മരണത്തി­ലേ­ക്ക് തു­റക്കു­ന്ന വാ­തി­ലു­കൾ!


ഗോളവല(ഇന്റർനെറ്റ്)യിൽ ജീവിതം കുരുങ്ങിപ്പോയ ഒരു സമൂഹത്തിലാണ് നാമിന്ന് ജീവിച്ചു കൊണ്ടിരിക്കുന്നത്. സ്ക്രീനുകളിൽ മുഖം പൂഴ്‌ത്തി സ്വന്തം ചിത്രത്തിൻ്റെ താഴെ വന്നു വീഴുന്ന ലൈക്കുകൾക്കായി വേഴാന്പലിനെ പോലെ ദാഹിച്ചു നിൽക്കുന്ന പ്രകടന പരതയുടെ പ്രയോക്താക്കൾ മാത്രമായി മാറിപ്പോയ ഒരു തലമുറയിൽ ഇനി വിപ്ലവങ്ങൾ പിറന്നു വീഴുമെന്നു വിശ്വസിക്കുന്നത് തന്നെ ഏറ്റവും വലിയ വിഢിത്തമായിരിക്കും. 

ഒരു വർഷം ചരിത്രത്തിലേക്ക് മരിച്ചു വീഴാൻ നാല് മാസം കൂടി ശേഷിച്ചിരിക്കെ 71 പേരാണ് സാമൂഹ്യ മാധ്യമങ്ങളിൽ വന്ന ചിത്രങ്ങളുടെയും വീഡിയോകളുടെയും പേരിൽ ആത്മഹത്യ ചെയ്തതെന്ന് നവമാധ്യമങ്ങൾ തന്നെ വിളിച്ചു പറയുന്പോൾ ലക്കും ലഗാനുമില്ലാത്ത സമൂഹത്തിന്റെ പോക്ക് എങ്ങോട്ടാണെന്ന് ഉച്ചത്തിൽ ചോദിച്ചു പോകുന്നു. തുടരെ തുടരെ സംഭവ പരന്പരകൾ ആവർത്തിക്കുന്പോഴും എന്തേ അതിൽ നിന്നു പാഠമുൾക്കൊള്ളാൻ കഴിയാതെ ഇയാം പാറ്റകളെ പോലെ പലരും വീണ്ടും വീണ്ടും മരണത്തിന്റെ വായിലേക്ക് പാറിയടുക്കുന്നു.

കാമുകൻ കൊടുത്ത കത്ത് പുസ്തകത്തിനുള്ളിൽ ഒളിപ്പിച്ച് രാത്രിയുടെ ഏകാന്തതയിലേക്ക് ചിമ്മിണി വിളക്കിന്റെ വെളിച്ചത്തിൽ ഓരോ വാക്കുകളും എണ്ണി പെറുക്കി വായിച്ച് സുന്ദരമായ ഓർമകളിൽ പ്രണയമെന്ന മഹാപ്രഹേളിയെ ആഘോഷമാക്കി മാറ്റിയ തലമുറയിൽ നിന്നും വാട്സ്ആപ്പ് യുഗത്തിലേക്കെത്തുന്പോൾ “ഛെ... സദാ ഫോട്ടോ കണ്ടു മടുത്തു നിന്റെ കരളിനു കാണാനല്ലേ, ഭൂമിയിൽ നമ്മളല്ലാതെ മറ്റാരും ഇതറിയാൻ പോകുന്നില്ല ഇന്നെല്ലെങ്കിൽ നാളെ നാം ഒന്നായി സംഗമിക്കേണ്ടവരല്ലേ” എന്ന ഡയലോഗാണ് നാം കേൾക്കുന്നത്.

കാമുകനെ പിണക്കേണ്ടെന്ന് കരുതി കാര്യമായി അയച്ചു കൊടുക്കുന്പോൾ തന്റെ ജീവിതത്തിനാണ് ക്വട്ടേഷൻ നൽകപ്പെട്ടു കഴിഞ്ഞതെന്ന് പലരും അറിയുന്നില്ല.

