നദികളെ കശാപ്പു ചെയ്യുന്പോൾ !
വേനലിൽ വറ്റിവരളുന്ന കേരളത്തിലെ നദികൾ അനിയന്ത്രിതമായ മണൽ വാരലിന്റെ ഭീതിദമായ ചിത്രമാണ് നമുക്കു മുന്നിൽ വരച്ചിടുന്നത്. 44 നദികളുള്ള കേരളത്തിൽ പോലും കുടിവെള്ളത്തിനായുള്ള യുദ്ധം അധികം വൈകാതെ പ്രതീക്ഷിക്കാമെന്നർത്ഥം
പെരിയാറിനെ പർവ്വതനിരയുടെ പനിനീരായും കുളിരും കൊണ്ട് കുണുങ്ങി നടക്കുന്ന മലയാളിപെണ്ണായുമൊക്കയാണ് വയലാർ വർണ്ണിച്ചത്. സമുദ്രനിരപ്പിൽ നിന്നും 2438 മീറ്റർ ഉയരത്തിൽ ദേവികുളത്തു നിന്നും 50 കിലോമീറ്റർ അകലെയുള്ള ശിവഗിരി കൊടുമുടിയിലെ വനാന്തരത്തിൽ നിന്നും ഉൽഭവിച്ച് തമിഴ്‌നാട്ടിലൂടെയും കേരളത്തിലൂടേയുമായി ഒഴുകുന്ന പെരിയാറിന് മൊത്തം 5243 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണ്ണം. ആലുവപ്പുഴയുടെ തീരത്തുള്ള ശിവരാത്രി മണപ്പുറവും കൊടുങ്ങല്ലൂരുമൊക്കെ പെരിയാറിന്റെ തീരങ്ങളിലാണുള്ളത്. 1341ൽ പെരിയാറിൽ കനത്ത വെള്ളപ്പൊക്കമുണ്ടായതോടെയാണ് അതുവരെ ഗ്രീസ്, ഇറ്റലി, പോർച്ചുഗൽ, അറബിനാടുകൾ എന്നിവയൊക്കെയായി രണ്ടായിരം വർഷങ്ങൾക്കു മുന്പേ കച്ചവടബന്ധങ്ങളിൽ ഏർപ്പെട്ടിരുന്ന കേരളത്തിലെ മുസിരിസ് തുറമുഖം ഇല്ലാതായതെന്നാണ് ചരിത്രം. പക്ഷേ ഈ ചരിത്രങ്ങളുടെയെല്ലാം നായിക സ്ഥാനത്തുനിൽക്കുന്ന പെരിയാർ കേരളത്തിലെ മറ്റ് 44 നദികളേയും പോലെ തന്നെ രൂക്ഷമായ പുഴ മണൽ ഖനനത്തിൽപ്പെട്ട് പതിയെ മരിച്ചുകൊണ്ടിരിക്കുകയാണെന്നതാണ് വാസ്തവം. വികസനഭ്രാന്തു പിടിച്ച ഭരണകൂടങ്ങൾ അധികാരത്തിലിരിക്കുന്ന സമയങ്ങളിൽ നാടിന്റെ സനപത്ത് മുഴുവൻ ഊറ്റിയെടുക്കാൻ വെന്പുന്പോൾ ഈ നദികളുടെ മരണങ്ങൾ നാളെ കേരളത്തെ ഒരു തരിശുഭൂമിയാക്കി മാറ്റുമെന്ന യാഥാർത്ഥ്യം അവർ തിരിച്ചറിയുന്നില്ലെന്നതാണ് സത്യം. സ്മാർട്ട് സിറ്റിയടക്കമുള്ള പദ്ധതികളും റിയൽ എസ്‌റ്റേറ്റ് മാഫിയകളും ഒരു ഭാഗത്തു നിന്നും നദികൾ കൈയേറുന്പോൾ മറുഭാഗത്ത് അനിയന്ത്രിതമായ മണൽ മാഫിയ പുഴകളെ ഞെരിച്ചുകൊന്നു കൊണ്ടേയിരിക്കുന്നു. പെരിയാറിൽ ഇപ്പോൾ മണൽ വാരലിന് നിയന്ത്രണങ്ങൾ കൊണ്ടുവന്നിട്ടുണ്ടെന്നാണ് സർക്കാർ നിലപാടെങ്കിലും രാത്രിയുടെ മറവിലും ഉദ്യോഗസ്ഥരുടെ കണ്ണടയ്ക്കലിലൂടേയും ഇപ്പോഴും മണൽ വാരൽ നടക്കുന്നുണ്ട്. പ്രതിദിനം പെരിയാറിൽ കേവലം 2700 ടൺ മണൽ മാത്രമാണ് ആകെ നിക്ഷേപിക്കപ്പെടുന്നതെന്നിരിക്കേ, ഇവിടെ നിന്നും പ്രതിദിനം 55,000 ടൺ മണലായിരുന്നു നിയന്ത്രണങ്ങൾ വരുന്നതിനു മുന്പ് ഖനനം ചെയ്യപ്പെട്ടിരുന്നത്.
