പരിസ്ഥിതിയെ കൊല്ലുന്ന ഇക്കോ ടൂറിസം!


ഹരിത− പാരിസ്ഥിതിക ടൂറിസം ഒരിക്കലും വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ട ഒന്നല്ലെന്നുള്ള തിരിച്ചറിവ് ഇനിയും നമ്മുടെ സർക്കാരിനുണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ് ഇക്കോടൂറിസ രംഗത്ത് അവർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ

തേക്കടിയിലെ കുരങ്ങുകൾ മനുഷ്യനൊപ്പമാണ് എപ്പോഴും സഞ്ചാരം. പെരിയാർ ടൈഗർ റിസർവിന്റെ പാർക്കിങ് ഏരിയയിലേയ്ക്ക് വരിക. അതിനു പരിസരത്തുള്ള ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ ചെറിയ കോഫി−കൂൾഡ്രിങ്കസ് ഷോപ്പിനടുത്തും തൊട്ടപ്പുറമുള്ള ആരണ്യനിവാസ് ഹോട്ടലിനടുത്തും ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റിന്റെ കാന്റീൻ പരിസരത്തുമൊക്കെ കുരങ്ങുകളുടെ കൂട്ടം മനുഷ്യനെ നിരീക്ഷിച്ചുകൊണ്ടുണ്ടാകും. ആരെങ്കിലും മൾട്ടിനാഷണൽ കന്പനിയുടെ ചിപ്‌സോ ഫ്രൂട്ട് ജ്യൂസോ ഫിസി ഡ്രിങ്ക്‌സോ ഐസ്‌ക്രീമോ വാങ്ങിയാലുടൻ തന്നെ കുരങ്ങന്മാർ അത് വാങ്ങിയവർക്കു പിന്നാലെ കൂടും. ഒന്നുകിൽ അവ അയാളുടെ കൈയിൽ നിന്നും കുരങ്ങന്മാർ തട്ടിപ്പറിച്ചെടുക്കും. അല്ലെങ്കിൽ അവ തങ്ങൾക്കു നൽകുവാനായി ഇരന്നുകൊണ്ട് മുന്നിൽ നിൽക്കും. കൂടിന്റെ ലേബൽ  നോക്കിപ്പോലും തങ്ങൾക്കാവശ്യമായ ഭക്ഷ്യവസ്തുവാണോ അതെന്ന് കുരങ്ങന്മാർക്കറിയാം− ഉദാഹരണത്തിന് ഒരു ബിസ്ലേരി ബോട്ടിലും ട്രോപ്പിക്കാനോ ബോട്ടിലും തിരിച്ചറിയാൻ തക്കവണ്ണമുള്ള അറിവ് തേക്കടിയിലെ കുരങ്ങന്മാർ ആർജിച്ചു കഴിഞ്ഞു.

