പുതുഭരണത്തിനൊരു അജണ്ട!


അഴിമതിയിലൂടെ നികുതിപ്പണം കൈയിട്ടു വാരുന്നതിലാകരുത്, മറിച്ച് പ്രായോഗികമായ കാര്യങ്ങളെ അംഗീകരിച്ച് ഉന്നത വിദ്യാഭ്യാസരംഗത്തും അടിസ്ഥാന സൗകര്യരംഗത്തും മാറ്റം വരുത്തുന്നതിലാകണം പുതിയ സർക്കാർ ഊന്നേണ്ടത്.

ഇത് പ്രസിദ്ധീകരിക്കുന്പോഴേക്കും കേരളം ആരു ഭരിക്കണമെന്ന കാര്യത്തിൽ ജനം തീരുമാനമെടുത്തിട്ടുണ്ടാകും. മൂന്നു മുന്നണികളിലേയും സ്ഥാനാർത്ഥികളോട് അത്ര പ്രതിപത്തിയൊന്നും തോന്നിയിട്ടില്ലെങ്കിലും നിഷ്പക്ഷരായവർ ‘തമ്മിൽ ഭേദം തൊമ്മൻ’ എന്ന കണക്കിനു കൂടുതൽ പ്രിയപ്പെട്ടവരെന്ന് തോന്നിച്ചവർക്ക് വോട്ടു നൽകുകയും ചെയ്തിട്ടുണ്ടാകും. എന്തായാലും വർഗീയമായി കേരളം രൂക്ഷമായി ധ്രുവീകരിക്കപ്പെട്ടശേഷം നടന്ന ഒരു തെരഞ്ഞെടുപ്പാണിതെന്നത് പ്രധാനമാണ്. സ്ഥാനാർത്ഥികളുടെ ജാതി, മതം എന്നിവയേതെന്ന് കൃത്യമായി ഓരോ വോട്ടർക്കും അറിയാമെന്നതായിരിക്കും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. ബി.ജെ.പി-−ബി.ഡി.ജെ.എസ് സഖ്യവും എസ്.ഡി.പി ഐ.എസ്.പി സഖ്യവുമൊക്കെ വർഗ്ഗീയ വിഷവിത്തുകൾക്ക് പഴയ ഭ്രാന്താലയത്തിൽ വീണ്ടും പച്ചപിടിക്കാനുള്ള മണ്ണും വളവുമൊക്കെ നന്നായി ഒരുക്കിക്കൊടുക്കുകയും ചെയ്തു.  പക്ഷേ ഇതിനെല്ലാമിടയ്ക്ക്  കേരളത്തിന്റെ സന്പദ് വ്യവസ്ഥ ദാരുണമാംവിധം പിന്നോട്ടടിക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. ഓരോ മുന്നണികളുമെത്തി തങ്ങളുടേതായ രീതിയിൽ കേരളത്തെ വിറ്റുതുലയ്ക്കുന്പോൾ കേരളം തൊഴിലില്ലായ്മയിലേയ്ക്കും കാർഷിക ഉൽപ്പന്ന ദൗർലഭ്യത്തിലേക്കും കടക്കെണിയിലേക്കും വ്യവസായിക മാന്ദ്യത്തിലേക്കുമൊക്കെ കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണെന്ന് കണക്കുകൾ പറയുന്നു. 

