തലകീഴായി നിർത്തപ്പെട്ട ചരിത്ര സത്യങ്ങൾ
നേരുകൾ നുണകളായും നുണകൾ പച്ച പരമാർത്ഥങ്ങളായും പരാവർത്തനം ചെയ്യപ്പെടുന്ന ചാക്രികതയിലാണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്. മതവും ജാതിയും തത്വ സംഹിതകളുമെല്ലാം അധികാരത്തിലേയ്ക്കുള്ള ചവിട്ടു പടികളായി പരിവർത്തിപ്പിച്ചെടുക്കുന്നവർ വർദ്ധിച്ചു വരുന്ന വർത്തമാനത്തിൽ ചില നേരുകൾ വല്ലാത്ത നോവും നൊന്പരവുമായി നിനവുകൾ നിറഞ്ഞൊഴുകുന്നു.
സമാധാനത്തിന്റെ പ്രവാചകനായി ചരിത്രം വാഴ്‌ത്തിപ്പാടിയ മുഹമ്മദ് നബി(സ) തിരുമേനിയുടെ നാമം ഉച്ചത്തിൽ പറഞ്ഞ് ഹിംസാത്മക ലോകം സൃഷ്ടിക്കാനൊരുങ്ങുന്ന ഐസിന്റെ തലവൻ അബൂബക്കർ ബഗ്ദാദി അഹിംസാ മാർഗ്ഗത്താൽ മനസ്സുകളെ താളാത്മക സംഗീതമാക്കി മാറ്റിയ ബുദ്ധ ദേവന്റെ അനുയായികൾ തന്നെ രോഹിങ്ക്യകൾക്കെതിരെ വാളോങ്ങുന്ന മ്യാൻമാറിലെ സമകാലികാവസ്ഥകൾ, സ്നേഹഗായകനായ യേശുക്രിസ്തുവിന്റെ പേരിൽ ആയുധങ്ങളെടുത്ത കുരിശു പടയാളികൾ ചരിത്രത്തിൽ പല കാലഘട്ടങ്ങളിൽ അടിച്ചമർത്തപ്പെട്ട ജൂത സമൂഹം അധിനിവേശക്കാരുടെ റോളിൽ തിമിർത്താടുന്ന പാലസ്തീനിന്റെ വർത്തമാനങ്ങൾ, ഇങ്ങ് ഇന്ത്യയിലേയ്ക്ക് വന്നാൽ ഇളയമ്മയുടെ വാശിക്ക് മുന്പിൽ 14 വർഷം കാട്ടിൽ ജീവിക്കാൻ യാതൊരു വിധ വൈമനസ്യവും കാണിക്കാത്ത വിശാല മനസ്കതയുടെ മര്യാദ പുരുഷോത്തമൻ ശ്രീരാമ ഭഗവാന്റെ പേരിൽ ഒരു സമൂഹത്തെ രണ്ടായി കീറി മുറിച്ചു കൊണ്ടിരിക്കുന്ന രാമ ഭക്തന്മാർ.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ വളരെയധികം സംഭാവനകൾ നൽകുകയും അധിനിവേശക്കാരന്റെ ഭാഷയെ പോലും അറപ്പോടെ കാണുകയും ചെയ്ത മുസ്ലീംങ്ങൾ രാജ്യദ്രോഹികളും ഭക്ഷണത്തിന്റെ പേരിൽ പോലും തല്ലു കൊണ്ട് മരിക്കേണ്ടവരും. എന്നാൽ ബ്രിട്ടീഷുകാർക്കെതിരെ ചെറു വിരലനക്കാൻ ധൈര്യപ്പെടാത്തവർ രാജ്യസ്നേഹികളായി വാഴ്ത്തപ്പെടുന്ന സമകാലിക ഇന്ത്യൻ അവസ്ഥകൾ!
മേൽപ്പറഞ്ഞതൊക്കെയും ചുരുട്ടിക്കൂട്ടി വായിക്കുന്പോൾ ഒരു കാര്യം നമ്മെ വല്ലാതെ ഭയചകിതരാക്കുന്നു. കാരണം ചരിത്രം അതിക്രൂരമായി അട്ടിമറിക്കപ്പെട്ടു കൊണ്ടിരിക്കുന്നു. ഭൂമിയിൽ നന്മ പുലരാനും അധർമ്മം വിപാടനം ചെയ്യാനും ജീവിതം ഹോമിച്ച മഹാമനീഷികളുടെ ചരിതങ്ങൾ തിന്മകൾക്കായി അതിസമർത്ഥമായി ഉപയോഗപ്പെടുത്തി കൊണ്ടിരിക്കുന്നു.
