ഇനി­യും പഠി­ക്കാ­നു­ള്ള പാ­ഠങ്ങൾ!


കോഴിക്കോട് മലാപ്പറന്പിൽ ഒരു എയ്ഡഡ് സ്‌കൂൾ അടച്ചുപൂട്ടുന്നതിനെതിരെ സമീപകാലത്ത് വലിയ ജനകീയ പ്രക്ഷോഭമുണ്ടായത് നമ്മൾ കണ്ടതാണ്. സ്‌കൂൾ അടച്ചുപൂട്ടാൻ സ്‌കൂളിന്റെ ഉടമസ്ഥൻ തന്നെ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി അതിന് അനുമതി നൽകുകയും ചെയ്തുവെങ്കിലും നാട്ടുകാർ സ്‌കൂൾ അടച്ചുപൂട്ടുന്നതിന് എതിരു നിന്നു. സ്‌കൂളിരിക്കുന്ന സ്ഥലം റോഡ് അരികിലായതിനാൽ വാണിജ്യാവശ്യങ്ങൾക്കായി സ്ഥലം ഉപയോഗിക്കുന്നതിനാണ് സ്‌കൂൾ അടച്ചുപൂട്ടുന്നതെന്നായിരുന്നു നാട്ടുകാരുടെ പരാതി. പക്ഷേ ഈ സ്‌കൂളിൽ വിദ്യാർത്ഥികളുടെ എണ്ണം അനുദിനം കുറഞ്ഞുവരികയാണെന്നതും സർക്കാരിന്റെ പട്ടികയിൽ ലാഭകരമല്ലാത്ത സ്‌കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ട ഒന്നാണിതെന്നും അതിനാൽ കേരള വിദ്യാഭ്യാസ നിയമപ്രകാരം അടച്ചുപൂട്ടാൻ അനുവദിക്കണമെന്നുമായിരുന്നു ഉടമസ്ഥന്റെ വാദം. പ്രദേശത്ത് മറ്റ് സർക്കാർ സ്‌കൂളുകളും എയ്ഡഡ് സ്‌കൂളുകളും ഉണ്ടെന്നിരിക്കേ, എന്തുകൊണ്ടാണ് നാട്ടുകാർ ഇതിനെതിരെ പ്രതിഷേധിക്കുന്നതെന്ന് കോടതിക്കു പോലും സംശയമുണ്ടാകുകയും ചെയ്തു. ഹൈക്കോടതിയിൽ നിന്നും സ്‌കൂൾ മാനേജ്‌മെന്റിന് അനുകൂലമായ വിധിയുണ്ടായതിനെ ചോദ്യം ചെയ്ത് സർക്കാർ സുപ്രീം കോടതിയിൽ പോയെങ്കിലും ജൂൺ ആറിന് സുപ്രീം കോടതി സ്‌കൂൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു. 75 വിദ്യാർത്ഥികൾ മാത്രമായിരുന്നു മലാപ്പറന്പ് എ.യു. പി സ്‌കൂളിൽ ആകെ ഉണ്ടായിരുന്നത്. ഏറ്റവുമൊടുവിൽ അടച്ചുപൂട്ടുന്ന മലാപ്പറന്പ് എ.യു.പി സ്‌കൂൾ ഉൾപ്പടെ നാല് സ്‌കൂളുകൾ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നു.

