വധ ശിക്ഷയും ചില ചിന്തിയ ചിന്തകളും
എഴുത്ത് എന്ന ആശയ പ്രകാശനം എല്ലാ കാലഘട്ടത്തിലും ഒരു സമരായുധമായിരുന്നു. ചരിത്രത്തെ രോമാഞ്ച മണിയിച്ച പോരാട്ട ഭൂമികളിലെല്ലാം ചിന്തകന്മാരുടെ പേനതുന്പിലൂടെ നിർഗളിച്ച ആശയങ്ങൾ സുപ്രധാനപരമായ പങ്ക് നിർവ്വഹിക്കുകയും ചെയ്തിട്ടുണ്ട്. എഴുത്ത് എന്ന സമരായുധം അതിന്റെ നൈതീകതയോട് ചേർത്ത് വെച്ചുപയോഗിച്ചപ്പോൾ അത് മനുഷ്യ സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങളും മുന്നേറ്റങ്ങളും എല്ലാം ഒലിച്ചു പോകുന്ന വിധമാണ് വർത്തമാനകാലത്ത് വാളെടുത്തവരെല്ലാം വെളിച്ചപാട് എന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞാടുന്ന ഇത്തികണ്ണികളുടെ വിഷം വമിക്കുന്ന പോസ്റ്റുകൾ. അപരന്റെ മൂക്കിൻ തുന്പ് വരെയാണ് ആവിഷ്കാര സ്വാതന്ത്യം എന്ന നടപ്പ് രീതിയിൽ നിന്ന് വ്യത്യസ്തമായി വർഗ്ഗീയതയുടെയും വിഭാഗീയതയുടെയും ഉത്തരങ്ങളായി മാറുകയാണോ മുഖപുസ്തക ചുമരുകൾ?
യാഖൂബ് മേമനെ തൂക്കിലേറ്റിയതുമായി ബന്ധപ്പെട്ട് അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള സീമകൾ ലംഘിക്കുന്ന കമന്റുകളാണ് വീണ്ടും ഇങ്ങനെയൊരു ചിന്തയിലേയ്ക്ക് ഈ കുറിപ്പുകാരനെ നയിച്ചത്.
1993 മാർച്ച് 12 മുംബൈ സ്റ്റോക്ക് മാർക്കറ്റിലും അതിന് ശേഷം ബവേരി ബസാർ, ഫിഷർമാൻ കോളനി, സ്വഞ്ചറി ബസാർ, പ്ലാസ സിനിമ, ഹോട്ടൽ ങുഹു തുടങ്ങി നിരവധി സ്ഥലങ്ങളിൽ അത്യുഗ്ര ശേഷിയുള്ള ആർ.ഡി.എക്സി
നോടൊപ്പം ചിന്നി വിതറിപോയ മനുഷ്യാത്മക്കൾ.
നഗരത്തിലെ തിരക്കേറിയ മാർക്കറ്റിന് സമീപം ആളില്ലാത്ത നിലയിൽ കണ്ടെത്തിയ സ്ഫോടക വസ്തുക്കൾ സൂക്ഷിച്ച കാറിൽ സ്ഫോടനത്തിന് പിറകെയുള്ള അന്വേഷണമാണ് മാഹിമ്മിലെ അൽ ഹുസയിനി ഫ്ളാറ്റ് സമുച്ചയത്തിലെ മേമൻ കുടുംബങ്ങളുടെ താവളത്തിലേയ്ക്ക് പോലീസിനെ കൊണ്ടെത്തിച്ചത്. അപ്പോഴേയ്ക്കും അവർ പാകിസ്ഥാനിലേയ്ക്ക് കടന്നിരുന്നു. അവിടെയുള്ള തിരച്ചിലിൽ നിന്നാണ് ഒരു സ്കൂട്ടറിന്റെ താക്കോൽ കിട്ടുന്നതും പിന്നീട് നഗരത്തിലെവിടെയെങ്കിലും ഉപേക്ഷിക്കപ്പെട്ട സ്കൂട്ടർ ഉണ്ടോ എന്ന അന്വേഷണത്തിൽ ദാദർ റെയിൽവേ േസ്റ്റഷന് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച ആ ഇരുചക്ര വാഹനം കണ്ടെത്തുന്നതും. ടൈമർ തകരാറു മൂലം പൊട്ടിത്തെറിക്കാത്തതിനാൽ ഒരു പാട് പാവങ്ങൾ രക്ഷപ്പെട്ടു.
