വിവരാവകാശ നിയമം അട്ടിമറി ഭീതിയിൽ!
വിവരാവകാശ നിയമം നിലവിൽ വന്നതിനുശേഷം കേരളത്തിലെ ആദ്യത്തെ വിവരാവകാശ അപേക്ഷ ലീഗൽ സർവീസസ് അതോറിട്ടിക്കുവേണ്ടി നൽകിയത് അഡ്വക്കേറ്റ് ഡി.ബി ബിനുവായിരുന്നു. സുനാമി ബാധിത പ്രദേശങ്ങളിൽ നടപ്പാക്കിയ ദുരിതാശ്വാസ പദ്ധതികളെ കുറിച്ചായിരുന്നു ബിനുവിന്റെ അന്വേഷണം. 48 മണിക്കൂറിനുള്ളിൽ അതിനുള്ള മറുപടി ബിനുവിന് നൽകപ്പെട്ടതാകട്ടെ ഇന്ത്യയിലെ ആദ്യത്തെ അതിവേഗത്തിലുള്ള വിവരാവകാശ കൈമാറ്റവുമായിരുന്നിരിക്കണം. പക്ഷേ വിവരാവകാശ നിയമം നിലവിൽ വന്ന് പത്ത് വർഷം പിന്നിടുന്ന ഈ വേളയിൽ സംസ്ഥാന വിവരാവകാശ കമ്മീഷൻ തന്നെ കേരളത്തിൽ വലിയൊരു ഫലിതമായി മാറിക്കൊണ്ടിരിക്കുകയാണ്. വിവരാവകാശ അപേക്ഷകൾ നൽകുന്നവർക്ക് ഒന്നുകിൽ പലതരത്തിലുള്ള പീഡനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നു, അതല്ലെങ്കിൽ മുട്ടാപ്പോക്ക് ന്യായവാദങ്ങൾ ഉന്നയിച്ച് അവരുടെ അപേക്ഷകളിൽ വിവരം നൽകാതിരിക്കുന്നു, അതുമല്ലെങ്കിൽ ഇപ്പോൾ വിവരാവകാശ കമ്മീഷനു മുന്നിൽ തീർപ്പു കൽപിക്കാൻ കെട്ടിക്കിടക്കുന്ന 13,000ത്തോളം വരുന്ന അപേക്ഷകളിൽ ഒന്നായി അവരുടെ അപേക്ഷയും മാറുന്നു. ഭരണസംവിധാനം നെറികേടുകൾ കാട്ടുന്പോൾ തെളിവുകൾ സഹിതം അതിനെതിരെ പ്രതിരോധിക്കാൻ പൗരന് അവകാശം നൽകുകയും പൊതുജനങ്ങൾക്ക് ഭരണത്തിന്റെ സുതാര്യത ഉറപ്പുവരുത്താനായി രൂപകൽപന ചെയ്യപ്പെട്ട വിവരാവകാശ നിയമത്തെ (ആർ.ടി. ഐ ആക്ട്) അട്ടിമറിക്കാനും അതിനെ നോക്കുകുത്തിയായി നിർത്താനുമുള്ള ശ്രമങ്ങളാണ് ഇപ്പോൾ സർക്കാരുകളുടെ ഭാഗത്തു നിന്നും ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് വ്യക്തം. അഴിമതി ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ നിർമ്മിക്കപ്പെട്ട ഈ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ അട്ടിമറിച്ചുകൊണ്ട് വിജിലൻസ് ആൻഡ് ആന്റി കറപ്ക്ഷൻ ബ്യൂറോയിൽ നിന്നും അഴിമതിക്കേസുകളുമായി ബന്ധപ്പെട്ട രേഖകളൊന്നും വിവരാവകാശ നിയമപ്രകാരം നൽകേണ്ടതില്ലെന്ന് കേരള സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചതാണ് ഇതിൽ ഏറ്റവും പ്രധാനം. വിവരാവകാശം