ഇതിനു പുറമേയാണ് അവിടുത്തെ ഡസ്റ്റ് ബിന്നുകളിൽ വിദേശികൾ കഴിച്ചശേഷം ബാക്കിയിടുന്ന പീസ്ത, ബർഗറുകൾ, കട്ട്‌ലറ്റുകൾ, ബ്രഡ് ഓംലൈറ്റുകൾ എന്നിവ. ഏതെങ്കിലുമൊരു വിദേശി ഭക്ഷണ വേയ്‌സ്റ്റ് ഡസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞ് നിമിഷങ്ങൾക്കകം തന്നെ കുരങ്ങന്മാരുടെ സംഘം അവിടേയ്ക്ക് എത്തും.  പാരിസ്ഥിതിക ടൂറിസത്തിന്റെ ദുരന്തത്തെപ്പറ്റി ബോധവാനാകണെമെങ്കിൽ തേക്കടിയിലെ ഈ കാഴ്ചകൾ തന്നെ ധാരാളം.− സ്വന്തം ആവാസവ്യവസ്ഥ ഉപേക്ഷിച്ച് മനുഷ്യന്റെ ഭക്ഷ്യവസ്തുക്കൾ ഭക്ഷിക്കാൻ ആവേശം പ്രകടിപ്പിക്കുന്നു ഈ ജീവജാലങ്ങൾ. ഈ കുരങ്ങന്മാർക്ക് നിങ്ങൾ ഒരു പഴമോ വെള്ളത്തിന്റെ ബോട്ടിലോ കൊടുത്തു നോക്കൂ− അവ നമുക്കു നേരെ കൊഞ്ഞനം കുത്തിക്കൊണ്ട്, ഒരു രൂക്ഷമായ നോട്ടം സമ്മാനിച്ചുകൊണ്ട് ബോട്ടിലും പഴവും താഴെയിട്ട് നടന്നുനീങ്ങും. കൂൾ ഡ്രിങ്ക്‌സും ബർഗറും ലേയ്‌സുമൊക്കെ കൊടുക്കാത്തവൻ അവനു മുന്നിൽ വെറും എച്ചി. തേക്കടിയിലെ പരിസരങ്ങളിൽ ഡസ്റ്റ്ബിന്നുകൾ വച്ചിട്ടുണ്ടെങ്കിലും ഈ ഡസ്റ്റ്ബിന്നുകളിൽ നിന്നും കുരങ്ങന്മാർ പ്ലാസ്റ്റിക്കുകളുമെടുത്ത് കാടുകളിലേയ്ക്ക് പോകുന്ന കാഴ്ചയും സാധാരണം മാത്രം. ഈ പ്ലാസ്റ്റിക് കവറുകളും ബോട്ടിലുകളുമെല്ലാം മറ്റു പല ജീവജാലങ്ങളുടേയും അകത്തു ചെന്നാലുണ്ടാകുന്ന അവസ്ഥ നാം നേരത്തെ തന്നെ അറിഞ്ഞതാണ്. ചത്ത ചില മാനുകളുടെ വയറ്റിൽ നിന്നും പ്ലാസ്റ്റിക്കിന്റെ വലിയ ഉണ്ടകൾ പുറത്തെടുത്തപ്പോഴാണ് അവയുടെ മരണകാരണം പ്ലാസ്റ്റിക് മൂലം ദഹന സംവിധാനം തന്നെ തകരാറിലായതാണെന്ന് നാം തിരിച്ചറിഞ്ഞത്. എന്തിനധികം പറയുന്നു, തേക്കടി ബൈപാസിലുള്ള മുളങ്കാട്ടിലേക്ക് (വിവിധയിനം മാനുകളുടേയും കുരങ്ങന്മാരുടേയും പക്ഷികളുടേയും ആവാസ വ്യവസ്ഥയാണിത്) പ്രദേശത്തെ റിസോർട്ടുകളിൽ നിന്നും ഹോട്ടലുകളിൽ നിന്നുമുള്ള മലിനജലം കറുത്ത നിറത്തിൽ ഒലിച്ചിറങ്ങി മുളങ്കാട്ടിലെ അരുവിയെ മലിനമാക്കുന്നത് ആർക്കും തേക്കടിയിലെ ലേക്ക് റോഡിൽ നിന്നും നോക്കിയാൽ കാണാനാകുന്ന കാഴ്ചയുമാണ്. വയനാട്ടിൽ പരിസ്ഥിതി ടൂറിസ പ്രദേശത്ത് രണ്ടുനാൾ മുന്പ് റോഡ് മുറിച്ചു കടക്കുന്ന ആനയേയും അതിന്റെ കുഞ്ഞിനേയും വിനോദസഞ്ചാരികൾ കല്ലെറിഞ്ഞ് പ്രകോപനം സൃഷ്ടിക്കുന്ന കാഴ്ചകളും കേരളം കണ്ടതാണ്. മൃഗങ്ങളെ അതിന്റെ ആവാസ വ്യവസ്ഥയിൽ പോലും ജീവിക്കാൻ അനുവദിക്കാത്ത ഭീകരതയായി മാറിയിരിക്കുന്നു കേരളത്തിൽ ഇക്കോ ടൂറിസം. 

