മലയാ­­­ളി­­­ മാ­­­റി­­­ത്തു­­­ടങ്ങു­­­ന്നു­­­ണ്ടോ­­­?


കലാലയ മതിൽകെട്ടിനുള്ളിലേക്ക് പോലും ക്രൂരതയുടെ പ്രാകൃത രൂപം പേറി മരണം കടന്നു വരുന്ന കാഴ്ച്ചപ്പെടലുകൾക്കുള്ളിൽ കുടുങ്ങി വിറച്ചിരിക്കുകയാണ് കേരളം. ഒരാഘോഷ പ്രകടനം ഒരു വ്യക്തിയുടെ ജീവനെടുത്ത ആഘാതത്തിൽ ഞെട്ടി വിറച്ചു നിൽക്കുകയാണ് മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത മലയാളക്കര. കേവലം തെസ്നി ബഷീർ എന്ന വിദ്യാർത്ഥിയുടെ ദാരുണ മരണത്തിലൊതുങ്ങുന്നില്ല സാംസ്കാരിക സന്പന്നരെന്ന് നമ്മൾ അഭിമാനത്തോടെ അവകാശപ്പെടുന്ന മലയാളികൾക്കിടയിലെ ചില ഇത്തിക്കണ്ണികളുടെ വീരശൂരപരാക്രമങ്ങൾ...

കഴിഞ്ഞ രണ്ടുമൂന്നു വർഷത്തിനിടയിൽ നമ്മുടെ വർത്തമാനപത്രങ്ങളിൽ വന്ന വാർത്തകൾ പരിശോധിച്ചാൽ നമ്മുടെ കണ്ണുകളെ ഈറനണിയിക്കുന്ന, കരളകങ്ങളിൽ വേദന പൊഴിക്കുന്ന വാർത്തകളുടെ ഡേറ്റ് ലൈനുകൾ തൊണ്ണൂറു ശതമാനവും മലയാളച്ചുവയുള്ളതാണ്. ഒരു പച്ചയായ മനുഷ്യന്റെ മുഖത്ത് അന്പത്തൊന്നു വെട്ട് വെട്ടി രാഷ്ട്രീയ പക തീർത്ത ക്രൂരത ഒരു പക്ഷെ ലോകത്ത് മറ്റൊരിടത്തു നിന്നും നമ്മളാരും കേട്ടിട്ടുണ്ടാവില്ല. അതേപോലെ ഇടുക്കിയിൽ ഗർഭിണിയെ പതിനാലുവയസ്സുകാരൻ ബലാത്സംഗം ചെയ്തു കൊന്ന വാർത്ത, സൗമ്യ എന്ന പാവം പെൺകുട്ടിയെ ട്രെയിനിൽ നിന്നും തള്ളിയിട്ട് മാനഭംഗപ്പെടുത്തിയിട്ടും അരിശം തീരാഞ്ഞ് തലയ്ക്കടിച്ചു കൊന്ന ഭീകര സംഭവം, ഷെഫീഖ് എന്ന പിഞ്ചു കുഞ്ഞിനെ മാതാപിതാക്കൾ തന്നെ മർദ്ദിച്ച് ജീവച്ഛവമാക്കിയത്, മാതാവിനെ മകൻ മദ്യലഹരിയിൽ ചവിട്ടിക്കൊലപ്പെടുത്തിയത്, പിതാവിനെ ഭാര്യയും മക്കളും കൂടി കൊന്ന് കുഴിച്ചുമൂടിയത്, അഞ്ചുവയസ്സുകാരിയെ അറുപത്തഞ്ചുകാരൻ മാനഭംഗപ്പെടുത്തി ചാക്കിലാക്കിയത്, ഇതിനൊക്കെ പുറമേ നാലാം പേജിലും അഞ്ചാം പേജിലുമൊക്കെ ഒതുങ്ങിപ്പോകുന്ന ലോകത്ത് തന്നെ കേട്ടുകേൾവിയില്ലാത്ത പിതാവിന്റെ പീഡനത്തിനിരയാകുന്ന പെൺമണികൾ !!!

