കണ്ണീര് തോരാത്ത കണ്ണൂർ
മലയാളികളുടെ ഓണാഘോഷത്തിലേയ്ക്ക് ചുടു ചോര ചീറ്റി തെറിപ്പിച്ച് കൊണ്ട് വീണ്ടും തൃശ്ശൂരും കാസർഗോഡും രണ്ട് മനുഷ്യ ജീവനുകൾ പൊലിഞ്ഞു. ഇതിന്റെ പരിണിതിയെന്നോണം കണ്ണൂർ ജില്ലയിൽ പലയിടത്തും വ്യാപകമായ അതിക്രമങ്ങൾ ഇതെഴുതുന്നതിനിടയിലും അരങ്ങേറിക്കൊണ്ടിരിക്കുന്നു.
ടി.പി ചന്ദ്രശേഖരന്റെ ദാരുണമായ വധം കേരളത്തിൽ കൊലപാതക രാഷ്ട്രീയത്തിന് അവസാനം കുറിക്കണേ എന്ന് പ്രാർത്ഥിച്ചവർക്ക് മുന്പിൽ പിന്നീട് പിറന്ന് വീണ വാർത്തകളിൽ വീണ്ടും ചോരയുടെ മണമുണ്ടായിരുന്നു.
അതിന് ശേഷവും കതിരൂർ മനോജ് വധമുൾപ്പടെ കേരളത്തിന്റെ പല ഭാഗത്തും ഹതഭാഗ്യരുടെ ജീവിതങ്ങൾ വാൾതലപ്പുകളിൽ വീണു പിടഞ്ഞു. ഇതിൽ അത്യപൂർവ്വമായി ഗ്രൂപ്പ് പോരിന്റെ പേരിലും ഒരാൾക്ക് മരണത്തിന് കീഴടങ്ങേണ്ടി വന്നു.
സിനിമാ താരങ്ങളുമായി ബന്ധപ്പെട്ട ഫാൻസ് സംസ്കാരം കേരളത്തിലെത്താത്ത സമയത്ത് തിരശ്ശീലയിലെ നായകന്മാർക്ക് വേണ്ടി പോരടിച്ചിരുന്ന തമിഴന്മാരെ നമ്മൾ കളിയാക്കിയിരുന്നു. ഒപ്പം ഞങ്ങളൊക്കെ സംസ്കാരവുമായി ഒന്നത്യമുള്ളവരാണെന്ന് ഓരോ മലയാളിയും അഹങ്കരിച്ചിരുന്നു. (ഇന്ന് സ്ഥിതി മാറി നാം തമിഴരേക്കാൾ തരംതാണു കഴിഞ്ഞു എന്ന സത്യം വിസ്തരിക്കുന്നില്ല.) ഏതാണ്ട് 1960കളിൽ തുടങ്ങിയതാണ് കേരളത്തിലെ കൊലപാതക രാഷ്ട്രീയം. വിശിഷ്യാ കണ്ണൂരിൽ ഒരേ വേദി പങ്കിടാനും പരസ്പ്പരം ബഹുമാനിക്കാനും യാതൊരു മടിയും കാണിക്കാത്ത നേതാക്കന്മാർക്ക് വേണ്ടി അണികൾ ജീവിതം തുലയ്ക്കുന്നതിനെ എന്തു കാരണം പറഞ്ഞാണ് രാഷ്ട്രീയ കേരളത്തിന് ന്യായീകരിക്കാൻ കഴിയുക.
ഇനി പൊതുബോധത്തിന്റെ കാഴ്ചപ്പാടിലും ചില തിരുത്തലുകൾ കാലം ആവശ്യപ്പെടുന്നുണ്ട്. രാഷ്ട്രീയ കൊലപാതകം എന്ന സഞ്ജയിൽ ഒരു മനുഷ്യന് ജീവിക്കാനുള്ള അവകാശത്തെ നിഷ്കരുണം നുള്ളി എറിഞ്ഞ കാട്ടാളത്വത്തെ നിസ്സാരവത്കരിക്കുന്നു. ഒരു വർഗ്ഗീയ സംഘർഷത്തിൽ ഉണ്ടാവുന്ന ജീവഹാനിയെ പോലെയല്ല രാഷ്ട്രീയ പ്രസ്താനങ്ങളുടെ പടപ്പുറപ്പാടിനിടയിലെ നരഹത്യയെ ജനങ്ങളും മാധ്യമങ്ങളും നോക്കി കാണുന്നത്.
