നേതാക്കളെ, ഈ മാലിന്യം നിങ്ങളെന്തു ചെയ്യും?


മറ്റൊരു നിയമസഭാ തിരഞ്ഞടുപ്പിനു കൂടി കളമൊരുങ്ങിയിരിക്കുന്നു. നാടെങ്ങും രാഷ്ട്രീയ ചർച്ചകളാണെങ്കിലും രാഷ്ട്രീയത്തിനപ്പുറം വോട്ടർമാരുടെ വോട്ടിനെ സ്വാധീനിക്കുന്ന ചില പ്രശ്‌നങ്ങൾ കേരളത്തിലുണ്ട്. അതിൽ ഏറ്റവും പ്രധാനം ഇക്കാലമത്രയും വിവിധ മുന്നണികൾ ഭരിച്ചിട്ടും പരിഹൃതമാകാതെ കിടക്കുന്ന മാലിന്യ നിർമ്മാർജന പ്രതിസന്ധി തന്നെയാണ്. രാഷ്ട്രീയത്തിലെ മാലിന്യങ്ങളെന്ന പോലെ തന്നെ സാമൂഹ്യ തലത്തിലും ആരോഗ്യ തലത്തിലും വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുന്ന ഒന്നാണിതെന്ന കാര്യത്തിൽ ആർക്കും തർക്കമില്ല. എന്നിരുന്നാലും ഖരമാലിന്യ നിർമ്മാർജന സംവിധാനങ്ങൾ കൊണ്ടുവരുന്നതിനെപ്പറ്റി പറയുന്പോൾ എല്ലാ രാഷ്ട്രീയകക്ഷികളും കേരളത്തിൽ ഒളിച്ചുകളി നടത്തിക്കൊണ്ടിരിക്കുകയാണ്. ആ പ്രശ്‌നം പരിഹരിക്കുന്നതിനെപ്പറ്റി നമ്മുടെ ജനപ്രതിനിധികൾ ഇപ്പോഴും അജ്ഞരാണെന്നതാണ് സത്യം. 