ഈയടുത്ത് പിതാവിനോടുള്ള പകതീർക്കാനായി പിഞ്ചു കുഞ്ഞിന്റെ തല പൊട്ടിപ്പിളർന്ന വാർത്ത, അമ്മമാരെ തെരുവിൽ ചപ്പുചവറുപോലെ ഉപേക്ഷിച്ചു കടന്നുകളയുന്ന മക്കളെ പറ്റിയുള്ള റിപ്പോർട്ടുകൾ ഇങ്ങനെ ഓരോന്നും അനാലിസിസ് ചെയ്തെടുക്കുകയാണെങ്കിൽ ഈ കോളം മതിയാകാതെ വരും. കേരളം കുറ്റകൃത്യങ്ങളുടെ നാടായി പതുക്കെ മാറുന്നുണ്ടോ എന്ന സന്ദേഹം ചിലകോണുകൾ വല്ലാതെ പങ്കുവെച്ചുകൊണ്ടിരിക്കുന്നുണ്ട്. 

ഇതിനെല്ലാമപ്പുറം അയൽവാസിയുടെ കുളിമുറികളിൽ ഒളിക്യാമറ വെച്ചാസ്വദിക്കുകയും അത് മറ്റുള്ളവരുടെ ആസ്വാദനത്തിനായി പരസ്യപ്പെടുത്തുകയും ചെയ്യുന്നതും കൂടുതൽ മലയാളികളാണെന്നു തോന്നുന്നു. മലയാളിയെ മലയാളിയായ ഞാൻ കുറ്റം പറഞ്ഞ് ആസ്വദിക്കുവാനല്ല  ഈ കുറിപ്പ് എന്ന് ഉണർത്തിക്കൊണ്ടുതന്നെ പറയട്ടെ നമ്മുടെ നാട് വല്ലാതെ മാറിയിരിക്കുന്നു.

ഗ്രാമ്യതയും, കുണ്ടനിടവഴികളും, പൊതു ഇടങ്ങളും, വായന ശാലകളും, സാംസ്കാരിക കൂട്ടായ്മകളുമൊക്കെ പതിയെ പതിയെ നിശ്ചലമായിത്തുടങ്ങുന്ന വർത്തമാനത്തിൽ, വിഡ്ഢിപ്പെട്ടിയുടെ മുന്പിൽ ഒരു തുരുത്തായി മാറുന്ന മലയാളി അശാന്തിയുടെ താഴ്്വരകളിൽ ഗതികിട്ടാ പ്രേതം പോലെ അലഞ്ഞു തിരിഞ്ഞു തുടങ്ങിയോ എന്നു തോന്നിപ്പോകുന്നു നമ്മുടെ നാട്ടിലെ ലഹരി ഉപയോഗിക്കുന്നവരുടെ എണ്ണം വർദ്ധിച്ചുവരുന്നതു കാണുന്പോൾ.

പുതിയ അബ്കാരി നയം മലയാളിയെ മദ്യാസക്തിയിൽ നിന്നും കൈപിടിച്ചു കയറ്റി എന്നൊക്കെ ഗീർവാണമടിക്കുന്പോൾ തന്നെ പുതുതലമുറ നിരോധിത ലഹരികളായ പാൻപരാഗ്, ഹാൻസ്, മാണിക്ചന്ദ് തുടങ്ങിയ പലതിന്റേയും പിടിയിലാണ്. നാട്ടിൻപുറങ്ങളിൽ പോലും കഞ്ചാവ് വിൽപ്പന പൊടിപൊടിക്കുകയാണെന്നറിയുന്പോൾ തീർച്ചയായും അന്യസംസ്ഥാന തൊഴിലാളികളിൽ നമ്മുടെ ഒരു കണ്ണ് ആവശ്യമായി വന്നിരിക്കുന്നു. 