കഴിഞ്ഞ 15 വർഷക്കാലത്തിനിടയിൽ അനുവദിക്കപ്പെട്ടതിനേക്കാൾ ഏഴു മുതൽ 85 മടങ്ങു വരെ മണൽ ഖനനം കേരളത്തിലെ 14 നദികളിൽ നടന്നിട്ടുണ്ടെന്നാണ് ഇതേപ്പറ്റി പഠനം നടത്തിയ തിരുവനന്തപുരത്തെ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ (സെസ്സ്) വിദഗ്ദ്ധർ പറയുന്നത്. മണൽ ഖനനം വർദ്ധിതമായ അളവിൽ കാണപ്പെട്ട പ്രദേശങ്ങളിൽ നദികളുടെ ആഴം മൂന്നുനാലുമീറ്റർ വരെ വർദ്ധിച്ചിട്ടുണ്ടെന്നും അവർ കണ്ടെത്തിയിരുന്നു. അനിയന്ത്രിതമായി കാലങ്ങളോളം നടന്ന ഈ ഖനനം നദികൾക്ക് ചെറുതല്ലാത്ത നാശനഷ്ടങ്ങളാണ് ഉണ്ടാക്കിയിരിക്കുന്നത്. നദീ തീരങ്ങളിൽ കടുത്ത മണ്ണൊലിപ്പുണ്ടായതിനു പുറമേ, നദിക്ക് കുറുകെ നിർമ്മിച്ച പാലങ്ങളെ അത് അപകടാവസ്ഥയിലാക്കുകയും ചെയ്തിരിക്കുന്നു. മണൽ വാരലിനെ തുടർന്ന് നദീതടം ചെറുതായതിനെത്തുടർന്ന് കുടിവെള്ള ലഭ്യതയും കുറഞ്ഞുവരികയാണ്. ഭൂഗർഭജലവിതാനം നാൾക്കുനാൾ കുറഞ്ഞുവരുന്നതിനും മണൽ ഇല്ലാത്തതിനാൽ പുഴയിൽ ചെളി അടിഞ്ഞുകൂടുന്നതിനും മണൽ വാരൽ കാരണമാകുന്നുണ്ട്. ഇതിനൊക്കെ പുറമേയാണ് നദികളിലേയ്ക്ക് കൂടുതലായി ഉപ്പുവെള്ളം കയറുന്നതും നദീതടത്തിൽ കൂടുതലായി പാഴ്‌ച്ചെടികൾ പടർന്നുപിടിക്കാനുമൊക്ക കാരണമാകുന്നത്.
