കണക്കുതീർക്കൽ രാഷ്ട്രീയം!
സർക്കാർ മാറുന്നതിനനുസരിച്ച് അടിയറവ് വയ്‌ക്കേണ്ടതാണോ തങ്ങളുടെ ആത്മാഭിമാനം എന്ന് ഉദ്യോഗസ്ഥർ ചോദിക്കുന്ന കാലം വിദൂരത്തല്ല. അതിന്റെ ആദ്യസ്ഫുരണങ്ങളിലൊന്നാണ് ഡി.ജി.പി സ്ഥാനത്തു നിന്നും നീക്കം ചെയ്യപ്പെട്ട ടി.പി സെൻകുമാർ തന്നെ നീക്കം ചെയ്ത നടപടി സെൻട്രൽ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനു (ക്യാറ്റ്) മുന്നിൽ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. സർക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്തുകൊണ്ട് ഒരു പോലീസ് ഓഫീസറെ അനധികൃതമായി നീക്കം ചെയ്തതിനെതിരേയും സീനിയോറിട്ടി ചട്ടങ്ങൾ ലംഘിച്ചുകൊണ്ട് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിരെയുമാണ് സെൻകുമാർ അഭിഭാഷകനായ കെ.ബി രാധാകൃഷ്ണൻ നായർ മുഖേന ക്യാറ്റിനെ സമീപിച്ചിട്ടുള്ളത്. തനിക്കെതിരെ ഏതെങ്കിലും തരത്തിലുള്ള പരാതിയോ അഴിമതി ആരോപണമോ ഇല്ലാത്ത സ്ഥിതിക്ക് പൊതു താൽപര്യം മുൻനിർത്തി എങ്ങനെ സർക്കാരിന് തന്നെ ഡിജിപി സ്ഥാനത്തു നിന്നും പുറത്താക്കാനാകുമെന്നാണ് സെൻകുമാർ ചോദിക്കുന്നത്. കേരള പോലീസ് ആക്ട് 2011−ലെ സെക്ഷൻ 97 പ്രകാരം സംസ്ഥാന പൊലീസ് മേധാവിക്കും ഐജിമാർക്കും എസ്പിമാർക്കും േസ്റ്റഷൻ ഹൗസ് ഓഫീസർമാർക്കും ഏറ്റവും കുറഞ്ഞത് രണ്ടു വർഷത്തെ പ്രവർത്തന കാലാവധി നൽകണമെന്ന ചട്ടവും സെൻകുമാറിനെ നീക്കം ചെയ്തതിലൂടെ ലംഘിക്കപ്പെട്ടിരിക്കുകയാണ്. 2006−ലെ സുപ്രീം കോടതി വിധി പ്രകാരവും സംസ്ഥാന പോലീസ് മേധാവിക്ക് ഏറ്റവും കുറഞ്ഞത് രണ്ടു വർഷക്കാല കാലാവധി നൽകണമെന്നാണ് പറഞ്ഞിട്ടുള്ളത്.
പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയത് മേയ് 25−നായിരുന്നു. അധികാരത്തിലേറി ആറു ദിവസത്തിനുള്ളിൽ, മേയ് 31−നാണ് സെൻകുമാറിനെ ഔദ്യോഗികമായി അറിയിക്കുക പോലും ചെയ്യാതെ അദ്ദേഹത്തെ കേരളാ പോലീസ് ഹൗസിങ് ആന്റ് കൺസ്ട്രക്ഷൻ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടറായി നിയമിച്ചുകൊണ്ട് പിണറായി ഉത്തരവ് പുറപ്പെടുവിച്ചത്. തൽസ്ഥാനത്തേക്ക് സീനിയോറിട്ടി മറികടന്നുകൊണ്ട് 1985 ബാച്ച് ഓഫീസറായ ലോക്‌നാഥ് ബെഹ്‌റയെ പിണറായി സർക്കാർ നിയമിക്കുകയായിരുന്നു. 