കലാപങ്ങളുടെ കാലം കഴിഞ്ഞുവോ


ചരിത്രം സാക്ഷ്യപ്പെടുത്തിയ വലിയ രീതിയിലുള്ള മാറ്റങ്ങൾക്കും സാക്ഷ്യം വഹിച്ച കാലഘട്ടമാണ് തൊണ്ണൂറുകൾ. രാഷ്ട്രീയ രംഗത്താണെങ്കിൽ പതിറ്റാണ്ടുകളായി പോർക്കളത്തിൽ എതിരാളികളില്ലാതെ ജയിച്ചു കയറിയ കോൺ‍ഗ്രസ്സിന്റെ അപജയത്തിന്റെ തുടക്കം. ഒപ്പം പ്രാദേശിക പാർട്ടികൾ ദേശീയ രംഗത്ത് നിർണ്ണായക ശക്തിയാവുന്ന അവസ്ഥാ വിശേഷം. ഇനി സാന്പത്തിക രംഗമെടുത്താൽ വിദേശ കുത്തകകൾക്കായി വിപണികൾ തുറന്നു കൊണ്ടുള്ള ആഗോള ഉദാരവൽക്കരണ നയങ്ങളുടെ പ്രായോഗിക വത്ക്കരണം സാമൂഹിക രംഗത്ത് ഭൂരിപക്ഷ വർഗ്ഗീയ ശക്തികളുടെ അത്ഭുത പൂർവ്വമായ വളർച്ചയും അതിന് ശേഷം ജനാധിപത്യത്തെ കത്തിമുനയിൽ നിർത്തിക്കൊണ്ട് നടത്തിയ ബാബരി ധ്വംസനവും ഇതിന്റെ പരിണതി എന്നോണം അതുവരെ ചിത്രത്തിലില്ലായിരുന്ന ന്യൂനപക്ഷ വർഗ്ഗീയ സംഘനകളുടെ രംഗ പ്രവേശനം.

ഇനി സാഹിത്യത്തിലാണെങ്കിൽ ആധുനികതയിൽ നിന്നും  ഉത്തരാധുനികതയിലേയ്ക്കുള്ള ചുവടുമാറ്റം. ഇങ്ങനെ പല മേഖലകളിലും വന്നിട്ടുള്ള വിവിധതരം മാറ്റത്തിനിടയിൽ പൊതുജനത്തിന്റെ ജീവിതക്രമങ്ങളും, ചര്യകളും ശീലങ്ങളും അവരറിയാതെ മാറ്റപ്പെടുന്ന അവസ്ഥാ വിശേഷം. തൊഴിലാളി വർഗ്ഗ പാർട്ടികളിൽ മരുന്നിന് പോലും അങ്ങനെയുള്ളവരില്ലാതെ മുതലാളിമാർ ഭൂരിപക്ഷമാവുന്ന അവസ്ഥയും സംജാതമായി എന്ന് പറഞ്ഞാൽ അതിൽ അതിശയോക്തി ഏതുമില്ല.

ഇതിനൊക്കെയിടയിൽ നവോത്ഥാന മൂല്യങ്ങളുടെ കാവൽക്കാരായി നിലകൊള്ളേണ്ടിയിരുന്ന എഴുത്തുകാരും, കലാ സാംസ്‌കാരിക പ്രവർത്തകരും തങ്ങളുടെ ബാധ്യതകളിൽ നിന്നും പതുക്കെ പിന്മാറുന്ന അവസ്ഥാ വിശേഷങ്ങളും കേരളം കണ്ടു. സ്വാർത്ഥമായ അധികാര താത്‌പര്യങ്ങൾക്ക് വേണ്ടി ആദർശത്തെ പണയപ്പെടുത്തുന്നവരായി ചിലരെങ്കിലും മാറിയപ്പോൾ അതിന്റെ വിടവിലൂടെ കേരളം കുടഞ്ഞെറിഞ്ഞ പലതും തിരിച്ചു വീണ്ടും കയറി വന്നു. സർക്കാർ (സെക്രട്ടറിയേറ്റ്) ആപ്പീസിൽ നിന്നും താഴ്ന്ന ജാതിക്കാരനായ ഉദ്യോഗസ്ഥൻ വിരമിച്ചപ്പോൾ ചാണകം തളിച്ച് ശുദ്ധീകരിക്കുന്ന രംഗത്തിനും നവോത്ഥാന കേരളം സാക്ഷിയായി. തിരുവനന്തപുരം പത്മതീർത്ഥ കുളത്തിൽ ക്രൂരമായ ഒരു കൊലപാതകം നടക്കുന്പോൾ നിസ്സംഗതയോടെ നോക്കി നിന്ന മലയാളിയുടെ നേർച്ചിത്രമാണ് പിന്നീട് നടന്ന പല നടക്കാൻ പാടില്ലാത്ത സംഭവ പരന്പരകളിലും കേരളം കണ്ടത്.

സ്ഥലവും സന്ദർഭവും സംഭവങ്ങളും മാറിക്കൊണ്ടിരിക്കുന്നപ്പോഴും ചുരുക്കം ചിലപ്പോളൊഴിച്ച് മലയാളി മുഖത്ത് ആ നിസ്സംഗത ഒട്ടിച്ചു വെക്കാൻ വല്ലാത്ത ജാഗ്രത കാണിച്ചു.

