ബലാത്സംഗത്തിനു ശേഷമുള്ള മാനഭംഗങ്ങൾ - ജെ. ബിന്ദുരാജ്


കഴിഞ്ഞ വർഷം കേരളത്തിൽ മൊത്തം രജിസ്റ്റർ ചെയ്യപ്പെട്ട ബലാത്സംഗക്കേസുകളുടെ എണ്ണം 1263, മാനഭംഗക്കേസുകളുടെ എണ്ണം 3991, പൂവാലശല്യം കേസ്സുകൾ 265, ഭർത്താവിൽ നിന്നും ബന്ധുക്കളിൽ നിന്നുമുള്ള ക്രൂരതകൾ സംബന്ധിച്ച കേസ്സുകളുടെ എണ്ണം 3664, തട്ടിക്കാണ്ടുപോകൽ കേസ്സുകൾ 177, സ്ത്രീധനപീഡന മരണങ്ങൾ 7. ഇതിനൊക്കെ പുറമേയാണ് കഴിഞ്ഞ അഞ്ചു വർഷത്തിനിടയിൽ കാണാതായ സ്ത്രീകളുടെ എണ്ണം.− 2011 മുതൽ 2015 വരെയുള്ള കാലയളവിൽ സംസ്ഥാനത്തു നിന്നും ആകെ കാണാതായത് 3311 സ്ത്രീകളും പെൺകുട്ടികളുമാണ്. ഇതിനു പുറമേയാണ് മലപ്പുറം, കണ്ണൂർ, കാസർകോഡ്, വയനാട്, കോഴിക്കോട് എന്നിവിടങ്ങളിൽ നിന്നും 2016 ജനുവരി മുതൽ ഏപ്രിൽ വരെയുള്ള കാലയളവിൽ കാണാതായിരിക്കുന്ന 37 സ്ത്രീകൾ. സ്ത്രീകൾക്ക് വലിയ സുരക്ഷ ഒരുക്കുമെന്ന് പ്രഖ്യാപിച്ചിരുന്ന ഒരു സർക്കാരിന്റെ കീഴിൽ സ്ത്രീകൾ എത്രത്തോളം അരക്ഷിതരാണെന്നതിന്റെ തെളിവുകളാണ് ഇതെല്ലാം തന്നെ. പെരുന്പാവൂരിലാകട്ടെ പട്ടാപ്പകൽ നരാധമന്മാർ ക്രൂരമായ ബലാത്സംഗത്തിനുശേഷം അതീവ മൃഗീയമായി ജിഷ എന്ന പെൺകുട്ടിയെ കൊല ചെയ്ത സംഭവത്തിനും കഴിഞ്ഞയാഴ്ച കേരളം സാക്ഷിയായിരിക്കുന്നു. ഇതിനൊക്കെ പുറമേ, ഭരണവർഗക്കാരും ഉദ്യോഗസ്ഥരും തന്നെ ബിസിനസ് സംബന്ധിയായ ഇടപാടുകൾക്കായി സമീപിച്ച ഒരു സ്ത്രീയെ കൈമാറിക്കൈമാറി ശാരീരികമായി ഉപയോഗിച്ചുവെന്ന് ആരോപണം ഉയർന്ന സമയം കൂടിയാണിതെന്ന് ഓർക്കണം. സംസ്ഥാന മന്ത്രിസഭയിലെ പല പ്രമുഖരും പല എം.എൽ.എമാരും തന്നെ ഉപേയാഗിച്ചുവെന്ന് സരിത എസ്.നായർ പരസ്യമായി ആരോപണം ഉന്നയിച്ചിട്ടും അവർക്കെതിരെ മാനനഷ്ടക്കേസ് കൊടുക്കാൻ പോലും മുഖ്യമന്ത്രിയോ മറ്റ് മന്ത്രിമാരോ എം.എൽ.എമാരോ ഇതുവരെ തയ്യാറായിട്ടില്ലെന്നത് ഇതിന്റെ ഗൗരവം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

സ്ത്രീകൾക്കുനേരെയുള്ള അതിക്രമങ്ങൾ ഒാരോ ദിവസവും വർദ്ധിച്ചുവരുന്ന ഒരു നാടാണ് കേരളം. പക്ഷേ ലൈംഗിക പീഡനത്തിനുശേഷവും ആക്രമണങ്ങൾക്കുശേഷവും അതിനിരയാക്കപ്പെട്ട സ്ത്രീകളുടെ ജീവിതം അതിക്രൂരമായ യാഥാർത്ഥ്യങ്ങളിലൂടെയാണ് നീങ്ങുന്നതെന്നാണ് കേരളത്തിൽ നടത്തിയ ഒരു പഠനം വ്യക്തമാക്കിയത്. സമൂഹം ഒരിക്കലും ഇരകൾക്കുവേണ്ടി നിൽക്കുകയോ ശബ്ദിക്കുകയോ ചെയ്യാറില്ല. ഇരകളെ കുറ്റപ്പെടുത്തിക്കൊണ്ട് വീണ്ടും വീണ്ടും ഇരകളാക്കി മാറ്റാനാണ് സമൂഹത്തിന് കൗതുകം. വീട്ടിനുള്ളിലും പുറത്തും അവർ നിരന്തരം അധിക്ഷേിക്കപ്പെടുകയും അടിസ്ഥാന അവകാശങ്ങൾ പോലും അവർക്ക് നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിവിടെയുള്ളത്. എത്രയോ ഉദാഹരണങ്ങൾ നാം കണ്ടുകൊണ്ടിരിക്കുകയാണ് ദിവസവും− അവരാരും അവരുടെ കുറ്റം കൊണ്ട് ഈ ദൈന്യതയിലേക്ക് വീണവരല്ല. ഭർത്താവിനും കുഞ്ഞിനുമൊപ്പം ജീവിക്കുന്ന ഒരു സ്ത്രീ 18 വർഷം മുന്പ് തന്നെ പലരും പിച്ചിച്ചീന്തിയ സംഭവങ്ങൾ വീണ്ടും കോടതിമുറിയിലെത്തി വിശദീകരിക്കേണ്ടി വരുന്നതിനെപ്പറ്റി ഒന്നു ചിന്തിച്ചുനോക്കൂ. മാധ്യമപ്പട അവിടെ അവരെ കാത്തുനിൽക്കുന്നുണ്ടാകും. ഒരു കുറ്റവാളിയെപ്പോലെ തലയിൽ സാരി വാരിച്ചുറ്റി, കോടതി വരാന്തയിലൂടെ അവർ ക്യാമറകൾക്കിടയിലൂടെ നടന്നുനീങ്ങണം; പ്രതിഭാഗം അഭിഭാഷകന്മാരുടെ പൊള്ളുന്ന ചോദ്യങ്ങൾക്ക് മറുപടി നൽകണം. വിതുര പെൺവാണിഭത്തിന് ഇരയാക്കപ്പെട്ട പെൺകുട്ടി നേരിട്ട അവസ്ഥയായിരുന്നു ഇത്. തന്റെ കേസ്സുകളെല്ലാം തന്നെ ഒറ്റക്കേസ്സായി പരിഗണിക്കണമെന്ന യുവതിയുടെ അപേക്ഷ നിയമപരമായ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടി കോടതി പരിഗണിക്കാതിരുന്നതിനെ തുടർന്ന് മൊത്തം 23 ലൈംഗികപീഡന കേസ്സുകളിൽ പതിനഞ്ചു കേസ്സുകളിലാണ് കോട്ടയത്തെ കോടതിയിൽ വിസ്താരത്തിനായി നിന്നു കൊടുക്കേണ്ടിയിരുന്നത്. 2013 ഓഗസ്റ്റ് 19−ന് വിസ്തരിക്കപ്പെടുന്നതിനായി കോടതിയിൽ ഹാജരാകാതിരുന്ന പെൺകുട്ടിയെ അതിരൂക്ഷമായ ഭാഷയിലാണ് ന്യായാധിപൻ പോലും വിമർശിച്ചത്. “പെൺകുട്ടിക്കു മാത്രമല്ല പ്രതിചേർക്കപ്പെട്ടവർക്കും നീതി ലഭിക്കേണ്ടതുണ്ടെന്നായിരുന്നു’’ കോടതിയുടെ പരാമർശം. തനിക്ക് നീതി ലഭിക്കില്ലെന്നുറപ്പായ പെൺകുട്ടി 2013 സെപ്തംബർ രണ്ടിന് കോടതിയിൽ തനിക്ക് തന്നെ പീഡിപ്പിച്ചവരെ തിരിച്ചറിയാനാകാനില്ലെന്ന് ബോധിപ്പിച്ചു. അതോടെ അവർ കൂറുമാറിയതായി കോടതി വിലയിരുത്തുകയും ചെയ്തു. അതാണ് പീഡിപ്പിക്കപ്പെട്ട ഒരു പെൺകുട്ടിയോട് നിയമവും നീതിന്യായവ്യവസ്ഥയും കാട്ടിയ നീതി! സൂര്യനെല്ലി പെൺകുട്ടിയുടെ ദുരന്തജീവിതത്തിനാകട്ടെ കേരളം 20 വർഷമായി സാക്ഷിയാണ്. 