ഇന്ത്യയിൽ പ്രതിദിനം 1.43 ലക്ഷം ടൺ ഖരമാലിന്യം ഉൽപാദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സി.പി.സി.ബി) പറയുന്നത്. അതിൽ തന്നെ ഏറ്റവുമധികം ഖര മാലിന്യമുൽപാദിപ്പിക്കുന്നത് മഹാരാഷ്ട്ര സംസ്ഥാനമാണ് − പ്രതിദിനം 26,820 ടൺ. ഉത്തർപ്രദേശ് (19,180 ടൺ), തമിഴ്‌നാട് (14,532 ടൺ), ആന്ധ്രാപ്രദേശ്−തെലുങ്കാന (11,500 ടൺ), ഗുജറാത്ത് (9227 ടൺ), കർണാടക (8784 ടൺ) എന്നിവയാണ് ഖരമാലിന്യ കളക്ഷനിൽ തൊട്ടുപിന്നിലുള്ള സംസ്ഥാനങ്ങൾ. നഗരങ്ങളുടെ കാര്യത്തിലാണെങ്കിൽ പുനൈ, മുംബൈ, ആഗ്ര, അഹമ്മദാബാദ്, ചെന്നൈ, ബെംഗളുരു, ഭോപ്പാൽ, ‍‍ഡൽഹി, ഹൈദരാബാദ്, ജയ്പൂർ, കാൺപൂർ, കൊൽക്കത്ത, ലക്‌നൗ, നാഗ്പൂർ, സൂറത്ത് തുടങ്ങിയ സ്ഥലങ്ങളൊക്കെ തന്നെയും പ്രതിദിനം 500 ടണ്ണിലധികം ഖരമാലിന്യം ഉൽപാദിപ്പിക്കുന്നവയുമാണ്. ഇനി കേരളത്തിന്റെ കണക്കുകൾ പരിശോധിക്കാം. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 2006−ൽ ഉൽപാദിപ്പിക്കപ്പെട്ടത് പ്രതിദിനം 8338 ടണ്ണാണ്. എന്നാൽ മാലിന്യങ്ങളുടെ 80 ശതമാനവും അനാരോഗ്യകരമായ രീതിയിലോ ആരോഗ്യപ്രശ്നങ്ങൾക്കും പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കും ഇടയാകുന്ന വിധത്തിലാണ് നിർമ്മാർജനം ചെയ്യപ്പെടുന്നതെന്നതാണ് ദയനീയമായ കാര്യം. മലിനമായ ഭൂമിയും ജലാശയങ്ങളുമെല്ലാം ഇന്ത്യയിൽ വരും തലമുറകളുടെ ജീവിതം ദുരിതമയമാക്കുമെന്ന കാര്യത്തിൽ സംശയമില്ല. 2019−ഓടെ ഇന്ത്യയെ ശുദ്ധ ഭാരതമാക്കുമെന്ന (സ്വച്ഛ് ഭാരത്) പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ദൗത്യം പോലും ഇന്ത്യയുടെ മാലിന്യനിർമ്മാർജനം സംബന്ധിച്ച വലിയ വെല്ലുവിളികളെ കണക്കുകളുടെ പിൻബലത്തിൽ കണക്കിലെടുക്കാതെയുള്ളതാണെന്ന് വ്യക്തം. മഹാത്മാഗാന്ധിയുെട ജന്മദിനമായ ഒക്ടോബർ രണ്ടിന് 2014−ൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച ഈ പദ്ധതി 2019−ൽ ഗാന്ധിയുടെ 150−ാം ജന്മവാർഷികത്തിന് പൂർത്തിയാക്കാനാകുമെന്ന