ഒരു ഓണപ്പരീക്ഷയുടെ ഓർമ്മയിൽ...


 

മേടത്തിലെ ഉരുകുന്ന ചൂടും ഇടവത്തിൽ തിമർത്ത് പെയ്യുന്ന പേമാരിയും കള്ളകർക്കിടവും കഴിഞ്ഞ് പുതുവത്സരപുലരി വിളിച്ചോതി പൊന്നിൻ ചിങ്ങം വരവായി. മഴ അൽപ്പസ്വൽപ്പം മാറി നിൽക്കുന്ന ദിനരാത്രങ്ങൾക്കിടയിൽ ഇന്നലെകളിലെ ‘രാജസ്മൃതി’യും ഗർഭത്തിൽ പേറി പൊന്നോണം വന്നെത്തി.

സന്പത്തിന്റെയോ ജാതിയുടെയോ അദൃശ്യമായ മതിൽക്കെട്ടുകൾ ഇല്ലാതെ മാലോകരെല്ലാരും ഒന്നു പോലെ ജീവിച്ച ഒരു കാലം. കള്ളപ്പറയും, ചതിയും, വഞ്ചനയും ഇല്ലാത്ത മനോഹരമായ നാളുകൾ!! ഓണത്തിന് നിദാനമായ കഥയെ ഐതിഹ്യമായിട്ടും നടന്ന സംഭവമായിട്ടുമൊക്കെ പലവിധത്തിൽ സാംസ്കാരിക കേരളം അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും അങ്ങനെയൊരു നല്ല കാലം വല്ലാതെ മോഹിച്ചു പോകുന്നുണ്ട് ഈ ലോകത്ത് ജീവിക്കുന്ന ഏത് സാധാരണക്കാരനായ മനുഷ്യനും. കാരണം ഭരണകൂടവും, ഉദ്യോഗസ്ഥന്മാരും വെച്ചു കൊടുക്കുന്ന      നുകത്താൽ മുതുകു വളഞ്ഞു പോയവരാണ് പല രാജ്യങ്ങളിലും അധിവസിക്കുന്ന പ്രജകൾ.

നമ്മുടെ ഭാരതത്തിലേയ്ക്ക് വന്നാൽ മുക്കാൽ ഭാഗത്തിലധികം വരുന്ന ദരിദ്ര നാരായണന്മാരുടെ പ്രതിനിധികൾക്ക് ആനുകൂല്യങ്ങളായി വർഷാവർഷം ലഭിക്കുന്നത് കോടികളാണ്. പിന്നെ ആജീവനാന്ത പെൻഷനും!! ഒരു റൊട്ടി കഷ്ണത്തിന് പോലും താങ്ങാനാവാത്ത വില നൽകേണ്ടിവരുന്ന നമ്മുടെ നാട്ടിൽ പാർലമെന്റ് കാന്റീനിൽ ജനപ്രതിനിധികൾക്കുള്ള ഭക്ഷണത്തിന് സബ്സിഡി നൽകാനായി മാത്രം 60 കോടി രൂപയാണ് നികുതിപ്പണത്തിൽ നിന്നും ചിലവാക്കപ്പെടുന്നത് എന്നറിയുന്പോൾ, ഓണത്തിന്റെ ‘നിദാനകഥ’ നമ്മെ വല്ലാതെ മോഹിപ്പിക്കുന്നു. പൊതു മുതൽ ‘അഴിമതി’ എന്ന ഓമനപേരിട്ട് അടിച്ചെടുക്കുന്ന ഏർപ്പാടിന്റെ മനോഹര നാമമായി ‘രാഷ്ട്രീയം’ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് പ്രജാവത്സലനായ മഹാബലിയെ വല്ലാതെ കൊതിച്ചു പോകുന്നു.

