വിധിയും വിലാപങ്ങളും!


പരിസ്ഥിതി മലിനീകരണത്തെപ്പറ്റി ആശങ്കപ്പെടുന്നവർ പോലും മൈലേജിന്റെ കാര്യം വരുന്പോൾ ഡീസൽ കാറുകൾ വാങ്ങുന്നതിനെപ്പറ്റിയാണ് പറയാറുള്ളത്. പെട്രോൾ കാറുകളേക്കാൾ ഇത്തരം കാറുകൾക്ക് വിലക്കൂടുതലാണെങ്കിലും ഡീസലിന് വിലക്കുറവായതിനാൽ അത് വാങ്ങാനാണ് പൊതുവേ ഇന്ത്യക്കാർക്ക് താൽപര്യം. അതുകൊണ്ടു തന്നെ 50 ലക്ഷത്തിനടുത്ത് വിലയുള്ള ആഡംബര വാഹനമാണെങ്കിലും ഡീസൽ വേരിയന്റിനോടാണ് മലയാളിക്കും പ്രിയം. പക്ഷേ പരിസ്ഥിതി മലിനീകരണത്തെക്കുറിച്ചുള്ള അവബോധം വർധിക്കുന്തോറും ഡീസൽ വാഹനങ്ങൾക്കുള്ള വിലക്കും വർദ്ധിക്കാൻ പോകുകയാണെന്നതിന്റെ സൂചനയാണ് മേയ് 23−ാം തീയതി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ കൊച്ചി പ്രത്യേക സർക്യൂട്ട് ബെഞ്ചിന്റെ ഉൽഘാടനത്തിനുശേഷം ആദ്യം പുറപ്പെടുവിക്കപ്പെട്ട സുപ്രധാനമായ ഉത്തരവ്. പത്തു വർഷത്തിലേറെ പഴക്കമുള്ള എല്ലാ ഡീസൽ വാഹനങ്ങളും സംസ്ഥാനത്തെ ആറ് കോർപ്പറേഷനുകളിലും നിരോധിക്കാൻ ഉത്തരവിട്ടതിനു പുറമേ, 2000 സിസിയും അതിനു മുകളിലും ശേഷിയുള്ള, പൊതുഗതാഗതത്തിനും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ആവശ്യത്തിന് ഉപയോഗിക്കുന്നവയും ഒഴികെയുള്ള വാഹനങ്ങൾ സർക്കാർ ഇനി മുതൽ രജിസ്റ്റർ ചെയ്തു നൽകരുതെന്നും ഉത്തരവിൽ പറയുന്നുണ്ട്. ട്രൈബ്യൂണലിന്റെ ഈ വിധി സംസ്ഥാന ഖജനാവിന് വാഹനനികുതിയിനത്തിൽ വലിയൊരു നഷ്ടം ഉണ്ടാക്കുമെന്നതിനു പുറമേ, പത്തു വർഷത്തിലേറെ പഴക്കമുള്ള 600−ൽ അധികം കെ.എസ്.ആർ.ടി.സി ബസ്സുകളേയും 76,000−ത്തോളം  സ്വകാര്യ ചരക്കു വാഹനങ്ങളേയും ബാധിക്കുമെന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ഇതിനു പുറമേ, മൊത്തമുള്ള 16,000 സ്വകാര്യ ബസ്സുകളിൽ 9000−ത്തോളവും പത്തു വർഷത്തിലേറെ പഴക്കമുള്ളതാണെന്നത് വലിയ ആശങ്കയ്ക്കിടയാക്കുകയും ചെയ്തിരിക്കുന്നു. അതായത് കേരളത്തിൽ ഇന്നുള്ള 90 ലക്ഷത്തോളം വാഹനങ്ങളിൽ 20−25 ശതമാനത്തേയും ഹരിത ട്രൈബ്യൂണലിന്റെ ഈ ഉത്തരവ് നേരിട്ടു തന്നെ ബാധിക്കും. നമ്മുടെ പൊതുഗതാഗത സംവിധാനത്തേയും ചരക്കു സംവിധാനത്തേയും അപകടത്തിലാക്കുന്ന ഈ ഉത്തരവ് ഒരു മാസത്തിനുള്ളിൽ തന്നെ നടപ്പാക്കണമെന്നാണ് ട്രൈബ്യൂണൽ പറയുന്നത്.