സംസ്ഥാനത്തെ പല സർക്കാർ എയ്ഡഡ് സ്‌കൂളുകളും നേരിടുന്ന പ്രതിസന്ധി തന്നെയാണ് മലാപ്പറന്പ് സ്‌കൂളും നേരിട്ടത്, വിദ്യാർത്ഥികളില്ലാതാകുന്ന അവസ്ഥ. മലാപ്പറന്പിൽ മാത്രം സംഭവിക്കുന്ന ഒന്നല്ല ഇത്. 2010ൽ എറണാകുളം ജില്ലയിലെ കലൂരിലും ഇതു നമ്മൾ കണ്ടതാണ്. കലൂരിലെ സറഫുൽ ഇസ്ലാം എൽ.പി സ്‌കൂളിൽ 2010ൽ കേവലം 25 വിദ്യാർത്ഥികൾ മാത്രമാണ് പഠനത്തിനെത്തിയത്. അദ്ധ്യാപകരാകട്ടെ 16 പേരും. സ്‌കൂളിന്റെ മാനേജറായ ഇ.എസ്.എം കബീർ സ്‌കൂൾ അടച്ചുപൂട്ടാൻ അനുമതി ചോദിച്ചപ്പോൾ സംസ്ഥാന സർക്കാരും അദ്ധ്യാപകരുമെല്ലാം ഈ നീക്കത്തെ എതിർത്തു. തുടർന്ന് സ്‌കൂൾ മാനേജ്‌മെന്റ് കോടതിയിൽ പോയി അനുകൂലമായ വിധി സന്പാദിച്ചു. സ്‌കൂൾ അടച്ചുപൂട്ടുകയും അവിടെത്ത മറ്റ് അദ്ധ്യാപകരെ മറ്റ് എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കുകയും അതിന്റെ രേഖകൾ വിദ്യാഭ്യാസ ഓഫീസറിനു മുന്നിൽ ഹാജരാക്കുകയും ചെയ്തു. ഇന്ന് അതേ സ്‌കൂൾ മറ്റൊരു പേരിൽ കലൂരിലുണ്ട് നാഷണൽ പബ്ലിക് സ്‌കൂൾ എന്ന സിബിഎസ്ഇ പാഠ്യപദ്ധതി പിന്തുടരുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളായി അത് മാറിയിരിക്കുന്നു. വിദ്യാർത്ഥികളുടെ എണ്ണമാകട്ടെ ആയിരം കവിഞ്ഞിരിക്കുന്നു. പൂട്ടാൻ അപേക്ഷ നൽകി കാത്തിരിക്കുന്ന സർക്കാർ സ്‌കൂളുകളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 

എന്താണ് ഇത്തരം വിദ്യാലയങ്ങൾ പൂട്ടുന്നതു മൂലമുള്ള പ്രശ്‌നങ്ങൾ? ഈ സ്‌കൂളിലെ അദ്ധ്യാപകരുെട ഭാവി എന്താകും? സർക്കാർ ഇത്തരം എയ്ഡഡ് സ്‌കൂളുകൾ ഏറ്റെടുത്ത് നടത്തേണ്ട ആവശ്യമുണ്ടോ? ഇവിടുത്തെ വിദ്യാർത്ഥികളെ പ്രദേശത്തെ മറ്റ് സ്‌കൂളിലേയ്ക്ക് മാറ്റുന്നതിൽ എന്താണ് പ്രശ്‌നം? സർക്കാർ സ്‌കൂളുകൾ പൂട്ടുന്പോൾ അവിടെ നിന്നുള്ള അദ്ധ്യാപകരെ എയ്ഡഡ് സ്‌കൂളുകളിലേയ്ക്ക് എന്തുകൊണ്ട് മാറ്റിക്കൂടാ? ഇത്തരം ചോദ്യങ്ങൾ പ്രസക്തമാകുന്നത് ഈയൊരു സമയത്താണ്. പക്ഷേ ആ ചോദ്യങ്ങൾക്ക് ഉത്തരം തേടുന്നതിനു മുന്പ് എന്തുകൊണ്ടാണ് പൊതുമേഖലയിലുള്ള വിദ്യാലയങ്ങൾക്ക് ഈ ദുർഗതി സംഭവിക്കുന്നതെന്ന് പരിശോധിക്കണം. സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ മോശപ്പെട്ട വിദ്യാഭ്യാസ നിലവാരവും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും സമൂഹത്തിലെ ഉയർന്ന ശ്രേണിയിലുള്ളവരുടെ മക്കൾ പഠിക്കുന്നത് ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ സ്‌കൂളുകളിലാണെന്ന ധാരണയുമൊക്കെ മൂലം അത്തരം വിദ്യാലയങ്ങളിലേയ്ക്ക് സാധാരണക്കാരായവർ പോലും തങ്ങളുടെ മക്കളെ അയക്കുന്ന സ്ഥിതി വിശേഷമാണ് ഇന്ന് കേരളത്തിലുള്ളത്. ദിവസ വരുമാനം വളരെ കുറഞ്ഞവർ പോലും വലിയ തുക ചെലവാക്കി തങ്ങളുടെ മക്കളെ ഇത്തരം വിദ്യാലയങ്ങളിലേയ്ക്ക് അയക്കുന്നു. അത് സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളുടെ മരണമണി മുഴക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ഒരു സ്‌കൂളിലെ ഒരു ഡിവിഷനിൽ 25 കുട്ടികളിൽ താഴെ കുട്ടികൾ മാത്രം ഉണ്ടായിരിക്കുകയും സ്‌കൂളിലെ മൊത്തം വിദ്യാർത്ഥികളുടെ എണ്ണം നൂറിൽ താഴെ വരികയും ചെയ്യുന്ന സ്ഥിതി വിശേഷത്തിൽ അത്തരം സ്‌കൂളുകളെയാണ് അൺ ഇക്കണോമിക് സ്‌കൂളുകളെന്ന് വിളിക്കുന്നത്. 2015−16ലെ ഏറ്റവും പുതിയ കണക്ക് അനുസരിച്ച് സംസ്ഥാനത്ത് ഇത്തരത്തിലുള്ള 5437 സ്‌കൂളുകൾ ഉണ്ടെന്നാണ് കണക്ക്. ഇതിൽ 2400 സ്‌കൂളുകൾ എയ്ഡഡ് മേഖലയിലുമാണ്. ഓരോ വർഷവും ഈ സ്‌കൂളുകളുടെ എണ്ണം കേരളത്തിൽ വർദ്ധിച്ചുവരികയുമാണ്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 2016−17 അദ്ധ്യയന വർഷത്തിൽ എയ്ഡഡ് സ്‌കൂളുകളിൽ മാത്രം 4000−ത്തോളം അദ്ധ്യാപകർ അധികമാക്കപ്പെടുമെന്നാണ് കണക്കാക്കപ്പെട്ടിട്ടുള്ളത്. യാതൊരു ജോലിയും ചെയ്യേണ്ടതില്ലാത്ത ഇവർക്കായി പ്രതിമാസം സർക്കാർ മൊത്തം ശന്പള ഇനത്തിൽ നൽകേണ്ടത് 16 കോടി രൂപയോളമായിരിക്കുമെന്നത് വേറെ കാര്യം. 

