നിറം മങ്ങിത്തുടങ്ങുന്ന ആട്ടിൻ തോലുകൾ!
സ്ത്രീകളുടെ നേതൃത്വത്തിൽ, രാഷ്ട്രീയ നേതാക്കളെ റാഞ്ചാൻ അനുവദിക്കാതെ ഐതിഹാസികമായ പരിസമാപ്തിയിലെത്തിച്ച മൂന്നാർ തോട്ടം തൊഴിലാളികളുടെ സമരം മലയാളക്കരയുടെ പ്രതിഷേധ പോരാട്ടങ്ങളുടെ പൊന്നേടുകളിൽ വ്യത്സ്തവും തിളക്കവുമുള്ളവരായി തീർന്നിരിക്കുന്നു.
തൊഴിലാളികളെ ചൂഷണം ചെയ്യാനായി മുതലാളിമാർക്ക് രഹസ്യമായി കൂട്ടി കൊടുക്കുന്ന ട്രെയിഡ് യൂണിയൻ രംഗത്തെ വലിയൊരു വിഭാഗം നേതൃത്വത്തിന് തീർച്ചയായും ഇതൊരു വിചിന്തനത്തിന്റെ സമയമാണ്. ഇതുവരെ തങ്ങളണിഞ്ഞിരുന്ന ആട്ടിൻ തോലിന്റെ നിറം മങ്ങി തുടങ്ങിയെന്ന തിരിച്ചറിവ് തീർച്ചയായും അവർക്കുണ്ടാവേണ്ടതാണ്. ഈയൊരു വേറിട്ട വിചിന്തനം കേരളം മുഴുവൻ പടരുകയാണെങ്കിൽ അത് തൊഴിലാളികളുടെ വിയർപ്പ് കൊണ്ട് മാന്യമായി ജീവിക്കുന്ന പല നേതാക്കന്മാരുടെയും നില പരുങ്ങലിലാക്കുക തന്നെ ചെയ്യും എന്ന കാര്യത്തിൽ സംശയമേതുമില്ല. ‘പൊതു കാര്യങ്ങളിൽ സ്വകാര്യ താൽപര്യങ്ങൾ സ്വാധീനം ചെലുത്തുന്നതിനേക്കാൾ ഭീകരമായി മറ്റൊന്നില്ല’ എന്ന സ്വസ് തത്വചിന്തകനും എഴുത്തുകാരനുമായ റൂസ്സോയുടെ വാക്കുകൾ കടമെടുത്താൽ ഇന്ന് ഇന്ത്യൻ രാഷ്ട്രീയത്തിന്റെ വിശിഷ്യാ കേരള രാഷ്ട്രീയത്തിന്റെ സ്ഥിതി വളരെ വളരെ ഭീകരമാണ്. തങ്ങളുടെ പ്രശ്നങ്ങളേക്കാൾ സ്വകാര്യ താൽപര്യങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്നു എന്ന പാവപ്പെട്ട നിരക്ഷരരായ തൊഴിലാളികളുടെ ഉറക്കെ പറയലാണ് വി.എസ് ഒഴികെ മൂന്നാറിലെത്തിയ നേതാക്കന്മാരെ കൂക്കി വിളിച്ചു സ്വീകരിച്ച അവസ്ഥാ വിശേഷം മനസിലാക്കി തരുന്നത്.
തൊഴിലാളികളിൽ കുറച്ച് പേർക്കെങ്കിലും തങ്ങളെ മുതലാളിമാരുടെ താൽപര്യങ്ങൾക്ക് താളത്തിൽ കൂട്ടിക്കൊടുത്ത കമ്മീഷൻ വാങ്ങുന്നവരാണ് നേതാക്കന്മാരെന്നു തിരിച്ചരിഞ്ഞിട്ടുണ്ടെങ്കിൽ അവര് കൂടെ ഉൾപ്പെടുന്ന മലയാളി പൊതു ബോധത്തിന് അത് മനസിലായിട്ടില്ല എന്നതാണ് പരമാർത്ഥം.
ഉയർന്ന വിദ്യാഭ്യാസമുള്ളവരും മറ്റു പല മേഖലകളിലും ലോകത്തിലെ തന്നെ സന്പന്ന രാഷ്ട്രങ്ങളോട് കിടപിടിക്കുന്ന സ്ഥിതി വിശേഷത്തിൽ ജീവിക്കുന്നവരെന്നുമൊക്കെ വാചകമടിക്കുന്പോഴും ആർക്കും പറ്റിക്കാവുന്ന പാവങ്ങളാണ് മലയാളികളെന്ന് മനസിലാക്കാൻ ആട്, തേക്ക്, മാഞ്ചിയം തട്ടിപ്പ് മുതൽ കാന്തക്കിടക്ക, കോണിബയോ ഉല്പന്നങ്ങളായ കളിമണ്ണിന്റെ അംശങ്ങൾ അടങ്ങിയ രോഗ പ്രതിരോധ വസ്ത്രങ്ങൾ, കിഡ്നി രോഗികളുടെ രക്തത്തിൽ അടിഞ്ഞു കൂടുന്ന മാലിന്യങ്ങൾ വലിച്ചെടുക്കാനെന്ന പേരിൽ കാലിനടിയിൽ ഒട്ടിക്കുന്ന പ്ലാസ്റ്റർ, കഷണ്ടി മരുന്ന് നിധി കിട്ടാനുള്ള മന്ത്രവാദ ചികിത്സ, ഇഷ്ട സന്താന സൗഭാഗ്യത്തിനുള്ള ഭാഗ്യ രത്ന കല്ലുകൾ തുടങ്ങി സകല വിധ തട്ടിപ്പുകളുടെയും ഏറ്റവും വലിയ മാർക്കറ്റ് കേരളമാണെന്ന് മനസിലാക്കിയാൽ മതി.
