ചില തിരഞ്ഞെടുപ്പ് ചിന്തകൾ


തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിന്റെ ചൂടിൽ ഇളകിമറിയുന്ന കാഴ്ചപ്പെടലിലൂടെയാണ് കേരളം കടന്നു പോവുന്നത്. ഒറ്റനാൾ കൊണ്ട് ചരിത്രത്തിന്റെ ചവറ്റു കൊട്ടയിലേയ്ക്ക് പോകുമായിരുന്ന പല വാർത്തകളും, സംഭവങ്ങളും എതിരാളികളെ അടിക്കാനുള്ള വടികളാക്കി നേതാക്കന്മാർ നടത്തുന്ന വാചക കസർത്തുകൾ കാണുന്പോൾ നമ്മുടെ രാഷ്ട്രീയ രംഗം എത്രത്തോളം  പ്രകടന പരതയിൽ മാത്രം അഭിരമിക്കുന്നു എന്നതും ഒപ്പം തന്നെ എത്ര കഴിവുറ്റ അഭിനേതാക്കളാണ് ഇവരെന്നുള്ളതും നാം തിരിച്ചറിയുന്നു. പണ്ടത്തെ അപേക്ഷിച്ച് ഇന്നത്തെ നേതാക്കന്മാർക്കുള്ള മെച്ചം കേരളം അങ്ങോളമിങ്ങോളം ഓടി നടന്ന് ജന മനസുകളിൽ കയറിപ്പറ്റാൻ മിനക്കെടേണ്ടതില്ല. പകരം ചാനൽ ചർച്ചകളിലെ പതിവുകാരനായാൽ മലയാളിയുള്ള ഇടങ്ങളിലെല്ലാം തന്റെ സാന്നിധ്യം അറിയിക്കാൻ അയാൾക്കാവുന്നു. കൂടാതെ പത്രം റേഡിയോ എന്നീ രണ്ട് മാധ്യമങ്ങളിൽ നിന്നും വളർന്ന് സോഷ്യൽ മീഡിയയിലൂടെയും സ്വയം മാർക്കറ്റ് ചെയ്യാൻ ഭാഗ്യം ലഭിച്ചത് നവ നേതാക്കന്മാർക്കാണ്. 

തിരഞ്ഞെടുപ്പിനെകുറിച്ച് എഴുതാനിരുന്നപ്പോൾ ഞാൻ എന്റെ കുട്ടിക്കാലത്തെ വോട്ടെടുപ്പ് ദിവസത്തെ പറ്റി അറിയാതെ ഓർത്തു പോയി. ഓണവും പെരുന്നാളും ക്രിസ്തുമസും പോലെ ഒരാഘോഷമായിരുന്നു അന്ന് ഈ ദിവസവും. ദിവസങ്ങളോളം നീണ്ട പ്രവർത്തനങ്ങളുടെ പരിസമാപ്തി. ടി.എൻ ശേഷന്റെ മുന്പുള്ള ആ തിരഞ്ഞെടുപ്പ് കാലങ്ങളിൽ പോളിംഗ് ബൂത്തിനടുത്ത് തന്നെയായിരിക്കും രാഷ്ട്രീയ പാർട്ടികളുടെ ടെന്റുകൾ, റോഡിനിരുവശവും വിവിധ പാർട്ടികാരുടെ ചിഹ്നവും നേതാക്കന്മാരുടെ പടങ്ങളും പതിച്ചിട്ടുള്ള പോസ്റ്ററുകൾ. മാർക്സിസ്റ്റ് പാർട്ടിക്കാർക്കുള്ള ഭക്ഷണം ബാലേട്ടന്റെ വീട്ടിലും കോൺ‍ഗ്രസ്സ്-ലീഗ് പ്രവർത്തകർക്കുള്ള ഭക്ഷണം ഹംസ എളാപ്പയുടെ വീട്ടിലുമായിരുന്നു. എല്ലാം കഴിഞ്ഞ് അഞ്ചു മണിക്ക് ഇലക്ഷൻ അവസാനിക്കുന്നതും കാത്തിരിക്കും ഞങ്ങൾ കുട്ടികൾ. കാരണം പുസ്തകം പൊതിയാനായി പോസ്റ്ററുകൾ കീറിയെടുക്കാൻ. മാർക്സിസ്റ്റ് പാർട്ടിയുടെ ചുവന്ന പോസ്റ്ററുകളെക്കാൾ മൾട്ടി കളർ കോൺ‍ഗ്രസ്സ് പോസ്റ്ററുകളെക്കളിലാണ് ഞാനെപ്പോഴും കണ്ണുവെച്ചിരുന്നത്.

ഇലക്ഷൻ കഴിഞ്ഞാൽ പിന്നെ എണ്ണുന്ന ദിവസം ഓരോ വീട്ടിലും റേഡിയോയ്ക്ക് ചുറ്റും അനവധി പേരുണ്ടാകും. ആവേശകരമായ വാഗ്ദാനങ്ങളും തർക്കങ്ങളും അതിനിടയിൽ രാമചന്ദ്രൻ സാറിന്റെതും സുഷമ മോഹന്റെയുമൊക്കെ ശബ്ദത്തിൽ ഫ്ളാഷ് ന്യൂസുകളും...