സർക്കാർ എയ്ഡഡ് വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വലിയ കുറവാണ് ഓരോ വർഷവും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. 2010-−11ലെ കണക്കുകൾ പ്രകാരം സംസ്ഥാനത്ത് ഇത്തരം വിദ്യാലയങ്ങളിലായി മൊത്തം 39.8 ലക്ഷം വിദ്യാർത്ഥികളുണ്ടായിരുന്നുവെങ്കിൽ 2013-14 അദ്ധ്യയന വർഷമായപ്പോഴേക്കും നാലു ലക്ഷത്തിലേറെ വിദ്യാർത്ഥികളുടെ കുറവാണ് രേഖപ്പെടുത്തപ്പെട്ടത്. ഈ കുറവു മൂലം 2011−ൽ സ്ഥിരപ്പെടുത്തിയ അദ്ധ്യാപകരിൽ വലിയൊരു ശതമാനം പേർ ഇന്ന് ഒരു ജോലിയും ചെയ്യാതെ ശന്പളം വാങ്ങുന്ന അവസ്ഥയാണുള്ളത്. 2011−നുശേഷം എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ 5000ത്തിലധികം അദ്ധ്യാപകരെ ഒഴിവു വന്ന പോസ്റ്റുകളിൽ നിയമിച്ചിട്ടുണ്ടെന്നിരിക്കേ, സർക്കാർ സ്‌കൂളുകളിലെ പ്രൊട്ടക്റ്റഡ് ടീച്ചർമാരെ എയ്ഡഡ് സ്‌കൂളുകളിൽ നിയമിക്കാൻ സർക്കാർ തീരുമാനിച്ചാൽ അതിനെതിരെ എയ്ഡഡ് സ്‌കൂൾ മാനേജ്‌മെന്റുകൾ കടുത്ത പ്രതിഷേധം നടത്തുമെന്നും വ്യക്തം. കാരണം വലിയ തുക മാനേജ്‌മെന്റുകൾക്ക് നൽകിക്കൊണ്ടാണ് മാനേജ്‌മെന്റുകൾ ഈ നിയമനങ്ങളെല്ലാം തന്നെ നടത്തിയിരിക്കുന്നത്. തൊഴിൽരഹിതരാക്കപ്പെട്ടാൽ ഈ തുക സ്ഥാപനങ്ങൾ അവർക്ക് മടക്കിനൽകേണ്ടതായും വരും. കേരളത്തിൽ സമുദായ സംഘടനകൾ ശക്തമായതിനാൽ അവർ നടത്തുന്ന സ്‌കൂളുകളിൽ ഇത്തരമൊരു ശ്രമം നടത്താൻ സർക്കാർ തയ്യാറാകുകയുമില്ല. 

