സ്ത്രീകളെ, പൊട്ടിച്ചെറിയുക വിലങ്ങുകൾ!
മുപ്പത്തിമൂന്നുകാരിയായ വയനാട്ടുകാരി മിനി ലതീഷിനോടും മുപ്പത്തൊന്പതുകാരിയായ എറണാകുളം തോപ്പുംപടി സ്വദേശി മേരി ജോർജിനോടും എനിക്ക് ലേശം കൂടുതൽ ആരാധനയുണ്ടെന്നു പറയാതെ വയ്യ. കാരണം നാഴികയ്ക്ക് നാൽപതുവട്ടം സ്ത്രീകരുത്തിനെപ്പറ്റിയും വനിതാസംവരണത്തെപ്പറ്റിയുമൊക്കെ വാതോരാതെ പ്രസംഗിക്കുന്ന ബുദ്ധിജീവികളെന്നു നടിക്കുന്ന വനിതാരത്‌നങ്ങളിൽ നിന്നും ഭിന്നമായി പുരുഷന്മാരോട് പോരാടി സ്വന്തം തൊഴിൽ മേഖലയിൽ വന്പൻ വിജയം നേടുന്നവരാണ് ഇവർ ഇരുവരും. ഇരുവരും കൊച്ചിയിൽ സംസ്ഥാന വനിതാ ഡവലപ്‌മെന്റ് കോർപ്പറേഷനു കീഴിലുള്ള ജെൻഡർപാർക്കിന്റെ കീഴിലുള്ള ഷീ−ടാക്‌സി സംരംഭത്തിലെ വാഹന ഉടമകളും അതേസമയം ഡ്രൈവർമാരുമാണ്. പ്ലസ് ടു വിദ്യാഭ്യാസം മാത്രമേയുള്ളുവെങ്കിലും കേരളത്തിൽ ഒരു എഞ്ചിനീയറിംഗ് ബിരുദധാരിക്കു ലഭിക്കുന്നതിനേക്കാൾ പ്രതിമാസ വരുമാനം ഇന്ന് ഇവർ ഇരുവർക്കുമുണ്ട്. നേരത്തെ ഒരു ഇലക്ട്രോണിക്‌സ് റിപ്പയർ ഷോപ്പിൽ തൊഴിലെടുത്തിരുന്ന മിനി ലതീഷ് 2015−ലാണ് ഷീടാക്‌സി സർവീസിലൂടെ ഒരു മാരുതി എർട്ടിഗയുടെ ഉടമസ്ഥയും അതിന്റെ സാരഥിയുമായി മാറുന്നത്. മേരി ജോർജാകട്ടെ ഗൾഫിൽ തൊഴിലെടുത്തിരുന്ന ഭർത്താവ് ചില സാന്പത്തിക ആവശ്യങ്ങളുന്നയിച്ച് ബുദ്ധിമുട്ടിക്കാൻ തുടങ്ങിയപ്പോഴാണ് അയാളിൽ നിന്നും വിവാഹമോചനം നേടിയതും ഷീടാക്‌സി സർവീസസിലൂടെ തന്റെ ജീവിതം തന്റെ കൈപ്പിടിയിലെത്തിക്കുകയും ചെയ്തത്. ബികോമും പി.ജി.ഡി.സി.എയും ടാലിയും കുസാറ്റിൽ നിന്നും ഹിന്ദി പ്രോഗ്രാമിന്റെ കോഴ്‌സുമൊക്കെ പഠിച്ചിട്ടുണ്ടെങ്കിലും ഭർത്താവ് കുടുംബത്തെ ഉപേക്ഷിച്ചുപോയതിൽപ്പിന്നെ ഒരു ജോലിയിൽ അവർ ഏറ്റവും സംതൃപ്തയായത് സാമൂഹ്യനീതി വകുപ്പിന്റെ സഹായത്തോടെ ഷീ ടാക്‌സി സർവീസ് സ്വന്തമായി ആരംഭിച്ചതോടെയാണ്. “ഞാൻ ഈ തൊഴിൽ ഏറ്റെടുത്തപ്പോൾ പലരും എന്നെ അതിൽ നിന്നും പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ആളുകൾ അതിനെ അത്ര നല്ല തൊഴിലായി കണക്കാക്കില്ലെന്നായിരുന്നു വിമർശകരുടെ വർത്തമാനം. എനിക്കതൊന്നും പ്രശ്‌നമില്ല, എനിക്കെന്റെ രണ്ടു കുഞ്ഞുങ്ങളെ നോക്കിയാൽ മതിയെന്ന് ഞാനവരോട് പറഞ്ഞു”. മേരി ജോർജ് ഓർക്കുന്നു. ഇന്ന് ഒരു മാരുതി സ്വിഫ്റ്റ് ഡിസൈറിന്റെ ഉടമയാണ് മേരി. പ്രതിമാസം 10,875 രൂപ വച്ച് അഞ്ച് വർഷത്തോളം അടച്ചുതീർക്കണമെങ്കിലും ഷീ ടാക്‌സിയിൽ നിന്നും