വീണ്ടുമിതാ വിതുന്പലോടെ..
ആ ദിനം.
പാണക്കാട് കൊടപ്പനക്കാൽ തറവാടിന്റെ പൂമുഖത്തിണ്ണയിൽ നിറഞ്ഞ് നിന്നിരുന്ന ആ നിറപുഞ്ചിരി മാഞ്ഞ് പോയിട്ട് ഇപ്പോൾ ആറ് വർഷങ്ങൾ കടന്ന്പോയിരിക്കുന്നു. എതിരാളികളെ പോലും സ്നേഹം കൊണ്ടും വാചാലമായ മൗനം കൊണ്ടും തോൽപ്പിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങൾ ചരിത്രത്തിലേക്ക് നടന്ന് കയറിപ്പോയി എന്ന് വിശ്വസിക്കാൻ പ്രയാസപ്പെടുന്നവർ കേരളക്കരയിൽ ഇപ്പോഴുമുണ്ട് എന്ന് വായിക്കുന്പോൾ തീർച്ചയായും ജന മനസ്സുകളിൽ ഇത്രയും ആഴത്തിൽ വെരുറപ്പിച്ച, മറ്റൊരു നേതാവിന് മലയാളനാട് ജന്മം നൽകിയിട്ടുണ്ടോ എന്ന് സംശയമാണ്. ഓരോ സമുദായത്തിലും ഓരോ ശിഹാബ് തങ്ങളുണ്ടായിരുന്നെങ്കിൽ കേരളം എത്ര മനോഹരമായിരിക്കും എന്ന എം.പി വിരേന്ദ്രകുമാറിന്റെ നിരീക്ഷണം വളരെ പ്രസക്തമാണ്. ഒരു മതേതര രാജ്യത്ത് മത ചിന്തകളെയും വിശ്വാസ സംഹിതകളെയും മുറുകെ പിടിച്ചുകൊണ്ട് തന്നെ എങ്ങനെ ജീവിക്കാം എന്നതിന്റെ ഉത്തമ നിദർശനമായിരുന്നു ആ ജീവിതം.
1975 സെപ്തംബർ ഒന്ന് മുതൽ 2009 ജൂലൈ അവസാനം വരെ നീണ്ട് കിടക്കുന്ന മുപ്പത്തിനാല് വർഷത്തെ പൊതു ജീവിതത്തിനിടയിൽ എതിരാളികളുടെ പോലും ആദരവ് പിടിച്ച് പറ്റാനായി എന്നതാണ് തങ്ങളുടെ മഹത്വം. എതിരാളികളുടെ മുഖം ചുളിഞ്ഞു പോകുന്ന വൃത്തി കെട്ട ഭാഷയിൽ ചീത്ത വിളിക്കുന്ന അഭിനവ നേതാക്കൻമാർക്കിടയിൽ ആരെയും വാക്കുകൊണ്ടോ നോക്ക് കൊണ്ടോ നൊന്പരപ്പെടുത്താതിരിക്കാൻ തങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു. ആർക്കും അഭയ കേന്ദ്രമായിരുന്ന അദ്ദേഹത്തിന്റെ വാസസ്ഥലം ഏത് പാതിരാവിൽ മുട്ടി വിളിച്ചാൽ പോലും പുഞ്ചിരിയോടെ സ്വീകരിച്ചിരുത്താൻ ഏത് ഉറക്കച്ചടവിലും മടികാണിക്കാത്ത ആ വലിയ മനുഷ്യൻ ഇന്നത്തെ സമുദായ, രാഷ്ട്രീയ നേതാക്കൻമാർക്ക് വലിയ മാതൃക തന്നെയാണ്.
വാഗ്ധോരണിയിൽ ജനങ്ങളെ കോരിത്തരിപ്പിച്ച വാഗ്മിയോ, മനസ്സുകളെ ആശയങ്ങൾ കൊണ്ട് പിടിച്ചു കുലുക്കിയ എഴുത്തുകാരനോ, പുകൾപെറ്റ ഭരണാധികാരിയോ ഒന്നുമായിരുന്നില്ല പാണക്കാട് സയ്യിദ് മുഹമ്മദലി തങ്ങൾ. എന്നിട്ടും കേരളം ആ വലിയ മനുഷ്യന് വേണ്ടി ചെവി കൊടുത്തു. ആ അളന്ന് മുറിച്ച വാക്കുകൾ അവഗണിക്കാതെ നിന്നു. ആ വിയോഗത്തിൽ വിതുന്പിക്കരഞ്ഞു. ഒരു മത നേതാവായി നിന്നുകൊണ്ട് തന്നെ രാഷ്ട്രീയ-സാംസ്കാരിക മേഖലകളിലും അഹോരാത്രം യത്നിച്ചു.
ഒരു പക്ഷേ ലോക ചരിത്രത്തിൽ തന്നെ അത്ഭുതമാണ് പാണക്കാട് തറവാട്. പൂക്കോയ തങ്ങളുടെ മക്കളെല്ലാവരും പൊതു പ്രവർത്തകരും നേതാക്കന്മാരുമാണ്. മത രാഷ്ട്രീയ രംഗങ്ങളിൽ നിറഞ്ഞു നിൽക്കുന്നവർ ജനമനസിൽ ഇടം നേടിയവർ. ശാന്തിക്കും സമാധാനത്തിനും, സമവായത്തിനുമായി നില കൊണ്ടവർ. അതേ പോലെ പൊതുപ്രവർത്തനമെന്നാൽ അധികാരത്തിലേക്കുള്ള കുറുക്കുവഴിയായി കാണുന്ന വർത്തമാന നേതാക്കന്മാർക്കിടയിൽ പാണക്കാട് സഹോദരന്മാർ വേറിട്ട് നിൽക്കുന്നതും അധികാരത്തോടുള്ള അവരുടെ പുറം തിരിഞ്ഞ് നിൽപ്പ് തന്നെ എന്ന് നിസ്സംശയം പറയാം.