അപ്പോൾ സ്വാഭാവികമായും ഒരു ചോദ്യം ഉയരാം. സർക്കാരിന്റെ കണക്കുകൾ പ്രകാരം ലാഭകരമല്ലെന്നു കണ്ട സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ കോടതികൾ ഉത്തരവിടുന്നത് സർക്കാരിന് തടയാനാകുമോ എന്നതാണ് ആ ചോദ്യം. ലാഭകരമല്ലെന്നു കണ്ടാലും സ്‌കൂൾ അടച്ചുപൂട്ടരുതെന്നാണ് സർക്കാരിന്റെ നയമെന്ന് വിദ്യാഭ്യാസ മന്ത്രി ഡോക്ടർ സി രവീന്ദ്രനാഥ് വ്യക്തമാക്കിയിരിക്കുന്ന സാഹചര്യത്തിൽ എന്തായിരിക്കും അതിനുള്ള ഒരു പരിഹാര മാർഗം? സർക്കാരിന്റെ നിലവിലെ സാന്പത്തികാവസ്ഥ വച്ച് അത്തരം സ്‌കൂളുകൾ പണം നൽകി ഏറ്റെടുക്കാൻ സർക്കാരിനെക്കൊണ്ട് സാധിക്കില്ലെന്ന് വ്യക്തമാണ്. പക്ഷേ ഖജനാവിലെ പണം ചെലവിട്ട് അത് ഏറ്റെടുക്കാനാണ് സർക്കാരിന്റെ നീക്കം. പക്ഷേ അതിനേക്കാൾ പ്രയോഗികമായ കാര്യം കേരള വിദ്യാഭ്യാസ ചട്ടങ്ങളിൽ (കെ.ഇ.ആർ) ഭേദഗതി വരുത്തിക്കൊണ്ട് ലാഭകരമല്ലാത്ത സ്‌കൂളുകൾ അടച്ചുപൂട്ടാനാവില്ല എന്ന വ്യവസ്ഥ കൊണ്ടു വരികയാണ്. മാത്രവുമല്ല, സ്‌കൂളുകൾ നടത്തുന്നതിനപ്പുറം മറ്റൊരാവശ്യത്തിനും സ്‌കൂളിന്റെ ഭൂമി ഉപയോഗിക്കുകയില്ലെന്ന് എയ്ഡഡ് സ്‌കൂളുകളുടെ കാര്യത്തിൽ നിയമത്തിൽ തന്നെ വ്യവസ്ഥ കൊണ്ടുവരികയും വേണം. പക്ഷേ ഇതെല്ലാം പഴയ സ്‌കൂളുകളുടെ കാര്യത്തിൽ കൂടി നിർബന്ധമാക്കുന്നപക്ഷം അതിനെതിരെ വിവിധ മാനേജ്‌മെന്റുകളിൽ നിന്നും കടുത്ത പ്രതിഷേധം ഉണ്ടാകുമെന്നുറപ്പാണ്. 