ഇത്രയും ഡീസൽ വാഹനങ്ങൾ ഒരുമിച്ച് നിരത്തിൽ നിന്നും ഇല്ലാതാകുന്ന അവസ്ഥ കേരളത്തിന് ഇപ്പോൾ ചിന്തിക്കാനാകുന്നതേ അല്ല. പോരാത്തതിന് കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സി.എൻ.ജി) പോലുള്ള സംവിധാനത്തിലേയ്ക്ക് കേരളം ഇപ്പോഴും പിച്ചവച്ചിട്ടേയുള്ളുവെന്ന അവസ്ഥയിൽ. ഈ വിധിയുടെ പ്രയോഗികതയ്‌ക്കെതിരെ ഇപ്പോൾ തന്നെ വിവിധ കോണുകളിൽ നിന്നും വലിയ എതിർപ്പുകൾ ഉയർന്നിരിക്കുന്നുവെന്നതിനു പുറമേ, ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകിയേക്കുമെന്നാണ് ഗതാഗത കമ്മീഷണർ ടോമിൻ ജെ തച്ചങ്കരി തന്നെ നൽകുന്ന സൂചന. പക്ഷേ അനുദിനം കൂടുതൽ മലിനീകരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന നമ്മുടെ നഗരങ്ങളിലെ വായു മലിനീകരണത്തിന്റെ തോത് വലിയൊരാളവു വരെ കുറയ്ക്കാൻ ഈ ഉത്തരവിനു കഴിയുമെന്നതാണ് അതിന്റെ മറുവശം. ഉദാഹരണത്തിന് ഡീസൽ വാഹനങ്ങളിൽ ഡീസൽ കത്തുന്നതിന് ഡീസലിന്റെ അളവിന്റെ 14 ശതമാനത്തോളം വായു വേണ്ടി വരുമെന്നാണ് ഈ രംഗത്തെ വിദഗ്ദ്ധർ പറയുന്നത്. നഗരങ്ങളിൽ അതിനാവശ്യമായ വായുവില്ലാത്ത ഒരവസ്ഥയിൽ ഈ ഇന്ധനം പൂർണമായും കത്താത്ത അവസ്ഥ സംജാതമാകുകയും അത് അനിയന്ത്രിതമായ അളവിൽ മാരകമായ കാർബൺ മോണോക്‌സൈഡും നൈട്രജൻ ഓക്‌സൈഡും വാഹനം പുറന്തള്ളുന്നതിന് ഇടയാക്കുകയും ചെയ്യുന്നു. ഇന്ത്യയിലെ വാഹനങ്ങൾ ഇപ്പോൾ യൂറോപ്യൻ യൂണിയൻ അനുശാസിക്കുന്ന എമിഷൻ സ്റ്റാൻഡേർഡിനേക്കാൾ പത്തുവർഷത്തോളം പിന്നിലാണ്. എമിഷന്റെ കാര്യത്തിൽ ഭാരത് േസ്റ്റജ് 4 മാനദണ്ധമാണ് ഇവിടെ 14 പ്രധാന നഗരങ്ങളിൽ പാലിക്കപ്പെടുന്നതെങ്കിലും ഭാരത് േസ്റ്റജ് 3 മാനദണ്ധമാണ് ഇന്ത്യയിൽ മറ്റെല്ലായിടത്തും തന്നെയുള്ളത്. നമ്മുടെ പല