അവർക്ക് ഇന്ന് ലഭിക്കുന്ന വരുമാനം വച്ചു നോക്കുന്പോൾ അതൊരു ചെറിയ തുക മാത്രമാണ്. ഏറ്റവും കുറഞ്ഞത് ശരാശരി 60,000 രൂപ ഷീ ടാക്‌സി സർവീസിൽ നിന്നും അവർക്ക് വരുമാനമുണ്ട്. കൊച്ചിയിൽ നിന്നും കോയന്പത്തൂരിലേക്കും പൊള്ളാച്ചിയിലേക്കുമൊക്കെ മേരി വണ്ടിയോടിച്ചു കഴിഞ്ഞു. ബംഗളുരുവിലേക്കും മൈസൂരിലേക്കും തിരുവനന്തപുരത്തേക്കുമടക്കം ദീർഘദൂര ഓട്ടങ്ങൾ എടുക്കുന്നതിൽ ഒരു മടിയുമില്ല അവർക്ക്.
എതിർപ്പുകളേയും വിമർശനങ്ങളേയും അതിജീവിച്ചുകൊണ്ട് സമൂഹത്തിൽ സ്ത്രീ ഒട്ടും പിന്നിലല്ല എന്നു തെളിയിച്ചതിനാലാണ് മേരിയും മിനിയും ഷീ−ടാക്‌സി സർവീസസിലെ നിലവിലുള്ള 33 വനിതാസംരംഭകരും എനിക്ക് പ്രിയപ്പെട്ടവരാകുന്നതെന്ന് ഇനി ആവർത്തിക്കേണ്ട കാര്യമില്ലല്ലോ. ഏറ്റവും ഉയർന്ന സാക്ഷരതാ നിരക്കുള്ള കേരളത്തിൽ തൊഴിലില്ലായ്മാ നിരക്ക് ദേശീയ ശരാശരിയായ 2.3 ശതമാനത്തേക്കാൾ കൂടുതലാണെന്നും ഇന്നത് 7.4 ശതമാനമായി വർധിച്ചിരിക്കുന്നുവെന്നതും ഒരു വസ്തുതയാണ്. വനിതകളുടെ കാര്യമെടുത്താൽ തൊഴിലില്ലായ്മാ നിരക്ക് കേരളത്തിൽ 47.4 ശതമാനമാണെന്നതാണ് (കേരളത്തിലെ പുരുഷന്മാരുടെ മാത്രം തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമാണ്) അതിനേക്കാൾ വലിയ ദുരന്തം. 2011 സെൻസസ് പ്രകാരം കേരളത്തിന്റെ ആകെ ജനസംഖ്യയിൽ 52 ശതമാനം പേർ വനിതകളാണ്. ആയിരം പുരുഷന്മാർക്ക് 1084 സ്ത്രീകളുള്ള കേരളത്തിൽ ഏറ്റവുമധികം തൊഴിലില്ലായ്മ അനുഭവിക്കുന്നത് സ്ത്രീകൾ തന്നെയാണെന്നതാണ് വിരോധാഭാസം. എന്തുകൊണ്ടാകും കേരളത്തിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ ഇത്രകണ്ട് വർധിക്കുന്നത്? പ്രത്യേകിച്ചും വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ കേരളത്തിലെ സ്ത്രീകൾ മറ്റു സംസ്ഥാനങ്ങളിലെ സ്ത്രീകളിലേതിനേക്കാൾ വളരെയധികം മുൻപന്തിയിലാണെന്നിരിക്കേ? ഇതിനുള്ള ഉത്തരം നമ്മുടെ സംസ്ഥാന നിയമസഭയിലും പാർലമെന്റിലുമുള്ള സ്ത്രീ സാന്നിധ്യത്തിൽ തന്നെ കിടപ്പുണ്ട്. പാർലമെന്റിലെ 543 സീറ്റുകളിൽ ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളുടെ എണ്ണം 62 ആണെങ്കിൽ കേരളത്തിൽ നിന്നുള്ള 20 സീറ്റുകളിൽ നിന്നും ആകെ ഒരു സ്ത്രീ മാത്രമേയുള്ളു. കേരള നിയമസഭയിൽ പുതുതായി തിരഞ്ഞെടുക്കപ്പെട്ട വനിതാ എം.എൽ.എമാരാകട്ടെ കേവലം എട്ടു പേരും. കഴിഞ്ഞ നിയമസഭയിൽ ഏഴു പേരായിരുന്നത് 140−ൽ എട്ടുപേരായതാണ് ഏക ആശ്വാസം.
