മി­സ്റ്റർ ചീഫ് മി­നി­സ്റ്റർ­ക്ക് സ്നേ­ഹപൂ­ർ­വ്വം


പട്ടിയും, പട്ടിണിയും, പരിവട്ടവും ജീവിതത്തെ നോക്കി പല്ലിളിക്കുന്പോൾ മാവേലി, സപ്ലൈക്കോ, തുടങ്ങിയ സർക്കാർ വിപണി ഇടപെടൽ സ്ഥാപനങ്ങളിലെ മിക്ക അലമാരകളും കാലിയായി കിടക്കുന്പോൾ, അതിലും കുറച്ചു മുന്പോട്ട് കടന്നു ചിന്തിച്ചാൽ പാഷാണം പച്ചക്കറികളിൽ കുത്തിക്കയറ്റി മലയാളിയെ ഒന്നടങ്കം ക്യാൻസർ വാർഡുകളിലേക്കും ഡയാലിസിസ് മുറികളിലേക്കും കൂട്ടികൊടുക്കുന്നവരായി തമിഴ് കർഷകരിൽ ഭൂരിഭാഗവും അറിഞ്ഞോ അറിയാതെയോ മാറികൊണ്ടിരിക്കുന്പോൾ, ഇതിലൊന്നും വല്ലാതെ ഇടപെടാൻ നിൽക്കാതെ സമൂഹത്തിലെ തൊണ്ണുറ് ശതമാനം ഇടത്തട്ടുക്കാരെ മറന്ന് വിഴിഞ്ഞം, സ്മാർട്ട്‌ സിറ്റി, കണ്ണൂർ വിമാനത്താവളം കന്പനി മെട്രോ തുടങ്ങിയ ചില ഏതാനും പദ്ധതികളെ പറ്റി ഇടതലവില്ലാതെ വാചാലമായികൊണ്ടിരിന്ന ഐക്യജനാധിപത്യ മുന്നണി സർക്കാർ ശവക്കുഴി പതിയെ പതിയെ കുത്തികൊണ്ടിരിക്കുകയാണെന്ന് പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല.

പണം സംസാരിക്കാൻ തുടങ്ങിയാൽ സത്യം ഊമയായി മാറി നിൽക്കും,എന്ന റഷ്യൻ പഴമൊഴി പോലെയാണ് ബാർ കൊഴയുടെ കാര്യത്തിൽ കേരളം കണ്ടത്. ബാറുമുതലാളിമാരോട് പണം വാങ്ങുക എന്നത് പുതുമയുള്ള കാര്യമല്ലെങ്കിലും അതിലും ഗുരുതരമായൊരു ആരോപണം മതിയായ രീതിയിൽ ചർച്ച ചെയ്യപ്പെടാതെ മലയാളിയുടെ പതിവ് കലന്പലിൽ മുങ്ങിപ്പോയി − പണം കൈപ്പറ്റി ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിക്കാൻ മാണി മുതിർന്നു എന്ന ആരോപണം കേരള ജനതയെ മൊത്തത്തിൽ വഞ്ചിക്കുന്ന ഒന്നാണെങ്കിലും രണ്ട് ദിവസത്തെ വാർത്തയ്ക്കപ്പുറം അതെവിടെയും എത്തിയില്ല. 

കൊട്ടിഘോഷിക്കപ്പെട്ട ജനസന്പർക്കപരിപാടിക്കപ്പുറം ഗ്രൂപ്പ് വഴക്കിലും, ജാതിമത ശക്തികളുടെ അനിയന്ത്രിതമായ ഇടപെടലുകളിലും ആടിയുലഞ്ഞ മന്ത്രിസഭയെ സംബന്ധിച്ചെടുത്തോളം സാധാരണക്കാരന് താങ്ങാനുള്ള പ്രവർത്തനങ്ങൾക്ക് പങ്കുവഹിക്കാൻ, അല്ലാതെയൊന്നും കഴിഞ്ഞില്ല എന്നതാണ് പരമാർത്ഥം. വന്പൻ പദ്ധതികൾക്ക് പിന്നാലെ പോകുന്നതിനും മുന്പേ (നാടിന്റെ വികസനത്തിന് അതൊക്കെ ആവശ്യമാണെന്ന് നിഷേധിക്കുന്നില്ല) വിപണിയിൽ സാർത്ഥകമായ ഇടപെടലുകൾ നടത്തി നടുവൊടിക്കുന്ന വിലക്കയറ്റത്തിൽ നിന്നും സാധാരണക്കാരനെ രക്ഷിക്കാൻ എന്തെങ്കിലും ചെയ്യേണ്ടാതായിരുന്നില്ലേ? നൂറു ശതമാനം മുതൽ ഇരുന്നൂറു ശതമാനം വരെ വിലക്കയറ്റമുണ്ട് എന്ന് ഭക്ഷ്യമന്ത്രി തന്നെ നിയമസഭയിൽ കുറ്റസമ്മതം നടത്തിയത് കൊണ്ട് മാത്രം മതിയോ.