വികസന ധാരാളിത്തത്തിന്റെ അബദ്ധജടിലമായ കണക്കുകൾ ഉയർത്തിക്കാട്ടി യാഥാർത്ഥ്യങ്ങളെ മറച്ചുവെയ്ക്കാൻ ഒരു മുന്നണിക്കും അധികകാലം സാധിക്കുകയില്ല. നമ്മുടെ സന്പദ് വ്യവസ്ഥയുടെ ആണിക്കല്ലായ ഗൾഫ് പണത്തിന്റെ വരവിൽ ആഗോള സാന്പത്തിക മാന്ദ്യം ചെറുതല്ലാത്ത സ്വാധീനം ചെലുത്തുകയാണെന്നതിന്റെ സൂചനയാണ് അവിടെ നിന്നുമെത്തുന്ന പണത്തിൽ സമീപകാലത്തുണ്ടായ കുറവ്. സംസ്ഥാനത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിന്റെ മൂന്നിലൊരു ശതമാനത്തിലധികം വന്നിരുന്നത് ഈ ഗൾഫ് പണത്തിൽ നിന്നായിരുന്നു. സംസ്ഥാന സർക്കാരിന്റെ നികുതികളിൽ നിന്നുള്ള വരുമാനത്തേക്കാൾ 20 ശതമാനത്തിലധികവും കേന്ദ്ര സർക്കാരിന്റെ ഫണ്ടിന്റെ അഞ്ചു മടങ്ങു കൂടുതലുമാണ് ഇതെന്ന് മറക്കരുത്. പക്ഷേ എണ്ണയുടെ വില കുത്തനെ ഇടിഞ്ഞതു മൂലവും ആഗോള തലത്തിലുണ്ടായ സാന്പത്തിക പരാധീനതകൾ മൂലവും നിരവധി മലയാളികളടക്കമുള്ള ഇന്ത്യക്കാർക്ക് തൊഴിൽ നഷ്ടപ്പെടുകയോ മാസങ്ങളായി ശന്പളം ലഭിക്കാതാകുകയോ ചെയ്തിട്ടുണ്ട്. ഗൾഫിൽ നിന്നും ഈ ജീവനക്കാർ അയക്കുന്ന തുക ഏതാണ്ട് 71,142 കോടി രൂപയാണെന്നാണ് സെന്റർ ഫോർ ഡവലപ്‌മെന്റ് സ്റ്റഡീസ് 2014−ൽ പുറത്തിറക്കിയ കേരള കുടിയേറ്റ പഠനത്തിൽ പറയുന്നത്. ഏതാണ്ട് 24 ലക്ഷം മലയാളികളാണ് ഗൾഫ് നാടുകളിൽ ഉള്ളതെന്നിരിക്കേ, ഗൾഫ് പണത്തിൽ നിന്നുള്ള വരവിൽ കുറവുണ്ടായാൽ അത് കേരളത്തിന്റെ സന്പദ് വ്യവസ്ഥയിൽ ചെറുതല്ലാത്ത കുഴപ്പങ്ങൾ ഉണ്ടാക്കാൻ പര്യാപ്തമാണെന്നതാണ് ദയനീയമായ കാര്യം. 2010−നുശേഷം ഗൾഫ് മേഖലയിൽ നിന്നും ഇന്ത്യയിലേക്കെത്തുന്ന പണത്തിൽ രണ്ടു ശതമാനത്തോളം കുറവുണ്ടായിട്ടുണ്ടെന്നാണ് കേരള സംസ്ഥാന ആസൂത്രണബോർഡിന്റെ വൈസ് ചെയർമാനായ കെ.എം ചന്ദ്രശേഖർ തന്നെ പറയുന്നത്. അതുകൊണ്ടു തന്നെ കേരളം വരുമാനമുണ്ടാക്കാനാകുന്ന വിവിധ മേഖലകളിൽ അതിവേഗം തങ്ങളുടെ വളർച്ചയ്ക്കായുള്ള ശ്രമങ്ങൾ ഉണ്ടാക്കിയില്ലെങ്കിൽ നരേന്ദ്രമോഡി തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കേരളത്തെ സോമാലിയയുമായി താരതമ്യപ്പെടുത്തിയത് സത്യമാകുന്ന സ്ഥിതിവിശേഷം പോലും ഭാവിയിൽ ഉണ്ടായേക്കാം. 