ബസ്സുകളിൽ ഒരു ന്യൂനപക്ഷം ഭാരത് േസ്റ്റജ് 4 എമിഷൻ മാനദണ്ധങ്ങൾ പാലിക്കുന്നുണ്ടെങ്കിലും ചരക്കുലോറികളെല്ലാം തന്നെ ഭാരത് േസ്റ്റജ് 3−ൽ തന്നെയാണുള്ളത്. ഇതിൽ ഭാരത് േസ്റ്റജ്് 4 വാഹനങ്ങളുടെ എഞ്ചിൻ കംബസ്റ്റിയൻ ചേന്പറിലെ വായുവിന്റെ അളവിനനുസരിച്ചു മാത്രമേ ഇന്ധനം ചേന്പറിലേക്ക് കടത്തിവിടുകയുള്ളുവെന്ന പ്രത്യേകതയുണ്ട്. അതായത് ഇന്ധനം പൂർണ്ണമായി കത്താതെ പുറത്തേയ്ക്ക് മാരകമായ വാതകങ്ങൾ പുറന്തള്ളുന്ന അവസ്ഥ ഭാരത് 4−ൽ കുറവാണെന്നർത്ഥം. എന്നാൽ ഒരു ഡീസൽ കാർ 5 പെട്രോൾ കാറുകൾ പുറന്തള്ളുന്ന പാർട്ടിക്യുലേറ്റ് മാറ്റർ വായുവിലേക്ക് പുറന്തള്ളുന്നുണ്ടെന്നും 1 ഡീസൽ ലോറി 9 ഡീസൽ കാറുകൾ പുറന്തള്ളുന്ന അത്രയും മാലിന്യം പുറത്തേക്ക് വിടുന്നുണ്ടെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. എന്തിനധികം പറയുന്നു, എമിഷൻ അനലറ്റിക്‌സ് എന്ന ആഗോള എമിഷൻ ടെസ്റ്റിങ് ഭീമൻ 2016 ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 97 ശതമാനം ആധുനിക ഡീസൽ കാറുകളും നിലവിൽ അനുശാസിക്കുന്ന എമിഷൻ ലെവലുകളേക്കാൾ കൂടുതൽ നൈട്രജൻ ഓക്‌സൈഡ് പുറത്തുവിടുന്നുണ്ടെന്നാണ് പറയുന്നത്. ജർമ്മൻ കാർ നിർമ്മാതാവായ ഫോക്‌സ് വാഗൺ ഡീസൽ എമിഷൻ ടെസ്റ്റുകളിൽ കൃത്രിമം നടത്തിയതിന് പിടിയിലായതും വൻ തുക ഇതിന് പിഴയൊടുക്കണമെന്ന് കോടതിവിധി വന്നതുമൊന്നും നാം മറന്നിട്ടില്ല താനും. സംശയിക്കേണ്ട, പറഞ്ഞുവരുന്നത് ഡീസൽ വാഹനങ്ങൾ ഉണ്ടാക്കുന്ന അമിതമായ മലിനീകരണത്തെപ്പറ്റി തന്നെയാണ്. മലിനീകരണത്തെ തുടർന്ന് ഡീസൽ വാഹനങ്ങൾ നിരോധിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റി യൂറോപ്യൻ ദേശങ്ങളിൽ ചർച്ച സജീവമായിരിക്കുന്ന സമയം കൂടിയാണിത്.