1983 ബാച്ച് ഐപിഎസ് ഓഫീസറായിരുന്നു സെൻകുമാർ. എന്തുകൊണ്ടാണ് ഇത്ര ധൃതിപിടിച്ച് ഡിജിപി സ്ഥാനത്തു നിന്നും സെൻകുമാറിനെ ഏതാണ്ടൊരു തരം പ്രതികാരവാഞ്ഛയോടെ ആഭ്യന്തര− പോലീസ്-വിജിലൻസ് സംവിധാനത്തിന്റെ ചുമതലയുള്ള മുഖ്യമന്ത്രി നീക്കം ചെയ്തത്? ഒരു ഉദ്യോഗസ്ഥന്റെ ആത്മാഭിമാനം പോലും കളങ്കപ്പെടുത്തിക്കൊണ്ട് യാതൊരു കാരണവും ബോധിപ്പിക്കാതെ അദ്ദേഹത്തെ നീക്കം ചെയ്യുന്പോൾ പോലീസ് സേനയിൽ അത് ഏതുമട്ടിലുള്ള വികാരമാകും സൃഷ്ടിച്ചിട്ടുണ്ടാകുക? തങ്ങൾക്ക് അനഭിമതരാകുന്നവർ നീക്കം ചെയ്യപ്പെടുമെന്നും തങ്ങളുടെ ഇംഗീതത്തിന് അനുസരിച്ച് പ്രവർത്തിക്കുന്നവർ മാത്രം ഉന്നത സ്ഥാനങ്ങളിലേയ്ക്ക് പ്രെമോട്ട് ചെയ്യപ്പെടുകയും ചെയ്യുമെന്ന് ആദ്യമേ തന്നെ ഒരു സന്ദേശം നൽകുക വഴി പോലീസ് സേനയെ പൂർണ്ണമായും തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് അനുസരിച്ച് ഉപയോഗപ്പെടുത്തുമെന്നല്ലേ അതിന്റെ അർത്ഥം? മാറിവരുന്ന സർക്കാരുകൾ ഇത്തരത്തിലാണ് ഉദ്യോസ്ഥരോട് പെരുമാറുന്നതെങ്കിൽ അവർ അധികാരത്തിലെത്തുന്ന സർക്കാരുകളുടെ കുഴലൂത്തുകാരായി മാത്രം അധഃപതിക്കുകയില്ലേ? നമ്മുടെ ഉദ്യോഗസ്ഥവൃന്ദത്തിന്റെ ധാർമ്മികഭ്രംശത്തിന് വലിയതോതിൽ ഇടയാക്കിയേക്കാവുന്ന ഒരു സ്ഥിതിവിശേഷമാണത്.
സെൻകുമാർ ഇടതുമുന്നണി സർക്കാരിന് അനഭിമതനാകാൻ കാരണം അദ്ദേഹം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനായിരുന്നതിനാലാണെന്നാണ് ആരോപിക്കപ്പെടുന്ന ഒരു ന്യായം. തന്റെ കീഴിലുള്ള ഒരു ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടും അതിനു വഴങ്ങാതിരുന്നതിനാലാണ് മേയ് 31−ന് വൈകിയ സമയത്ത് അദ്ദേഹത്തെ മാറ്റിക്കൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി പുറത്തിറക്കിയതെന്നാണ് അണിയറ വർത്തമാനം. പെരുന്പാവൂർ ജിഷ വധക്കേസ്സ് അന്വേഷിക്കുന്ന സംഘത്തെ സംരക്ഷിക്കാൻ സെൻകുമാർ ശ്രമിച്ചുവെന്നാണ് ആ ആരോപണം. പക്ഷേ യഥാർത്ഥ വസ്തുത മറ്റൊന്നാണെന്നാണ് സംസാരം. ടിപി ചന്ദ്രശേഖരൻ വധക്കേസ്സിൽ പിണറായിയുടെ പ്രിയപ്പെട്ടവനായ കുഞ്ഞനന്തൻ അടക്കമുള്ളവർ അറസ്റ്റിലായത് അന്ന് ഇന്റലിജൻസ് മേധാവിയായിരുന്ന സെൻകുമാറിന്റെ നിർദ്ദേശപ്രകാരമായിരുന്നുവത്രേ. ഇടതുമുന്നണി ഭരണത്തിലേറിയാൽ ആദ്യം ‘ശരിയാക്കുന്ന’ ഉദ്യോഗസ്ഥരുടെ പട്ടികയിൽ അന്നേ സെൻകുമാറും ഉൾപ്പെട്ടിരുന്നുവെന്നാണ് സിപിഎമ്മിനുള്ളിൽ തന്നെയുള്ളവരുടെ സംസാരം. കാര്യനിർവ്വഹണത്തിൽ കാര്യശേഷിയും കഴിവും