വെറുതെ പറയുന്നതല്ല ഇതൊന്നും. സംസ്ഥാനത്തെ സന്പദ്്വ്യവസ്ഥയിൽ പ്രാഥമിക സ്ഥാനം വഹിക്കുന്ന കാർഷിക മേഖലയിൽ സമീപകാലത്തുണ്ടായ തകർച്ച തന്നെ ഒന്നു പരിശോധിക്കൂ. സംസ്ഥാനത്ത് ഭക്ഷ്യധാന്യങ്ങൾ ഉൽപ്പാദിപ്പിക്കാനുണ്ടായിരുന്ന പാടശേഖരങ്ങളുടെ എണ്ണത്തിൽ ഉണ്ടായ കുറവ് പരിശോധിച്ചാൽ തന്നെ നമ്മുടെ വികസനത്തിന്റെ ദൗർബല്യങ്ങൾ എന്തൊക്കെയെന്ന് ബോധ്യപ്പെടും. 2000−01 കാലയളവിൽ 3.3 ലക്ഷം ഹെക്ടർ കൃഷിഭൂമി ഉണ്ടായിരുന്ന സ്ഥാനത്ത് 2014−15 കാലത്ത് അത് 1.6 ലക്ഷം ഹെക്ടറായി ചുരുങ്ങിയിരിക്കുന്നു. മാത്രവുമല്ല നമുക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങളുടെ കേവലം 15 ശതമാനം മാത്രമേ കേരളം ഇന്ന് ഉൽപ്പാദിക്കുന്നുള്ളുവെന്നും സർക്കാർ തന്നെ സമ്മതിക്കുന്നുമുണ്ട്. എന്തിനധികം പറയണം, റബ്ബറിന്റേയും നാളികേരത്തിന്റേയും വിലയിടിവും സംസ്ഥാനത്തെ പ്രതിസന്ധിയിലാക്കിയിരിക്കുന്നു. 2011−12 കാലയളവിൽ കിലോയ്ക്ക് 208 രൂപയായിരുന്നു റബ്ബറിന്റെ വിലയെങ്കിൽ 2015−16−ൽ അത് കിലോയ്ക്ക് 90 രൂപയായി കുറഞ്ഞിരിക്കുന്നു. റബ്ബറിന്റെ ഉൽപ്പാദനത്തിലും വലിയ ഇടിവാണ് ഉണ്ടായിട്ടുള്ളത്. 2012−13−ൽ 9.87 ലക്ഷം ടൺ റബ്ബറാണ് കേരളം ഉൽപ്പാദിപ്പിച്ചതെങ്കിൽ ഇപ്പോഴത് 5.63 ലക്ഷം ടണ്ണായി കുറഞ്ഞിരിക്കുന്നു. അതുപോലെ വെളിച്ചെണ്ണയുടേയും നാളികേരത്തിന്റേയും വിലയിൽ 30 ശതമാനം ഇടിവാണ് ഈ വർഷം ഉണ്ടായിരിക്കുന്നത്. ഐ.ടി കയറ്റുമതിയിൽ വർദ്ധനവുണ്ടായെങ്കിലും ഇതര സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുന്പോൾ കേരളത്തിന്റെ കയറ്റുമതി തുലോം തുച്ഛമാണെന്നതാണ് വാസ്തവം. സ്മാർട്ട് സിറ്റി പോലൊരു സംരംഭത്തിലേയ്ക്ക് വന്പൻ ഐ.ടി ഭീമന്മാരെ കൊണ്ടുവരുന്നതിൽപോലും ദയനീയമായി സർക്കാർ പരാജയപ്പെട്ട കാഴ്ചയും നാം കാണുകയുണ്ടായി. മാലിന്യ സംസ്‌കരണരംഗത്ത് കേരളം സന്പൂർണ്ണ പരാജയമാണെന്നതും ഊർജരംഗത്ത് നാമിപ്പോഴും ജലവൈദ്യുത പദ്ധതികളിൽ തന്നെ തളച്ചിടപ്പെട്ടിരിക്കുന്നതും നമ്മുടെ തീരാത്ത പരാധീനതകളുമാണ്. സോളാർ പവർ പോലുള്ള നമ്മുടെ പദ്ധതികൾ അഴിമതി ഗന്ധത്തിൽപ്പെട്ട് നിശ്ചലമാകുന്നതും നാം കണ്ടു.