“മാംസ നിബന്ധമല്ല രാഗം” എന്ന കവി വാക്യത്തിന്റെ വിപരീത ദിശയിൽ സഞ്ചരിക്കുന്ന ശരീര ദാഹികളായ പ്രണയ നായകന്മാർ തിരിച്ചറിയാനും അവരെ സ്വന്തത്തിനു പുറത്തേക്ക് ആട്ടിപ്പായിക്കാനുള്ള തന്റേടമാണ് പെൺ‍കുട്ടികൾ നേടിയെടുക്കേണ്ടത്. നൈഹഷിക വികാരത്തിനടിപ്പെട്ടുള്ള ചില എടുത്തു ചാട്ടങ്ങൾ നാശത്തിന് വഴിയൊരുക്കുമെന്ന പാഠം ഗ്രഹിക്കാൻ കഴിയാതെ സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്നതിനെപ്പറ്റി സമൂഹം ഗൗരവപരമായ ചില ചിന്തകൾ നടത്തേണ്ടതുണ്ട്.

സാറാ ജോസഫിനെ പോലുള്ളവരുടെ നേതൃത്വത്തിൽ കേരളമങ്ങോളമിങ്ങോളം മുഴങ്ങിയ ഒരു മുദ്രാവാക്യമായിരുന്നു അടുക്കള തിരിച്ചു പിടിക്കുക എന്നത് എന്നാൽ അതിനൊരു ചെറിയ തിരിത്തു നൽകി ‘സ്ത്രീത്വം തിരിച്ചു പിടിക്കുക’ എന്ന മുദ്രാവാക്യത്തിലെക്ക് സ്ത്രീ സംഘടനകൾ എത്തേണ്ട കാലത്തിലാണ് നാം ജീവിക്കുന്നത്.

എന്തും വില കൊടുത്ത് വാങ്ങാമെന്ന വ്യാമോഹം ഭരിക്കുന്ന കന്പോള സംസ്കാരത്തിൽ പെണ്ണിന്റെ സ്ഥാനം പരസ്യ പലകയിൽ മാത്രമാണ്. അവൾ ഭാര്യയാണ്, പെങ്ങളാണ്, മകളാണ്, അതിനുമപ്പുറം മനുഷ്യകുലത്തിന്റെ എന്ന മഹനീയ ബോധത്തിന് മേൽ കാറിത്തുപ്പി പുരോഗമനമെന്നോ പരിഷ്കാരമെന്നോ ലേബലൊട്ടിച്ച് പുരുഷ കാഴ്ചകൾക്ക് നൈവേദ്യമൊരുക്കാനുള്ള ശരീരത്തിന്റെ ഉടമകൾ മാത്രമായി അവളെ ചുരുക്കി കൂട്ടിയപ്പോൾ എവിടെയും അവൾ ആസ്വദിക്കപ്പെടുന്നവൾ മാത്രമായി മാറി.

ചാനൽ ക്യാമറകൾ പോലും പെൺ‍ശരീരങ്ങളെ വല്ലാത്ത ആക്രാന്തത്തോടെ പല ആംഗിളുകളിലും തുടരെ തുടരെ കാണിക്കുന്നതിന്റെ അർത്ഥമെന്താണ്? സരിത നായരുമായി ബന്ധപ്പെട്ടു വരുന്ന വാർത്തകളിൽ സോളാർ കേസിനെക്കാളും പ്രാധാന്യം അവരുടെ ചിത്രങ്ങൾക്ക് നൽകുന്നതിന്റെ പൊരുളെന്താണ്?

അനിയന്ത്രിതമായ് പെണ്ണിനെ വിപണി വൽക്കരിക്കപ്പെടുന്ന മത്സരത്തിന്റെ ലോകത്തെ പറ്റി പ്രതികരിക്കുന്നത് പോകട്ടെ അങ്ങനെയൊരു ചിന്തയെങ്കിലും മഹിളാ സംഘടനകൾക്ക് ഉണ്ടാകേണ്ടാതായിരുന്നില്ലേ. ഓരോ പുരുഷനും അവന്റെ ഉള്ളിൽ കാമമെന്ന ഒരു ദുഷ്ട മൃഗത്തെ പോറ്റുന്നു. അതിനെ കെട്ടഴിച്ച് വിടുന്നവൻ മൃഗത്തെക്കാളും നിസ്സാരനാകുന്നു. കെട്ടിയിട്ട് നിയന്ത്രിക്കുന്നവൻ മഹാമനുഷ്യനും. ഇന്നത്തെ നമ്മുടെ മീഡിയകളിൽ മുക്കാൽ പങ്കും മുകളിൽ പറഞ്ഞ മൃഗത്തെ വിടാനുള്ള പ്രലോഭനവും പ്രചോദനവുമാണ് നൽകുന്നതെന്നത് ഒരു അപ്രിയസത്യം മാത്രം.