ഒരു വർഗ്ഗീയ സംഘടനത്തിൽ ഉണ്ടാവുന്ന കൊലപാതകം പോലെ തന്നെ രാഷ്ട്രീയ കൊലപാതകങ്ങളേയും കേരളം കാണേണ്ടിയിരിക്കുന്നു. ഏതെങ്കിലും രാഷ്ട്രീയ പാർട്ടികളുടെ പങ്ക് ഇത്തരം സംഭവങ്ങളിൽ നിയമ സംവിധാനത്തിന് തെളിവ് സഹിതം ബോധ്യമുണ്ടായാൽ പ്രസ്തുത പ്രസ്താനത്തെ മനുഷ്യത്വത്തിനെതിരെ നിൽക്കുന്ന ഭീകര - തീവ്രവാദ പാർട്ടിയായി കാണാൻ സമൂഹം തയ്യാറാകണം.
രാഷ്ട്രത്തിന്റെ നന്മയ്ക്കാണ് ഇവിടെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ പിറവി എടുക്കേണ്ടത്. അത് ഒരിക്കലും രാഷ്ട്രത്തിന്റെ മക്കളെ കൊന്ന് കൊല വിളിക്കുന്ന കിരാതത്വത്തിലേയ്ക്ക് അധപതിച്ചു കൂടാ.
കുടുംബത്തോടൊപ്പം ഓണം ആഘോഷിച്ച് പുതിയ പ്രത്യാശകളും സ്വപ്നങ്ങളുമായി നമ്മളെ പോലെ ജീവിച്ചു കൊണ്ടിരിക്കുന്ന കാസർഗോട്ടെ നാരായണനും, തൃശ്ശൂരിെല അഭിലാഷ് എന്ന ചെറുപ്പക്കാരന്റെയും ജീവിതം ഒരു പിച്ചാത്തി പിടിയിലൊതുക്കിയ ഭയാനകതയെ ഒരു ആഘോഷ ദിവസത്തിലെ ഭീകര പ്രവർത്തനവുമായി കാണുവാൻ നമുക്ക് കഴിയേണ്ടതുണ്ട്.
ഏത് ജാതിയിലോ മതത്തിലോ പ്രവർത്തിക്കുന്നവരായാലും ലോകമേ തറവാട് എന്ന രീതിയിൽ കാണുവാനുള്ള വിശാലതയാണ് ഇക്കാലഘട്ടത്തിനാവശ്യം. ഞാൻ കൊല്ലാൻ പോകുന്നത് മനുഷ്യ കുടുംബത്തിലെ സഹോദരനെയാണ് അല്ലെങ്കിൽ എന്റെയുള്ളിലെ മനുഷ്യത്വത്തെയാണ് എന്നുള്ള തിരിച്ചറിവാണ് ഇത്തരം തിന്മകളിൽ നിന്നും തിരിച്ച് നടക്കാനുള്ള പ്രലോഭനവും പ്രചോദനവുമായി ഭവിക്കേണ്ടത്.
കേവലം വാക്കുകൾക്കും പ്രസംഗങ്ങൾക്കുമപ്പുറം കേരളം ഒറ്റക്കെട്ടായി കൊലപാതക രാഷ്ട്രീയത്തിനെതിരെ ഉണർന്നെഴുന്നേൽക്കേണ്ടതുണ്ട്. വോട്ട് എന്ന സമരായുധം കൊണ്ട് തന്നെ ഇത്തരം തിന്മകളെ ജനാധിപത്യ രീതിയിൽ തന്നെ ഉച്ഛാടനം ചെയ്യാൻ കഴിയും. എന്റെ വോട്ട് ‘സമാധാനത്തിന്’ എന്ന മുദ്രാവാക്യം കണ്ണൂർ ഉൾപ്പടെ യുവസമൂഹത്തിന്റെ ചങ്കിൽ നിന്നും ഉയർന്ന് കേൾക്കേണ്ടതുണ്ട്.ഇനിയെങ്കിലും ചോരയിറ്റ് വീഴുന്ന വാർത്തകൾ കാണേണ്ടി വരുന്ന പ്രഭാതങ്ങൾ നമ്മുക്കുണ്ടാകാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.