ഇടിഞ്ഞുപൊളിഞ്ഞു കിടക്കുന്ന കേരളത്തിന്റെ ഈ സന്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തുക എന്ന ഭാരിച്ച ഉത്തരവാദിത്തമാണ് ഭരണത്തിലേറുന്നവർ ആരായാലും അവരുടെ ചുമലിലേറ്റപ്പെടുക. കഴിഞ്ഞ യു.ഡി.എഫ് സർക്കാർ അധികാരത്തിലേറി രണ്ടു വർഷം പിന്നിട്ട സമയത്ത് വിഷൻ 2030 എന്ന പേരിൽ ഒരു വികസനരേഖയ്ക്ക് യു. ഡി.എഫ് സർക്കാർ രൂപം നൽകിയത് ഓർമ്മയുണ്ടാകുമല്ലോ. സംസ്ഥാനത്തെ അടിസ്ഥാന സൗകര്യങ്ങളും ആരോഗ്യപരിപാലന സംവിധാനവും ശക്തിപ്പെടുത്തി വളർച്ചയും സാമൂഹ്യ സുരക്ഷിതത്വവും ജനത്തിനുറപ്പാക്കുന്ന ഒരു വികസനരേഖയായാണ് ഇത് വാഴ്ത്തപ്പെട്ടതെങ്കിലും ഈ വികസനരേഖയെ അംഗീകരിക്കാൻ മറ്റു രാഷ്ട്രീയ പാർട്ടികൾ തയ്യാറായില്ല. അഞ്ചു വർഷത്തിലൊരിക്കൽ ഭരണം മാറിവരുന്ന കേരളത്തിൽ ഏതെങ്കിലുമൊരു അഞ്ചുവർഷ ഭരണക്കാരൻ 2030 വരെയുള്ള വികസന പ്രവർത്തനങ്ങളുടെ തുടക്കക്കാരനായി അതിന്റെ ക്രെഡിറ്റ് അടിച്ചെടുക്കേണ്ട എന്ന കെറുവായിരുന്നു അതിനു കാരണം. ടൂറിസത്തിൽ നിന്നും ഗൾഫിൽ നിന്നും ലഭിക്കുന്ന പണമാണ് കേരളത്തെ മുന്നോട്ടു നയിക്കുന്നതെന്നും നമ്മുടെ വികസനത്തിന്റെ 77 ശതമാനവും കൺസ്്ട്രക്ഷൻ, ഹോട്ടലുകൾ, ഗതാഗതം, റിയൽ എേസ്റ്ററ്റ് തുടങ്ങിയ മേഖലകളിലാണെന്നും അറിയാവുന്ന ആർക്കും തന്നെ വിഷൻ 2030 മുന്നോട്ടുവച്ച അടിസ്ഥാന സൗകര്യ വികസനപദ്ധതികളെപ്പറ്റി എതിർപ്പുണ്ടാകാനിടയില്ല. മലയാളിയുടെ പ്രതിശീർഷ വരുമാനം വർദ്ധിപ്പിക്കാനുള്ള വന്പൻ ദീർഘവീക്ഷണ പദ്ധതിയായാണ് അന്നത് കൊട്ടിഘോഷിച്ചതെങ്കിലും പ്രതിപക്ഷം അത് അംഗീകരിക്കാൻ അന്നു തയ്യാറായില്ല. ജനസാന്ദ്രത കൂടിയ പ്രദേശങ്ങളാണ് കേരളത്തിലുള്ളതെന്നതിനാലും ഭൂമി ദൗർലഭ്യം ഉള്ളതിനാലും വലിയ വ്യവസായങ്ങൾ കേരളത്തിന് അഭികാമ്യമല്ലെന്നും ചെറിയ− ഇടത്തരം സംരംഭങ്ങളാണ് ഇവിടെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതെന്നും ആ വികസനരേഖ പറഞ്ഞിരുന്നു. പോരാത്തതിന് പരിസ്ഥിതി സൗഹാർദ്ദപരമായ ഐ.ടി പോലുള്ള വ്യവസായങ്ങൾക്ക് കൂടുതൽ വളരാനുള്ള സാഹചര്യത്തിനായി അടിസ്ഥാന സൗകര്യവികസനവും അത് പദ്ധതിയിട്ടിരുന്നു. കൂടുതൽ മെച്ചപ്പെട്ട വളം ഉപയോഗിച്ച് കുറഞ്ഞ സ്ഥലത്ത് കൂടുതൽ ഉൽപ്പാദനം സാധ്യമാക്കാനുള്ള കാർഷിക പദ്ധതികളും കേരളം വരുംവർഷങ്ങളിൽ ആവിഷ്‌കരിക്കുമെന്നു നാം അന്ന് സ്വപ്‌നം കണ്ടു.