ജലത്തിന്റെ ഉപഭോഗം വർദ്ധിക്കുന്തോറും കേരളത്തിൽ നദികളിലെ ജലനിരപ്പ് കുറഞ്ഞുകൊണ്ടിരിക്കുകയാണെന്നതാണ് ഏറ്റവും ദയനീയമായ കാര്യം. 44 നദികളുണ്ടെങ്കിലും കേരളം ജലക്ഷാമത്താൽ ബുദ്ധിമുട്ടാൻ പോകുന്നതിനു പ്രധാന കാരണം അനിയന്ത്രിതമായ ഈ മണൽ ഖനനവും അതുപോലെ തന്നെ വിഷലിപ്തമാക്കിക്കൊണ്ടിരിക്കുന്ന നദീജലവുമാണെന്നു പറയാതെ വയ്യ. കൊച്ചിയിലെ ഏലൂർ−എടയാർ മേഖലയിലുള്ള രാസഫാക്ടറികളിൽ നിന്നു പുറന്തള്ളുന്ന മാലിന്യങ്ങൾ പെരിയാറിനെ കാലങ്ങളായി തന്നെ മലിനീകരിച്ചുകൊണ്ടിരിക്കുകയാണ്. മലിനീകരണ നിയന്ത്രണ ബോർഡിനെ നോക്കുകുത്തിയാക്കി നിർത്തിക്കൊണ്ടാണ് ഫാക്ടറിയിൽ നിന്നുള്ള മാലിന്യങ്ങൾ ഇപ്പോഴും പുഴയിലേയ്ക്ക് പല കന്പനികളും ഒഴുക്കിവിട്ടുകൊണ്ടിരിക്കുന്നത്. ട്രീറ്റ് ചെയ്തശേഷമാണ് ഈ എഫ്‌ളുവെന്റുകൾ പുഴയിലേയ്ക്ക് ഒഴുക്കുന്നതെന്നാണ് കന്പനികളുടെ വാദമെങ്കിലും ചില സമയങ്ങളിൽ പെരിയാർ ചുവപ്പുനിറത്തിൽ ഒഴുകുന്നതും മീനുകൾ ചത്തടിയുന്നതും ഈ രാസവിഷം നദിയിലേയ്ക്ക് തള്ളപ്പെടുന്നുണ്ടെന്നതിന്റെ സൂചനകളാണ്.
പക്ഷേ ഇതിനേക്കാളൊക്കെ ഭീകരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നതുമാണ് നദിയിൽ നിന്നുള്ള മണൽ വാരൽ. ഒരു നദിയുടെ ജീവനെ തന്നെ നിലനിർത്തുന്നത് അതിലെ മണലാണ്. ജലവിതാനത്തേക്കാൾ താഴ്ന്ന നിലയിൽ മണൽ ഉള്ള നദികളിൽ നിന്നും മണൽ വാരരുതെന്ന് സുപ്രീം കോടതി 2012 ജനുവരിയിൽ ഉത്തരവ് പുറപ്പെടുവിക്കാൻ ഇടയായത് ഈ സാഹചര്യം ഉണ്ടാക്കുന്ന ഭീഷണികൾ തിരിച്ചറിഞ്ഞതിനാലാണ്. ദീപക് കുമാറും ഹരിയാന സർക്കാരും തമ്മിലുള്ള കേസ്സിൽ നദിയുടെ ഉത്ഭവപ്രദേശങ്ങളിലും നദി ഒഴുകുന്നയിടങ്ങളിലും മണൽ വാരുന്നതു മൂലം പാരിസ്ഥിതിക നാശമുണ്ടാകുന്നുെണ്ടന്നും ജൈവവൈവിധ്യത്തെ അത് ദോഷകരമായി ബാധിക്കുന്നുണ്ടെന്നും കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് സംസ്ഥാനങ്ങൾ മണൽവാരൽ സംബന്ധിച്ച വിവിധ നിയമങ്ങൾക്ക് രൂപം നൽകിയത്. കേരളത്തിൽ രൂക്ഷമായ പ്രശ്‌നത്തിലാണെന്ന് കണ്ടെത്തിയ ആറ് നദികളിൽ 2015 ജൂൺ മാസം മുതൽ മൂന്നു വർഷക്കാലത്തേയ്ക്ക് പൂർണ്ണമായും മണൽ വാരൽ നിരോധിച്ചത് അതിനെ തുടർന്നാണ്. തിരുവനന്തപുരത്തെ നെയ്യാർ, വാമനപുരം നദികൾ, വയനാട്ടിലെ കബനി, കാസർകോട്ടെ ചന്ദ്രഗിരിപ്പുഴ, കൊല്ലത്തെ കല്ലട, കോഴിക്കോട്ടെ കുറ്റ്യാടി എന്നിവയാണ് നിലവിൽ മണൽ വാരൽ നിരോധിക്കപ്പെട്ടിട്ടുള്ള പുഴകൾ. ഇതിനു പുറമേ റവന്യൂ വകുപ്പ് പുറത്തിറക്കിയ ഉത്തരവ് പ്രകാരം ചാലിയാറിലും പന്പയിലും കടലുണ്ടിയിലും ഇത്തിക്കരയിലും പെരിയാറിലും നിയന്ത്രിതമായ തോതിൽ മാത്രമേ മണൽ വാരൽ നിലവിൽ അനുവദിച്ചിട്ടുമുള്ളു.
കേരളത്തിൽ നദികൾ ഒഴുകിയിറങ്ങുന്നത് പ്രധാനമായും പാറക്കെട്ടുകളിലൂടെയായതിനാൽ വളരെക്കുറച്ച് മണൽ മാത്രമേ പുഴകളിലേയ്ക്ക് എത്തപ്പെടുന്നുള്ളുവെന്നതാണ് മണലിന്റെ അളവ് കേരളത്തിലെ നദികളിൽ കുറയാനുള്ള പ്രധാന കാരണമായി വിദ്ഗദ്ധർ ചൂണ്ടിക്കാട്ടുന്നത്. മണൽ പലതരത്തിൽ പുഴകൾക്ക് ഗുണം ചെയ്യുന്നതായി കണ്ടെത്തിയിട്ടുണ്ട്. നദീജലത്തെ അത് ശുദ്ധീകരിക്കുമെന്നതും ഭൂഗർഭജലവിതാനത്തിലേയ്ക്ക് വെള്ളം താഴാൻ അത് ഇടയാക്കുമെന്നതും നദീതടത്തിൽ കൂടുതൽ ജലം നിലനിൽക്കാൻ ഇടയാക്കുമെന്നതും മലിനീകരണം തടയുമെന്നതുമൊക്കെയാണ് നദിയിൽ മണൽ ഉണ്ടാവുന്നതു കൊണ്ടുള്ള പ്രധാന നേട്ടങ്ങൾ. നദികളിൽ ഇന്ന് മണൽ വാരൽ അനുവദിക്കാമോ വേണ്ടയോ എന്നു പരിശോധിക്കുന്നത് പ്രധാനമായും മണൽ ഓഡിറ്റ് നടത്തിയശേഷമാണ്. സെസ്സ് രൂപപ്പെടുത്തിയ രീതിശാസ്ത്രത്തെ ആധാരമാക്കി സംസ്ഥാന റിവർ മാനേജ്‌മെന്റ് സെല്ലാണ് മണൽ ഓഡിറ്റിങ് നടത്തുന്നത്. 44 നദികളിൽ പ്രധാനപ്പെട്ട 20ഓളം നദികളിൽ ഇനിയും മണൽ ഓഡിറ്റ് അവർ നടത്തിയിട്ടില്ലെന്നാണ് അവർ തന്നെ സമ്മതിക്കുന്നത്.
നമ്മുടെ നാട്ടിൽ റിയൽ എസ്‌റ്റേറ്റ് രംഗം ദിവസം ചെല്ലുന്തോറും വളർന്നുകൊണ്ടിരിക്കുകയാണ്. ഭവനങ്ങൾ താമസത്തിനല്ല മറിച്ച് നിക്ഷേപമാണെന്ന സ്ഥിതി വന്നതോെട വീടു വാങ്ങി വെറുതെ പൂട്ടിയിടുകയോ വാടകയ്ക്ക് കൊടുക്കുകയോ ചെയ്തശേഷം പിന്നീട് അത് ഉയർന്ന വിലയ്ക്ക് വിൽക്കാമെന്നതിനാൽ മൂന്നും നാലും ഫ്‌ളാറ്റുകൾ നഗരങ്ങളിൽ വാങ്ങുന്ന പ്രവാസികളുടേയും നാട്ടുകാരുടേയും എണ്ണം വർദ്ധിച്ചിരിക്കുന്നു. ഈ കെട്ടിടങ്ങളുടെയെല്ലാം നിർമ്മാണത്തിന് മണൽ ആവശ്യമാണ്. ഇപ്പോൾ എംസാൻഡ് (പാറപ്പൊടി) ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമ്മിക്കുന്ന രീതിയുണ്ടെങ്കിലും തേപ്പിന് മണൽ തന്നെയായിരിക്കണമെന്ന് നിർബന്ധം പുലർത്തുന്നവരാണ് മിക്കവരും. 