ഇനി തിരുവനന്തപുരത്തെ പൊന്മുടിയിലേയ്ക്ക് വരിക. പൊന്മുടിയിൽ മുകളിലേയ്ക്കുള്ള കയറ്റത്തിനു മുന്പ് ചെക്ക് പോസ്റ്റുകളുണ്ടെങ്കിലും മലമുകളിലെത്താനുള്ള വഴിയിൽ പലയിടത്തും പ്ലാസ്റ്റിക് ഡിസ്‌പോസിബിൾ ഗ്ലാസുകളും മദ്യക്കുപ്പികളുമൊക്കെ കിടക്കുന്നത് ഏതൊരു സഞ്ചാരിക്കും കാണാനാകും. ഫോറസ്റ്റ് ഗാർഡുമാർ ഉണ്ടെങ്കിൽ പോലും അവിടെ മലഞ്ചരിവുകളിൽ നിന്നു മദ്യപിക്കുന്ന യുവാക്കൾ ഇന്ന് ഒരു സാധാരണ കാഴ്ചയാണ്. പൊന്മുടിയിൽ നിന്നും ഉത്ഭവിക്കുന്ന കല്ലാറിൽ പോലും കുടിവെള്ള ബോട്ടിലുകൾ ഒഴുകി നടക്കുന്നത് കാണാനാകും. പശ്ചിമഘട്ടത്തിൽ കാണപ്പെടുന്ന 332 ഇനം പൂന്പാറ്റകളിൽ 195 തരം പൂന്പാറ്റകളേയും കാണാനാകുന്ന ഇടമാണ് പൊന്മുടി. കേരളത്തിൽ കാണപ്പെടുന്ന 483 തരം വിവിധ പക്ഷികളിൽ 283 തരത്തേയും കാണാനാകുന്ന ഇടം കൂടിയാണിത്. ഇതിനു പുറമേയാണ് വംശനാശ ഭീഷണി നേരിടുന്ന വിവിധ ഇനം ഇഴജന്തുക്കളും ആമകളും തവളകളുമൊക്കെ. ഒരുപക്ഷേ നാളെ കേരളത്തിൽ അന്യം നിന്നു പോയേക്കാവുന്ന പല ജീവജാലങ്ങളുടേയും അവസാനത്തെ ആവാസ വ്യവസ്ഥകളിലൊന്നാണ് പൊന്മുടിയെന്ന് പറയാം. പക്ഷേ ഇക്കോടൂറിസത്തിന്റെ പേരിൽ സർക്കാർ പണം കൊയ്യാൻ ശ്രമങ്ങൾ വ്യാപകമാക്കുന്തോറും കേരളത്തിന്റെ ഈ വന്യജീവി സന്പത്ത് നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. സംഗതി ഇങ്ങനെയൊക്കെയാണെങ്കിൽ കേരളത്തിന്റെ വനവും വന്യജീവികളുമൊക്കെ ഇക്കോ ടൂറിസത്തിന്റെ പേരിൽ പരമാവധി കച്ചവടവൽക്കരിച്ച് വിനോദസഞ്ചാരത്തിൽ നിന്നുള്ള വരുമാനം പരമാവധി വർദ്ധിപ്പിക്കുകയാണ് ഇന്ന് സർക്കാരിന്റെ ലക്ഷ്യം. ഏഴു ലക്ഷം വിദേശ വിനോദസഞ്ചാരികളടക്കം 40 ലക്ഷത്തോളം ടൂറിസ്റ്റുകളാണ് ഇന്ന് 45 ഇക്കോടൂറിസം പ്രദേശങ്ങളിലേയ്ക്ക് പ്രതിവർഷം എത്തുന്നത്. പ്രതിവർഷം ഒരു ലക്ഷത്തിലധികം ടൂറിസ്റ്റുകൾ എത്തുന്ന പ്രദേശങ്ങളിൽ ഇന്നുള്ളത് തെന്മലയും പൊന്മുടിയും പാലരുവിയും കോന്നി ആന പരിപാലന കേന്ദ്രവും തേക്കടിയും ഇരവികുളവും അതിരപ്പിള്ളിയും കുറുവ ദ്വീപുകളും സൂചിപ്പാറയും ചെന്പ്ര കൊടുമുടിയും ബാണാസുര സാഗറുമൊക്കെയാണ്. ഇവിടെയൊക്കെ തന്നെയും പ്രകൃതിചൂഷണം ശക്തമായിക്കൊണ്ടിരിക്കുകയുമാണ്. 