ഭേദഗതി ചെയ്യുന്നത് സംബന്ധിച്ച് കേന്ദ്ര സർക്കാർ സംസ്ഥാന സർക്കാരുകൾക്ക് കത്തയച്ചപ്പോഴാകട്ടെ കേരളത്തിലെ പൊതുഭരണ വകുപ്പ് മാധ്യമപ്രവർത്തകരെ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്നും ഒഴിവാക്കണമെന്ന് നിർദ്ദേശവും മുന്നോട്ടുവച്ചിരിക്കുന്നു− മാധ്യമപ്രവർത്തകർ വിവരാവകാശ നിയമത്തെ പബ്ലിസിറ്റിക്കും പ്രോഫിറ്റിനും വേണ്ടി ഉപയോഗിക്കുന്നുവെന്നാണ് അവരെ ഒഴിവാക്കാൻ ആവശ്യപ്പെട്ടിരിക്കുന്നതിന്റെ “കിടിലൻ ന്യായം”. രാഷ്ട്രീയപാർട്ടികൾ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരുമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷൻ വിധിച്ചിട്ട് മൂന്നു വർഷമായിട്ടും ഒരു രാഷ്ട്രീയപാർട്ടിയും ഇക്കാലമത്രയും ഒരു വിവരാവകാശ അപേക്ഷയ്ക്കും മറുപടി നൽകിയതായും ആർക്കുമറിവില്ല. ഇതിനൊക്കെ പുറമേ, 2006ൽ ഈ നിയമം പ്രാബല്യത്തിൽ വന്നതിനുശേഷം കേരളത്തിൽ കേവലം 512 ഉദ്യോഗസ്ഥർ മാത്രമേ ഈ നിയമപ്രകാരം വിവരം നൽകാത്തതിന് പിഴയെടുക്കൽ ശിക്ഷയ്ക്ക് വിധേയരായിട്ടുള്ളുവെന്നും 463 കേസ്സുകൾ മാത്രമേ ഇൻഫർമേഷൻ ഓഫീസർമാർക്കെതിരെ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളുവെന്നും കേവലം 36 ലക്ഷം രൂപ മാത്രമാണ് ഇക്കാലമത്രയും ഇവരിൽ നിന്നും ആകെ പിഴയെടുക്കിയ തുകയെന്നും മനസ്സിലാക്കുന്പോൾ തന്നെ വിവരാവകാശ നിയമത്തെ ഫലപ്രദമായി വിനിയോഗിക്കുന്നതിന് പൗരന്മാർക്ക് കഴിഞ്ഞിട്ടില്ലെന്ന് ബോധ്യപ്പെടും.
വിവരാവകാശ നിയമത്തിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ മാധ്യമപ്രവർത്തകരും അഭിഭാഷകരുമാണ്. രേഖകളും ബന്ധപ്പെട്ട വിവരങ്ങളും വിവരാവകാശ അപേക്ഷ നൽകി കൈവശപ്പെടുത്തിയശേഷം നൽകുന്ന വാർത്തകൾക്ക് ആധികാരികത വർധിക്കുമെന്നതിനു പുറമേ, അവ ചോദ്യം ചെയ്യപ്പെടാനുള്ള സാധ്യതകളും വളരെ കുറവാണ്. അഭിഭാഷകരെ സംബന്ധിച്ചിടത്തോളം രേഖകൾ സന്പാദിച്ചതിനുശേഷം സമർപ്പിക്കപ്പെടുന്ന പരാതികളെ പ്രതിരോധിക്കാൻ എതിർ കക്ഷികൾക്ക് സാധിക്കാതെ വരികയും ചെയ്യും. വിവരാവകാശ നിയമം പ്രാബല്യത്തിൽ വന്നശേഷം ഇന്ത്യയിലെ മാധ്യമപ്രവർത്തകർ നിയമത്തെ നന്നായി