പ്രഖ്യാപനം നമ്മുടെ മാലിന്യ നിർമ്മാർജന സംവിധാനങ്ങളുടെ നിലവിലെ അവസ്ഥയെ തെല്ലും പരിഗണിക്കാതെയുള്ളതാണ്. രാജ്യത്തെ 4041 പട്ടണങ്ങളിലെ മാലിന്യനിർമ്മാർജന സംവിധാനം ശരിയായ പാതയിലെത്തിക്കാൻ സർക്കാർ ചെലവാക്കാൻ ഉദ്ദേശിക്കുന്ന തുക കേവലം 62,009 കോടി രൂപ മാത്രമാണെന്നറിയുക! അതിൽ കേന്ദ്ര സർക്കാരിന്റെ വിഹിതമാകട്ടെ കേവലം 14,623 കോടി രൂപയും. അന്താരാഷ്ട്ര ഖരമാലിന്യ അസോസിയേഷന്റെ കണക്കുകൾ പ്രകാരം ഖരമാലിന്യം ഏറ്റവുമധികം ഉൽപാദിപ്പിക്കുന്ന രാഷ്ട്രങ്ങളിൽ ചൈനയ്ക്കും അമേരിക്കയ്ക്കും തൊട്ടു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനമെന്നിരിക്കേയാണ് ഇത്രയും ചെറിയൊരു തുക കൊണ്ട് സ്വച്ഛ് ഭാരത് സാധ്യമാക്കുമെന്ന് മോഡി പ്രഖ്യാപിച്ചിരിക്കുന്നത്. 

ഇന്ത്യയിൽ പ്രതിദിനം ഉൽപാദിക്കപ്പെടുന്ന മാലിന്യമായ 1.43 ലക്ഷം ടണ്ണിൽ 90,000 ടൺ മാത്രമേ ശേഖരിക്കപ്പെടുന്നുള്ളുവെന്നതും അതിൽ തന്നെ 25,000 ടൺ മാത്രമേ സംസ്‌കരിക്കപ്പെടുന്നുള്ളുവെന്നതും യഥാർത്ഥ്യമാണ്. അതായത് ഇന്ത്യയിൽ ഉൽപാദിപ്പിക്കപ്പെടുന്ന ഖരമാലിന്യങ്ങളുടെ 64 ശതമാനം മാത്രമേ ശേഖരിക്കപ്പെടുന്നുള്ളു അതിൽ തന്നെ 28 ശതമാനം മാത്രമേ സംസ്‌കരിക്കാൻ മുൻസിപ്പാലിറ്റി അധികൃതർക്ക് കഴിയുന്നുള്ളു. 2031 ആകുന്പോഴേക്ക് മൊത്തം ഖരമാലിന്യ ഉൽപാദനം 1.65 കോടി ടണ്ണായി മാറുമെന്നും 2050 ആകുന്പോഴേക്ക് അത് 4.36 കോടി ടണ്ണായി മാറുമെന്നുമാണ് അനുമാനിക്കപ്പെടുന്നത്. വികസിത രാഷ്ട്രങ്ങൾ പലതും ഈ മാലിന്യങ്ങളെ സംസ്‌കരിക്കുകയും അതിലൂടെ ഊർജോൽപാദനം സാധ്യമാക്കാമെന്ന് കണ്ടെത്തുകയും ചെയ്തുവെങ്കിലും യൂറോപ്പും അമേരിക്കയും ചൈനയും പിന്തുടരുന്ന ഈ സംവിധാനങ്ങളെ അനുകരിക്കാൻ ഇന്ത്യ ഇനിയും തയ്യാറായിട്ടില്ല. ആഗോളതലത്തിൽ മാലിന്യത്തിൽ നിന്നും ഊർജം ഉൽപാദിപ്പിക്കുന്ന 2200 പ്ലാന്റുകൾ ഉണ്ടെങ്കിലും ഇന്ത്യയിൽ കേവലം എട്ട് പ്ലാന്റുകൾ മാത്രമേ അത്തരത്തിലുള്ളതായി ഉള്ളൂ. 