തിരുവനന്തപുരത്ത് അഗസ്ത്യവനം ബയോളജിക്കൽ പാർക്ക്, നെയ്യാർ, പേപ്പാറ, പൊന്മുടി, അരിപ്പ, മലപ്പുറത്ത് നിലന്പൂർ, നെടുങ്കയം, കോഴിക്കോട് കക്കയം, പെരുവണ്ണാമൂഴി, കൊലവിപ്പാലം, ചാലിയം, കടലുണ്ടി−വള്ളിക്കുന്ന് കമ്യൂണിറ്റി റിസർവ്, തുഷാരഗിരി, കാക്കവയൽ വനപർവ്വം, കക്കാട്, ജാനകിക്കാട്, ഇടുക്കിയിൽ കോലാഹലമേട്, കുട്ടിക്കാനം, തേക്കടി, രാജമല−ഇരവികുളം, ഇടുക്കി, തൊമ്മൻകുത്ത്, ചിന്നാർ, എറണാകുളത്ത് ഭൂതത്താൻകെട്ട്, തട്ടേക്കാട് പക്ഷി സങ്കേതം, മംഗളവനം, കോടനാട്, കാപ്രിക്കാട്, മൂലംകുഴി, കൊല്ലത്ത് തെന്മല, കുളത്തൂപ്പുഴ, അച്ചൻ കോവിൽ, പാലരുവി, പത്തനംതിട്ടയിൽ കോന്നി, കൊച്ചാണ്ടി, കോട്ടയത്ത് കുമരകം, പാതിരാമണൽ, ആലപ്പുഴയിൽ ഗാന്ധി സ്മൃതിവനം, പുറക്കാട്, തൃശൂരിൽ അതിരപ്പിള്ളി− വാഴച്ചാൽ, പീച്ചി−വാഴാനി, ഷോളയാർ, വയനാട് തോൽപ്പെട്ടി, മുത്തങ്ങ, കുറുവ ദ്വീപുകൾ, തിരുനെല്ലി, ബാണാസുര കോട്ട, വെള്ളരിമല, മാനന്തവാടി, കണ്ണൂരിൽ ആറളം തുടങ്ങിയ ഇക്കോ ടൂറിസം സ്‌പോട്ടുകളിലേക്കൊക്കെ തന്നെയും മുൻകാലങ്ങളിൽ നിന്നും ഭിന്നമായി ഇന്ന് നിരവധി ടൂറിസ്റ്റുകളാണ്  പ്രതിദിനം എത്തുന്നത്. ഈ ഇക്കോടൂറിസം സ്പോട്ടുകളെയെല്ലാം സംരക്ഷിക്കാൻ നിയുക്തരായിട്ടുള്ളത് ഈ പ്രദേശങ്ങളിൽ നിന്നുള്ള വന സംരക്ഷണ സമിതികളാണെങ്കിലും അവർ കാഴ്ച വെയ്ക്കുന്നത് കാര്യക്ഷമമായ പ്രവർത്തനമല്ലെന്ന് ഈ പ്രദേശങ്ങളിലൂടെ സഞ്ചരിച്ചാൽ ആർക്കും ബോധ്യപ്പെടും. കഴിഞ്ഞ നാലു മാസക്കാലമായി ഈ ഇക്കോടൂറിസം പ്രദേശങ്ങളിലൂടെയെല്ലാം തന്നെ ഈ ലേഖകൻ യാത്ര നടത്തിയതിൽ നിന്നും മനസ്സിലാക്കിയ ഒരു പ്രധാന കാര്യം സഞ്ചാരികളുടെ തോന്ന്യാസങ്ങളെ പ്രതിരോധിക്കാനോ പരിസ്ഥിതിക്കുണ്ടാകുന്ന നാശനഷ്ടങ്ങൾ ഇല്ലായ്മ ചെയ്യുവാനോ ഈ സമിതികൾക്ക് കഴിയുന്നില്ലെന്നാണ്. എന്തിനധികം പറയുന്നു, ധാരാളം