കാലത്തിന്റെ കുത്തൊഴുക്കിൽ പാർട്ടിക്കപ്പുറം ഒരു പഞ്ചായത്ത് മെന്പർ സ്ഥാനമെങ്കിലും..... എന്ന അധികാര മോഹമാണ് പല പ്രസ്ഥാനങ്ങളിലും തമ്മിലടിയും, റിബലുകളുമൊക്കെയായി രൂപാന്തരം പ്രാപിക്കുന്നത്.

ബാലേട്ടൻ, മൂസാക്ക, തുടങ്ങി എത്രയോ പ്രാദേശിക നേതാക്കന്മാർ. ഓർമ്മവെച്ച നാൾ മുതൽ അവർ എന്റെ മുന്പിലെ കറകളഞ്ഞ രാഷ്ട്രീയക്കാരായുണ്ട്. ഒരു അധികാര സ്ഥാനവും മോഹിക്കാതെ ജീവിതം മുഴുവൻ നിറമുള്ള കോടികൾക്ക് കീഴെ നിർത്താൻ ത്യാഗം സഹിച്ച അവരെ പോലുള്ളവർക്കിടയിൽ സ്ഥാനത്തിന് വേണ്ടി പാർട്ടി മാറിക്കൊണ്ടിരിക്കുന്ന പുതു നേതാക്കന്മാരെ കാണുന്പോൾ വല്ലാത്ത പുച്ഛം തോന്നിപ്പോകുന്നു. ഇവരുടെയൊക്കെ കാൽക്കീഴിൽ ഞെരിഞ്ഞമരുന്ന ആദർശത്തിന്റെ ഗദ്ഗദം ആരും കേൾക്കുന്നേ ഇല്ല.

എനിക്ക്, എനിക്ക്  എന്ന ചിന്തയിൽ ജനങ്ങളെ തമ്മിലടിപ്പിച്ചും സഹപ്രവർത്തകരെ തമ്മിൽ തല്ലിച്ചും മിടുക്കുള്ളവർക്ക് മാത്രം നിലയുറപ്പിക്കാൻ പറ്റുന്ന വേദിയായി രാഷ്ട്രീയം മാറുന്നു. സ്വന്തത്തെ അധികാര കസേരയിൽ ഉറപ്പിച്ചു നിർത്തുന്ന തിരക്കിനിടയിൽ എന്ത് രാജ്യം, ഏത് പ്രജാക്ഷേമം...

എഴുത്തുകാരൻ സക്കറിയ പറഞ്ഞ പോലെ എന്നിട്ടും ഇതൊന്നും തിരിച്ചറിയാതെ നമ്മൾ തിരഞ്ഞെടുത്തയച്ചവരെ കാണുന്പോൾ നമ്മൾ വിനീത വിധേയരായി പട്ടിയെ പോലെ നിലത്തു കിടന്നുരുളുന്നു. യഥാർത്ഥത്തിൽ നമ്മളെ കാണുന്പോൾ എഴുന്നേറ്റു നിൽക്കേണ്ടവന്റെ നിഴൽ കാണുന്പോൾ നാം തള്ളവിരലിൽ നിന്ന് സല്യൂട്ടടിക്കുന്നു.

ചോരയും നീരും വിറ്റുകിട്ടുന്ന തുച്ഛവരുമാനത്തിൽ നിന്നും നാമടയ്ക്കുന്ന നികുതിപ്പണം കൊണ്ട് നിയമങ്ങൾ തെറ്റിച്ച് റോഡിലൂടെ ചലിക്കുന്ന കൊട്ടാരങ്ങളിൽ പറക്കുന്നവന് വേണ്ടി ചായക്കടകളിൽ നിന്നും നാം ന്യായീകരണത്തിനായി വാക്കുകൾ പരതുന്നു. ഒരു ജോലിക്കും പോവാത്ത നേതാവിന്റെ മകൻ ഓക്സ്ഫോഡ് യൂണിവേഴ്സ്സിറ്റിയിൽ ഉന്നത ബിരുദത്തിന് പഠിക്കുന്പോൾ പത്താം ക്ലാസ്സിൽ നല്ല മാർക്കോടെ ജയിച്ച മകന്റെ കയ്യിൽ ഒരു കൊച്ചു തൂന്പാ വാങ്ങിച്ചു കൊടുത്തു പഠിപ്പിക്കാൻ പണമില്ലാത്ത വേദന കടിച്ചമർത്തി സ്വന്തം ജീവിതം സാധാരണ വഴികളിലൂടെ നടത്തുന്പോഴും ആ നേതാവിന് വേണ്ടി കൈകൾ അറിയാതെ അന്തരീക്ഷത്തിലേക്കുയർത്തുന്നവന്റെ പേരല്ലേമലയാളി. 

You might also like

Most Viewed