1970−കൾക്കു മുന്പു വരെ മണൽ വാരൽ വളരെ കുറഞ്ഞ അളവിൽ മാത്രമേ കേരളത്തിൽ ഉണ്ടായിരുന്നുള്ളുവെങ്കിൽ ഗൾഫിലേക്ക് മലയാളി എത്തപ്പെടുകയും നാട്ടിൽ വന്പൻ കൊട്ടാരങ്ങൾ കെട്ടിപ്പൊക്കുകയും ചെയ്യാൻ തുടങ്ങിയതോടെ മണൽ വാരൽ രൂക്ഷമായി മാറുകയായിരുന്നു. ബ്രിട്ടനിലും മറ്റും മണൽ വാരൽ സംബന്ധിച്ച് വലിയ പഠനങ്ങൾ നടക്കുകയും നദിക്കും നദിയിലെ ജീവജാലങ്ങൾക്കും ദോഷകരമാകാതെ എങ്ങനെ മണൽ വാരൽ ആകാമെന്ന് അവർ കണ്ടെത്തുകയുമൊക്കെ ചെയ്തിരുന്നതാണ്. എന്നാൽ ഇന്ത്യയിൽ മണൽ വാരൽ തകൃതിയായി നടക്കുന്നുണ്ടെങ്കിലും അത് നദികളെ ഏതുവിധത്തിലാകും ബാധിക്കുകയെന്നതിനെപ്പറ്റി കാര്യമായ പഠനങ്ങൾ ഒന്നും തന്നെ നടന്നിട്ടില്ലെന്നതാണ് സത്യം. അസമിലെ കുൽസി നദിയിൽ ഡോൾഫിനുകളുടെ എണ്ണത്തിലുണ്ടായ കുറവും മണൽ വാരലും തമ്മിലുള്ള ബന്ധത്തെപ്പറ്റി മോഹൻ എന്ന ഗവേഷകൻ നടത്തിയ പഠനവും കാവേരി നദിയുടെ പോഷകനദിയായ കൊലിറൂണിനെപ്പറ്റി നടത്തിയ പഠനവുമൊക്കയാണത്. കേരളത്തിൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസും സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റും സംസ്ഥാന ഖനന−ജിയോളജി വകുപ്പും ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുമൊക്കെ മണൽ വാരൽ സംബന്ധിച്ച പഠനങ്ങൾ നടത്തി വരുന്നുണ്ട.് നദികളിലെ മത്സ്യസന്പത്തിനെ മണൽ വാരൽ ഗണ്യമായി ബാധിക്കുണ്ടെന്നും പാരിസ്ഥിതികമായ പ്രശ്‌നങ്ങൾക്കത് കാരണമാകുന്നുണ്ടെന്നും അവരുടെ പഠനങ്ങൾ കണ്ടെത്തിയിരുന്നു.
നഗരം കാണാത്ത, നാണം മാറാത്ത പെണ്ണായി നദിയെ ഉപമിച്ചിരുന്ന കാലമൊക്ക പഴകിയിരിക്കുന്നു. നഗരമാലിന്യങ്ങളും ഫാക്ടറി മാലിന്യങ്ങളുമൊക്കെ പേറി ഏതൊണ്ടൊരു അഴുക്കുചാലായിപ്പോലും നമ്മുടെ പല നദികളും മാറിയിരിക്കുന്നുവെന്ന് പഠനങ്ങൾ തെളിയിക്കുന്നു. അനിയന്ത്രിതമായ മണൽ വാരലാകട്ടെ നദികളെ മരണാസന്നരാക്കുകയും ചെയ്യുന്നു. ജീവജലത്തിനു വേണ്ടിയാകും വരുംനൂറ്റാണ്ടിലെ യുദ്ധങ്ങളെന്ന് പറയുന്നത് വെറുതെയല്ല, മനുഷ്യന്റെ പ്രവൃത്തികൾ ഈ രീതിയിൽ തുടർന്നുകൊണ്ടിരുന്നാൽ, ഭൂമിയെ ബിസിനസ് മാഫിയകൾക്ക് തീറെഴുതിക്കൊണ്ടിരുന്നാൽ നാളെ 44 നദികളുള്ള കേരളം പോലും ദാഹജലത്തിനായി പോരാട്ടങ്ങളിൽ ഏർപ്പെടുന്ന കാലം വരും. അതിനെതിരെയാണ് ഈ ഭൂമിയെ സ്‌നേഹിക്കുന്നവർ ഒന്നിക്കേണ്ടത്.