ഇത്തരമൊരു അവസ്ഥാ വിശേഷത്തിൽ നിന്ന് കൊണ്ട് കേരളത്തിലെ വർത്തമാന കാല സാഹചര്യങ്ങളെ വായിക്കുന്പോൾ ഒരു നൂറ്റാണ്ടു കാലം സംരക്ഷിച്ചു നിർത്തിയ നന്മകൾ നൈമിഷിക ലാഭത്തിന് വേണ്ടി തച്ചുടച്ചു കൊണ്ടിരിക്കുന്ന ശ്രീനാരായണ ധർമ്മ പരിപാലന സംഘം സെക്രട്ടറി വെള്ളാപ്പള്ളി നരേശന്റെ പരകായ പ്രവേശങ്ങൾക്കിടയിലും വ്യക്തി സ്വാർത്ഥതക്കപ്പുറം ഒന്നുമില്ല എന്ന് സൂക്ഷ്മാർത്ഥത്തിൽ നിരീക്ഷിച്ചാൽ ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.
സവർണ മേധാവിത്വത്തിനെതിരെ പോരടിച്ച് ഈഴവ ജനതക്ക് അസ്ഥിത്വവും വ്യക്തിത്വവും നേടിക്കൊടുത്ത ഒരു പ്രസ്ഥാനത്തെ അന്പലത്തിൽ കയറിയ ദളിതനെ ചുട്ടുകൊല്ലുന്ന സവർണ മേൽക്കോയ്മയുടെ ആലയിൽ തിരിച്ചു കൊണ്ട് പോയി കെട്ടുന്ന അവസ്ഥ താൽക്കാലിക ലാഭങ്ങൾക്കപ്പുറം ഒരു വലിയ പ്രസ്ഥാനത്തിന്റെ ആശയ തകർച്ചക്ക് വഴിയൊരുക്കുമെന്ന കാര്യത്തിൽ സംശയം വേണ്ട.
സംഘടിത മതവിഭാഗങ്ങൾ സമ്മർദ്ദതന്ത്രത്താൽ കാര്യം നേടുന്നുവെന്നും ഈഴവ വിഭാഗം അവഗണിക്കപ്പെടുന്നുവെന്നും പറഞ്ഞ് വിലപിക്കുന്പോൾ സത്യത്തിൽ മതേതര കേരളത്തെ പലതായി ചീന്തിയെറിയാൻ ശ്രമിക്കുകയാണ് വെള്ളാപ്പള്ളി ചെയ്യുന്നത്. ഒരു കാഴ്ചക്കാരനായി ഇത്തരം കള്ള കണ്ണീരുകൾക്കിടയിൽ നോക്കി നിൽക്കാതെ ഓരോ സമ്മുദായത്തിനും ഭരണഘടനാ പ്രകാരം ലഭിച്ച ആനുകൂല്യങ്ങളുടെ കണക്ക് ജനങ്ങൾക്ക് മുന്പിൽ വെക്കാൻ ഭരണകൂടത്തിന് ബാധ്യതയുണ്ട്.
സർക്കാർ സർവ്വീസുകൾ, സ്‌കൂൾ, സ്വാശ്രയ കോളേജുകൾ, തുടങ്ങി എല്ലാ മേഖലകളിലും ഓരോ ജാതിയുടെയും മതങ്ങളുടെയും പ്രാതിനിത്യത്തിൽ കണക്കുകൾ പുറത്ത് വിട്ട് ജനത്തിന് ഒരു വിലയിരുത്തലിനായി അവസരം നൽകുകയാണ് മുഖ്യമന്ത്രി ചെയ്യേണ്ടത്.
അല്ലാതെ ഭൂരിപക്ഷത്തെ ബന്തിയാക്കി ഇരു മുന്നണികളും ന്യൂനപക്ഷത്തിന് അനർഹമായത് നൽകുന്നു എന്ന വാദഗതികൾ ആത്യന്തികമായി വലിയൊരു വർഗ്ഗീയ ചേരിതിരിവിലേയ്ക്കാണ് കേരളത്തെ കൊണ്ട് ചെന്ന് തള്ളുക. അങ്ങനെയൊരു അവസ്ഥാ വിശേഷത്തിൽ പരമാവധി മുതലെടുക്കാൻ സംഘ പരിവാർ ശക്തികൾ അണിയറയിൽ ഒരുങ്ങുന്പോൾ തീർച്ചയായും ഭരണകൂടം ഉണർന്നു പ്രവർത്തിക്കേണ്ടതുണ്ട്.
അർഹമായത് എല്ലാവർക്കും വക വെച്ച് നൽകുക എന്നതായിരിക്കണം ഗവൺമെന്റ് നയം. സ്വാർത്ഥ ലാഭങ്ങൾക്ക് വേണ്ടി കേരളത്തിന്റെ പൊതുമനസ്സിനെ പലതായി മുറിക്കാൻ ശ്രമിക്കുന്നവരോട് കാലം കരുണ കാട്ടില്ല. ലോകം ഉറ്റു നോക്കുന്ന നന്മകളുടെ നറുമണം വീശുന്ന കേരളമെന്ന ദൈവത്തിന്റെ നാട്ടിലേയ്ക്ക് വർഗ്ഗീയതയുടെ വിഷജലം ഒഴുക്കാൻ ശ്രമിക്കുന്നവരെ തിരിച്ചറിയാനുള്ള ജനാധിപത്യ പരമായ ഔന്നത്യം മലയാള മണ്ണ് കൈ വിടില്ലെന്ന പ്രതീക്ഷയോടെ.