ചില കണക്കുകളിലേക്ക് കടന്നശേഷം നമുക്കതിലേക്ക് മടങ്ങി വരാം. നമ്മുടെ സംസ്ഥാനത്തെ സ്‌കൂളുകളിലെ ആകെയുള്ള വിദ്യാർത്ഥികളിൽ 49.43 ശതമാനം പെൺകുട്ടികളാണെന്നാണ് സർക്കാരിന്റെ പക്കലുള്ള കണക്കുകൾ സൂചിപ്പിക്കുന്നത്. തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലാകട്ടെ ആൺകുട്ടികളേക്കാൾ കൂടുതലാണ് സ്‌കൂളിലുള്ള പെൺകുട്ടികളുടെ എണ്ണം. സംസ്ഥാനത്തെ നാല് പൊതു സർവകലാശാലയ്ക്കു കീഴിലുള്ള ആർട്‌സ് ആന്റ് സയൻസ് കോളേജുകളിൽ 2014−15−ൽ പ്രവേശനം നേടിയ 2.27 ലക്ഷം വിദ്യാർത്ഥികളിൽ 1.56 ലക്ഷം (68.66 ശതമാനം) പെൺകുട്ടികളാണെന്നാണ് കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ കണക്കുകൾ പറയുന്നത്. ഇതിൽ തന്നെ ഏറ്റവും കൂടുതൽ പേർ തൊഴിൽ സാധ്യത ഏറെയുള്ള ബി.എസ്.സി കോഴ്‌സിനാണ് പ്രവേശനം നേടിയിരിക്കുന്നതും (73. 24 ശതമാനം). ബിരുദാനന്തരബിരുദം പരിഗണിക്കുന്പോൾ പെൺകുട്ടികളുടെ നില 75.54 ശതമാനത്തോടെ ഉയർന്നു നിൽക്കുന്നുവെന്നതും ശ്രദ്ധേയം. ഇതിനു പുറമേയാണ് 2015−16ൽ സർക്കാർ എയ്ഡഡ്− എഞ്ചിനീയറിംഗ് കോളേജുകളിലെ 6370 വിദ്യാർത്ഥികൾ പ്രവേശിച്ചതിൽ 36.86 ശതമാനം പെൺകുട്ടികളാണെന്ന കാര്യം. മെഡിക്കൽ വിദ്യാഭ്യാസരംഗത്തും വിദ്യാർത്ഥിനികൾ തന്നെയാണ് മുന്നിൽ. ആകെയുള്ള 19,458 വിദ്യാർത്ഥികളിൽ 60 ശതമാനത്തിൽ കൂടുതൽ വിദ്യാർത്ഥിനികളാണ്. വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ അപ്പോൾ കേരളത്തിലെ സ്ത്രീകൾ പിന്നിലല്ല മറിച്ച് മറ്റ് സംസ്ഥാനങ്ങളേക്കാൾ ഏറെ മുന്നിലാണെന്നു ചുരുക്കം.