കോളേജ് അദ്ധ്യാപകനായ സതീർത്ഥനെ കോഴിക്കോട് വെച്ച് ഈയിടെ കണ്ടു. ഏറെ നേരത്തെ സംസാര ശേഷം പിരിയുന്പോൾ വാട്സ്ആപ്പ് നന്പർ തരു എന്ന് പറഞ്ഞപ്പോൾ നെറ്റ് ഉപയോഗിക്കാറില്ല എന്നതായിരുന്നു അയാളുടെ മറുപടി. അതുകൊണ്ട് വായനക്ക് ഇഷ്ടം പോലെ സമയം ലഭിക്കുന്നു. പിന്നെ അദ്ദേഹത്തിന്റെ വകയായി ഒരു കമന്റും, സോഷ്യൽ മീഡിയകൾ ഉപകാരപ്രദമായ പലതും ചെയുന്നുണ്ടാവാം. പക്ഷെ ആത്യന്തികമായി അത് സമൂഹത്തിനുണ്ടാക്കിയത് സൈറ്റുകളിൽ മണിച്ചിത്ര താഴിട്ടു പൂട്ടിയ, പോലിസിനെ പേടിച്ച് കടകളിൽ അലമാരക്കു പിറകിൽ ഒളിപ്പിച്ചു വെച്ച അശ്ലീല വീഡിയോകൾ കുട്ടികൾക്ക് വരെ ഏതു സമയവും കൈയെത്തി പിടിക്കാവുന്ന തരത്തിൽ അന്തരീക്ഷത്തിൽ പാറിക്കളിക്കാനുള്ള സാഹചര്യമത്രേ. ഈ നിരീക്ഷണം ഒരു പരിധി വരെ സത്യവുമാണ്.

തങ്ങളുടെ നയന സുഖത്തിനായി മഹിളകൾക്ക് മാറിടം മറക്കാൻ അനുവാദം നിഷേധിച്ച ഇന്നലകളിലെ വരേണ്യ വർഗ തന്പുരാക്കരിൽ നിന്നും ഇന്നലകളിലെ ഫാഷൻ ലോകത്തിന്റെ ചുക്കാൻ പിടിക്കുന്ന അഭിനവ മാടന്പിമാർ പരോക്ഷമായി അതിനു അനുവദിക്കാതിരിക്കുന്നു (അതായത് അൽപ വസ്ത്രധാരണമാണ് പുരോഗമനമെന്ന മിഥ്യാ ധാരണ സൃഷ്ടിക്കപ്പെടുന്ന അവസ്ഥ) എന്നാ കാര്യം തിരിച്ചറിയാനെങ്കിലും പെൺ സമൂഹത്തിനു കഴിയണം.

“ഞാൻ ചീത്തയല്ല എന്നെ ചതിച്ചതാണ് ഞാൻ മരണത്തിന്റെ വക്കിലാണ് ഇതെഴുതുന്നത്” തുടങ്ങി വികാര നിർഭരമായ മധ്യ കേരളത്തിലെ സഹോദരിയുടെത് പോലുള്ള പോസ്റ്റുകൾ ഇനിയെങ്കിലും നവ മാധ്യമ ചുവരുകളിൽ നിന്നും അപ്രത്യക്ഷമകണമെങ്കിൽ ഏത് കാര്യത്തിലും അവധാനതയും സൂക്ഷ്മതയും നാം കൈമുതലാക്കിയെ പറ്റൂ. 

ഇല്ലെങ്കിൽ ജീവിക്കാൻ തുടങ്ങുന്നവരെ മരണത്തിലേക്ക് പറഞ്ഞയക്കുന്ന വാതിലുകളായി സാമൂഹിക മാധ്യമങ്ങൾ മാറുന്ന വേദനിപ്പിക്കുന്ന കാഴ്ചക്ക് നാമിനിയും സാക്ഷികളാവേണ്ടി വരും. 

You might also like

Most Viewed