തെളിയിച്ച ഒരു ഉദ്യോഗസ്ഥനെ നീക്കം ചെയ്യാൻ പ്രസ്തുത വിഷയത്തിൽ അദ്ദേഹത്തോടൊരു വിശദീകരണം പോലും സർക്കാർ ആവശ്യപ്പെട്ടില്ലെന്നത് പോലീസ് സേനയിലുള്ളവരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കാൻ പോകുന്ന നയം തന്നെയാണ് വാസ്തവത്തിൽ വ്യക്തമാക്കുന്നത്−. തന്റെ പാർട്ടിക്കോ സർക്കാരിന്റെ നിർദ്ദേശങ്ങൾക്കോ വഴങ്ങാത്തവർക്ക് സ്ഥാനം നഷ്ടപ്പെടുമെന്ന താക്കീതാണത്. വിശ്വസ്തതയോടെയും സത്യസന്ധതയോടെയും ആത്മാർത്ഥതയോടെയും പ്രവർത്തിക്കുന്ന ഒരു ഉദ്യോഗസ്ഥനെതിരെ യാതൊരു ആരോപണങ്ങളും നിലനിൽക്കാത്ത പശ്ചാത്തലത്തിൽ ഇത്തരമൊരു നടപടി സ്വീകരിച്ചത് വാസ്തവത്തിൽ ആശങ്കയുണർത്തുന്ന സംഗതി തന്നെയാണ്. മാത്രവുമല്ല ഉന്നത സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ നീക്കം ചെയ്യാൻ തീരുമാനമെടുക്കുന്നത് സാധാരണഗതിയിൽ മന്ത്രിസഭയാണ്. അടിയന്തിര സാഹചര്യമുണ്ടെങ്കിൽ മാത്രമേ ഉന്നത ഉദ്യോഗസ്ഥനെ വകുപ്പുമന്ത്രി നീക്കം ചെയ്യുകയും പിന്നീട് അതിന് കാബിനറ്റിന്റെ അംഗീകാരം തേടുകയുമുള്ളു. സെൻകുമാറിന്റെ കാര്യത്തിൽ ഇത്തരത്തിൽ ഏതെങ്കിലും തരത്തിലുള്ള അടിയന്തിര സാഹചര്യം നിലനിൽക്കുന്നുണ്ടായിരുന്നില്ല. സെൻകുമാറിന് പകരം കൊണ്ടുവന്ന ഉദ്യോഗസ്ഥനായ ലോക്‌നാഥ് ബെഹ്‌റയെ തെരഞ്ഞെടുത്തതിനു പിന്നിലും ചില ‘നയ’തന്ത്രങ്ങൾ ഒളിഞ്ഞിരിപ്പുണ്ട്−. മുന്പ് സിബി ഐയിലും എൻഐഒയിൽ പ്രവർത്തിച്ചു പാരന്പര്യമുള്ള ബെഹ്‌റ കേന്ദ്രം ഭരിക്കുന്ന ബിജെപി സർക്കാരിന്റേയും ഇഷ്ട ഓഫീസർമാരിലൊരാളാണെന്നതാണ് രസകരമായ കാര്യം. ഇസ്രത്ത് ജഹാംഗീർ കേസ്സിൽ നടന്നത് വ്യാജ ഏറ്റുമുട്ടലായിരുന്നില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് ഗുജറാത്ത് സർക്കാരിന്റെ വാദത്തെ പിന്തുണച്ച പ്രമുഖ പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ബെഹ്‌റ. മാത്രവുമല്ല, ഭരണത്തിലിരിക്കുന്നവർക്ക് അനുകൂലമായി എപ്പോഴും ശബ്ദിക്കുന്ന കാര്യത്തിൽ ബെഹ്‌റയ്ക്കുള്ള വിധേയത്വും പ്രശസ്തമാണ്. ബെഹ്‌റയുടെ ഈ വിധേയത്വവും കേന്ദ്ര അന്വേഷണ ഏജൻസികളിൽ അദ്ദേഹത്തിനുള്ള പിടിപാടുമൊക്കെ ലാവ്‌ലിൻ കേസ്സിൽ വിചാരണ കൂടാതെ പിണറായിയെ കുറ്റവിമുക്തനാക്കിയ കോടതി നടപടിക്കെതിരെ സിബിഐ ഹൈക്കോടതിയിൽ പുനപ്പരിശോധനാ അപ്പീൽ നൽകിയിട്ടുള്ള അവസ്ഥയിൽ ഏറെ പ്രസക്തമാണെന്നു മറക്കരുത്.