ഇത്രയും ഭയാനകമായ കുറ്റ കൃത്യത്തിൽ യാഖൂബ് മേമൻ ഉൾപ്പെട്ടിടുണ്ടെങ്കിൽ അയാൾ ശിക്ഷിക്കപ്പെടേണ്ട ആൾ തന്നെയാണ്. പക്ഷെ അതിന് കാണിക്കപ്പെട്ട അനാവശ്യ ധൃതിയും, കോടതിക്ക് പുറത്തെ സംഘ പരിവാർ സംഘടനകളുടെ മേമനെ തൂക്കിക്കൊല്ലുക എന്ന മുദ്രാവാക്യവും, ഈ കേസിലെ തന്നെ മുഖ്യ പ്രതികളായ ടൈഗർ മേമനെയും, ദാവൂദ് ഇബ്രാഹിമിനെയും പിടികൂടാനായി അന്താരാഷ്ട്ര ഏജൻസികളുടെ സഹായം തേടാൻ സർക്കാർ കാണിക്കുന്ന അലംബാവവുമൊക്കെ മേമൻ സംഭവത്തെ പലവിധ ചർച്ചകളിലേയ്ക്ക് സമൂഹത്തെ കൊണ്ടുപോയി എന്നതാണ് പരമാർത്ഥം. ഇതിൽ പ്രകാശ് കാരാട്ടിന്റെതായി വന്ന പ്രസ്താവനയും വളരെ നിരുത്തരവാദ പരമായിപോയി എന്ന് പറയാതെ വയ്യ. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ നടപ്പിലാക്കപ്പെട്ട 1442 വധശിക്ഷകൾ വെറും 72 പേർ മാത്രമാണ് മുസ്ലിം പേരുള്ളവരായിട്ടുള്ളവർ എന്ന സത്യം നമ്മെ നോക്കി പല്ലിളിക്കുന്പോൾ തന്നെ കാരാട്ട് കുറച്ചുകൂടി അവധാനതയോടെ കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ടതായിരുന്നു. കുറഞ്ഞ ഇടവേളകളിൽ വധശിക്ഷയ്ക്കു വിധേയരാക്കപ്പെട്ട മൂന്ന് പേരെയും സമുദായത്തിന്റെ അക്കൗണ്ടിൽ വരവ് വെക്കാൻ ഇഷ്ടപ്പെടാത്തവരാണ് ഇന്ത്യൻ മുസ്ലീങ്ങൾ എന്ന കാര്യം അദ്ദേഹം മറന്നുപോയി. കഴുമരത്തിലേയ്ക്ക് ഓടിക്കയറുന്പോഴും ബ്രട്ടീഷ് അധിനിവേശക്കാരുടെ മുഖത്ത് നോക്കി ഗർജിച്ച ഉത്തരേന്ത്യയിലെ പണ്ധിത കേസരികളായ സ്വാതന്ത്യ സമര സേനാനികളെ ഓർത്ത്, ഇന്ന് കേരളത്തിലേയ്ക്ക് വന്നാൽ വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ പോലുള്ള ബ്രിട്ടീഷ് കാരാൽ ക്രൂരമായി കൊല ചെയ്യപ്പെട്ട ആൺകുട്ടികളെയോർത്ത് രോമാഞ്ചം കൊള്ളുന്ന ഇവിടുത്തെ മുസ്ലിമുകളിൽ ഒരാൾക്ക് പോലും ഇവരിൽ ആരെയും അംഗീകരിക്കാൻ കഴിയില്ലെന്നത് ആരു മറന്നാലും അദ്ദേഹം മറക്കരുതായിരുന്നു.