ഉപയോഗിച്ചതിനെ തുടർന്ന് ഭരണതലങ്ങളിൽ നടന്ന പല അഴിമതിക്കഥകളും പുറത്തുവന്നുവെന്നതിനു പുറമേ കൂടുതൽ സുതാര്യമായ ഒരു വ്യവസ്ഥയ്ക്ക് കളമൊരുങ്ങുകയും ചെയ്തു. പക്ഷേ ഇത് അഴിമതിക്കാരായ ഉദ്യോഗസ്ഥരുടേയും ഉറക്കം കെടുത്തിയെന്നു മാത്രമല്ല രാഷ്ട്രീയ മേലാളന്മാർ ഈ നിയമത്തെ ഏതു വിധേനെയും കൊല ചെയ്യാനുള്ള ശ്രമങ്ങൾ ആരംഭിക്കുകയും ചെയ്തു. അത് ഉദ്യോഗസ്ഥസമൂഹത്തിലും രാഷ്ട്രീയക്കാരിലും ഉണ്ടാക്കിയ ഭീതിയാണ് മാധ്യമപ്രവർത്തകർക്ക് അഴിമതിക്കേസുകൾ സംബന്ധിച്ച വിവരങ്ങൾ നൽകരുതെന്ന വിചിത്രമായ ഭേദഗതി കേരളം കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചത്. വിവരാവകാശ നിയമത്തെ മറ്റു പലതരത്തിലും അട്ടിമറിക്കാനുള്ള യത്‌നങ്ങളും കേരളത്തിൽ തകൃതിയായി നടക്കുന്നുവെന്നതിന്റെ തെളിവാണ് യു.ഡി.എഫ് സർക്കാരിന്റെ അവസാനകാലത്ത് സംസ്ഥാന വിവരാവകാശ കമ്മീഷനിലേക്ക് നിർദ്ദേശിക്കപ്പെട്ട നിയമനങ്ങൾ. മുഖ്യ വിവരാവകാശ കമ്മീഷണറുടെ തസ്തികയിലേക്ക് ബാർ കോഴക്കേസ്സിൽ സർക്കാരിനെ സംരക്ഷിക്കുന്ന റിപ്പോർട്ട് തയാറാക്കാൻ കൂട്ടുനിന്ന വിജിലൻസ് കമ്മീഷണർ എന്ന ആരോപണം നേരിടുന്ന വിൻസൻ എം. പോളിന്റെ പേരാണ് നിർദ്ദേശിക്കപ്പെട്ടതെങ്കിൽ വിവരാവകാശ കമ്മീഷണർമാരുടെ തസ്തികകളിലേക്ക് നിർദ്ദേശിക്കപ്പെട്ടത് യു.ഡി.എഫിലെ വിവിധ രാഷ്ട്രീയപാർട്ടികളിൽ നിന്നുള്ള ഭരണവർഗത്തിന്റെ ശിങ്കിടികളുടെ പേരുകളും. സത്യസന്ധതയും വിശ്വാസ്യതയുമുള്ള നിഷ്പക്ഷരായ ഉദ്യോഗസ്ഥർ ഈ സ്ഥാനങ്ങളിലെത്തിയാൽ മാത്രമേ പൗരന്റെ വിവരാവകാശം സംരക്ഷിക്കപ്പെടുകയുള്ളുവെന്ന് അറിയാവുന്ന ആർക്കും സർക്കാരിന്റെ ഈ തിരുകിക്കയറ്റലിന്റെ ലക്ഷ്യം ബോധ്യപ്പെടും ജനം ആവശ്യപ്പെടുന്ന രേഖകൾ എങ്ങനെയൊക്കെ നൽകാതിരിക്കണം എന്നതിലാകും ഇപ്പോൾ അഴിമതിയിൽ മുങ്ങിക്കുളിച്ചു നിൽക്കുന്ന യു.ഡി.എഫ് സർക്കാരിന്റെ പിണിയാളന്മാരായി നാളെ പ്രവർത്തിക്കേണ്ടുന്ന ഈ ഉദ്യോഗസ്ഥരുടെ ദൗത്യം. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദനുമടങ്ങിയ സമിതിക്കാണ് കമ്മീഷനിലേക്ക് നിയമനം നടത്താനുള്ള അധികാരമെന്നിരിക്കേ, യു.ഡി.