അഴിമതിക്കതിരെ പടപൊരുതിയതിന് യുഡിഎഫ് സർക്കാർ വിജിലൻസിൽ നിന്നും പുറന്തള്ളിയ ജേക്കബ് തോമസിന് വിജിലൻസ് മേധാവിയായി നിയമനം നൽകിയതാണ് പിണറായിയുടെ അതിവേഗ നിയമനങ്ങളിൽ മറ്റൊന്ന്. ബാർ കോഴയിലും പാറ്റൂർ ഭൂമി ഇടപാടിലും മുൻ ഭക്ഷ്യവകുപ്പു മന്ത്രി അനൂപ് ജേക്കബിനെതിരെയുള്ള കേസ്സുകളിലും വിജിലൻസിന്റെ അന്വേഷണം തുടരുകയാണെന്നതിനാൽ ജേക്കബ് തോമസിന്റെ നിയമനം രാഷ്ട്രീയ പ്രതിയോഗികളെ കുരുക്കിലാക്കുന്നതിന് ഇടയാക്കുമോയെന്ന കാര്യം ഇനിയും കണ്ടറിയാനിരിക്കുന്നതേയുള്ളു. പക്ഷേ സോളാർ സമരത്തിന്റെ വിഷയത്തിൽ പോലും ഒത്തുതീർപ്പ് രാഷ്ട്രീയത്തിന്റെ വക്താവായി അറിയപ്പെടുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ കാര്യങ്ങളിൽ മുൻ മന്ത്രിമാർക്കെതിരെ ഊർജിതമായ അന്വേഷണം ആവശ്യപ്പെടാനുള്ള സധ്യത തുലോംതുച്ഛമാണെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ തന്നെയും ഏതെങ്കിലും തരത്തിലുള്ള ഒരു പ്രതിസന്ധി സ്വന്തം സർക്കാരിൽ സംജാതമാകുന്നപക്ഷം മാത്രമാകും അത് ഉപയോഗിക്കപ്പെടുക. പ്രതിപക്ഷത്തെ പലരേയും ഭീഷണിയുടെ നിഴലിൽ നിർത്തി രാഷ്ട്രീയ നേട്ടമുണ്ടാക്കുക എന്ന നിലപാടാകും മുന്പ് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയനിൽ നിന്നും ഉണ്ടാകുകയെന്ന് വിലയിരുത്തുന്നവരുമുണ്ട്. എന്നാൽ ജേക്കബ് തോമസ് എന്ന സത്യസന്ധനായ ഉദ്യോഗസ്ഥൻ ഇത്തരം ഇടപാടുകൾക്ക് മുഖ്യമന്ത്രിക്കൊപ്പം നിലകൊള്ളുമോയെന്നത് വേറെ കാര്യം. യുഡിഎഫ് സർക്കാരിന്റെ കാലത്ത് പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടിഎ സൂരജിന്റെ വീടുകൾ റെയ്ഡ് ചെയ്തതും കൺസ്യൂമർ ഫെഡ് മാനേജിങ് ഡയറക്ടർ റെജി പി നായരേയും സിഡ്‌കോ മാനേജിങ് ഡയറക്ടർ സജി ബഷീറിനേയും അഴിമതികൾ മുൻ നിർത്തി സസ്‌പെൻഡ് ചെയ്യണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതും മുഖ്യമന്ത്രി ഉമ്മൻചാണ്ടി തനിക്കെതിരെ നടത്തിയ പരാമർശങ്ങൾക്ക് പരസ്യമായി മറുപടി നൽകിയതുമൊക്കെ ആരേയും കൂസാത്ത ഒരു ഉദ്യോഗസ്ഥനാണ് ജേക്കബ് തോമസ് എന്ന പ്രതിച്ഛായ അദ്ദേഹത്തിനു നൽകിയിട്ടുണ്ടു താനും. ഒരുപക്ഷേ, ഇക്കാരണങ്ങൾ കൊണ്ടാകും ജേക്കബ് തോമസിനേക്കാൾ ജൂനിയറായ ലോക്‌നാഥ് ബെഹ്‌റയെ ഡിജിപി സ്ഥാനത്തേക്ക് പിണറായി വിജയൻ തീരുമാനിച്ചതും! ജേക്കബ് തോമസ് നാളെ തനിക്കെതിരേയും തിരിഞ്ഞേക്കാം എന്ന് വിജയൻ ഇപ്പോഴെ കണക്കുകൂട്ടുന്നുണ്ടാകാം.