40 ദിവസത്തിൽ 49 തവണ കൂട്ടബലാത്സംഗമടക്കം 67 തവണ ബലാത്സംഗത്തിനുമിരയായ  പെൺകുട്ടി സ്വസമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തിലേർപ്പെട്ടതെന്ന കണ്ടെത്തൽ പ്രതികളെ ഹൈക്കോടതി കുറ്റവിമുക്തരാക്കിയതും ഞെട്ടലോടെയാണ് കേരളം കേട്ടത്. സുപ്രീം കോടതി ആ “വിധി വൈകല്യം’’ റദ്ദാക്കിയെങ്കിലും പെൺകുട്ടി നേരിട്ട, ഇപ്പോഴും നേരിട്ടുകൊണ്ടിരിക്കുന്ന അധിക്ഷേപങ്ങൾക്കും പരിഹാസങ്ങൾക്കും ഏത് നീതിപീഠത്തിന് ന്യായം നൽകാനാകും?  പതിനാറുകാരിയായിരുന്ന കാലത്ത് ഒരു പ്രണയത്തിൽപ്പെട്ടതിന് ഇത്രയും ക്രൂരമായ ഒരു ജീവിതം ഇന്നും 36−കാരി അനുഭവിച്ചുകൊണ്ടിരിക്കുന്നു.  എന്തിനധികം പറയുന്നു, ഈ സ്ത്രീയെ ഒരു തട്ടിപ്പുകാരി കൂടിയായി ചിത്രീകരിക്കാനുള്ള നീക്കം പോലും നടന്നു. പതിനാറു വയസ്സിൽ നടന്ന പീഡനത്തിന് 36−ാം വയസ്സിലും നീതി നിഷേധിക്കപ്പെട്ട്  അലയാൻ വിധിക്കപ്പെട്ടിരിക്കുന്നു അവർ.

ബലാത്സംഗങ്ങൾക്കും ഗാർഹിക അതിക്രമങ്ങൾക്കും വീട്ടിനുള്ളിലുള്ള ലൈംഗിക പീഡനങ്ങൾക്കുമൊക്കെ ഇരയാക്കപ്പെട്ട പെൺകുട്ടികളുടെ  ജീവിതം അതിദാരുണമായ സാഹചര്യങ്ങളിലൂടെയാണ് പിൽക്കാലങ്ങളിൽ കടന്നുപോകുന്നതെന്നാണ് സംസ്ഥാന പോലീസിനു വേണ്ടി ദൽഹിയിലെ ഇൻസ്റ്റിറ്റ്യൂട്ട് സോഷ്യൽ സയൻസസ് കേരളത്തിലെ കുറ്റകൃത്യങ്ങളിൽ ഇരയാക്കപ്പെട്ട സ്ത്രീകളുടെ അവസ്ഥയെപ്പറ്റി 2012−13 കാലയളവിൽ നടത്തിയ പഠനം വെളിവാക്കുന്നത്. 2013 ജൂലൈയിൽ സമർപ്പിക്കപ്പെട്ട  ഈ പഠന റിപ്പോർട്ട് ഇരകളുടെ ജീവിതപ്രതിസന്ധികളുടെ നേർക്കാഴ്ചയാണ്. “മാനസികമായി ആകെ തകർന്ന അവസ്ഥയിലുള്ള ഇരയെ സാമൂഹ്യമായി കൂടി ഒറ്റപ്പെടുത്തുന്നത് അതികഠിനമായ ശിക്ഷയാണ്,’’ റിപ്പോർട്ട് തയ്യാറാക്കിയ ഡോക്ടർ എൽ താരാഭായി പറയുന്നു. ഇരയാക്കപ്പെട്ട സ്ത്രീകളിൽ നിന്നും പെൺകുട്ടികളിൽ നിന്നും സംസ്ഥാന വനിതാ കമ്മീഷന് പ്രതിമാസം ശരാശരി 700−ഓളം പരാതികളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പതിനാലിനും പതിനെട്ടിനും വയസ്സിനിടയ്ക്ക് പ്രായമുള്ളവരിൽ നിന്നാണ് ഏറ്റവുമധികം പരാതികൾ കമ്മീഷന് ലഭിക്കുന്നത്. കഠിനമായ  മാനസിക സംഘർഷത്തിലായിരിക്കും ഇത്തരത്തിലുള്ള മിക്കവാറും ഇരകളും.  കുടുംബങ്ങളിൽ തന്നെ ഒറ്റപ്പെട്ട അവസ്ഥയിൽ ജീവിക്കുന്ന അത്തരക്കാരെ ജീവിതത്തിലേയ്ക്ക് തിരിച്ചുകൊണ്ടുവരാൻ കൗൺസിലിങ് കൊണ്ടു മാത്രം കഴിയില്ല. അത്തരക്കാർക്കായി പുനരധിവാസ പ്രവർത്തനങ്ങൾ ഊർജിതമാക്കേണ്ടതുണ്ടെന്നാണ് വനിതാ കമ്മീഷൻ തന്നെ വിലയിരുത്തുന്നത്.

