നാടിനെ ഇനിയും നാണം കെടുത്തരുത് പ്ലീസ്!

അയ്യായിരത്തിലധികം വർഷം പഴക്കമുള്ള ഒരു മഹാസംസ്‌കാരത്തിന്റെ തിരുശേഷിപ്പുകൾ പേറി നിൽക്കുന്ന ഭാരതമെന്ന പുണ്യപുരാതന ദേശത്ത് ജനിക്കാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനം കൊള്ളേണ്ടവരാണ് നമ്മളേവരും.
ലോകം മുഴുവൻ നന്മ വന്ന് ഭവിക്കാനായി പ്രാർത്തിച്ചിരുന്ന നാടാണ് നമ്മുടേത്. ‘ലോകാ സമസ്താ സുഖിനോ ഭവന്തു’ എന്നതാണ് നമ്മുടെ ആപ്ത വാക്യം. ഭാരതം ലോകത്തിന് സമ്മാനിച്ച അനേക സംഭാവനകളിലൊന്നാണ് ആയൂർവേദം. ആധുനിക വൈദ്യശാസ്ത്രത്തിന്റെ പിതാവായ ഹിപ്പോകാറ്റസ് ഭാരതീയരായ ചരകന്റെയും സുശ്രുതന്റെയും ചികിത്സാ രീതികളും വിധികളും തന്നെ സ്വാധീനിച്ചതായി രേഖപ്പെടുത്തുന്നുണ്ട്. ഇങ്ങനെ പല മേഖലകളിലും മനുഷ്യ സമൂഹത്തിന് സംഭാവനകളർപ്പിച്ച നമ്മുടെ നാട് ലോകത്തിന് സമ്മാനിച്ച വലിയൊരു നിധിയായിരുന്നു അഹിംസാചാര്യനായ ശ്രീ ബുദ്ധനും അതിന് ശേഷം കാലത്തിന്റെ ഇങ്ങേത്തലയ്ക്കൽ മോഹൻദാസ് കരം ചന്ദ് ഗാന്ധിയും!
മൈക്രോസോഫ്റ്റ്, ഇന്റെൽ, ഗൂഗിൾ തുടങ്ങി അന്താരാഷ്ട്ര സോഫ്റ്റ്‌വെയർ കന്പനികളിലും അമേരിക്കൻ ബഹിരാകാശ സ്ഥാപനമായ നാസയിൽ പോലും ഭാരതീയർ ജോലി ചെയ്യുന്നു എന്നുള്ളത് നമ്മുക്ക് അഭിമാനാർഹമായ കാര്യമാണ്. ബൗദ്ധിക സന്പത്ത് ധാരാളമുള്ള ഒരു നാടായാണ് ഇന്ത്യയെ പാശ്ചാത്യ രാജ്യങ്ങൾ നോക്കിക്കണ്ടു കൊണ്ടിരിക്കുന്നത്. അറബ് രാജ്യങ്ങളെ എടുത്ത് പരിശോധിച്ചാലും പലതിന്റെയും തലപ്പത്തുള്ളത് നമ്മുടെ നാട്ടുകാർ തന്നെയാണ്.
ഇങ്ങനെ ഇന്ത്യൻ നാഗരിക സംസ്കാരത്തിന്റെ ഔന്നത്യബോധം അഭിമാനത്തോടെ ശിരസ്സിലേറ്റി നാടിന്റെ യശസ്സിനെ വാനോളമുയർത്താൻ പാടുപ്പെട്ടിരിക്കുന്പോൾ തന്നെ വളരെ പേടി തോന്നുന്ന ഒരു ‘നാട്ടു ചിത്രവും’ നമ്മുക്ക് മുന്പിൽ ഇതൾ വിടർത്തിയാടുന്നു എന്ന സത്യം വിസ്മരിക്കാനാവില്ല.
സഹസ്രാബ്ദങ്ങൾ കൊണ്ട് നാം മനുഷ്യകുലത്തിന് മുൻപിൽ നേടിയെടുത്ത നന്മകൾ തല്ലിക്കെടുത്തുന്ന ചില സമീപനങ്ങൾ ഒരു ഭാഗത്ത് നിർബോധം നടമാടുന്പോൾ രാജ്യ സ്നേഹത്തിന്റെ മുഖം മൂടിയിൽ തന്റെ മാതൃരാജ്യത്തിന്റെ സൽപ്പേരിനാണ് തങ്ങൾ കളങ്കപ്പെടുത്തുന്നതെന്ന് അവരറിയുന്നേയില്ല.
നൂറു കണക്കിന് വർഷം പഴക്കമുള്ള ഒരു ദേവാലയം പട്ടാപകൽ തകർത്തെറിയുന്പോൾ മറ്റു രാജ്യ നിവാസികൾ എത്ര അസഹിഷ്ണുതയുള്ളവരാണ് തങ്ങളെന്ന് മനസിലാക്കുമല്ലോ എന്ന നേർത്ത ഒരു സന്ദേഹം പോലും ആർക്കുമില്ലാതെ പോയി.