ഇതിനെല്ലാമിടയിൽ തുല്യ നീതി എന്ന മഹനീയ രാഷ്ട്ര സങ്കൽപ്പത്തിലേയ്ക്ക് ഫാസിസം അള്ളിപ്പിടിച്ചു കയറി തുടങ്ങിയോ എന്ന നിലയ്ക്ക് ചില കോണുകളിൽ നിന്നുയർന്ന് വന്നിട്ടുള്ള സന്ദേഹങ്ങൾ പൊതു സമൂഹത്തിൽ ചർച്ചയാവേണ്ടതുണ്ട്. പത്ര പ്രവർത്തകനായിരുന്ന പി. അഹമദ് ശരീഫിന്റെ ബോംബെ കലാപത്തിന്റെ ദിനങ്ങൾ എന്ന പുസ്തകം ഒരാവർത്തി വായിക്കുന്ന ഏതൊരാൾക്കും ആയിരക്കണക്കിന് ആളുകൾ മരിച്ച് വീണ, അനവധി സ്വത്തുക്കൾ കൊള്ളയടിച്ച്, നിരവധി സ്ത്രീകൾ മാനഭംഗത്തിനിരയാക്കപ്പെട്ട പുസ്തക കലാപത്തിൽ ശിവസേനയും അതിന്റെ മുഖ പത്രവും വഹിച്ച പങ്ക് വസ്തു നിഷ്ടമായി ബോധ്യമാകും. ഇക്കാര്യങ്ങൾ കണ്ടെത്തിയ ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ റിപ്പോർട്ട് ഇപ്പോഴും സർക്കാരിന്റെ അലമാരയിൽ ചിതലരിക്കുന്ന മുംബൈ കലാപകേസ്സിലും, സ്ഫോടനക്കേസിലും സർക്കാർ വിവേചനം കാണിക്കുന്നു എന്ന ശ്രീകൃഷ്ണയുടെ പ്രസ്താവനയെ പൊതു സമൂഹം തീർച്ചയായും ഏറ്റെടുക്കേണ്ടാതാണ്.
ബാബറി ധ്വംസനം അടക്കം സംതോബ എക്സ്പ്രസ്സ് മാലേഗാവ്, മക്ക മസ്ജിദ്, അജ്മീർ ശരീഫ്, യു.പി കോടതികൾ തുങ്ങിയ ഇടങ്ങളിൽ നടന്ന ഭീകരമായ സ്ഫോടന കേസുകളിൽ കാണിക്കപെടുന്ന അലംഭാവവും പൊതു ജനങ്ങൾക്കിടയിൽ രാജ്യ വ്യാപകമായി തന്നെ ചർച്ചയാവേണ്ടതുണ്ട്. മേമന്റെ വധശിക്ഷയോടനുബന്ധിച്ച് സുപ്രീം കോടതി ഡപ്യൂട്ടി രജിസ്ട്രാർ പ്രോഫെസർ അനൂപ് സുരേന്ദ്രന്റെ രാജിയും കടന്നുപോയ മണിക്കൂറുകൾ സുപ്രീം കോടതിയുടെ കറുത്ത ആഘോഷം എന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക്‌പോസ്റ്റുമൊക്കെ സാധാരണക്കാരിൽ സംശയങ്ങൾ വിതറുന്നതാണ്.
കെ.ഇ.എൻ കുഞ്ഞഹമദ് ‘ഇരകളുടെ മാനിഫെസ്റ്റൊ എന്ന പുസ്തകത്തിൽ സൂചിപ്പിക്കുന്നതുപോലെ ഫാസിസം എന്ന മഹാവിപത്തിനെതിരെയുള്ള ചർച്ചകളാണ് മതേതര പാർട്ടികൾ ഉയർത്തിക്കൊണ്ടു വരേണ്ടത്. ‘വോട്ട്’ എന്ന സ്വാർത്ഥതയ്ക്കപ്പുറം രാജ്യത്തിന്റെ സമാധാനാന്തരീക്ഷം നിലനിർത്തേണ്ട ബാധ്യത തിരഞ്ഞെടുപ്പ് വേളയിൽ ഒളിഞ്ഞും തെളിഞ്ഞും വർഗ്ഗീയത കളിക്കുന്ന മതേതര പാർട്ടികളിൽ നിഷ്പക്ഷമാണെന്ന കാര്യം മറന്നുപോകരുത്.