പക്ഷേ യൂറോപ്യൻ നാടുകളേക്കാൾ ഇപ്പോഴും പത്തു വർഷമോ പതിനഞ്ചുവർഷമോ എമിഷന്റെ കാര്യത്തിൽ പിന്നിൽ നിൽക്കുന്ന ഇന്ത്യ പോലൊരു രാജ്യത്ത് ഇപ്പോഴേ ഇത്തരം മാനദണ്ധങ്ങൾ കൊണ്ടുവരുന്നത് പൊതുഗതാഗത സംവിധാനത്തെ തന്നെ അവതാളത്തിലാക്കില്ലേ എന്നു ചോദിക്കുന്നവരുണ്ട്. പക്ഷേ ചെറിയ തോതിലെങ്കിലും ഇത്തരം മാറ്റങ്ങൾ ഇവിടെ കൊണ്ടുവരാത്തപക്ഷം നമ്മുടെ നഗരങ്ങളിലെ വായു മലിനീകരണം ക്രമാതീതമായി വർദ്ധിക്കാൻ അതിടയാക്കുമെന്നതാണ് വാസ്തവം. 2000 ഡിസിക്കു മുകളിലുള്ള ഡീസൽ കാറുകൾ പുതുതായി രജിസ്റ്റർ ചെയ്തു നൽകേണ്ട എന്ന തീരുമാനം പ്രധാനമായും ബാധിക്കുക പ്രീമിയം കാർ നിർമ്മാതാക്കളായ ഓഡി, മെർസിഡസ് ബെൻസ്, ബിഎം ഡബ്ല്യു, ഷെവർലെ, ടെയോട്ട, മഹീന്ദ്ര തുടങ്ങിയ വാഹന നിർമ്മാതാക്കളെയാണ്. കൊച്ചി നഗരത്തിൽ പ്രതിദിനം 40 ആഡംബര കാറുകളോളമാണ് മോട്ടോർ വാഹനവകുപ്പ് രജിസ്റ്റർ ചെയ്തിരുന്നത്. ഒരു ആഡംബര കാർ രജിസ്റ്റർ ചെയ്യുന്പോൾ അതിന്റെ വിലയുടെ 15−25 ശതമാനം നികുതിയായി സർക്കാരിനു ലഭിക്കും. ട്രൈബ്യൂണലിന്റെ ഉത്തരവോടെ സർക്കാരിന്റെ നികുതിയിൽ വലിയൊരുശതമാനം കുറവു വരാനുള്ള സാധ്യത കൂടുതലാണ്. കാരണം ഭാരത് 4 എമിഷൻ സ്റ്റാൻഡേർഡ് വന്നശേഷം ഒട്ടുമിക്ക ആഡംബര കാർ നിർമ്മാതാക്കളും ഡീസൽ വാഹനങ്ങളിലേയ്ക്ക് മാറിയിരുന്നു. കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ മാത്രം അഞ്ചു ലക്ഷത്തോളം ഡീസൽ വാഹനങ്ങളാണ് കേരളത്തിലെ വിവിധ വാഹന ഡീലർമാരിലൂടെ മൊത്തം വിറ്റഴിഞ്ഞത്. മെർസിഡസ് ബെൻസ്, ബിഎംഡബ്ല്യു തുടങ്ങിയ ആഡംബര കാർ നിർമ്മാതാക്കൾക്ക് സമീപകാലത്ത് കേരളത്തിൽ രണ്ടാമത്തെ ഡീലർഷിപ്പും ലഭിച്ചുവെന്നത് ഈ മേഖല കൂടുതൽ ശക്തിപ്പെടാൻ പോകുന്നതിന്റെ സൂചനയുമായിരുന്നു. എന്നാൽ ഈ ട്രൈബ്യൂണൽ വിധിന്യായം കേരളത്തിലെ ആഡംബര കാർ വിപണിയുടെ അടിത്തറ ഇളക്കുമെന്ന കാര്യത്തിൽ സംശയമില്ല. 