അതെപോലെ ഗുജറാത്ത് വംശഹത്യക്കിടയിലെ കൈകൂപ്പി നിൽക്കുന്ന ഖുത് ബുദ്ദീൻ അൻസാരിയുടെ ദയനീയ ചിത്രം, ഗർഭിണിയുടെ വയറു പിളർന്ന് ശൂലത്തിൽ കുത്തി നിർത്തിയ സംഭവം. അതേപോലെ ബസിനകത്ത് വെച്ച് ഒരു പെൺകുട്ടിയെ ബലാത്സംഘം ചെയ്ത് പുറത്തേക്കെറിഞ്ഞ വേദനിപ്പിക്കുന്ന വാർത്ത. കൂടാതെ ഇപ്പോൾ നാല് വയ
സ്സുകാരിയെ പീഡിപ്പിച്ച വാർത്തയും നമ്മെ അസ്വസ്ഥപ്പെടുത്തുന്നു.
ഭൂമിയിലെ കൊലപാതക വാർത്ത വായിക്കുന്ന ഇന്ത്യയെപ്പറ്റി വലിയ കാഴ്ചപ്പാടൊന്നും ഇല്ലാത്ത ഒരു വിദേശിയുടെ മാനാസികാവസ്ഥയിൽ ഒന്ന് ചിന്തിച്ചു നോക്കൂ. മാംസം സൂക്ഷിച്ചതിന്റെ പേരിൽ ദേവാലയത്തെ പോലും ദുരുപയോഗപ്പെടുത്തി ഒരാളെ അടിച്ചു കൊന്ന ഭീകരത ആഫ്രിക്കൻ വനാന്തരങ്ങളിലെ ഏതോ വനവാസികളുമായി തട്ടിച്ചു കൊണ്ടുള്ള കാഴ്ചപ്പാടല്ലേ അയാളുടെ മനസ്സിൽ രൂപം കൊള്ളുക.
ഇത്രയും വായിക്കുന്പോൾ ഇതിലും വലിയ ഭീകര താണ്ധവങ്ങൾ ലോകത്ത് നടക്കുന്നില്ലേ എന്ന മറു ചോദ്യമുയരാം. പക്ഷേ ഇറച്ചി വീട്ടിൽ സൂക്ഷിച്ചു വെച്ചതിന്റെ പേരിൽ കൊല്ലപ്പെടുന്ന ലോകത്തിലെ തന്നെ ആദ്യ വ്യക്തിയായിരിക്കും മുഹമ്മദ് എന്നാണ് എനിക്ക് തോന്നുന്നത്.
തങ്ങളെ വിമർശിക്കുന്ന എഴുത്തുകാർ കൂടി കൊല്ലപ്പെടുന്ന അവസ്ഥ ഈ നാടിനെ കുറിച്ച് എത്ര മോശകരമായ അവസ്ഥയാണ് അന്തർദേശീയ തലത്തിൽ സൃഷ്ടിക്കുകയെന്ന് ഇത്തരം ചെയ്തികൾക്ക് ആശയപരമായ ഊർജം സംഭാവന ചെയ്യുന്നവർ ഒരുവട്ടമെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും.
നമ്മുക്ക് വേണ്ടത് ഒരുമയിൽ നിന്നുയിരിടുന്ന പെരുമയാണ്. ഒരു പാട് കാലം ഹിന്ദുവിനെയും മുസൽമാനെയും തമ്മിലടിപ്പിച്ച ബ്രിട്ടീഷുകാർ നമ്മുടെ മുതലുകൾ മുഴുവൻ കൊണ്ടുപോയി. വെള്ളപ്പട്ടാളത്തിന്റെ ആഗമനത്തിന് മുന്പുള്ള ഇന്ത്യ എത്രത്തോളം സന്പൽ സമൃദ്ധമായിരുന്നു എന്നത് ചരിത്രം തിരഞ്ഞാൽ നമുക്ക് മനസിലാകും.
ഇപ്പോൾ വോട്ടിനും അധികാരത്തിനും വേണ്ടി രാഷ്ട്രീയ പാർട്ടികൾ മനസ്സുകളിൽ ഭിന്നിപ്പിന്റെ വിഷ ബീജം വിതറുന്നു. ഇന്ത്യയിൽ ഇതുവരെ നടന്ന വർഗ്ഗീയ കലാപങ്ങളിൽ നേട്ടമുണ്ടാക്കിയത് രാഷ്ട്രീയ പാർട്ടികളും വർഗ്ഗീയ സംഘടനകളുമാണ്. അതിന് വേണ്ടി ബലിയാടാക്കപ്പെട്ടതോ സാധാരണക്കാരും. അവന് ജീവൻ നഷ്ടപ്പെട്ടു എന്നല്ലാതെ ഒന്നും നേടാനായില്ല. ഗുജറാത്ത് കലാപ കാലത്ത് ഇരകളുടെയും വേട്ടക്കാരുടെയും ഭാഗത്തുണ്ടായിരുന്ന (ഖുത്ത് സുദ്ദീനും, മോചിയും) രണ്ട് തുന്നൽക്കാർ നാം ഇന്ത്യക്കാരോട് പറയുന്നത് മറ്റൊന്നല്ല, ഇന്ത്യ എന്ന വെട്ടിത്തിളങ്ങി നിൽക്കുന്ന, ലോകം പ്രതീക്ഷയോടെ നോക്കുന്ന പ്രകാശത്തിന് മുകളിൽ ഇനിയും ചോരയൊഴുക്കി മലിനമാക്കരുത്. അങ്ങനെയുള്ളവരെ തിരിച്ചറിയാനെങ്കിലുമുള്ള വിവേകം നാം ഭാരതീയർ കാണിക്കണം.