2009-2010ലെ മാനവ വികസന റിപ്പോർട്ടിൽ യു.എൻ.ഡി. പി അവതരിപ്പിച്ച ലിംഗപദവി അസമത്വ സൂചിക (ജി.ഐ.ഐ) യാണ് ലിംഗപദവി വ്യത്യാസങ്ങൾ അളക്കുന്നതിനുള്ള ഏറ്റവും പുതിയ സൂചികയായി കണക്കാക്കപ്പെടുന്നത്. മാനവ വികസനത്തിലെ മൂന്ന് പ്രധാന വശങ്ങളിൽ നിന്നുള്ള ലിംഗഅസമത്വങ്ങളാണ് ഈ സൂചിക വഴി അളക്കപ്പെടുന്നത്. (1) മാതൃമരണ നിരക്കും കൗമാരകാല ഉർവരതയും മാനദണ്ധങ്ങളായ പ്രത്യുൽപാദനപരമായ ആരോഗ്യ നില, (2) പാർലമെന്ററി സീറ്റിലേയും സെക്കൻഡറി വിദ്യഭ്യാസത്തിലേയും സ്ത്രീകളുടെ അനുപാതം മാനദണ്ധങ്ങളായ ശാക്തീകരണം, (3) തൊഴിൽ −വിപണി പങ്കാളിത്തം അളവുകോലായ സാന്പത്തികനില. 155 രാജ്യങ്ങളുടെ ജി.ഐ.ഐ കണക്കാക്കുകയും അതനുസരിച്ച് 155 രാജ്യങ്ങളെ ശ്രേണീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ജി.ഐ.ഐ മൂല്യം 0.563 ആണ്. ജി.ഐ.ഐ ഘടകങ്ങളെ പരിഗണിക്കുന്പോൾ കേരളത്തിലെ കൗമാരകാല ഉർവരത, മാതൃമരണ നിരക്ക്, വിദ്യഭ്യാസനേട്ടം എന്നിവ മതിപ്പുളവാക്കുന്നവയാണെങ്കിലും തൊഴിൽ വിപണി പങ്കാളിത്തം, പാർലമെന്റിൽ സ്ത്രീകളുടെ അനുപാതം എന്നീ സൂചികകളുടെ കാര്യത്തിൽ കേരളത്തിന്റെ പ്രകടനം ദയനീയവും ദേശീയ ശരാശരിയേക്കാൾ താഴെയുമാണെന്നതാണ് വാസ്തവം. സാന്പത്തിക രാഷ്ട്രീയ പങ്കാളിത്തത്തിന്റെ കാര്യത്തിലുള്ള അസമത്വങ്ങൾ കേരളത്തിലെ സ്ത്രീകളെ പിന്തുടരുന്നുവെന്നത് ഒരു യാഥാർത്ഥ്യം തന്നെയാണെന്ന് കേരള സർക്കാർ തന്നെ തുറന്നു സമ്മതിക്കുന്നുമുണ്ട്. 68−ാമത് എൻ.എസ്.എസ്.ഒ റിപ്പോർട്ടനുസരിച്ച് സംസ്ഥാനത്ത് സ്ത്രീ പുരുഷ−തൊഴിൽ സേന പങ്കാ ളിത്ത നിരക്കിൽ വലിയ വിടവാണ് കാണപ്പെടുന്നത്. കേരളത്തിലെ സ്ത്രീകളുടെ തൊഴിൽ സേന പങ്കാളിത്ത നിരക്ക് 35.4 ആകുന്പോൾ പുരുഷന്മാരുടേത് 82.4 ആണെന്ന് തിരിച്ചറിയുക. 2011−ലെ സെൻസസ് അനുസരിച്ച് ഇന്ത്യയിലെ വനിതാ തൊഴിൽ പങ്കാളിത്ത നിരക്ക് 25.21 ആയിരിക്കുന്പോൾ കേരളത്തിലേത് വെറും 18.23 ആണ്. അതായത് ഇന്ത്യയിലെ തന്നെ ഏറ്റവും താഴ്ന്ന നിരക്കുകളിലൊന്നാണ് കേരളത്തിന്റേത്. ഇന്ത്യയിൽ ഈ നിരക്കിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന സംസ്ഥാനം ഹിമാചൽ പ്രദേശ് ആണ്. എന്തിന് മറ്റു വിഷയങ്ങളിൽ കേരളത്തിനു പിന്നിൽ നിൽക്കുന്ന സിക്കിം, മണിപ്പൂർ, മേഘാലയ, മിസ്സോറം, അരുണാചൽ പ്രദേശ്, നാഗാലാന്റ് പോലുള്ള സംസ്ഥാനങ്ങൾ പോലും സ്ത്രീ തൊഴിൽ പങ്കാളിത്തത്തിന്റെ കാര്യത്തിൽ കേരളത്തേക്കാൾ മുന്നിലാണ്. മാനവികസന കാര്യത്തിൽ ലിംഗപദവി സമത്വം പുലർത്തുന്ന കേരളം എന്തുകൊണ്ടാണ് സ്ത്രീകളുടെ തൊഴിലിന്റേയും സാന്പത്തികാവസ്ഥയുടേയും കാര്യത്തിൽ പിന്നാക്കം പോകുന്നത്?