എഫിന്റെ രണ്ട് അംഗങ്ങളുടെ തീരുമാനം ഇക്കാര്യത്തിൽ ഭൂരിപക്ഷാഭിപ്രായം എന്ന നിലയിൽ നടപ്പാക്കപ്പെടുകയായിരുന്നു. സർക്കാരിന്റെ ഈ നിയമനങ്ങൾക്കെതിരെ ഹൈക്കോടതിയിൽ പരാതി സമർപ്പിക്കപ്പെട്ടതിനാൽ ഗവർണർ ഈ പട്ടിക സർക്കാരിന് തിരിച്ചയച്ചിരിക്കുകയാണ്. സർക്കാരാകട്ടെ ഈ നിയമനങ്ങളിൽ യാതൊരു അപാകതയുമില്ലെന്ന തങ്ങളുടെ വാദം ഹൈക്കോടതിയിൽ ആവർത്തിക്കുകയും ചെയ്തിരിക്കുന്നു. ഈ വരുന്ന ഏപ്രിൽ 24ന് മുഖ്യ വിവരാവകാശ കമ്മീഷണർ പദവി സിബി മാത്യൂസ് ഒഴിയുന്നതോടെ സംസ്ഥാന വിവരാവകാശ കമ്മീഷൻ അക്ഷരാർത്ഥത്തിൽ ശൂന്യമാകുമെന്നിരിക്കേ, ഇവരുടെ പേരുകൾ തന്നെ അംഗീകരിക്കപ്പെടാനുള്ള സാധ്യതയാണ് ഇപ്പോൾ കാണുന്നത്.
വിവരാവകാശ നിയമം പ്രാവർത്തികമാക്കിയ ഘട്ടത്തിൽ സുപ്രധാനമായ പല നീക്കങ്ങളും നടത്തിക്കൊണ്ട് പല വിവരവകാശ പ്രവർത്തകരും ചരിത്രത്തിന്റെ ഭാഗം പോലുമായിട്ടുണ്ട്. ആക്ടിവിസ്റ്റും കേരളത്തിലെ മുഖ്യ വിവരാവകാശ പ്രവർത്തകരിലൊരാളുമായ അഡ്വക്കേറ്റ് ഡി.ബി ബിനു അവരിലൊരാളാണ്. ഗവർണറുടെ ഓഫീസിലെ പബ്ലിക് ഇൻഫർമേഷൻ ഓഫീസർ എം.എൽ.എമാരുടെ ആസ്തി സംബന്ധിച്ച് ലോകായുക്തയ്ക്ക് സമർപ്പിച്ച റിപ്പോർട്ട് നൽകാൻ വിസമ്മതിച്ചപ്പോൾ സംസ്ഥാന ഇൻഫർമേഷൻ കമ്മീഷണർക്ക് പരാതി നൽകി ഓഫീസറെക്കൊണ്ട് 25,000 രൂപ പിഴയൊടുപ്പിച്ചു അദ്ദേഹം. മാറാട് ജുഡീഷ്യൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ പകർപ്പ് നൽകുന്നതിൽ അലംഭാവം കാണിച്ചതിന്റെ പേരിൽ ആഭ്യന്തരവകുപ്പ് അഡീഷണൽ സെക്രട്ടറി കെ.കെ രമണിക്ക് ദിവസം 250 രൂപ പ്രകാരം 14,750 രൂപ വിവരാവകാശ കമ്മീഷൻ പിഴയൊടുക്കാൻ വിധിച്ച് സർക്കാരുദ്ദ്യോഗസ്ഥരിൽ ഞെട്ടലുളവാക്കുകയും ചെയ്തു ബിനു. മാറാട് കമ്മീഷന്റെ ജുഡീഷ്യൽ അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് ചോദിച്ച ബിനുവിനോട് നിയമസഭയുടെ മുന്പാകെ വെച്ചിട്ടില്ലാത്ത അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് സാധാരണ പൗരന് നൽകുന്നത് സഭയുടെ പ്രിവിലേജിനെ ഹനിക്കുന്നതാണെന്ന് അറിയിച്ച ആഭ്യന്തര വകുപ്പിന്റെ പബ്ലിക് ഇൻഫർമേഷൻ ഓഫീസറുടെ നിലപാടിനെതിരെ ‘നിയമസഭ ഒരു അന്വേഷണ കമ്മീഷനെ നിയമിക്കുന്പോൾ മാത്രമേ അപ്രകാരമുള്ള