ഷെവർലെയുടെ ടവേര, ട്രെയ്ൽബ്ലേസർ ഫോർഡിന്റെ എൻഡേവർ, മിത്‌സുബിഷിയുടെ പജേരോ സ്‌പോർട്, ഹ്യുണ്ടായ്‌യുടെ സാന്റാഫേ, മഹീന്ദ്രയുടെ ബൊലേറോ, സ്‌കോർപ്പിയോ, എക്‌സ്്യുവി 500, സൈലോ, സാങ്യോങ് റെക്‌സ്റ്റൺ, ടാറ്റയുടെസഫാരി, സഫാരി സ്റ്റോം, സുമോ, ആര്യ, ടൊയോട്ടയുടെ  ഇന്നോവ, ഫോർച്യൂണർ, ലാൻഡ് ക്രൂസർ, ലാൻഡ് ക്രൂസർ പ്രാഡോ, ഓഡിയുടെ ക്യു 5 (3.0 ലിറ്റർ ടിഡിഐ), ഓഡി ക്യു7, എ 8 എൽ, ബിഎംഡബ്ല്യുവിന്റെ 5 സീരീസ് 530 ഡി, എക്‌സ് 3 30 ഡി, എക്‌സ് 5, എക്‌സ് 6, 6 സീരീസ്, 7 സീരീസ്, ജാഗ്വാറിന്റെ എക്‌സ് എഫ്, എക്‌സ് ജെ എൽ, ലാൻഡ് റോവർ ഫ്രീലാൻഡർ 2, ലാൻഡ് റോവർ ഡിസ്‌കവറി സ്‌പോർട്, ലാൻഡ് റോവർ റേഞ്ച് റോവർ ഇവോക്ക്, ലാൻഡ് റോവർ ഡിസ്‌കവറി, ലാൻഡ് റോവർ റേഞ്ച് റോവർ സ്‌പോർട്, ലാൻഡ് റോവർ റേഞ്ച്‌റോവർ ലോങ് വീൽബേസ്, മെർസിഡീസ് ബെൻസിന്റെ എ ക്ലാസ്, ബെൻസ് ബി ക്ലാസ്, സിഎൽഎ ക്ലാസ്, ജിഎൽഎ ക്ലാസ്, സി ക്ലാസ്, ഇ ക്ലാസ്, ജിഎൽഇ ക്ലാസ്, സിഎൽഎസ് ക്ലാസ്, ജിഎൽഎസ് ക്ലാസ്, ബെൻസ് എസ് ക്ലാസ്, പോർഷെയുടെ മക്കാൻ, കെയ്ൻ, പനമേര തുടങ്ങിയ മോഡലുകളാകും ഇനി മുതൽ കേരളത്തിൽ രജിസ്റ്റർ ചെയ്യാനാകാത്ത വാഹനങ്ങൾ. എന്നാൽ നിലവിലുള്ള ഡീസൽ ആഡംബര വാഹനങ്ങളുടെ റീസെയിൽ വില കുത്തനെ കുതിച്ചു കയറാൻ ഇപ്പോഴത്തെ സ്ഥിതിവിശേഷം ഇടയാക്കും. ഡൽഹിയിൽ ഹരിത ടൈട്രബ്യൂണൽ ഇതുപോലുള്ള നിയന്ത്രണം കൊണ്ടുവന്ന അവസ്ഥയിൽ കേരളത്തിലേയ്ക്ക് ഡൽഹിയിൽ നിന്നും 10 വർഷത്തിനുമേൽ പഴക്കമുള്ള ടെയോട്ട ഇന്നോവകളുടെ കുത്തൊഴുക്കായിരുന്നു. ഏതാണ്ട് 7000−ത്തോളം ഡൽഹി രജിസ്‌ട്രേഷനുള്ള ഇന്നോവകളാണ് അക്കാലയളവിൽ കേരളത്തിൽ രജിസ്റ്റർ ചെയ്തത്. അതേപോലെ ആഡംബര വാഹനങ്ങൾ വാങ്ങാൻ കാത്തിരിക്കുന്നവർ അധികം പഴക്കമില്ലാത്ത ആഡംബര വാഹനങ്ങൾ നിലവിലുള്ളവരിൽ നിന്നും വാങ്ങാനുള്ള സാധ്യതകൾ കേരളത്തിൽ കാണുന്നുണ്ട്. എന്നാൽ കേരളത്തിലെ പല വിദ്യാലയങ്ങളിലും ഉപയോഗിച്ചുവരുന്ന പത്തു വർഷത്തിനു മേൽ പഴക്കമുള്ള വാഹനങ്ങൾ ഉപേക്ഷിക്കപ്പെടുമെന്നത് നല്ല കാര്യമാണ്−. കുട്ടികളുടെ സുരക്ഷിതത്വത്തെപ്പറ്റി തെല്ലും ആശങ്കപ്പെടാതെയാണ് ഈ സ്‌കൂളുകൾ പലതും കാലപ്പഴക്കമുള്ള വാഹനങ്ങൾ നിരത്തിലോടിച്ചിരുന്നത്.