സിനിമാതാരങ്ങളും, പത്ര മാധ്യമങ്ങളും സർക്കാരും കൂടി ഒത്ത് ചേർന്ന് തങ്ങളെ നിരന്തരം മായം തീറ്റിച്ചും മറ്റു പല രീതിയിലും പറ്റിക്കുകയാണെന്ന് പാവം മലയാളി തിരിച്ചരിഞ്ഞിട്ടേയില്ല. പല മുഖ്യധാര മസാലപൊടി കന്പനികളും കാലങ്ങളായി ഉപഭോക്താക്കളെ മാരകമായ രീതിയിൽ മായം തീറ്റിച്ചിട്ടും അത്തരം സ്ഥാപനങ്ങൾക്ക് എതിരെ ചങ്കൂറ്റത്തോടെ നടപടി എടുക്കാൻ ഭരണകൂടവും, അത്തരംവാർത്തകൾ ആണത്തത്തോടെ ജനങ്ങളിൽ എത്തിക്കാൻ മാധ്യമങ്ങളിലെ ഭൂരിഭാഗവും മടി കാണിക്കുന്നിടത്താണ് ജനങ്ങളെ നഗ്നമായി കൂട്ടിക്കൊടുക്കുന്നതിന്റെ ഭയാനക ദൃശ്യങ്ങൾ അനാവൃതമാകുന്നത്. സെലിബ്രിറ്റികളും പണം മാത്രം മുന്നിൽ കണ്ട് തങ്ങളെ സ്നേഹിക്കുന്ന പാവം പ്രേക്ഷകനെ എത്ര മനോഹരമായിട്ടാണ് വഞ്ചിച്ചു കൊണ്ടിരിക്കുന്നത്.
നല്ലവരുടെ നിശബ്ദതയാണ് ദുഷ്ടന്മാരുടെ അക്രമത്തെക്കാൾ ലോകത്തെ ദുരിതമയമാക്കുന്നതെന്ന നേപ്പോളിയന്റെ വാക്കുകളെ അന്വർത്ഥമാക്കികൊണ്ട് തങ്ങളെ ചൂഷണം ചെയ്യുന്ന ഈ കൂട്ടു കെട്ടിനെ കൂടി സാംസ്കാരിക കേരളം തുറന്നു കാണിക്കേണ്ടതുണ്ട്. ഒപ്പം തന്നെ പണ്ട് കാലത്തെ പോലെ വീട്ടിൽ വാങ്ങി കഴുകി പൊടിച്ചു ശുദ്ധിയാക്കുന്ന മസാലപൊടികളും അച്ചാറുകളും, അതേപോലെ തേങ്ങ ഉണക്കി മില്ലിൽ കൊണ്ട് പോയി വെളിച്ചെണ്ണയാക്കുന്ന രീതിയിലൊക്കെയുള്ള പഴമയുടെ പരിശുദ്ധിയിലേയ്ക്ക് പൊതു ജനത്തെ കൊണ്ട് പോകാൻ നന്മ ഇനിയും കൈമോശം വന്നിട്ടില്ലാത്ത സാമൂഹിക പ്രവത്തകരും എഴുത്തുകാരും ശ്രദ്ധവെക്കേണ്ടതുണ്ട്.
വിദേശികളുടെ ഭക്ഷണങ്ങളുടെ പേരിൽ പരമാവധി വീട്ടമ്മമാരെ കൊണ്ട് കാശ് കൊടുത്ത് വിഷം വാങ്ങിപ്പിക്കുന്ന ചാനലുകളിലെ പാചക പരിപാടികളിൽ നിന്നും ഇന്നലെകളിലെ നാടൻ ഭക്ഷണ രീതിയിലേയ്ക്ക് മടങ്ങി വരാനുള്ള തന്റേടം മലയാളി കാണിച്ചില്ലെങ്കിൽ വളരെ ചെറുപ്രായത്തിൽ വലിയ രോഗങ്ങൾക്ക് അടിമയാകുന്ന സമൂഹമായി കേരളീയ സമൂഹം മാറ്റപ്പെടും.തിരിച്ചറിവുകളും തിരിഞ്ഞു നടത്തങ്ങളും മാത്രമേ അതിനു പോംവഴിയായുള്ളൂ..