ഫോറസ്റ്റ് ഗാർഡുകളെ വിന്യസിച്ചിരിക്കുന്ന തേക്കടി പ്രദേശത്തു പോലും പല സഞ്ചാരികളും അധികൃതരുടെ കണ്ണുവെട്ടിച്ച് പെരിയാർ ടൈഗർ റിസർവിലേക്ക് ട്രക്കിങ്ങിന് ഇറങ്ങിത്തിരിക്കുന്നുണ്ടെന്നാണ് ഈ ലേഖകൻ മനസ്സിലാക്കിയത്. കാട്ടിനു നടുവിലുള്ള വാസകേന്ദ്രങ്ങളിലും ഹോട്ടലുകളിലും മദ്യം ഒഴുക്കി സഞ്ചാരികളെ ആകർഷിക്കുന്നതിലാണ് ഇപ്പോഴും സർക്കാരിന്റെ കണ്ണ് എന്നത് ആരണ്യനിവാസിലെ ബിയർ−വൈൻ പാർലറുകൾ വിളിച്ചോതുന്ന സത്യം. 

ഇക്കോടൂറിസ പദ്ധതിയിൽപ്പെട്ട ഭൂതത്താൻ കെട്ട് ഡാം പരിസരത്തും ഇപ്പോൾ റിസോർട്ട് മാഫിയകൾ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. അധികം വൈകാതെ തന്നെ മറ്റു പല ഇക്കോടൂറിസം പ്രദേശങ്ങൾക്കും സംഭവിച്ച ദുരവസ്ഥ ഇടമലയാർ കാടുകളുടെ പ്രദേശത്തുള്ള ഈ ഇടത്തെ കാർന്നുതിന്നു തുടങ്ങുമെന്നുറപ്പ്. ആലപ്പുഴയിലും കുമരകത്തുമൊക്കെ ഹൗസ് ബോട്ടുകൾ ഉണ്ടാക്കുന്ന ജലമലിനീകരണത്തിന്റെ കാര്യം പറയാതിരിക്കുകയാകും ഭേദം. ആയിരത്തോളം ഹൗസ് ബോട്ടുകളാണ് ഈ പ്രദേശങ്ങളിൽ സർവ്വീസ് നടത്തുന്നത്. ഭക്ഷണ മാലിന്യങ്ങൾ വേന്പനാട്ടു കായലിലേയ്ക്ക് തള്ളുന്ന കാര്യത്തിൽ ഇവരെല്ലാം ഒറ്റക്കെട്ടാണ്. ഇതിനു പുറമേയാണ് ഡീസൽ എഞ്ചിനുകൾ ഉണ്ടാക്കുന്ന മലിനീകരണം. കായലിൽ പലയിടത്തും ജലത്തിനു മീതെ ഡീസലിന്റെ ഒരു പാട തന്നെ രൂപപ്പെട്ടിരിക്കുന്നു. പ്രദേശത്തെ മത്സ്യസന്പത്ത് കാര്യമായി കുറഞ്ഞിട്ടുണ്ടെന്നാണ് മീൻപിടുത്തക്കാരനായ തോമസ് കുട്ടി പറയുന്നത്. നേരത്തെ ലഭ്യമായിരുന്ന പല മീനുകളും ഇപ്പോൾ കായലിൽ ലഭ്യമല്ലത്രേ. എന്തിനധികം പറയുന്നു, കുട്ടനാടിലെ പ്രധാന ആകർഷകമായ കരിമീന്റെ കാര്യത്തിൽ പോലും ലഭ്യത വളരെയധികം കുറഞ്ഞിരിക്കുന്നു. പക്ഷേ വിനോദസഞ്ചാര വകുപ്പും വനം ഡിപ്പാർട്ട്‌മെന്റും ഇക്കോടൂറിസത്തെ പരമാവധി