പീഡനം നടന്ന സ്ഥലത്തും അതിന്റെ പരിസര പ്രദേശത്തും തന്നെ തുടർന്നും താമസിക്കുന്നത് പലപ്പോഴും പീഡനത്തിന് ഇരയായവർക്ക് കടുത്ത മാനസിക സംഘർഷങ്ങൾക്ക് ഇടയാക്കുന്നു. കണ്ണൂർ ധർമ്മടത്ത് അച്ഛൻ പീഡിപ്പിച്ച പെൺകുട്ടി അവിടത്തെ തന്നെ മഹിളാമന്ദിരത്തിലാണ് ഇപ്പോൾ കഴിഞ്ഞുവരുന്നത്. കേസ്സ് ധർമ്മടത്തായതിനാൽ കുട്ടിയെ മറ്റൊരു സ്ഥലത്തേയ്ക്ക് മാറ്റിയാൽ കുട്ടിയെ കോടതിയിലേയ്ക്ക് കൊണ്ടു പോകാനുള്ള സൗകര്യം മുൻ നിർത്തിയാണ് ഇപ്പോൾ അവിടെ കുട്ടിയെ പാർപ്പിച്ചിരിക്കുന്നതെന്നാണ് വനിതാ കമ്മീഷൻ അധികൃതർ പറയുന്നു. പീഡനത്തിന് ഇരയാക്കപ്പെടുന്നവർക്ക് സുരക്ഷിതമായി താമസിക്കാനുള്ള താൽക്കാലിക അഭയകേന്ദ്രങ്ങൾ മാത്രമേ ഇന്ന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ളുവെന്നതാണ് സത്യം. നിർഭയ സ്‌കീമിനു കീഴിൽ ഒരു ഹോം കൂടി ആരംഭിച്ചിട്ടുണ്ടെങ്കിലും അതിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ മാത്രമേ കഴിഞ്ഞിട്ടുള്ളു. വീട്ടിനുള്ളിൽ നിന്നുള്ള പീഡനം അനുഭവിച്ച സ്ത്രീകൾക്കും പെൺകുട്ടികൾക്കും സ്ഥിരമായി കഴിയാനും വിദ്യാഭ്യാസവും തൊഴിൽ പരിശീലനവും തൊഴിലും നേടിക്കൊടുക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളാണ് വാസ്തവത്തിൽ സാമൂഹ്യനീതി വകുപ്പ് ലക്ഷ്യമിടേണ്ടത്. ഔപചാരികമായ കൗൺസിലിങ്ങിനു പുറമേ, അനൗപചാരികമായ കൗൺസിലിങ്ങും സംഭാഷണവുമൊക്കെ നടത്തിയാൽ മാത്രമേ ഇരകളെ പൂർവ്വസ്ഥിതിയിലേയ്ക്ക് എത്തിക്കാനാകുകയുള്ളുവെന്നാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് നടത്തിയ പഠനം പറയുന്നത്. എന്നാൽ നിലവിലുള്ള കൗൺസിലിങ്ങിലൂടെ കേവലം 22.6 ശതമാനം പേർക്ക് മാത്രമേ സാധാരണ മാനസിക നില കൈവരിക്കാൻ കഴിഞ്ഞുള്ളുവെന്നാണ് അവർ കണ്ടെത്തിയിട്ടുള്ളത്.  “പീഡനങ്ങൾ പലപ്പോഴും അതിന് ഇരയാക്കപ്പെട്ടവരെ കടുത്ത മാനസിക വിക്ഷോഭങ്ങളിലേയ്ക്ക് നയിക്കും. പോസ്റ്റ് ട്രുമാറ്റിക് സ്‌ൈട്രസ് ഡിസോഡർ എന്ന പേരിലറിയപ്പെടുന്ന ഈ മാനസിക വിക്ഷോഭം കൗൺസിലിങ്ങിലൂടെ മാത്രം ശരിയാക്കാനാകുന്നതല്ല. അവർക്ക് സമൂഹത്തിന്റെ പിന്തുണ ലഭിക്കാത്തപക്ഷം അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾക്കിടയാക്കും,’’ മനശ്ശാസ്ത്രജ്ഞൻ ഡോക്ടർ സി.