പക്ഷേ ഇതൊന്നും തർക്കരഹിതമായ പരിഹാരമാർഗ്ഗങ്ങളല്ല. വരാനിരിക്കുന്ന നാളുകളിൽ പൊതുമേഖലാ വിദ്യാഭ്യാസരംഗത്ത് ഇത് ആവർത്തിച്ചുകൊണ്ടിരിക്കാനുള്ള സാധ്യതയും കൂടുതലാണ്. ഇത്തരം അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന വിദ്യാലയങ്ങൾ അടച്ചുപൂട്ടുകയും സമീപത്തുള്ള മറ്റ് സർക്കാർ സ്‌കൂളുകളിലേക്ക് വിദ്യാർത്ഥികളെ സൗജന്യ ഗതാഗത സംവിധാനം വഴി എത്തിക്കുകയാണ് ഉചിതമെന്ന് കരുതുന്നവരുമുണ്ട്. എയ്ഡഡ് സ്‌കൂളിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകർക്ക് വോളന്ററി റിട്ടയർമെന്റിന് അവസരം നൽകുകയും അത്തരം സ്‌കൂളുകളിൽ പിന്നീട് ഒഴിവു വരുന്ന പോസ്റ്റുകളിലേയ്ക്ക് സർക്കാർ വിദ്യാലയങ്ങളിലെ പ്രൊട്ടക്റ്റഡ് അദ്ധ്യാപകരെ വെയ്ക്കുകയും ആവാം. മാനേജ്‌മെന്റുകൾ നിയമത്തിന് വാങ്ങിയ തുക തൊഴിൽ നഷ്ടപ്പെടുന്ന അദ്ധ്യാപകർക്ക് നൽകുകയും ചെയ്യാവുന്നതാണ്. ഇത്തരത്തിൽ തൊഴിൽ നേടിയവരിൽ ഭൂരിപക്ഷവും സന്പന്നമധ്യവർഗ കുടുംബങ്ങളിൽ നിന്നുള്ളവരായതിനാൽ എയ്ഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകരുടെ തൊഴിൽ നഷ്ടപ്പെടുന്നതിൽ വലിയ ആശങ്കകൾക്ക് വകയില്ല താനും. സർക്കാർ സ്‌കൂളുകളാണ് അടച്ചുപൂട്ടപ്പെടുന്നതെങ്കിൽ ആ വിദ്യാലയങ്ങൾക്കായി സർക്കാർ ചെലവാക്കിക്കൊണ്ടിരിക്കുന്ന തുക മറ്റ് വിദ്യാലയങ്ങളുടെ സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ഉപയോഗിക്കാനുമാകും. സ്വകാര്യ അൺ എയ്ഡഡ് വിദ്യാലയങ്ങൾ ഒരുക്കുന്ന സൗകര്യങ്ങൾ അതുവഴി സർക്കാർ വിദ്യാലയങ്ങൾക്കും ലഭ്യമാക്കാനുമാകും. 

കേരളത്തിലെ സർക്കാർ--എയ്ഡഡ് വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ നിലവാരക്കുറവും പാഠ്യപദ്ധതിയുടെ പ്രശ്‌നങ്ങളും വലിയൊരു പരിധി വരെ സ്വകാര്യ അൺ എയ്ഡഡ് സ്‌കൂളുകളിലേയ്ക്ക് തങ്ങളുടെ കുട്ടികളെ ചേർക്കുന്നതിൽ മാതാപിതാക്കളിൽ സ്വാധീനം ചെലുത്തിയിട്ടുണ്ടെന്ന കാര്യം സംശയരഹിതമാണ്. പക്ഷേ അൺ എയഡഡ് സ്‌കൂളുകളിലെ അദ്ധ്യാപകർക്ക് സർക്കാർ സ്‌കൂളിലെ അദ്ധ്യാപകരേക്കാൾ യാതൊരുതരത്തിലുള്ള മികവും അവകാശപ്പെടാനാവില്ലെന്നതാണ് വാസ്തവം. മിക്കവരും അടിസ്ഥാന യോഗ്യത പോലുമില്ലാതെ സ്‌കൂളിൽ നിയമിക്കപ്പെടുന്നവരാണെന്നതാണ് സത്യം. ബി എഡ് അടക്കമുള്ള യോഗ്യതയുള്ള അദ്ധ്യാപകർക്കുപോലും പ്രതിമാസം 5000-7000 വരെയാണ് ഒട്ടുമിക്ക അൺ എയ്ഡഡ് സിബിഎസ്ഇ വിദ്യാലയങ്ങളും നൽകുന്നത്. മിനിമം ശന്പളം 10,000 രൂപയും പരമാവധി ശന്പളം 20,000 രൂപയും ഈ സ്‌കൂളുകളിൽ തൊഴിൽ വകുപ്പ് നിശ്ചയിച്ചെങ്കിലും സ്‌കൂളുകൾ ആ ചട്ടങ്ങളെല്ലാം തന്നെ കാറ്റിൽ പറത്തിയിരിക്കുകയാണ്. പക്ഷേ വർഷാവർഷം അൺ എയ്ഡഡ് സ്‌കൂളുകൾ സ്ഥാപനത്തിന്റെ നടത്തിപ്പുചെലവ് വർദ്ധിച്ചുവെന്ന ന്യായം ചൂണ്ടിക്കാട്ടി വിദ്യാർത്ഥികളുടെ ഫീസിൽ വൻ വർദ്ധനവും വരുത്തുന്നുണ്ട്. ഒരു സാധാരണ സി. ബി.എസ്.ഇ സ്‌കൂളിൽ പോലും ഒരു യു.പി സ്‌കൂൾ വിദ്യാർത്ഥി 15,000 രൂപയോളം പ്രതിവർഷ ഫീസ് നൽകുന്നുവെന്നിരിക്കേ, സാന്പത്തികമായി ഉയർന്ന ശ്രേണിയിലുള്ളവരുടെ മക്കൾ പഠിക്കുന്ന സ്‌കൂളുകളിൽ ടേം ഫീസ് തന്നെ 80,000 രൂപയോളമാണ്. പക്ഷേ അത്തരം വിദ്യാലയങ്ങൾ അദ്ധ്യാപകർക്ക് മെച്ചപ്പെട്ട ശന്പളം നൽകുന്നുണ്ടെന്നത് ഒരു വസ്തുതയാണ്. 