പ്രിവിലേജ് ഉയരുന്നുള്ളു’ എന്ന വാദവുമായി വിവരാവകാശ കമ്മീഷനെ സമീപിച്ച ബിനുവിന് ‘രാജ്യസുരക്ഷയെ ബാധിക്കാത്ത ഏതൊരു അന്വേഷണ കമ്മീഷന്റേയും പകർപ്പ് പൗരന് അവകാശപ്പെടാനാകും’ എന്ന് കമ്മീഷൻ വിധിക്കുകയായിരുന്നു. അതേപോലെ പാലക്കാട്ട് ആസൂത്രണ ഡിപ്പാർട്ട്‌മെന്റിനോട് എം.പി ഫണ്ടിന്റെ ഉപയോഗത്തെപ്പറ്റി ചോദിച്ച ബിനുവിനോട് വിവരം നൽകാൻ 54,000ത്തോളം രൂപ ഫീസിനത്തിൽ നൽകമെന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി. ആ തുക എന്തിനാണെന്ന് ചോദിച്ച ബിനുവിനോട് താങ്കൾ ആവശ്യപ്പെട്ട വിവരം കണ്ടെത്താനായി രണ്ട് റിസർച്ച് അസിസ്റ്റന്റുമാരെ 15,000 രൂപ വീതം ശന്പളത്തിൽ വെയ്ക്കണമെന്നും മറ്റു ചെലവുകൾക്കാണ് ബാക്കി തുകയുമെന്ന് മറുപടി ലഭിച്ചു. ഒരു പേജിന് രണ്ടു രൂപ ഈടാക്കാനേ നിയമമുള്ളുവെന്ന് ബിനു ചൂണ്ടിക്കാട്ടിയപ്പോൾ ഉദ്യോഗസ്ഥൻ 24,000 രൂപയായി ഫീസ് വെട്ടിച്ചുരുക്കി വീണ്ടും കത്തയച്ചു. എന്നാൽ 30 ദിവസം കഴിഞ്ഞാൽ ഉദ്യോഗസ്ഥന്റെ സ്വന്തം ചെലവിൽ വിവരം നൽകണമെന്ന നിയമം ഉപയോഗിച്ച് അത് വാങ്ങിച്ചെടുക്കാൻ ബിനുവിനായി. ഭരണഘടനാപരമായ അവകാശങ്ങളുടേയും അധികാരങ്ങളുടേയും പേരിൽ സംസ്ഥാന വിവരാവകാശ കമ്മീഷനും കേരളാ നിയമസഭയും തമ്മിൽ 2009-10 കാലയളവിൽ നടന്ന വിവാദങ്ങൾക്ക് വഴിവച്ചതും ബിനുവിന്റെ ആർ.ടി.ഐ അപേക്ഷയായിരുന്നു. ഉമ്മൻ ചാണ്ടി സർക്കാരിനെ വിമർശിച്ചുകൊണ്ട് 2005ൽ ടി.എം ജേക്കബ് നടത്തിയ നിയമസഭാ പ്രസംഗത്തിന്റെ വീഡിയോ ടേപ്പിനായുള്ള അപേക്ഷ നിയമസഭയുടെ പ്രിവിലേജ് കമ്മിറ്റി തള്ളിയതിനെ തുടർന്ന് ‘നിയമസഭയിലോ പാർലമെന്റിലോ ഹാജരാക്കാവുന്ന ഏതൊരു രേഖയും പൗരന് നിഷേധിക്കാനാവില്ല’ എന്ന വിവരാവകാശ നിയമ ചട്ടപ്രകാരം സംസ്ഥാന വിവരാവകാശ കമ്മീഷനെ ബിനു സമീപിച്ചു. ടേപ്പ് നൽകാൻ കമ്മീഷൻ ഉത്തരവിട്ടതിനെ തുടർന്നും അതു നൽകാതിരുന്ന ഉദ്യോഗസ്ഥയെ കമ്മീഷൻ ശിക്ഷിക്കാൻ തീരുമാനിച്ചു. വിവരാവകാശ കമ്മീഷന്റെ നടപടി ഭരണഘടനാ പരിരക്ഷയുള്ള നിയമസഭയുടെ അവകാശങ്ങൾക്കുമേലുള്ള കടന്നുകയറ്റമാണെന്ന് കണ്ടെത്തിയ നിയമസഭാ പ്രിവിലേജ് കമ്മിറ്റി സഭയുടെ മുന്പാകെ മുഖ്യവിവരാവകാശ കമ്മീഷറായ പാലാട്ട് മോഹൻദാസിനേയും കമ്മീഷണർ പി.