പക്ഷേ സ്വപ്‌നങ്ങൾക്ക് സ്വപ്‌നങ്ങളായി തന്നെ അവശേഷിക്കാനാണ് യോഗമെന്നു തോന്നുന്നു. സംസ്ഥാനത്തെ സന്പദ് വ്യവസ്ഥയെ വളർത്താൻ ദീർഘകാലാടിസ്ഥാനത്തിൽ ആത്മാർത്ഥമായി മുന്നണികൾ ചേർന്നു രൂപം നൽകുന്ന ഒരു പദ്ധതി രൂപരേഖ ഇനിയെങ്കിലും ഇവിടെ ഉണ്ടാകേണ്ടതുണ്ട്. തങ്ങൾക്ക് പദ്ധതികളുടെ നടത്തിപ്പിൽ നിന്നും എന്ത് ലാഭമുണ്ടാകുന്ന നേതാക്കളല്ല മറിച്ച് കേരളത്തിന്റെ ഭാവിയെപ്പറ്റി പ്രതിബദ്ധതയോടെ ചിന്തിക്കുന്ന സർക്കാരുകളാണ് നമുക്കാവശ്യം. പുതിയ സാങ്കേതിക വിദ്യകളെ പൂർണ്ണമായും സ്വായത്തമാക്കുകയും ഉപയോഗിക്കുകയും ചെയ്യുന്ന കൃഷി രീതികൾ കേരളത്തിൽ നടപ്പാക്കപ്പെടണം. അദ്ധ്വാനത്തിന്റെ വില കർഷകനു ലഭിക്കുന്പോൾ മാത്രമേ കാർഷികവൃത്തിയിൽ തുടരാൻ അവന് ആവേശമുണ്ടാകുകയുള്ളു. വൻകിട സ്വകാര്യ നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനു പകരം സ്റ്റാർട്ട് അപ്പുകളെ കൂടുതലായി പ്രോത്സാഹിച്ചാൽ കേരളത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനാകുമെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. കഴിഞ്ഞ രണ്ടു വർഷമായി ഈയൊരു ലക്ഷ്യം മുന്നിൽക്കണ്ട് സർക്കാർ യൂത്ത് സമ്മിറ്റുകൾ സംഘടിപ്പിക്കുന്നുെണ്ടങ്കിലും സ്റ്റാർട്ട് അപ്പുകൾക്ക് കുറഞ്ഞ നിരക്കിൽ കൂടുതൽ വായ്പ അനുവദിക്കാൻ സർക്കാർ തയാറാകാത്തപക്ഷം അവയൊന്നും വലിയ തോതിൽ മുന്നോട്ടുപോകാനിടയില്ലെന്നതാണ് വാസ്തവം. മാത്രവുമല്ല സ്റ്റാർട്ട് അപ്പുകളുടെ യഥാർത്ഥ ശേഷി തിരിച്ചറിയാൻ തക്കവണ്ണം വിദഗ്ദ്ധർ അടങ്ങുന്ന ഒരു പാനലിനെ പരിശോധനകൾക്കായി സർക്കാർ നിയമിക്കുകയും വേണം. 

ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്റെ വീഴ്ച കാണാതിരുന്നു കൂടാ. വ്യവസായ സ്ഥാപനങ്ങൾക്ക് ഒരു വിധത്തിലും ഉപയോഗിക്കാനാകാത്തവിധമുള്ളവരെയാണ് ബിരുദവും നൽകി നമ്മുടെ സർവകലാശാലകൾ പുറത്തിറക്കുന്നത്.  കേരളത്തിൽ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയുടെ പ്രധാന കാരണം ഉപയോഗശൂന്യരായ ഈ ബിരുദധാരികളുടെ നിർമ്മിതിയാണെന്ന കാര്യത്തിൽ സംശയം വേണ്ട. നമ്മുടെ തൊഴിൽ രഹിതരുടെ ശതമാനം 7.4 ശതമാനമാണെന്നും ദേശീയ ശരാശരി 2.3 ശതമാനമാണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്.  എഞ്ചിനീയറിങ് സ്ഥാപനങ്ങൾക്ക് ആവശ്യമായ യാതൊരു കാര്യശേഷിയുമില്ലാതെ പുറത്തിറങ്ങുന്ന നമ്മുടെ അൺസ്‌കിൽഡ് ബിരുദക്കാരെ തൊഴിൽ പഠിപ്പിച്ചെടുക്കാൻ വീണ്ടും വലിയൊരു തുക ഇവിടത്തെ വ്യവസായ സ്ഥാപനങ്ങൾ മുടക്കേണ്ടതായി വരുന്നു.  ഈയൊരു അവസ്ഥയ്ക്കു പകരം കോളേജുകളിൽ തന്നെ കാര്യശേഷിയുള്ള വിദ്യാസന്പന്നരെ വാർത്തെടുക്കാൻ കഴിഞ്ഞാൽ വലിയൊരളവു വരെ മാറ്റം കേരളത്തിലുണ്ടാകും. ഇതിനായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ വ്യവസായ സ്ഥാപനങ്ങളുമായി കൂടിയാലോചിച്ചു വേണം പാഠ്യപദ്ധതി തയ്യാറാക്കേണ്ടത്. കേൾക്കുന്പോൾ ചിലർക്ക് നീരസം തോന്നിയേക്കുമെങ്കിലും പ്രയോജപരമായ കോഴ്‌സുകൾ തുടങ്ങേണ്ടത് കേരളത്തിലെ സർവകലാശാലകൾ മുഖ്യ പരിഗണന കൊടുക്കേണ്ട വിഷയം തന്നെയാണ്. 

ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആവിഷ്‌കരിക്കാൻ കഴിഞ്ഞാൽ മാത്രമേ കേരളത്തെ നമുക്ക് ഒരു നിക്ഷേപ സൗഹാർദ്ദ സംസ്ഥാനമാക്കി മാറ്റാൻ കഴിയുകയുള്ളു. അതിനായി ആദ്യം ചെയ്യേണ്ടത് അടിസ്ഥാന സൗകര്യ വികസനത്തിൽ കൂടുതൽ ഊന്നൽ നൽകുക തന്നെയാണ്. അതിനൊപ്പം തന്നെ വിദ്യാഭ്യാസരംഗത്ത് ക്രിയാത്മകമായ മാറ്റങ്ങൾ വരുത്തുകയും വേണം. തെരഞ്ഞെടുക്കപ്പെടുന്ന സർക്കാരിന്റെ അജണ്ട വാസ്തവത്തിൽ ഇക്കാര്യങ്ങളിലൊക്കെ ഊന്നൽ നൽകിക്കൊണ്ടുള്ളതാകണം− അല്ലെങ്കിൽ മോഡിയുടെ സോമാലിയൻ പരമാർശം വരുംനാളുകളിൽ യാഥാർത്ഥ്യമാകാനാണ് ഇട.

You might also like

Most Viewed