സെക്രട്ടറിയിലൂടേയും മാത്രമേ ബന്ധപ്പെട്ട വകുപ്പു മന്ത്രിയുടെ കൈവശമെത്തുകയുള്ളു. സംസ്ഥാനത്തിന്റെ സാന്പത്തികം ഉൾപ്പെടുന്ന കേസ്സാണെങ്കിൽ ഈ ഫയലുകൾ ധനവകുപ്പിലെ സെക്ഷൻ അസിസ്റ്റന്റിലേക്ക് മടക്കപ്പെടുകയും ഇതേ പ്രക്രിയയിലൂടെ തന്നെ ഫയൽ വീണ്ടും മുകളിലേക്ക് എത്തപ്പെടുകയും വേണം. ഇത് വലിയ കാലതാമസമുണ്ടാക്കുന്ന പ്രക്രിയയാണ്. വിവിധ വകുപ്പുകൾ തമ്മിൽ സഹകരണ സംവിധാനം ഉണ്ടാകുന്നപക്ഷം ഇത്രയേറെ ബുദ്ധിമുട്ടി ഒരു ഫയലിന് സർക്കാർ സംവിധാനത്തിന്റെ മുകളിൽ എത്തപ്പെടേണ്ട ആവശ്യമില്ല.
വ്യക്തിപരമായ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടിക്കൊണ്ട് പല ഫയലുകളും ഉണ്ടാക്കപ്പെടുന്പോൾ അവ മുന്നോട്ടു നീക്കുന്നതിന് അധികാരശ്രേണിയുടെ താഴെത്തലങ്ങളിൽ കൈക്കൂലി ആവശ്യപ്പെടുന്ന പ്രവണത ഒട്ടുമിക്ക സർക്കാർ വകുപ്പുകളിലും ദൃശ്യമാണ്. ഉദ്യോഗസ്ഥർ കാട്ടുന്ന അലംഭാവവും നിസ്സംഗതയും മൂലം തങ്ങളുടെ ഫയലുകൾ ബന്ധപ്പെട്ടവരിലേയ്ക്ക് എത്തിക്കാൻ കൈക്കൂലി നൽകാതെ നിവൃത്തിയില്ലെന്ന് സർക്കാർ ഓഫീസുകളുമായി ബന്ധപ്പെട്ട പലർക്കും അനുഭവവുമുണ്ടാകും. സെക്രട്ടറിയേറ്റിലും ഉള്ളിൽ വച്ച് കൈക്കൂലി ആരും വാങ്ങുന്നില്ലെങ്കിൽപോലും കാര്യങ്ങൾ സാധിച്ചുകൊടുക്കാൻ പ്രവർത്തിക്കുന്ന ഏജന്റുമാർ ആവശ്യങ്ങളുമായിയെത്തുന്ന സാധാരണക്കാരെ കൈക്കൂലി നൽകാൻ പ്രേരിപ്പിക്കാറുണ്ടെന്നതാണ് വാസ്തവം. ഇത്രയും അധികാരശ്രേണികളുള്ള ഒരു സംവിധാനത്തിനു പകരം വികേന്ദ്രീകൃതമായ ഒരു സംവിധാനം വരികയാണെങ്കിൽ ഫയലുകളിൽ താമസംവിനാ തീരുമാനമെടുക്കാൻ സർക്കാരിന് കഴിയുകയും ചെയ്യും. ഒരു വർഷം ശരാശരി അഞ്ചു ലക്ഷത്തോളം ഫയലുകളാണ് സെക്രട്ടറിയേറ്റ് കൈകാര്യം ചെയ്യുന്നതെന്നും എല്ലാ വർഷവും ഏതാണ്ട് ഒന്നര ലക്ഷം ഫയലുകളോളം കെട്ടിക്കിടക്കുകയായിരുന്നുവെന്നും മനസ്സിലാക്കുന്പോഴാണ് ഈ കുരുക്കഴിക്കേണ്ടതിന്റെ അടിയന്തരപ്രാധാന്യം നമുക്ക് ബോധ്യപ്പെടുക.