ജെ ജോൺ പറയുന്നു. പതിനെട്ട് വയസ്സിൽ താഴെ പ്രായമുള്ള പല ഇരകളും തങ്ങൾ നേരിട്ട പീഡനത്തെപ്പറ്റി റിപ്പോർട്ട് ചെയ്യാൻ മടിക്കുന്നതായാണ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനം വ്യക്തമാക്കുന്നത്. 50 ശതമാനം ഇരകൾക്കും കുടുംബത്തിന്റെ സംരക്ഷണം ലഭിക്കാത്തതിനാൽ അവർക്കായി കൗൺസിലിങ്ങും ചികിത്സയും നടത്തേണ്ട ആവശ്യകതയിലേക്കാണ് അത് വിരൽ ചൂണ്ടുന്നത്. “നമ്മുടെ പല പുനരധിവാസ കേന്ദ്രങ്ങളും ഇരകൾക്ക് സുരക്ഷിതമായി താമസിക്കാൻ മാത്രമുള്ള ഇടങ്ങളായി മാത്രം മാറുന്നു. അവരുടെ മാനസിക സംഘർഷങ്ങൾ മനസ്സിലാക്കി അവ അകറ്റാനുള്ള കേന്ദ്രങ്ങളായി മാറുന്നില്ല. ഇച്ഛാശക്തിയോടെയുള്ള പ്രവർത്തനങ്ങൾ ഈ രംഗത്ത് ഉണ്ടാകേണ്ടതുണ്ട്,’’ ഡോക്ടർ സി.ജെ ജോൺ പറയുന്നു. 

പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ടവരെ ഏറ്റവുമധികം ആഴത്തിൽ ബാധിക്കുക സാമൂഹ്യമായി ഒറ്റപ്പെടുമെന്ന ഭയമാണ്. ഇരയാക്കപ്പെട്ടവരിൽ 57.9 ശതമാനം പേർ ഭയപ്പെട്ടത് ഈ ഒറ്റപ്പെടുത്തലിനെയാണെന്ന് പഠനം പറയുന്നു. “പീഡിപ്പിക്കപ്പെട്ട നിമിഷം മുതൽ സ്വന്തം വീട്ടുകാരുടെ അവജ്ഞയും സമൂഹത്തിന്റെ കുത്തുവാക്കുകളും ഞാൻ കേട്ടുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നിങ്ങൾ ബന്ധുവിനെതിരെ പരാതി നൽകിയതെന്നായിരുന്നു പലരുടേയും ചോദ്യം. ഞാനെന്തോ വലിയ അപരാധം ചെയ്തുവെന്ന മട്ടിലായിരുന്നു നാട്ടുകാരുടെ സംസാരം,’’ പീഡനത്തിനിരയായ ഷിജി വേലായുധൻ (19) പറയുന്നു. താമസിച്ചിരുന്ന വാടക വീട്ടിൽ നിന്ന് അവർ ഒഴിഞ്ഞുപോകാൻ വീട്ടുടമ ആവശ്യപ്പെടുകയും സ്വന്തം അമ്മ തന്നെ മകളെ തള്ളിപ്പറയുന്ന സാഹചര്യം ഉടലെടുക്കുകയും ചെയ്തു. പതിനെട്ട് വയസ്സിൽ താഴെയുള്ളവരാണ് ഇത്തരത്തിലുള്ള സാമൂഹ്യ ഒറ്റപ്പെടുത്തലിന് ഏറ്റവുമധികം ഇരയാകുന്നതെന്നാണ് പഠനങ്ങൾ പറയുന്നത്. സഹോദരന്മാർ, സഹോദരിമാർ, അമ്മാവന്മാർ എന്നിവരാണ് തങ്ങളെ അകറ്റിനിർത്തിയതെന്നാണ് 45.3 ശതമാനം പേർ പറയുന്നതെങ്കിലും സ്വന്തം മാതാപിതാക്കൾ തന്നെ അകറ്റിനിർത്തിയതായി 20 ശതമാനം പേർ പറയുന്നു. 33 ശതമാനം പേർ സമൂഹമാണ് ഒറ്റപ്പെടുത്തിയതെന്നാണ് പറഞ്ഞത്. ഇരകളാക്കപ്പെട്ട പലരേയും വിവാഹ ചടങ്ങുകളിൽ നിന്നും (37 ശതമാനം പേർ) കുടുംബ പരിപാടികളിൽ നിന്നും അകറ്റിനിർത്തുകയും ചിലരെ നിർബന്ധിച്ച് വിവാഹത്തിന് പ്രേരിപ്പിക്കുകയും (16 ശതമാനം പേർ) ചിലരെ വിവാഹം ചെയ്യാൻ അനുവദിച്ചില്ലെന്നും (16 ശതമാനം)  ഇരകളാക്കപ്പെട്ടവർ പറയുന്നു.