മുസ്ലീങ്ങൾക്കിടയിലെ അനാചാരങ്ങൾക്ക് എതിരെ കെ.ടി മുഹമ്മദ്‌ ‘ഇത് ഭൂമിയാണ്‌’ എന്ന നാടകത്തിലൂടെ പ്രതികരിച്ച പോലെ, ഹിന്ദുക്കളിലെ അനാരോഗ്യ സാംസ്‌കാരിക പ്രവണതകൾക്കെതിരെ ‘അടുക്കളയിൽ നിന്നും അരങ്ങത്തേയ്ക്ക്’ എന്ന നാടകമെഴുതി  രംഗത്ത് വന്ന വി.ടി ഭട്ടതിരിപ്പാടിനെപ്പോലെ കേരളീയ പൊതുസമൂഹത്തിലെ അനീതികൾക്കും അനാചാരത്തിനും അടിമത്തത്തിനും ഭരണകൂട ഭീകരതകൾക്കുമെതിരെ, ‘കല’ കൊണ്ട് കലാപം നടത്താൻ മരുന്നിന് പോലും ആരുമില്ലാത്തതും അത്തരം ഒറ്റപ്പെട്ട മുന്നേറ്റങ്ങളെ വടിവാളുകളാൽ നിഷ് ക്രിയമാക്കുന്ന ഭീവത്സതക്കെതിരെയും എതിർ ശബ്ദങ്ങൾ എവിടെയും നാം കാണുന്നില്ല. ‘ഗുജറാത്ത്’ വംശഹത്യാ വേളയിൽ കടമ്മനിട്ട ‘ക്യാ’ എന്ന ഒറ്റ കവിതയാൽ ഒരു സാംസ്‌കാരികമായ ഗർജനം തന്നെ മുഴക്കിയപ്പോൾ മഹാഭൂരിപക്ഷം എഴുത്തുകാരും മൗനത്തിന്റെ മൺ‍പുറ്റിനുള്ളിൽ ഒളിച്ചിരിക്കുകയായിരുന്നു.

ഒരു അദ്ധ്യാപകനെ കുട്ടികളുടെ മുന്പിൽ വെച്ചു അതിക്രൂരമായി കൊല ചെയിതപ്പോഴും അന്പത് വെട്ടുകൾ രാഷ്ട്രീയ ചരിത്രത്തെ തന്നെ കിടിലം കൊള്ളിച്ചപ്പോഴും, ഭരണകൂടം തന്നെ അഞ്ച് യുവാക്കളെ നിറയൊഴിച്ചു കൊലപ്പെടുത്തിയപ്പോഴും സമൂഹത്തിന്റെ സ്വസ്ഥതയ്ക്ക് ഭംഗം വരുത്തുന്ന രീതിയിൽ ഇരുകാലി നാൽക്കാലി ശ്വാനന്മാർ ഭയാനകമായി ഓരിയിടുന്പോഴും, നേർത്തില്ലാതാവുന്ന സൗമ്യമാരുടെ ദീനരോദനങ്ങൾക്കിടയിലും, ഏറ്റവും അവസാനമായി സ്‌ത്രീ അശുദ്ധിയാണ് ആയതിനാൽ ‘അവളുണ്ടാകുന്ന വേദിയിൽ ഞാനിരിക്കില്ല’ എന്നൊരു സന്യാസി സാംസ്‌കാരിക പരിസരത്തു നിന്നും പറയുകയുമൊക്കെ ചെയ്ത വല്ലാത്ത കേരളീയ പരിസരങ്ങളിൽ സംസ്കാരികളായ പ്രതിരോധങ്ങളോ ചിന്തകളുടെ അഗ്നിജ്വാലകളോ എവിടെയും ദൃഷ്ടി ഗോചരമാകുന്നില്ല തന്നെ. 

കലാസൃഷ്ടികൾ എങ്ങനെ ഫലപ്രദമായി വിപണനം ചെയ്ത് നോട്ടു കെട്ടുകളാക്കി മാറ്റിയെടുക്കാം എന്ന ഗവേഷണത്തിനിടയിൽ അധർമ്മങ്ങൾക്കെതിരെ കല ചെയ്യും സാഹിത്യത്തേയും ആയുധമാക്കാൻ ആർക്ക് താൽപര്യം എന്നിടത്താണ് കാര്യങ്ങൾ!

നിസ്വാർത്ഥരായി സകല മാനുഷിക കാൽപ്പനിക ഭാവങ്ങളെയും (കല, സാഹിത്യം, തുടങ്ങി സൃഷ്ടിപരമായ എല്ലാം) മാനസികതയുടെ നന്മയ്ക്കായി നല്ലൊരു നാളേയ്ക്കായി ഉപയോഗപ്പെടുത്തി മരണത്തിലേയ്ക്ക് നടന്നു പോയവർക്ക് ശേഷം അരങ്ങു വാഴാനെത്തിയവരിലധികം പേരും സ്വാർത്ഥതയുടെ തടവുകാരാണെന്ന സത്യമാണ്, കേരളം നടുങ്ങുന്ന ഓരോ ഭയാനകമായ കാഴ്ചകൾക്ക് ശേഷം സംസ്‌കാരിക മേഖലയിലെ ഭയാനകമായ മൗനം നമ്മോടു വിളിച്ചു പറയുന്നത്.

 

You might also like

Most Viewed