നല്ല കാര്യങ്ങൾ സമൂഹത്തിനായി ചെയുന്നവരെ ഉപദ്രവിക്കുക അല്ലെങ്കിൽ ഇല്ലായ്മ ചെയുക എന്ന ഇന്നും നടപടിക്കൊണ്ടിരിക്കുന്ന വൃത്തിക്കെട്ട സമീപനം ജനങ്ങൾക്ക് വേണ്ടി ജീവിച്ച അവരെ നന്നായി പരിപാലിച്ച ഒരു രാജാവിന്റെ പാതാള അവരോഹണത്തിൽ സ്പഷ്ടമായി ഒളിഞ്ഞു കിടപ്പുണ്ട്.

മഹാകവി പി. കുഞ്ഞിരാമൻ നായരുടെ വരികൾ പോലെ ‘കുന്നിൻ ചെരുവിൽ ഓണപ്പൂക്കളേന്തിയ സന്ധ്യകൾ’ ഓർമ്മകളിൽ ഇന്നും ഓടിയെത്തുന്നു. ചാണകം മെഴുകിയ ഓലക്കുടിലിന്റെ കോലായിയിൽ പൂക്കളമിട്ടിരുന്ന കളിക്കൂട്ടുകാർ... ഭാമേട്ടത്തിയുടെ പ്രഥമനും പിന്നെ നാടൻ കുരുമുളകിട്ടരച്ചു വെച്ച കറികളും നാരായണിയേടത്തിയുടെ പ്രഥമൻ ശാരദേടത്തിയുടെ സാന്പാർ. മലയാളികളുടെ രുചി മുകുളങ്ങളെ ഭക്ഷണ ദൃശ്യങ്ങൾ കാണിച്ച് ഉദ്ദീപിപ്പിച്ച് പാചക പരിപാടികളുടെ പെരുമഴകാലം സൃഷ്ടിച്ച് അതിനിടയിലൂടെ പരസ്യത്തിന്റെ അകന്പടിയിൽ കൃത്രിമ രുചി കൂട്ടുകളിലേക്ക് ആനയിച്ചു കൊണ്ട് പോയിക്കൊണ്ടിരിക്കുന്ന ഇവർക്കിടയിൽ കള്ളവും ചതിയുമില്ലാത്ത ഉരലിലും അമ്മിയിലും ഇടിച്ചും അരച്ചുമുണ്ടാക്കുന്ന മസാലക്കൂട്ടുകളുടെ നറുമണം അത് ഒരു കാലഘട്ടത്തിന്റെ നിർമ്മലവും നിഷ്കളങ്കതയും കൂടി വിളിച്ചോതുന്നു.

ഓണക്കാലത്തിന്റെ ഓർമ്മകളിൽ ഒരിക്കലും മാഞ്ഞുപോകാത്ത ഒരനുഭവം കൂടി പങ്കുവെച്ച് ഈ കുറിപ്പിന് വിരാമമിടാം എന്ന് തോന്നുന്നു. എട്ടാം ക്ലാസിൽ മണിയൂർ ഹൈസ്കൂളിൽ പഠിക്കുന്ന കാലത്ത് ഓണപരീക്ഷയ്ക്ക് സുഹൃത്തുക്കളെല്ലാം കോപ്പിയടിക്കുന്നത് കണ്ടപ്പോൾ എനിക്കുമൊരു പൂതി. അങ്ങനെ കണക്കു പരീക്ഷയ്ക്ക് കുറെ സൂത്രവാക്യങ്ങൾ തുണ്ട് കടലാസിലെഴുതി പരീക്ഷാഹാളിൽ എത്തിയ ഞാൻ വിജയൻ മാഷുടെ കൈകളിൽ പിടിക്കപ്പെട്ടു. അപ്രതീക്ഷിതമായ ആ സംഭവം എന്നെ ഭയവിഹ്വലനാക്കി. ഒരിക്കലും പിടിക്കപ്പെടുമെന്ന് നിനച്ചതായിരുന്നില്ല. ഞാൻ ക്ലാസ് മുറിയിൽ നിന്നും കുറ്റം നിഷേധിച്ചു ഒച്ച വെച്ചു. എന്നെ പ്രതാപിയായ അന്നത്തെ ഹെഡ്മാസ്റ്റർ കുഞ്ഞിരാമകുറുപ്പിന്റെ മുന്പിൽ ഹാജരാക്കപ്പെട്ടു. മുഖമടച്ചുള്ള അടിയോടെയാണ് അദ്ദേഹം എന്നെ സ്വീകരിച്ചത്. അതിനുശേഷം സ്കൂൾ വിടുന്നത് വരെ സ്റ്റാഫ് റൂമിന് പുറത്ത് ഒരു കാഴ്ച വസ്തുവാക്കി എന്നെ നിർത്തി. അങ്ങനെ ആ വലിയ സ്കൂളിന്റെ മുന്നിൽ ഞാൻ ഒരു കടുകുമണിയോളം ചെറുതായി. രക്ഷിതാവിനെ കൂട്ടിക്കൊണ്ടു വന്നിട്ട് സ്കൂളിൽ കയറിയാൽ മതിയെന്ന ശാസന ചെവിയിൽ കടന്നൽ കൂടിളകിയ പോലെ വട്ടമിട്ടു പറന്നു. വീട്ടിൽ ഉമ്മയാണെങ്കിൽ കാലിനു വയ്യാതെ കിടക്കുകയാണ്. ആ ഓണക്കാലം രുചിച്ച സാന്പാറിനും കുടിച്ച പായസത്തിനുമെല്ലാം ഒരു കുഞ്ഞു നൊന്പരത്തിന്റെ രുചിയായിരുന്നുവെന്നു ഇന്ന് ഞാൻ തിരിച്ചറിയുന്നു.