കുറ്റകൃത്യത്തിന് ഇരയാക്കപ്പെട്ടവർക്ക് പലർക്കും സ്വതന്ത്രമായ വിഹാരം വീട്ടുകാരും സമൂഹവും നഷ്ടപ്പെടുത്തിയെന്ന് പറയുന്നു. 35 ശതമാനത്തോളം പേർ തങ്ങൾക്ക് മുന്പുണ്ടായിരുന്ന സ്വാതന്ത്ര്യം നഷ്ടമായതായാണ് പറയുന്നത്. സംഭവം നടന്നയുടനെ തന്നെ 36 ശതമാനം സ്ത്രീകളോട് വീടു വിട്ടുപോകാൻ മാതാപിതാക്കൾ ആവശ്യപ്പെട്ടു. “ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം വീടു വിട്ടുപോകാൻ അവളോട് ആവശ്യപ്പെടുന്നത് കഷ്ടമാണ്. സ്വയം മറ്റൊരു ആശ്രയ കേന്ദ്രം കണ്ടെത്താൻ അവൾക്കായെന്ന് വരില്ല. അതവരെ സാമൂഹ്യവിരുദ്ധരുടെ കൈകളിലെത്തപ്പെടാനാണ് ഇടയാക്കുക,’’ താരാഭായി പഠനത്തിൽ പറയുന്നു. പീഡനത്തിന് ഇരയായ സ്ത്രീയെ തുടർന്ന് പഠിക്കാൻ പലപ്പോഴും വീട്ടുകാർ അനുവദിക്കാറില്ല. 19−30−നും വയസ്സിനിടയ്ക്ക് പ്രായമായ പഠനത്തിൽ പങ്കെടുത്ത 14 സ്ത്രീകൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടു. അവരിൽ 10 പേർക്ക് ബിരുദ പഠനം പൂർത്തിയാക്കാനാകാതെ വന്നപ്പോൾ നാലു പേർക്ക് പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ടു. തൊഴിൽ ചെയ്തുകൊണ്ടിരുന്നവരിൽ പലർക്കും തൊഴിലിടത്ത് പിന്നീട് പല ബുദ്ധിമുട്ടുകളും ഉണ്ടായതായി 20.5 ശതമാനം പേർ വ്യക്തമാക്കി. അടിസ്ഥാനപരമായ സ്വാതന്ത്ര്യം നഷ്ടപ്പെട്ടപ്പോൾ അവരിൽ 26.4 ശതമാനം പേർ ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചുവത്രേ. ഇരയാക്കപ്പെട്ട പെൺകുട്ടി മൂലം മാതാപിതാക്കളും ബന്ധുക്കളും ബാധിക്കപ്പെട്ടവരുമുണ്ട്. പഠനത്തിൽ പങ്കെടുത്ത ഏതാണ്ട് 26.4 ശതമാനം പേർ അത്തരത്തിൽ പ്രശ്‌നങ്ങൾ നേരിട്ടവരാണ്. 25.5 ശതമാനം പേർക്ക് തങ്ങളുടെ കുടുംബാഭിമാനം നഷ്ടപ്പെട്ടുവെന്നും പറയുന്നു. പീഡനത്തിനിരയായവർ പലർക്കും സ്വാഭിമാനം നഷ്ടപ്പെടുന്നുവെന്നു മാത്രമല്ല ആളുകളുമായി അവർക്കിടപെടാൻ കഴിയാതെ വരികയും അമിതമായി ആശ്രയിക്കപ്പെടുന്ന ബന്ധങ്ങളിലേക്കോ അവർ പോകുന്നുെവന്നതാണ് വാസ്തവം. പീഡിപ്പിക്കപ്പെട്ടവർക്ക് വീട്ടിൽ നിൽക്കാവുന്ന സാഹചര്യമല്ലായെങ്കിൽ വനിതാ കമ്മീഷൻ നിലവിൽ അവർക്ക് കൗൺസിലിങ്ങിനുശേഷം താമസം ഏർപ്പാടു ചെയ്ത് നൽകാറുണ്ട്. 