എൻ വിജയകുമാറിനേയും വിളിച്ചുവരുത്തുന്നതിൽ വരെയെത്തി കാര്യങ്ങൾ. മന്ത്രി പി.ജെ ജോസഫിനെതിരായ വിമാനയാത്ര സംഭവത്തിന്റെ അന്വേഷണ റിപ്പോർട്ട് പുറത്തുവന്നതും മുരിങ്ങൂർ ധ്യാനകേന്ദ്രത്തിനെതിരായ അന്വേഷണ റിപ്പോർട്ടിനായുള്ള ബിനുവിന്റെ അപേക്ഷയിൽ ‘പൊലീസ് റിപ്പോർട്ടുകൾ പൊതുജനങ്ങൾക്ക് പ്രാപ്യമാക്കുന്നത്’ സംബന്ധിച്ച റൂളിങ്ങുകൾക്കിടയാക്കിയതും വിവരാവകാശ നിയമത്തെ പൗരന് എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാനാകുമെന്നതിന്റെ തെളിവുകളായിരുന്നു. ഇന്റലിജൻസ് ബ്യൂറോ പോലെ കോൺഫിഡൻഷ്യൽ ആയി പ്രഖ്യാപിച്ചിട്ടുള്ള അന്വേഷണ ഏജൻസിയാണെങ്കിൽ പോലും അഴിമതിയോ മനുഷ്യാവകാശ ലംഘനമോ ആയി ബന്ധപ്പെട്ട വിവരമാണെങ്കിൽ വിവരാവകാശ നിയമപ്രകാരം വിവരം നൽകണമെന്നായിരുന്നു ധ്യാനകേന്ദ്രം സംബന്ധിച്ച അപേക്ഷയിൽ കമ്മീഷൻ വിധി. മൂന്നാറിൽ ഹാരിസൺ മലയാളം ലിമിറ്റഡ് അനധികൃതമായി കൈയടക്കി വെച്ചിരിക്കുന്ന 8783 ഏക്കർ ഭൂമി തിരിച്ചെടുക്കുന്നതിൽ നിർണായകമായതും ബിനുവിന്റെ വിവരാവകാശ ഇടപെടലുകൾ തന്നെ. ബിനുവിനെപ്പോലെ ജനോപകാരപ്രദമായ പല വിവരങ്ങളും പൊതുസമക്ഷം എത്തിക്കാൻ എം.കെ ഹരിദാസിനും ഡോക്ടർ ടി. ബാലചന്ദ്രനും റഷീദ് ആനപ്പാറയ്ക്കും ജോയ് കൈതാരത്തിനും അനിൽ ഐക്കരയ്ക്കും ഹരീഷ് വാസുദേവനും ഖാലിദ് മുണ്ടപ്പിള്ളിയ്ക്കും കെ.പി ശ്രീരംഗനാഥനും ഇബ്രാഹിം കുഞ്ഞിനുമൊക്കെ കഴിഞ്ഞിട്ടുണ്ട്. ഒരർത്ഥത്തിൽ ഇവർ പുലർത്തിയ ജാഗ്രതയാണ് കേരളത്തിൽ അഴിമതി വ്യാപകമായി നടത്തുന്നതിൽ നിന്നും ഇന്ന് രാഷ്ട്രീയക്കാരേയും ഉദ്യോഗസ്ഥരേയും ഒരു പരിധി വരെയെങ്കിലും പിന്തിരിപ്പിച്ചത്.
അഴിമതിക്കെതിരായ ഏറ്റവും ശക്തമായ ആയുധങ്ങളിലൊന്നാണ് വിവരാവകാശ നിയമം എന്ന കാര്യത്തിൽ ആർക്കും തന്നെ തർക്കമുണ്ടാവില്ല. പക്ഷേ ആ നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അത് നടപ്പാക്കിയ കാലം മുതൽ തന്നെ ആരംഭിച്ചിരുന്നു. നിയമം ഭേദഗതി ചെയ്ത് രാഷ്ട്രീയ പ്രവർത്തകരെ അതിൽ നിന്നും മോചിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായ സമയത്ത് അതിനെതിരെ മരണം വരെ സമരം ചെയ്യാൻ തയാറായ അണ്ണാ ഹസാരെയെപ്പോലുള്ളവരാണ് നിയമത്തെ അട്ടിമറിയിൽ നിന്നും ഇക്കാലമത്രയും മോചിപ്പിച്ചു നിർത്തിയത്. ഇപ്പോഴും പക്ഷേ അത്തരം നീക്കങ്ങൾ സർക്കാരുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ആർ.