നമ്മുടെ സർക്കാരുകളുടെ വനിതാ വികസന നയത്തിലുള്ള ഭീതിദമായ പാളിച്ചയാണ് വാസ്തവത്തിൽ കേരളത്തിലെ സ്ത്രീകൾ തൊഴിലിന്റെ കാര്യത്തിൽ പിന്നാക്കം പോകുന്നതിനു പ്രധാന കാരണം. സ്ത്രീകളുടെ വിദ്യാഭ്യാസം വളരെ ഉയർന്ന സംസ്ഥാനമായ കേരളത്തിൽ സാന്പത്തികമായി സ്ത്രീകളെ സജീവരാക്കുന്നതിൽ സ്വയം തൊഴിലിനുള്ള പങ്ക് വളരെ പ്രധാനപ്പെട്ടതാണെങ്കിലും ഇനിയും അവരെ സ്വയം തൊഴിലിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നതാണ് സത്യം. കേരളത്തിൽ ഗ്രാമീണ മേഖലയിൽ സ്വയം തൊഴിൽ ചെയ്യുന്ന സ്ത്രീകളുടെ ശതമാനം 36.4ഉം നഗരപ്രദേശങ്ങളിൽ 36.3ഉം മാത്രമാണ്. എന്നാൽ അരുണാചൽ പ്രദേശിലെ ഗ്രാമീണ മേഖലയിലെ സ്ത്രീ സ്വയം തൊഴിൽ പങ്കാളിത്ത നിരക്ക് 89.5ഉം ഹിമാചൽ പ്രദേശിൽ 87.9ഉം നാഗാലാന്റിൽ 94.9ഉം സിക്കിമിൽ 90.2ഉം ആണെന്നാണ് എൻ.എസ്. എസ്.ഒ−യുടെ 68−ാമത് റിപ്പോർട്ട് പറയുന്നത്. എന്തുകൊണ്ടാണ് സ്വയം തൊഴിലുകളിലേക്ക് കേരളത്തിലെ വനിതകളെ സർക്കാരിന് കൂടുതലായി അടുപ്പിക്കാനാകാത്തത്?
ഇത്തരമൊരു അവസ്ഥ എന്തുകൊണ്ടാണ് കേരളത്തിൽ സംഭവിക്കുന്നത്? പ്രത്യേകിച്ചും ലിംഗസമത്വത്തെപ്പറ്റി വാതോരാതെ പറയാൻ ഒരുപാട് സമയം ചെലവഴിക്കുന്ന കേരളത്തിൽ? സാന്പത്തികാവസ്ഥയിൽ ഇന്നും കേരളത്തിലെ സ്ത്രീ പിന്നാക്കം നിൽക്കുന്നതിനു പ്രധാന കാരണം ഇവിടെത്തെ പുരുഷകേന്ദ്രീകൃത കുടുംബ സംവിധാനം തന്നെയാണെന്നു പറയാതെ വയ്യ. ഉന്നത വിദ്യാഭ്യാസം സിദ്ധിച്ച പല സ്ത്രീകളും പുരുഷന്മാരുടെ നിർബന്ധത്തിനും ശാഠ്യത്തിനും വഴങ്ങി വീട്ടമ്മയായി നിലകൊള്ളാൻ വിധിക്കപ്പെട്ടിരിക്കുന്നുവെന്നതാണ് ഏറ്റവും വലിയ ശാപം. പുരുഷന് അടിമപ്പെട്ടു ജീവിക്കേണ്ടി വരുന്ന ഗതികേടിലേക്ക് അതവളെ കൊണ്ടെത്തിക്കുന്നുവെന്നതിനു പുറമേ, തൊഴിൽ ചെയ്യാൻ സന്നദ്ധരായി സമൂഹത്തിലേക്കിറങ്ങുന്ന സ്ത്രീകളെ അപഹസിച്ച് അതിൽ നിന്നും പിന്നാക്കം കൊണ്ടു പോകാൻ കൂടി പുരുഷന്മാർ ശ്രമിക്കുന്നുവെന്നതാണ് സത്യം. സ്‌കൂളുകളിലെ കുറഞ്ഞ വേതനമുള്ള അധ്യാപക തൊഴിലിലേക്കും