ഒരു ഫെഡറൽ രാജ്യമായ നമ്മുടെ ഭാരതത്തിൽ അന്യസംസ്ഥാനക്കാരനെ നിയമപരമായി വിലക്കാനാവില്ലെങ്കിലും വരുന്നവരെ പറ്റി ഒരു ബോധം ഭരണകൂടത്തിന് വേണ്ടതാണ്. ഒരു തൊഴിലാളി എന്തെങ്കിലും പ്രധാന കുറ്റത്തിന് പിടിക്കപ്പെട്ടാൽ അവന് ഇവിടെ അഭയമരുളിയ റിക്രൂട്ടിംഗ് ഏജൻസിക്കും, തൊഴിൽ ദാതാവിനും കൂടി ചെറിയ തോതിലെങ്കിലും പ്രശ്നമാവുന്ന തരത്തിലുള്ള നിയമം ആവശ്യമാണ്. ഇപ്പോൾ തന്നെ പുതിയൊരു തൊഴിലാളി വന്നു കഴിഞ്ഞാൽ അവന്റെ ജോലി പരിധിയിലുള്ള പോലീസ് േസ്റ്റഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന നിയമം പോലും പാലിക്കപ്പെടുന്നില്ല.

കൊടും കുറ്റവാളികൾ, പിടിച്ചുപറിക്കാർ തുടങ്ങി ഏതൊക്കെ തരത്തിലുള്ളവരാണ് ദിനംപ്രതി ഇവിടെ എത്തിപ്പെടുന്നതെന്ന് ആർക്കെങ്കിലും വല്ല ഊഹവുമുണ്ടോ? ഈയിടെ മാലപൊട്ടിക്കൽ ഉൾപ്പെടെ പലകുറ്റകൃത്യങ്ങളിലും പ്രതികളായത് ഇവരാണെന്ന കാര്യവും നമ്മെ കണ്ണു തുറപ്പിക്കേണ്ടതാണ്. ഇവരിൽ വലിയൊരു വിഭാഗം മേൽപ്പറഞ്ഞ ലഹരി വസ്തുക്കൾ കേരളത്തിലേക്ക് കടത്തുന്ന കരിയർമാരാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായി കേരളത്തിൽ നിലനിൽക്കുന്ന സമാധാനന്തരീക്ഷം തകർക്കുന്നതിൽ അന്യസംസ്ഥാന തൊഴിലാളികളുംവ്യക്തമായ പങ്കുവഹിക്കുന്നു എന്നതാണ് പരമാർത്ഥം. 

ഇതേപോലെ കുറ്റകൃത്യങ്ങൾ ചെയ്തവരെ ഹീറോ ആക്കി ചിത്രീകരിച്ചുകൊണ്ടുള്ള ടെലിവിഷൻ പരിപാടികൾ, മദ്യത്തിന് വല്ലാതെ പ്രാധാന്യം നൽകിക്കൊണ്ടുള്ള സിനിമാ−സീരിയൽ രംഗങ്ങൾ, ലഹരി ആണത്തത്തിന്റെ അടയാളമാണെന്ന് ധ്വനിപ്പിക്കുന്ന കഥാ സന്ദർഭങ്ങൾ എന്നതിനൊക്കെയും ഒരു നിയന്ത്രണം മാറിയ പരിസ്ഥിതിയിൽ എന്തുകൊണ്ടും നല്ലതാണ്.

തിരക്കിനിടയിലെ അൽപ്പസമയത്തേക്കുള്ള എന്റെ ഈ കുറിപ്പിന് ഒരു വയസ്സു പൂർത്തിയാകുന്നു എന്നറിയിക്കുന്നതിൽ വളരെയധികം അഭിമാനമുണ്ട്. കോൾഡ് സ്റ്റോർ ജോലിക്കിടയിലെ സമയപരിമിതികൾക്കിടയിൽ പരമാവധി വ്യത്യസ്ഥ വിഷയങ്ങൾ അവതരിപ്പിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട്. കുറ്റങ്ങളും കുറവുകളും ചൂണ്ടിക്കാണിച്ച് പ്രോത്സാഹിപ്പിക്കുന്ന പ്രിയ വായനക്കാർക്കു മുന്നിൽ കൂപ്പു കൈകളോടെ.. 

You might also like

Most Viewed