ടി.ഐ അപേക്ഷകൾ സമർപ്പിക്കുന്നവർ നേരിട്ടുപോയി തന്നെ വിവരം ശേഖരിക്കണമെന്ന് ചിലരൊക്കെ നിർബന്ധം പിടിക്കുന്നത് അതിന്റെ തെളിവാണ്. വിവരാവകാശ നിയമപ്രകാരം പോസ്റ്റ് ഓഫീസ് നന്പർ നൽകിക്കൊണ്ടു തന്നെ അപേക്ഷകന് അപേക്ഷ സമർപ്പിക്കാമെന്നിരിക്കേ, വിവരം ചോദിക്കുന്നയാളുടെ ലക്ഷ്യം കണ്ടെത്താനുള്ള ശ്രമങ്ങളാണ് സർക്കാർ അതിലൂടെ നടത്തുന്നത്.
അതിനിടെ വിവരാവകാശ രേഖകൾ ആവശ്യപ്പെടുന്നവരെ മാനസികമായി പീഡിപ്പിക്കാനുള്ള ശ്രമങ്ങളും അരങ്ങേറുന്നുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. സുനാമി ഫണ്ട് ഉപേയാഗത്തിലെ തിരിമറികളെപ്പറ്റിയുള്ള വിവരം തേടിയ എം.എ പൂക്കോയയെ രേഖകൾ മോഷ്ടിച്ചുവെന്നും ഇൻഫർമേഷൻ ഓഫീസറായ ഹെഡ്മിസ്ട്രസ്സിനെ അപമാനിച്ചുവെന്നുമുള്ള കേസ്സിൽ പെടുത്തിയെന്ന് ആരോപണമുയരുകയും ഖനന ലൈസൻസിലെ ക്രമേക്കടുകൾക്കെതിരെയുള്ള രേഖകൾ തേടിയ വിജിത വി.വി എന്ന ആർ.ടി.ഐ അപേക്ഷകയെ ശല്യക്കാരിയായി വിലയിരുത്തിയെന്നും വാർത്തകളുണ്ടായിരുന്നു. ഒരു വിവരം എങ്ങനെ കൊടുക്കാതിരിക്കാം എന്നതിലാണത്ര ഇന്ന് മിക്ക ഉദ്യോഗസ്ഥരുടേയും ഗവേഷണം. വിവരം നൽകാതിരിക്കുന്ന ഉദ്യോഗസ്ഥനെതിരെ ശിക്ഷാനടപടികൾ എടുക്കുന്ന സമയമാകുന്പോഴേക്ക് ആ ആർ.ടി.ഐ അപേക്ഷയുടെ പ്രസക്തി തന്നെ നഷ്ടപ്പെട്ടുപോയിട്ടുണ്ടാകുമെന്നതാണ് ദയനീയമായ കാര്യം. സുതാര്യമായ ഭരണത്തിനും അഴിമതി രഹിതമായ ഉദ്യോഗസ്ഥ സംവിധാനത്തിനും വേണ്ടി നിലകൊള്ളുന്ന പൗരന്മാർക്ക് അത്താണിയായ ഒരു നിയമത്തെ അതിന്റെ പത്താം വാർഷികത്തിൽ തുരങ്കം വെയ്ക്കാൻ ശ്രമിക്കുന്നത് ഒട്ടും തന്നെ ആശാസ്യമല്ല. ഇങ്ങനെ പോകുകയാണെങ്കിൽ വിവരാവകാശ നിയമത്തിന്റെ ആത്യന്തിക ലക്ഷ്യം പോലും അതിന്റെ പത്താം വാർഷികം കഴിയുന്നതോടെ അട്ടിമറിക്കപ്പെടും. അതിനെതിരെയുള്ള ചെറുത്തുനിൽപ് ഓരോ പൗരനിൽ നിന്നും ഉണ്ടാകേണ്ടത് കാലത്തിന്റെ ആവശ്യമാണ്.