കേന്ദ്രത്തിലെന്ന പോലെ, ഒരു വികേന്ദ്രീകൃതഭരണ സംവിധാനം കൊണ്ടുവരണമെന്നും സെക്രട്ടറിയേറ്റിലെ ജീവനക്കാരുടെ എണ്ണം വെട്ടിച്ചുരുക്കണമെന്നും ഭരണപരിഷ്‌കരണ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നതാണ്. എന്നാൽ അത്തരമൊരു സംവിധാനം വരുന്നതിനോട് സെക്രട്ടറിയേറ്റ് ജീവനക്കാരുടെ സംഘടനകൾക്കെല്ലാം തന്നെശക്തമായ എതിർപ്പാണുള്ളത്. സെക്രട്ടറിയേറ്റ് സെക്ഷനുകളെ മറികടന്നുകൊണ്ട് ഒരു ഡയറക്ടറേറ്റ് സംവിധാനം വരുന്നതു മൂലം സെക്രട്ടറിതലത്തിൽ കണ്ടെത്തേണ്ട പല പ്രശ്‌നങ്ങളും കണ്ടെത്തപ്പെടുകയില്ലെന്നും അതിനുള്ള വൈദഗ്ധ്യം ആ തലങ്ങളിൽ മാത്രമേയുള്ളുവെന്നുമാണ് അവരുെട വാദം. പക്ഷേ സെക്രട്ടറിയേറ്റിലെ ചില സെക്ഷനുകളിൽ നാമമാത്രമായ ജോലി മാത്രമേയുള്ളുവെങ്കിൽ മറ്റു ചില സെക്ഷനുകളിൽ ഫയലുകളുടെ ആധിക്യമാണുള്ളതെന്നാണ് അവരുടെ വാദം. ചിലർക്ക് അധിക ജോലിഭാരമുള്ളപ്പോൾ മറ്റുചിലർക്ക് ജോലിയേ ഇല്ലെന്നതാണ് സത്യം. തൊഴിൽ വിഭജനരംഗത്തെ ഈ അസന്തുലിതാവസ്ഥ സെക്രട്ടറിയേറ്റിനുള്ളിൽ തന്നെ തൊഴിൽ അസമത്വം എന്ന പ്രശ്‌നം സൃഷ്ടിക്കുന്നുമുണ്ട്. പക്ഷേ അതൊന്നും വികേന്ദ്രീകരണം കൊണ്ടുവരുക വഴി സെക്രട്ടറിയേറ്റിന്റെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തണമെന്ന ഭരണ പരിഷ്‌കരണ കമ്മീഷന്റെ ശുപാർശ തള്ളിക്കളയാൻ മതിയായ കാരണങ്ങളല്ല. അമിത ജോലി ഭാരമുള്ള വകുപ്പുകളിലേയ്ക്ക് ജോലിഭാരം കുറഞ്ഞ വകുപ്പുകളിൽ നിന്നും ഉദ്യോഗസ്ഥരെ നിയമിക്കുകയെന്ന രീതിയും പരീക്ഷിക്കാവുന്നതാണ്.
എല്ലാ ഫയലുകളിലും അടിയന്തരമായി തീർപ്പുകൽപിക്കണമെന്നത് അസാധ്യമായ കാര്യമാണെന്നത് സമ്മതിക്കുന്നു. ഫയലുകളിൽ ചിലത് വലിയ പരിശോധനകൾ ആവശ്യമായത് ആയിരിക്കും, ചിലത് അഴിമതിക്കിട നൽകുന്നതും. പക്ഷേ വകുപ്പു സെക്രട്ടറിമാരിലൂടെ മന്ത്രിമാർക്ക് മുന്നിലേക്ക് എത്തപ്പെടുന്ന ഫയലുകളിൽ മന്ത്രിമാർ തീരുമാനമെടുക്കണമെങ്കിൽ മന്ത്രിമാരും സെക്രട്ടറിയേറ്റിൽ ഹാജരുണ്ടാകണമെന്നതാണ് വേറെ കാര്യം. മന്ത്രിയുടെ ഉത്തരവിനായി എത്തപ്പെടുന്ന ഒരു ഫയൽ അദ്ദേഹത്തിന്റെ മേശപ്പുറത്ത് ഉറങ്ങാതിരിക്കാൻ ആ ഫയൽ എന്നാണ് അവിടേയ്ക്ക് എത്തിയതെന്നും എന്നത്തേക്ക് അതിൽ തീർപ്പ് കൽപിക്കപ്പെടണമെന്നും എഴുതേണ്ടതും ആവശ്യമായ കാര്യം തന്നെ. മന്ത്രിമാർ ആഴ്ചയിൽ അഞ്ചു ദിവസവും സെക്രട്ടറിയേറ്റിൽ തന്നെ ഉണ്ടാകണമെന്ന് മുഖ്യമന്ത്രി ഭരണമേറ്റെടുത്ത സമയത്തു തന്നെ നിർദ്ദേശം നൽകിയതും നല്ല കാര്യം തന്നെ. ഒരു ചടങ്ങിൽ ആ ചടങ്ങുമായി ബന്ധപ്പെട്ട വകുപ്പുമന്ത്രിമാർ പങ്കെടുത്താൽ മതിയെന്നുള്ള നിർദ്ദേശവും സ്വാഗതാർഹമാണ്.