രാവിലെ പത്തുമണി മുതൽ നാലു വരെയോ അഞ്ചര വരെയോ ഉള്ള തൊഴിലുകളിലേക്കോ മാത്രം അവരെ തളച്ചിടാൻ മലയാളി പുരുഷൻ അഥവാ ഭർത്താവ് ശ്രമിക്കുന്നിടത്താണ് ഈ വീഴ്ച ആരംഭിക്കുന്നത്. തന്റെ ഭാര്യ തന്റെ സ്വകാര്യ സ്വത്താണെന്നും അവൾ തന്നേക്കാൾ വലിയ ശന്പളം വാങ്ങുന്നത് കിടക്കയിൽ തന്റെ ലൈംഗികതയെപ്പോലും അവതാളത്തിലാക്കുമെന്നും ദുരഭിമാനിയായ മലയാളി പുരുഷൻ കണക്കാക്കുന്നിടത്തു നിന്നാണ് തൊഴിൽ രംഗത്തെ സ്ത്രീകളുടെ ഈ കുറവ് ആരംഭിക്കുന്നതു തന്നെ. എന്തിനധികം പറയുന്നു, സ്ത്രീകൾ ജോലിക്കു പോയാൽ ലോകം അവസാനിക്കുമെന്നു പ്രഖ്യാപിക്കുന്ന മതമൗലിക മേലാളന്മാർ ഉള്ള നാടു കൂടിയാണല്ലോ നമ്മുടെ കേരളം! ഇത്തരമൊരു അവസ്ഥയെ മറികടക്കാൻ സർക്കാരിന്റെ ശ്രമങ്ങൾ കൊണ്ടു മാത്രമാവില്ല. കേരള സർക്കാർ ഷീ−ടാക്‌സി സംരംഭം കൊണ്ടുവന്നപ്പോൾ അതിൽ സംരംഭകരാകാൻ തയാറായ തങ്ങളെപ്പോലും പുരുഷകേസരികൾ അഭിമാന പ്രശ്‌നം മുൻനിർത്തി വിലക്കിയതായി മേരി തന്നെ പറയുന്നുണ്ടല്ലോ. പതിനായിരം രൂപയിൽ കുറഞ്ഞ അൺ എയ്ഡഡ് അധ്യാപിക ജോലിക്കു പോകുന്നതാണ് 60,000 രൂപ വരെ പ്രതിമാസം ലഭിക്കുന്ന ഷീ−ടാക്‌സി സർവീസിനേക്കാൾ നല്ലതെന്ന അഹംബോധം മലയാളി പുരുഷന്റെ ഉള്ളകത്തെ ബാധിച്ചിരിക്കുന്നുവെന്നതാണ് ദയനീയം. സ്വയം തൊഴിൽ മേഖലയിലേക്കും സമൂഹത്തിന്റെ മറ്റ് ഉന്നതമായ തൊഴിൽ ശ്രേണിയിലേക്കും സ്ത്രീകൾ കടന്നുവരാത്തിടത്തോളം കാലം കേരളത്തിന്റെ സാമൂഹ്യവികസനം ശക്തമാവില്ലെന്നു തന്നെയാണ് ഈ ലേഖകന്റെ വിശ്വാസം. പുതുതായി ഭരണത്തിലേറുന്ന സർക്കാർ അടിയന്തിരമായി ഏറ്റെടുക്കേണ്ടുന്ന ഒരു പ്രധാന ദൗത്യം കേരളത്തിലെ സ്ത്രീ തൊഴിൽ ശക്തിയെ പരിപോഷിപ്പിക്കുകയെന്നതാണ്. സ്ത്രീകളുടെ അന്തസ്സും അഭിമാനവും അവരെ സ്വയം പര്യാപ്തരാക്കുന്നതു വഴി ഒരു സർക്കാർ സംരക്ഷിക്കുന്പോൾ മാത്രമേ യഥാർത്ഥ വികസനം ഇവിടെ യാഥാർത്ഥ്യമാകുകയുള്ളു− ലിംഗസമത്വത്തിന് പുതിയ ദിശാബോധം നൽകാൻ കേരളത്തിലെ പുരുഷകേസരികൾ തങ്ങളുടെ ദുരഭിമാനം മാറ്റണമെന്നു മാത്രം!