അതേപോലെ പച്ചക്കറി കൃഷി പ്രോത്സാഹിപിക്കാൻ കുടുംബശ്രീ പോലുള്ള കൂട്ടായ്മകളെ ഉപയോഗപ്പെടുത്തി കൊണ്ടുള്ള പദ്ധതികൾ ‘ജനകീയാസൂത്രണം’പോലുള്ള വലിയൊരു മുന്നേറ്റത്തിന് കളമൊരുങ്ങുമായിരുന്നെങ്കിലും റവന്യു വരുമാനത്തിന്റെ തൊണ്ണുറ് ശതമാനവും കൈക്കലാക്കിയിട്ടും പൊതു ജനത്തെ എങ്ങനെ ബുദ്ധിമുട്ടിക്കാം എന്നതിനെ പറ്റി ഗവേഷണം നടത്തികൊണ്ടിരിക്കുന്ന സർക്കാർ ഉദ്യോഗസ്ഥന്മാർക്ക്‌ (നല്ല മനസ്സുള്ളവരെ മാറ്റി നിർത്തുന്നു) വീണ്ടും ശന്പളവും ആനുകൂല്യങ്ങലും കൂടി സായൂജ്യമടയുകയായിരുന്നില്ലേ സർക്കാർ. ഇനി ഇന്ധന വില ഉയരും എന്ന് കേൾക്കുന്പോൾ ബസ്‌ ചാർജ് കൂട്ടികൊടുത്ത് ബസ്‌ മുതലാളിമാരോട് കൂറ് കാണിക്കുന്ന ഭരണകൂടം കഴിഞ്ഞ കുറേ മാസങ്ങളായി അത് കുറഞ്ഞുകൊണ്ടിരികുന്പോൾ അനങ്ങാപാറ നയം സ്വീകരിന്നതിന്റെ അർത്ഥമെന്താണ്?

കോൺ‍ഗ്രസ് ഭരണത്തിലിരിക്കുന്പോൾ തന്നെ ഗ്രൂപ്പ് തർക്കത്താൽ ഒരു ജീവിതം പിച്ചാത്തിപ്പിടിയിലൊടുങ്ങിപ്പോയ അവസ്ഥാവിശേഷത്തിനും കേരളം സാക്ഷിയായി − പ്രതിപക്ഷത്തിനുള്ളിലെ പടലപ്പിണക്കങ്ങളും, ടി.പി. ചന്ദ്രശേഖരന്റെ ഓർമ്മകളുമൊക്കെ തുടരെ തുടരവേ തന്നെ ഉപതിരഞ്ഞെടുപ്പിൽ സഹായവുമായി വന്നിട്ടുണ്ട് എന്ന പരാമർശത്തെ ഉൾക്കൊണ്ട് ഈ അവസാന മണിക്കൂറിലെങ്കിലും അടിസ്ഥാനവർഗ്ഗത്തിന്റെ കാര്യത്തിൽ അടിയന്തിര ശ്രദ്ധ പതിപ്പിക്കാൻ ഉമ്മൻ ചാണ്ടി തയ്യാറാവേണ്ടിയിരിക്കുന്നു. 

തൊട്ടപ്പുറത്ത് തലൈവി ചെയ്യുന്നതെങ്കിലും കണ്ടുമനസ്സിലാക്കി മലയാളിക്ക് നല്ല പച്ചക്കറികൾ, മിതമായ നിരക്കിൽ പലവ്യഞ്ജനങ്ങളും, അരിയും, പിന്നെ ഭോജനാലയങ്ങളിലെ കൊല്ലുന്ന വിലയിൽ നിന്നും, വൃത്തിഹീനമായ അവസ്ഥയിൽ നിന്നുള്ള മോചനവും മലയാളി വല്ലാതെ ആഗ്രഹിക്കുന്നു. സപ്ലൈകോ സൂപ്പർ മാർക്കറ്റുകൾ പോലെത്തന്നെ സപ്ലൈകോ ഹോട്ടലുകളും താലൂക്കാടിസ്ഥാനത്തിൽ പരീക്ഷിക്കാവുന്നതാണ്. പത്ത് രൂപയ്ക്ക് പ്രഭാത ഭക്ഷണവും പതിനഞ്ച് രൂപയ്ക്ക് ഉച്ചഭക്ഷണവും നൽകുന്ന അമ്മ ഹോട്ടലുകൾ കേരളത്തിന് മാതൃകയാവേണ്ടതുണ്ട്.  ഈ വൈകിയ വേളയിലെങ്കിലും റേഷൻ കടകളിലൂടെ ചിലപ്പോഴെങ്കിലും നൽകുന്ന മണമുള്ള അരി കൈ കടയുന്നത് വരെ വൃത്തിയാക്കി, ചോറുണ്ടാക്കി, തേങ്ങാച്ചമ്മന്തിയും കൂട്ടിക്കുഴച്ച് ഭാവിയെ നോക്കി നെടുവീർപ്പയക്കുന്ന പാവപ്പെട്ടവരാണ് ഇനിയും താങ്കളെ അധികാരത്തിലേറ്റാൻ നിസ്തുലമായ പങ്കു വഹിക്കേണ്ടത്‌ എന്ന് ചീഫ് മിനിസ്റ്റർ ഓർത്താൽ നന്ന്.

You might also like

Most Viewed