എന്നാൽ ശന്പളക്കാര്യത്തിലും ആനുകൂല്യത്തിന്റെ കാര്യത്തിലും മാത്രം സദാ ചിന്തയുള്ള, തൊഴിലിൽ ആത്മാർത്ഥതയില്ലാത്ത യൂണിയൻ ഭാരവാഹികളെ മെരുക്കുകയെന്നതാകും സർക്കാർ അടിയന്തരമായി ചെയ്യേണ്ടുന്ന കാര്യം. അത് അത്ര നിസ്സാരമായ കാര്യമൊന്നുമല്ല. കൃത്യനിഷ്ഠത പഠിപ്പിക്കാൻ പോയിട്ട്, ക്ഷമയോടും അവധാനതയോടും ഒരു ഫയൽ പഠിക്കാൻ പോലും അവരിൽ പലരേയും ഉപദേശിക്കുന്നത് വൃഥാവിലായ ചരിത്രമാണ് നമുക്കുള്ളത്. ഭരണരംഗത്തെ കാലഹരണപ്പെട്ട ചട്ടങ്ങൾ മാറ്റിയെഴുതേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. പെർഫോമൻസ് അപ്രൈസൽ ശക്തമാക്കുകവഴി ഉദ്യോഗസ്ഥന്റെ ശന്പളത്തെ അയാളുടെ പ്രവൃത്തികൾ ബാധിക്കുമെന്നു വന്നാൽ ഒരു പരിധി വരെ തൊഴിലെടുക്കാൻ മിക്കവരും നിർബന്ധിതരാകും. അണ്ടർ സെക്രട്ടറിക്കും ഡെപ്യൂട്ടി സെക്രട്ടറിക്കുമൊക്കെ കൂടുതൽ അനുഭവപരിജ്ഞാനം ഉണ്ടാകുന്നതിനായി അവരെ പ്രെമോട്ട് ചെയ്യുന്നതിനു മുന്പായി കേരളത്തിലുടനീളം വിവിധ വകുപ്പുകളിൽ നിയമിക്കേണ്ടതിന്റെ ആവശ്യകതയും പരിശോധിക്കപ്പെടേണ്ടതാണ്. അങ്ങനെ ചെയ്യുന്നപക്ഷം ഉദ്യോഗസ്ഥരുെട കാര്യവിവരം വർധിക്കുകയും അവർക്ക് പിന്നീട് വകുപ്പിന്റെ വിവിധ പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നതിൽ കൂടുതൽ വൈദഗ്ധ്യം ലഭിക്കുകയും ചെയ്യും. ഉദ്യോഗസ്ഥർക്ക് ഇടയ്ക്കിടെ പരിശീലന പരിപാടികൾ നടത്തുന്നതും അവരുടെ കാര്യശേഷി വർധിപ്പിക്കാൻ സഹായിക്കും. പൊടിപിടിച്ച ഫയലുകളുടെ പഴയ പങ്കപ്പാടുകളിൽ നിന്നും ഇലക്ടോണിക് സംവിധാനത്തിലേക്കും ഇ−ഫയൽ സംവിധാനത്തിലേക്കും സെക്രട്ടറിയേറ്റ് മാറേണ്ട സമയവും അതിക്രമിച്ചിരിക്കുന്നു. അടുത്ത ആറു മാസത്തിനുള്ളിൽ 42 വകുപ്പുകൾ ഇലക്ട്രോണിക് ഓഫീസ് പ്ലാറ്റ്‌ഫോമിലേക്ക് മാറിയേക്കുമെന്നാണ് സർക്കാർ പറയുന്നതെങ്കിലും ഉദ്യോഗസ്ഥരെ അതിനായി പരിശീലിപ്പിച്ചെടുക്കുന്ന പദ്ധതികൾ ഇനിയും എങ്ങുമെത്തിയിട്ടില്ല. ഇ−ഓഫീസ് സംവിധാനം വന്നാൽ 20 ദിവസമെടുത്ത് തീർപ്പാകുന്ന ഒരു ഫയലിൽ തീരുമാനമെടുക്കാൻ കേവലം ഒരാഴ്ചയിൽ താഴെ മാത്രമേ സമയമെടുക്കുകയുള്ളുവെന്ന് ഇത് 2014 മുതൽ നടപ്പാക്കിയ ധനകാര്യ വകുപ്പിലെ അനുഭവങ്ങൾ തെളിയിക്കുന്നു.
ഓരോ ഫയലും ഒാരോ ജീവിതമാണെന്ന പിണറായി വിജയന്റെ സന്ദേശം ജീവനക്കാർ ഉൾക്കൊണ്ടാൽ അത് ഭരണരംഗത്തെ മികവിനു കാരണമായി മാറുമെന്ന കാര്യത്തിൽ സംശയം വേണ്ട. സാമൂഹ്യപ്രതിബദ്ധതയോടെ പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ഇനിയെങ്കിലും സർക്കാർ ഉദ്യോഗസ്ഥർ പ്രകടിപ്പിക്കുമോയെന്ന് വരാനിരിക്കുന്ന ദിവസങ്ങൾ തെളിയിക്കും. പറഞ്ഞ വാക്കിൽ എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് പിണറായിയുടെ വരുംദിവസത്തെ പ്രവർത്തനങ്ങളും വെളിവാക്കും.