പിഴിഞ്ഞെടുക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ. ഇത്തരത്തിലുള്ള 56 പുതിയ പ്രദേശങ്ങൾ കൂടി വിനോദസഞ്ചാരികളിലെത്തിച്ച് പരമാവധി പ്രകൃതി ചൂഷണം നടത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം. കേരള സംസ്ഥാന ഫോറസ്റ്റ് ഡവലപ്‌മെന്റ് അതോറിട്ടി (കെ.എസ്.എഫ്.ഡി.എ)യുടെ നേതൃത്വത്തിൽ അധികം അറിയപ്പെടാത്ത പല വെള്ളച്ചാട്ടങ്ങളും അരുവികളും പുൽമേടുകളും താഴ്‌വരകളുമൊക്കെ ഇക്കോടൂറിസം പദ്ധതിയുടെ കീഴിൽ കൊണ്ടുവരാനുള്ള നീക്കങ്ങൾക്ക് സർക്കാർ തുടക്കമിട്ടു കഴിഞ്ഞിരിക്കുന്നു. നിലന്പൂർ വനമേഖലയിൽപ്പെട്ട കൊടികുത്തിമല, കോഴിപ്പാറ, വയനാട്ടിലെ നീലമല, മല്ലേശ്വരൻമുടി, കണ്ണൂരിലെ പൈതൽ മല, കാസർകോട്ടെ റാണിപുരം, കൊല്ലത്തെ കുടുക്കത്തുപാറ, പത്തനംതിട്ടയിലെ ആറന്മുള എന്നിവയൊക്കെ തന്നെയും സർക്കാർ നോട്ടമിട്ടിരിക്കുന്ന ഇടങ്ങളാണ്. ഇക്കോടൂറിസം കൂടുതൽ ശക്തമാക്കാനായി 2016−17 വർഷത്തെ ബജറ്റിൽ 8.2 കോടി രൂപയാണ് സംസ്ഥാന സർക്കാർ വകയിരുത്തിയിരിക്കുന്നത്. പ്രദേശത്ത് സഞ്ചാരികൾക്കായി താമസസൗകര്യങ്ങൾ ഒരുക്കുന്നതിനാണ് ഈ തുക പ്രധാനമായും വിനിയോഗിക്കാൻ പോകുന്നതെന്നാണ് ഈ ലേഖകൻ മനസ്സിലാക്കുന്നത്. ഇക്കോടൂറിസത്തിൽ നിന്നുള്ള വരുമാനം പ്രധാനമായും വനസംരക്ഷണത്തിനും വനസംരക്ഷണ സമിതിയിലെ അംഗങ്ങളെ ആശ്രയിച്ചു കഴിയുന്ന 5000−ത്തോളം കുടുംബങ്ങൾക്കുമാണ് തണലേകുന്നതെന്നാണ് സർക്കാരിന്റെ വാദമെങ്കിലും ഈ പ്രദേശങ്ങളുടെ പരിസരങ്ങളിൽ ഇതിനകം തന്നെ കണ്ണുവച്ചു കഴിഞ്ഞിട്ടുള്ള റിസോർട്ട് മാഫിയകളും റിയൽ എേസ്റ്ററ്റുകാരും തന്നെയാണ് ആത്യന്തികമായി അതിൽ നിന്നും നേട്ടം കൊയ്യാൻ പോകുന്നത്. (വന സംരക്ഷണ സിമിതിയിലെ ഗൈഡുകൾക്ക് പ്രതിദിനം 400 രൂപയാണ് ശന്പളം. മൊത്തമുള്ള 600 ജീവനക്കാരിൽ 40 ശതമാനവും സ്ത്രീകളാണെന്ന് സർക്കാർ കണക്കുകൾ പറയുന്നു).