കേസ്സിന്റെ നടത്തിപ്പ് സമയത്താണ് നിലവിൽ പീഡനങ്ങൾക്ക് ഇരയാക്കപ്പെട്ട പെൺകുട്ടികൾക്കും സ്ത്രീകൾക്കും ഷെൽട്ടർ ഹോമുകളിൽ അഭയം നൽകുന്നത്. അതു കഴിഞ്ഞ് അവരെ പുനരധിവസിക്കാനുള്ള പദ്ധതിയാണ് നിർഭയ സ്‌കീം. ഈ സ്‌കീമിനു കീഴിൽ തൊഴിൽ പരിശീലനവും വിദ്യാഭ്യാസവും നൽകി തൊഴിൽ കണ്ടെത്തി നൽകുന്നതിനു പുറമേ വിദഗ്ദ്ധമായ കൗൺസിലിങ്ങിലൂടെ അവരുടെ മാനസിക പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും ശ്രമിക്കും. അതിനായി സംസ്ഥാന തലത്തിൽ ഒരു സൈക്കോളജിസ്റ്റ് തലവനായി ജില്ലകൾ തോറും മനശ്ശാസ്ത്രജ്ഞരുടേയും കൗൺസിലർമാരുടേയും ഒരു ശൃംഖല രൂപീകരിക്കാനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി എം.കെ മുനീർ ഈ ലേഖകനോട് 2013−ൽ പറഞ്ഞതാണെങ്കിലും ഇപ്പോഴും അതൊന്നും യാഥാർത്ഥ്യമായിട്ടില്ല.  അതിവേഗ കോടതികളാണ് ഇരകളുടെ നിയമപരമായ വിചാരണയും യാതനകളും നീണ്ടു പോകാതിരിക്കാനുള്ള  ഏക മാർഗം.

ഇരകൾക്കായി സർക്കാർ പുതിയ പുനരധിവാസ കേന്ദ്രങ്ങൾ ഒരുക്കുന്നതിനൊപ്പം കൂടുതൽ പേർ പീഡനങ്ങൾക്ക് ഇരയാക്കപ്പെടാതിരിക്കാനുള്ള സാഹചര്യങ്ങൾ ഒരുക്കുന്നതിലും ശ്രദ്ധിക്കേണ്ടതുണ്ട്. ഇതിനൊക്കെ പുറമേ, ഇരകളോടുള്ള ഇടപാടുകളിൽ നീതിന്യായസംവിധാനം കുറെക്കൂടി മനുഷ്യത്വപരമാകുകയും  വേണം. മുഖമില്ലാത്ത ജീവിതങ്ങളായി ഒതുങ്ങേണ്ടവരല്ല ഒരിക്കൽ ബലാത്സംഗത്തിനിരയായ ഈ സ്ത്രീകൾ− അവർക്ക് മറ്റു മനുഷ്യജീവികളെന്ന പോലെ തന്നെയുള്ള ജീവിതമാണ് ആവശ്യം. ആ നീതിക്കായുള്ള പോരാട്ടം ആരംഭിക്കേണ്ടത് സ്വന്തം വീട്ടിനുള്ളിൽ നിന്നും സമൂഹത്തിൽ നിന്നുമാണ്!

You might also like

Most Viewed