സർക്കാർ വിദ്യാലയങ്ങളുടെ നിലവാരം വർദ്ധിപ്പിക്കുകയും അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്തു കഴിഞ്ഞാൽ സ്വാഭാവികമായും ഇത്തരം വിദ്യാലയങ്ങളിൽ നിന്നും വലിയൊരു വിഭാഗം വിദ്യാർത്ഥികളും സർക്കാർ വിദ്യാലയങ്ങളിലേക്ക് മാറും. സൗജന്യമായ വിദ്യാഭ്യാസം വീട്ടുകാരുടെ മേൽ ചുമത്തുന്ന വലിയ സാന്പത്തിക ബാധ്യതയ്ക്ക് അറുതി വരുത്തുകയും ചെയ്യും. വീടുകളിൽ മെച്ചപ്പെട്ട സാന്പത്തിക ഭദ്രതയുണ്ടാകാൻ അത് സഹായിക്കുമെന്നതിനാൽ പല കുടുംബങ്ങളിലേയും ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും. പഠനത്തിൽ മോശപ്പെട്ട വിദ്യാർത്ഥികൾക്ക് റെമിഡിയൽ കോച്ചിങ് നൽകുന്നതുൾപ്പടെയുള്ള കാര്യങ്ങൾ ചെയ്യുക വഴി സർക്കാർ സ്‌കൂളുകളിലെ വിജയശതമാനം വർദ്ധിപ്പിക്കുന്നതും അത്തരം വിദ്യാലയങ്ങളിലേക്ക് രക്ഷിതാക്കൾ കുട്ടികളുമായി എത്തുന്ന അവസ്ഥ സൃഷ്ടിക്കും.  അത് സർക്കാർ വിദ്യാലയങ്ങളുടെ പ്രതിച്ഛായ സമൂഹത്തിൽ വർദ്ധിപ്പിക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. ദീർഘകാലാടിസ്ഥാനത്തിലുള്ള അത്തരമൊരു പദ്ധതിയിലൂടെ മാത്രമേ ഇപ്പോൾ സമൂഹത്തിൽ സർക്കാർ വിദ്യാലയങ്ങളെപ്പറ്റി സൃഷ്ടിക്കപ്പെട്ടിട്ടുള്ള ധാരണകൾ ഇല്ലാതാക്കാൻ നമുക്കാവൂ. അതിലൂടെ മാത്രമേ വിദ്യാഭ്യാസ അവകാശ നിയമം സംസ്ഥാനത്ത് ലംഘിക്കപ്പെടാതെ നാളെ മുന്നോട്ടുകൊണ്ടു പോകാൻ സർക്കാരിനും സാധിക്കുകയുള്ളു. അതിനു പകരം പൂട്ടുന്ന സ്‌കൂളുകൾ ഏറ്റെടുത്ത് നടത്താൻ തുടങ്ങിയാൽ സർക്കാരിന് അത് അധിക സാന്പത്തിക ബാധ്യത വരുത്തുമെന്നല്ലാതെ സമൂഹത്തിന് പ്രത്യേകിച്ച് ഒരു മാറ്റവും സൃഷ്ടിക്കാൻ പോകുന്നില്ല.

 

You might also like

Most Viewed