ഖരമാലിന്യ സംസ്‌കരണ രംഗത്ത് കേരളത്തിന്റെ അവസ്ഥയും വളരെ പരിതാപകരമാണെന്ന് പറയാതെ വയ്യ. കേരളത്തിലെ ഖരമാലിന്യ സംസ്‌കരണ പ്ലാന്റുകളിൽ പലതിലും മാലിന്യങ്ങൾ സംസ്‌കരിക്കപ്പെടുന്നത് നാമമാത്രമാണ്. − ഈ പ്ലാന്റുകൾ പലതും നഗരമാലിന്യങ്ങൾ തള്ളാനുള്ള മാലിന്യ കൂനകളായി മാറിയിരിക്കുന്നു. മഴക്കാലങ്ങളിൽ ഈ മാലിന്യക്കൂന്പാരങ്ങളിൽ നിന്നും പുറത്തേക്ക് ഒഴുകിയിറങ്ങുന്ന മലിനജലം കുടിവെള്ള സ്രോതസ്സുകളെപ്പോലും മലിനമാക്കുകയും സാംക്രമിക രോഗങ്ങൾ പടർന്നുപിടിക്കുന്നതിനു കാരണമാകുകയും ചെയ്യുന്നു. മികച്ച മാലിന്യ നിർമ്മാർജന സംവിധാനങ്ങൾ ഉണ്ടായാൽ ഇന്ത്യയിൽ നിന്നും 22 രോഗങ്ങളെ തടയാനോ നിയന്ത്രിക്കാനോ കഴിയുമെന്നാണ് ലോകാരോഗ്യ സംഘടന പറഞ്ഞിട്ടുള്ളത്. പക്ഷേ കൊച്ചിയിലെ ബ്രഹ്മപുരത്തും തൃശൂരിലെ ലാലൂരിലും തിരുവനന്തപുരത്തെ വിളപ്പിൽശാലയിലുമൊക്കെ സംഭവിക്കുന്നതെന്താണെന്ന് നാം കാണുന്നുണ്ട.് ഖരമാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിൽ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ് ഇന്ന് കേരളം. കൊച്ചി നഗരത്തിൽ മാത്രം പ്രതിദിനം 380 ടൺ ഖരമാലിന്യങ്ങളാണ് ഉൽപാദിപ്പിക്കപ്പെടുന്നത് ഇതിൽ 150 ടണ്ണോളം ജൈവ മാലിന്യങ്ങളും 100 ടണ്ണോളം പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ്. മാലിന്യ സംസ്‌കരണത്തിന്റെ കാര്യത്തിലുള്ള ഈ മെല്ലെപ്പോക്ക് സമീപനവും അനാസ്ഥയും അറിയണമെങ്കിൽ കൊച്ചിയിൽ ബ്രഹ്മപുരത്തുള്ള മാലിന്യ സംസ്‌കരണ പ്ലാന്റ് സന്ദർശിച്ചാൽ തന്നെ മനസ്സിലാകും. 110 ഏക്കറിലധികം വരുന്ന ഭൂമിയിൽ കൊച്ചിയിലെ ബ്രഹ്മപുരത്ത് സ്ഥാപിച്ചിട്ടുള്ള ഈ പ്ലാന്റ് മാലിന്യങ്ങൾ കൂട്ടിയിടാനുള്ള ഒരിടമായി മാറിയിരിക്കുകയാണ് ഇന്ന്. രൂക്ഷമായ ഗന്ധം മൂലവും ഭൂഗർഭജലത്തിലും പരിസരത്തെ നദിയിലും മണ്ണിലുമെല്ലാം മാലിന്യം ഇതിനകം തന്നെ കലർന്നു കഴിഞ്ഞിരിക്കുന്നു. കടന്പ്രയാറിന്റെയും ചിത്രപ്പുഴയുടെയും തീരത്തുണ്ടായിരുന്ന തണ്ണീർത്തടമായ പ്രദേശത്തെ മാലിന്യ നിക്ഷേപത്തിനുള്ള ഇടമായി മാറ്റുക വഴി കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കാണ് അത് വഴി തെളിച്ചുകൊണ്ടിരിക്കുന്നത്. നദികളുടെ തീരത്ത് മാലിന്യ സംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചതുവഴി സർക്കാരിന്റെയും അതിന് അനുമതി നൽകിയ കോടതിയുടെയും വെളിവുകേടാണ് വ്യക്തമായത്. പ്രദേശത്തെ ഒന്പത് പഞ്ചായത്തുകളുടെ കുടിവെള്ള സ്രോതസ്സാണ് ഈ നദികളെന്നതിനു പുറമേ, തീരദേശ പരിപാല നിയന്ത്രണ ചട്ടങ്ങളുടെ (സി.ആർ.ഇസഡ്) പരിധിയിൽ വരുന്ന ഇടം കൂടിയാണ് ഇത്. 2015ൽ സംസ്ഥാന സർക്കാർ നിയമിച്ച അന്വേഷണ സമിതി അഞ്ചു ലക്ഷം ടണ്ണോളം മാലിന്യം ഇവിടെ വെറുതെ കുഴിച്ചു മൂടുകയാണെന്നും സർക്കാർ ഇക്കാര്യത്തിൽ അടിയന്തരമായി ഇടപെടണമെന്നും റിപ്പോർട്ട് നൽകിയിരുന്നതുമാണ്. ശാസ്ത്രീയമായ മാലിന്യ നിർമ്മാർജ്ജന രീതികൾ അവലംബിക്കാതെ ഇത്തരമൊരു പ്ലാന്റ് കൊച്ചി കോർപ്പറേഷൻ സ്ഥാപിച്ചതിന്റെ യുക്തിയും ആർക്കും മനസ്സിലാകുന്നതല്ല. പ്ലാന്റിനായി വലിയ തുക ഇതിനകം ചെലവിട്ടു കഴിഞ്ഞതിനാൽ ഇനി അത് മാറ്റി സ്ഥാപിക്കുന്ന കാര്യം ആലോചിക്കാൻ പോലുമാവില്ലെന്നാണ് കോർപ്പറേഷന്റെ വാദം. മഴക്കാലത്ത് തൃശൂരിലെ ലാലൂരിൽ സംഭവിക്കുന്നതുപോലെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുകിയിറങ്ങി സാംക്രമിക രോഗങ്ങൾക്ക് ഇടയാക്കുന്ന അവസ്ഥ കാണാതിരുന്നു കൂടാ. മഞ്ഞപ്പിത്തം, ടൈഫോയിഡ്, കോളറ, ഛർദ്ദി, വയറിളക്കം, എലിപ്പനി പോലുള്ള രോഗങ്ങൾക്ക് അത് ഇടയാക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട. 