സർക്കാരിന്റെ നിയമ സംവിധാനത്തെ ചലിപ്പിക്കാൻ സിപി എമ്മിനും തനിക്കും ഏറെ വേണ്ടപ്പെട്ടവരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും പിണറായി വിജയൻ തെല്ലും മടിച്ചു നിന്നില്ല. അഡ്വക്കേറ്റ് ജനറലായി സിപി സുധാകർപ്രസാദും ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻസ് ആയി മഞ്ചേരി ശ്രീധരൻ നായരും തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നിലുമുണ്ട് പഴയ ചില കഥകളും കൊടുക്കൽ വാങ്ങലുകളും. സുധാകരപ്രസാദ് വി എസ് അച്യുതാനന്ദൻ സർക്കാരിൽ അഡ്വക്കേറ്റ് ജനറലായിരുന്ന കാലത്ത് എസ്എൻസി −ലാവ്‌ലിൻ കേസ്സിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യേണ്ടതില്ലെന്ന നിയമോപദേശം മന്ത്രിസഭയ്ക്കു നൽകിയ ആളാണ്. അന്ന് മന്ത്രിസഭയുടെ അഭിപ്രായം ഇക്കാര്യത്തിൽ ഗവർണർ ആരാഞ്ഞെങ്കിലും പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാൻ ഗവർണർ അനുമതി നൽകി. എന്നാൽ സുധാകർപ്രസാദിന്റെ നിയമോപദേശത്തിന്റെ പിൻബലത്തിൽ സുപ്രീം കോടതിയിൽ പിണറായി വിജയൻ ഗവർണറുടെ നിർദ്ദേശം ചോദ്യം ചെയ്‌തെങ്കിലും പിന്നീട് കേസ്സ് അദ്ദേഹം പിൻവലിക്കുകയായിരുന്നു. അതേപോലെ ലാവ്‌ലിൻ കേസ്സ് രണ്ടായി വിചാരണ ചെയ്യെപ്പടണമെന്നാവശ്യപ്പെട്ട് പിണറായിക്കായി ഹൈക്കോടതിയിൽ ഹാജരായതും സുധാകർ പ്രസാദ് തന്നെയായിരുന്നു. 2013 ജൂണിൽ കേസ്സ് രണ്ടായി വിചാരണ ചെയ്യാൻ ജസ്റ്റിസ് സിടി രവികുമാർ ഉത്തരവിട്ടു. ഈ ഉത്തരവ് ആധാരമാക്കി തങ്ങളെ കേസ്സിൽ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം സിബിഐ സ്‌പെഷ്യൽ കോടതിയിൽ വിജയനും മറ്റു പ്രതികളും നൽകിയ അപ്പീലിനെ തുടർന്നാണ് വിചാരണ കൂടാതെ അവരെ 2013 നവംബറിൽ കോടതി കുറ്റവിമുക്തരാക്കിയത്. ഇതിനെതിരെ സിബിഐ ഹൈക്കോടതിയിൽ ഫയൽ ചെയ്ത പുനപ്പരിശോധന ഹർജി ഇപ്പോഴും നിലനിൽക്കുകയാണ്.
ഒരു കാര്യം ഇതിൽ നിന്നെല്ലാം പകൽ പോലെ വ്യക്തമാണ്. ചില പ്രത്യേക ലക്ഷ്യങ്ങൾക്കായോ ചില പഴയ കണക്കുകൾ തീർക്കുന്നതിനായോ ആണ് ഉദ്യോഗസ്ഥരുടെ നിയമനങ്ങളും സ്ഥലംമാറ്റങ്ങളും മുഖ്യമന്ത്രി പിണറായി വിജയൻ തിരക്കുപിടിച്ച് നടത്തിയിട്ടുള്ളത്. ഏതു പുതിയ ഭരണക്കാർ വന്നാലും തങ്ങൾക്കൊപ്പം നിലകൊള്ളുന്ന ഉദ്യോഗസ്ഥരെ താക്കോൽസ്ഥാനങ്ങളിൽ നിയമിക്കുകയെന്ന കീഴ്‌വഴക്കം നിലനിൽക്കുന്നുണ്ടെങ്കിലും ഉന്നതമായ സ്ഥാനത്തിരിക്കുന്ന ഒരു ഉദ്യോഗസ്ഥനെ കാരണം പോലും ബോധിപ്പിക്കാതെ അടിയന്തരമായി നീക്കം ചെയ്തത് അത്ര നല്ല കാര്യമായി കണക്കാക്കാനാവില്ല. ഇടതുമുന്നണിയിലെ പ്രമുഖ നേതാക്കൾക്കു പോലും പിണറായി വിജയൻ അക്കാര്യത്തിൽ ചർച്ചകൾ കൂടാതെ തീരുമാനമെടുത്തതിൽ എതിർപ്പുമുണ്ട്. അവ മറനീക്കി പുറത്തുവന്നിട്ടില്ലെന്നു മാത്രം!