എന്നാൽ ഡൽഹി പോലെ കടുത്ത വായു മലിനീകരണം നേരിടുന്ന ഒരു പ്രദേശവുമായി യാതൊരു തരത്തിലും താരതമ്യം പോലും ചെയ്യാനാകാത്ത ഇടമാണ് കേരളത്തിലെ നഗരങ്ങളെന്നാണ് ഈ നിരോധനത്തെ എതിർക്കുന്നവർ പറയുന്നത്. കേരള സംസ്ഥാന മലിനീകരണ ബോർഡിന്റെ(കെ.എസ്.പി.സി.ബി) കണക്കുകൾ പ്രകാരം നൈട്രിക് ഓക്‌സൈഡിന്റേയും സൾഫർ ഡയോക്‌സൈഡിന്റേയും റസ്പിറബിൾ സസ്‌പെൻഡഡ് പാർട്ടിക്യുലേറ്റ് മാറ്ററിന്റേയും (ആർ.എസ്.പി.എം) അളവ് മലിനീകൃത ബോർഡ് അനുശാസിക്കുന്ന അപകടകരമായ തലത്തിനേക്കാളും ഏറെക്കുറവാണ് കൊച്ചി പോലുള്ള നഗരങ്ങളിൽ പോലും. ഡൽഹിയിലെ പലയിടങ്ങളിലും ക്യുബിക് മീറ്ററിന് 376 മൈക്രോഗ്രാം ആണ് ആർ.എസ്.പി.എം ലെവൽ എങ്കിൽ കൊച്ചിയിൽ അത്  ഏറ്റവും കൂടിയത് ക്യുബിക് മീറ്ററിന് 48  മൈക്രോഗ്രാമാണ്. ആർ.എസ്.പി എമ്മിന്റെ അനുവദനീയമായ പരിധി ക്യുബിക് മീറ്ററിന് 40 മൈക്രോഗ്രാം ആണെന്നിരിക്കേ, കേരളത്തിൽ ഇത്രയും കടുത്ത മാനദണ്ധം കൊണ്ടുവരേണ്ട സ്ഥിതിവിശേഷമില്ലെന്നാണ് അവരുടെ വാദം. 

കേരളത്തിൽ അനുദിനം വാഹനങ്ങളുടെ എണ്ണം കൂടി വരുന്ന ഒരു സാഹചര്യത്തിൽ ചില നിയന്ത്രണങ്ങൾ ആവശ്യമാണെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. പക്ഷേ ചില വാഹന ഭീമന്മാരെ അപ്പാടെ തകർത്തുകളയുംവിധമുള്ള വിധിന്യായം അത്ര ആശാസ്യകരമല്ലെന്നതാണ് സത്യം. പ്രത്യേകിച്ചും ഭാരത് േസ്റ്റജ് 4−ന്റെ കീഴിലുള്ള വാഹനങ്ങൾ മാരകമായ വിഷവസ്തുക്കൾ അനിയന്ത്രിതമായി പുറത്തുവിടുന്നില്ലാത്ത സാഹചര്യത്തിൽ! ഈ ട്രൈബ്യൂണൽ വിധി ഭാഗികമായി പുനപ്പരിശോധിക്കപ്പെടേണ്ട ഒന്നാണെന്ന കാര്യത്തിൽ സംശയമില്ല.

You might also like

Most Viewed