ഉറവിട മാലിന്യ സംസ്‌കരണ പദ്ധതികൾ സർക്കാർ നടപ്പിൽ വരുത്തുണ്ടെങ്കിലും നഗര മാലിന്യത്തിന്റെ അളവ് വളരെ കൂടുതലായതിനാൽ അവക്കൊന്നും തന്നെ ശാശ്വത പരിഹാരമായി മാറാനുള്ള കഴിവ് ഇന്നില്ല. പൈപ്പ് കന്പോസ്റ്റിങ്, ബയോഗ്യാസ് പ്ലാന്റ്, മൺകല കന്പോസ്റ്റിങ് തുടങ്ങിയ മാലിന്യ നിർമ്മാർജന രീതികൾക്ക് ഈ മാലിന്യത്തിന്റെ ഒരു ശതമാനം പോലും ഉൾക്കൊള്ളാനാവില്ല. കേന്ദ്ര നഗരവികസന മന്ത്രാലയത്തിന്റെ ശുചിത്വ സർവേയിൽ മുന്പ് നാലാം സ്ഥാനത്തായിരുന്ന കൊച്ചി ഇപ്പോൾ 55−ാം സ്ഥാനത്താണെന്നത് നമ്മുടെ മാലിന്യ നിർമ്മാർജന സംവിധാനങ്ങളുടെ പോരായ്മകൾ വ്യക്തമാക്കുന്നു. ഇതിനൊക്കെ പുറമെയാണ് വർദ്ധിച്ചുവരുന്ന ഇലക്ടോണിക് മാലിന്യങ്ങൾ അഥവാ ഇ-വേയ്സ്റ്റുകളുടെ അവസ്ഥ. ക്ലീൻ കേരള കന്പനിയുമായി ചേർന്ന് കൊച്ചി കോർപ്പറേഷൻ കിലോയ്ക്ക് 10 രൂപയ്ക്കും കുട്ടികളിൽ നിന്നും ശേഖരിക്കുന്പോൾ കിലോയ്ക്ക് 25 രൂപയ്ക്കും ഇ മാലിന്യം ഏറ്റെടുക്കുന്ന നഗരചന്തകൾ അവർ നടത്തുകയുണ്ടായി. കഴിഞ്ഞ ഫെബ്രുവരി 15−17 തീയതികളിൽ നടന്ന ഈ ചന്തയിൽ 5 ടൺ ഇ-വേയ്സ്റ്റും 200 കിേലാഗ്രാം ട്യൂബ്ലൈറ്റും 650 കിലോഗ്രാം പഴയ ടെലിവിഷൻ സെറ്റുകളും കോർപ്പറേഷന് ശേഖരിക്കാനായി. ഇവിടെ നിന്നും ശേഖരിച്ച ഇ-മാലിന്യങ്ങൾ ഹൈദരാബാദിെല എർത്ത് സെൻസ് റീസൈക്കിൾ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലേക്ക് കിലോയ്ക്ക് 45 രൂപ നിരക്കിൽ സംസ്‌കരണത്തിനായി നൽകുകയാണ് കോർപ്പറേഷൻ ചെയ്തത്. സംസ്ഥാനത്ത് ഉടനീളം നടത്തിയ ഇത്തരം ചന്തകളിൽ നിന്നും മൊത്തം 208 ടൺ ഇ-വേയ്സ്റ്റും 7 ടൺ ട്യൂബ്ലൈറ്റുകളും സി.എഫ്.എൽ ലാന്പുകളും ശേഖരിക്കുക വഴി സംസ്ഥാനത്തെ ഇ-വേയ്സ്റ്റിന്റെ 25 ശതമാനത്തോളം ശേഖരിക്കാനാെയന്നാണ് ക്ലീൻ കേരള കന്പനിയുടെ മാനേജിംഗ് ഡയറക്ടറായ കബീർ ബി ഹാറൂൺ അവകാശപ്പെടുന്നത്. ഇ-വേയ്സ്റ്റുകളിലുള്ള മാരകമായ ഖരമാലിന്യങ്ങളായ നിക്കൽ, കാഡ്മിയം, മെർക്കുറി എന്നിവ മണ്ണിലേക്കെത്തിയാൽ അതുണ്ടാക്കുന്ന ഭീകരത വലുതായിരിക്കുമെന്നതിനാൽ ശരിയായ വിധത്തിൽ അത് സംസ്‌കരിക്കുന്ന ഏജൻസികൾക്കു മാത്രമേ അവ കൈമാറാവൂ എന്നത് പലർക്കും അറിയാത്ത കാര്യമാണ്. ക്ലീൻ കേരള കന്പനി ബ്ലോക്ക് പഞ്ചായത്തുകളുമായും ഗ്രാമപഞ്ചായത്തുകളായുമൊക്കെ ഇപ്പോൾ ഇ-വേയ്സ്റ്റ് മാലിന്യ നിർമ്മാർജനത്തിനു കരാർ ഉണ്ടാക്കാൻ തുടങ്ങിയെങ്കിലും ഇതുവരെ കേവലം 45 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മാത്രമേ ഇതിൽ പങ്കാളികളായിട്ടുള്ളു. മാത്രവുമല്ല ഇതിനുശേഷം ഏപ്രിലിൽ മാസത്തിൽ കൊച്ചിയിൽ നടന്ന ഇ-വേയ്സ്റ്റ് ശേഖരണം പരാജയപ്പെടുകയും ചെയ്തിരുന്നു. 

 

മാലിന്യ നിർമ്മാർജനത്തിന് വ്യക്തമായ ഒരു മാർഗരേഖ ഉണ്ടാക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് ഈ കണക്കുകളെല്ലാം വിരൽ ചൂണ്ടുന്നത്. ഇത്തവണത്തെ തിരഞ്ഞടുപ്പിലെങ്കിലും കേരളത്തിലെ രാഷ്ട്രീയകക്ഷികൾ മാലിന്യനിർമ്മാർജനത്തിന് അവർ ആവിഷ്‌കരിക്കാൻ പോകുന്ന പദ്ധതികൾ ജനങ്ങൾക്കു മുന്നിൽ വയ്ക്കട്ടെ− പകർച്ചവ്യാധികളില്ലാത്ത, മലിനമല്ലാത്ത നദികളുള്ള, ഖരമാലിന്യം നാടിനെ മലിനമാക്കാതെ സംസ്‌കരിക്കാൻ പദ്ധതി തയ്യാറാക്കുന്നവർക്കാകട്ടെ നമ്മുടെ വോട്ട്! 

 
 
 
 

You might also like

Most Viewed