പ്രദേശങ്ങൾ മലിനവൽക്കരിക്കപ്പെടുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥയുടെ താളം തെറ്റുകയും മാത്രമല്ല ഇക്കോടൂറിസം കൊണ്ടുണ്ടാകുന്ന പ്രധാന വിപത്തുകൾ. ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തന്നെ ഇതുമൂലം മാറ്റിമറിക്കപ്പെടുകയും അവ സർവ്വനാശത്തിനു വിധേയരാകുകയും ചെയ്യുകയും ചെയ്യും. പരിസ്ഥിതിയെ അറിയുക എന്ന ലക്ഷ്യത്തിൽ നിന്നും സംസ്ഥാന സർക്കാരിന്റെ ഇക്കോടൂറിസം പദ്ധതി കൂടുതൽ ടൂറിസ്റ്റുകളെ ആകർഷിക്കുകയെന്ന ലക്ഷ്യത്തിൽ കൂടുതൽ കച്ചവടവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ് എന്നതാണ് ദയനീയമായ കാര്യം. തെന്മലയിൽ കുട്ടികൾക്കായുള്ള ടോയ് ട്രയിൻ റൈഡും മറ്റിടങ്ങളിൽ ക്യാന്പിങ്ങും മറ്റും കൊണ്ടു വരുന്നതോടെ ഇക്കോടൂറിസം സൈറ്റുകൾ കൂടുതൽ കൂടുതൽ വാണിജ്യവൽക്കരിക്കപ്പെടാൻ പോകുകയാണ്. ഇനിയിപ്പോൾ ഇക്കോ ടൂറിസം പദ്ധതി പ്രദേശങ്ങളിൽ കുട്ടികളുടെ ബഹളവും മുതിർന്നവരുടെ മദ്യപാന ലീലകളുമൊക്കെ കൂടി തകൃതിയാകുന്നതോടെ വന ജീവജാലങ്ങൾക്ക് അവയുടെ അവസാന അഭയകേന്ദ്രങ്ങളും നഷ്ടമാകുമെന്നുറപ്പ്. ഹരിത− പാരിസ്ഥിതിക ടൂറിസം ഒരിക്കലും വാണിജ്യാടിസ്ഥാനത്തിൽ വികസിപ്പിക്കേണ്ട ഒന്നല്ലെന്നുള്ള തിരിച്ചറിവ് ഇനിയും നമ്മുടെ സർക്കാരിനുണ്ടായിട്ടില്ലെന്നതിന്റെ തെളിവാണ് ഇക്കോടൂറിസ രംഗത്ത് അവർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ പരിഷ്‌കാരങ്ങൾ. നിശ്ശബ്ദമായി കാടിനെ അറിയുകയും പരിസ്ഥിതി സംരക്ഷണത്തിന് വരുംതലമുറയെ പ്രേരിപ്പിക്കുകയും ചെയ്യുകയായിരിക്കണം ഇക്കോ ടൂറിസം യഥാർത്ഥത്തിൽ ലക്ഷ്യമിടേണ്ടത്. മറ്റു കോപ്രായങ്ങളുമായി മുന്നോട്ടു പോകുന്ന സർക്കാരിനെ നാം പ്രതിരോധിക്കേണ്ടതുണ്ട്− അല്ലെങ്കിൽ ഭൂമിയിലെ അവശേഷിക്കുന്ന സൗന്ദര്യം കൂടി ഇക്കോടൂറിസത്തിന്റെ പേരിൽ ബുദ്ധിഹീനരായ ഉദ്യോഗസ്ഥ വൃന്ദവും അവരുടെ രാഷ്ട്രീയ മേലാളന്മാരും ഇല്ലായ്മ ചെയ്യുമെന്നുറപ്പ്.

You might also like

Most Viewed