അയൽവാസിയെയും കൂട്ടി ഓണാവധിക്കാലത്ത് പ്രധാനാദ്ധ്യാപകന്റെ വീട്ടിൽ ചെന്ന് കണ്ട് സംഭവം പരിഹരിച്ചെങ്കിലും അദ്ദേഹം പറഞ്ഞ ചില വാക്കുകളും ഉപദേശങ്ങളും മനസ്സിലിന്നും മായാതെയുണ്ട്. സത്യസന്ധതയ്ക്ക് ജീവിതത്തിൽ കൊടുക്കേണ്ട സ്ഥാനത്തെ പറ്റിയാണ് അദ്ദേഹം പറഞ്ഞത്. തിരിച്ചു പോരുന്പോൾ രാഷ്ട്രപിതാവിന്റെ ജീവിത കഥയായ ‘എന്റെ സത്യാന്യേഷണ പരീക്ഷണങ്ങൾ’ എന്റെ വിറക്കുന്ന കൈകളിലേക്ക് വെച്ചു തന്നു. ഇന്നും അലമാരയിലെ പഴകി പേജുകൾ പിന്നിയ ആ പുസ്തകം കാണുന്പോഴൊക്കെ ഞാൻ രണ്ടു പതിറ്റാണ്ട് പിറകിലേക്ക് വഴുക്കലിച്ചു വീഴാറുണ്ട്.

രണ്ടോ മൂന്നോ ദിനാർ മുൻ‌കൂർ നൽകി ബുക്ക് ചെയ്ത ഓണസദ്യയോടൊപ്പമുള്ള നാട്ടിലെ ഓലന്റെയും കാളന്റെയും പച്ചടിയുടെയും സാന്പാറിന്റെയും ഒക്കെ നിഴൽ രൂപങ്ങളെ അകത്താക്കി ഏന്പക്കവുമിട്ട് ഏതെങ്കിലുമൊരു ചാനലിലെ സിനിമയും കണ്ട് എല്ലാ ഓർമ്മകളുടെയും ആഘോഷത്തിന്റെയും പുറത്ത് കന്പിളി പുതപ്പ് വലിച്ചിട്ട് നാളെ വീണ്ടും ജോലിക്ക് പോകണമല്ലോ എന്ന സന്ദേഹത്തിൽ കിടന്നുറങ്ങുന്ന സാധാരണക്കാരായ പ്രവാസികൾക്ക് ഈ കുറിപ്പ് സമർപ്പിച്ചു കൊണ്ട് നിർത്തട്ടെ. 

ഹൃദയത്തിൽ ചേർത്തു വെച്ചുള്ള ഓണാശംസകൾ നേരുന്നു...

You might also like

Most Viewed