ഒരിക്കലും അധികാര രാഷ്ട്രീയത്തെ തങ്ങൾക്കനുകൂലമാക്കാൻ അവർ ശ്രമിച്ചിരുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമാണ് പൂക്കോയ തങ്ങൾ നേതൃത്വം കൊടുക്കുന്ന പാർട്ടി അധികാരത്തിലിരിക്കുന്പോഴും പാണക്കാട് തറവാട്ടിൽ വൈദ്യുതിയില്ലാതെ മണ്ണെണ്ണ വെട്ടത്തിലായിരുന്നു എന്ന സത്യം. ആരോ ഇക്കാര്യം സൂചിപ്പിച്ചപ്പോൾ ഈ പ്രദേശത്തെ അപേക്ഷകർക്കെല്ലാം വൈദ്യുതി ലഭിച്ചാലെ ഇവിടെ കണക്ഷൻ നൽകാവൂ എന്നാണ് അദ്ദേഹം പറഞ്ഞത്.അതേ പോലെ എത്രയോ വട്ടം സ്വന്തം പാർട്ടി പൊതുമരാമത്ത് വകുപ്പ് കൈകാര്യം ചെയ്തിട്ട് ശിഹാബ് തങ്ങളുടെ പത്നിഗൃഹം സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരാൻ ഊടു വഴി മാത്രമായിരുന്നു ശരണം. എത്രയെത്രെ റോഡുകൾക്ക് എം.പി ഫണ്ടിനും, എം.എൽ.എ ഫണ്ടിനുമായി കത്ത് കൊടുത്തിരുന്ന തങ്ങൾ ഭാര്യ വീടിന്റെ സ്ഥലത്തെ റോഡിന് വേണ്ടി മാത്രം മിനക്കെടില്ല. (പിന്നീട് തങ്ങളുടെ അനുവാദം കാക്കാതെ സമദാനിയാണ് ഈ ആവശ്യത്തിന് മുൻകയ്യെടുത്തത്) സ്വന്തത്തിന് വേണ്ടിയല്ലാതെ മറ്റുള്ളവർക്കായി മാത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
ഞാൻ കണ്ടറിഞ്ഞ നേതാക്കന്മാരിൽ ഹൃദയം കൊണ്ട് സംവേദിച്ച അത്യപൂർവ്വ വ്യക്തിത്വമായിരുന്നു ശിഹാബ് തങ്ങൾ. അദ്ദേഹവുമായി പങ്കു വെക്കാൻ കഴിഞ്ഞ ചില നിമിഷങ്ങൾ ഹൃദയത്തിന്റെ ഭിത്തിയിൽ ഇന്നും പ്രകാശം പരത്തി നിലകൊള്ളുന്നു. ആ വാക്കുകൾ പ്രലോഭനമായും എന്നെ വരിഞ്ഞു മുറുക്കുന്നു. ചില വ്യക്തിത്വങ്ങൾ കടന്നു പോയാൽ കാലം അവരുടെ കാൽപ്പാടുകൾ പോലും മായ്ച്ച് കളയും. അടച്ചുവെച്ച ചരിത്ര പുസ്തകത്തിൽ മാത്രമായി അവർ ചുരുങ്ങും. എന്നാൽ ശിഹാബ് തങ്ങളുടെ കാൽപ്പാടുകൾ ഇപ്പോഴും മതേതര കേരളത്തിന് വെളിച്ചമായി നില കൊള്ളുന്നു. മാഞ്ഞ് പോയത് ആ രൂപം മാത്രം. മൊഴിഞ്ഞ വാക്കുകൾ, പകർന്ന സ്വപ്നങ്ങൾ സന്താപക്കടൽപോലെ തന്റെ വീടിന്റെ മുന്നിലെത്തുമായിരുന്ന പതിനായിരങ്ങൾക്ക് പകർന്ന് നൽകിയ ഹൃദയത്തിന്റെ കയ്യോപ്പോടെയുള്ള സ്വാന്തനം, ജീവ വായു പോലെ കൊണ്ട് നടന്ന സാഹോദര്യവും സമാധാനവും. അതെ അതൊന്നും മറന്ന് പോയിട്ടില്ല. മനസുകളിൽ വാടാമലരായി വിടർന്ന് തന്നെ നിലകൊള്ളുന്നു.
ആ അനുപമ വ്യക്തിത്വം മനസിൽ സന്നിവേശിപ്പിച്ച സ്വാന്തനത്തിന്റെ, സ്നേഹത്തിന്റെ മഹാ പ്രവാഹമാണ് 'ശിഹാബ് തങ്ങൾ മാഞ്ഞു പോയ മാരിവില്ല്' എന്ന എന്റെ പുസ്തകത്തിന്റെ പ്രചോദനം. അതെ പോലെ മനസ്സിൽ കൊണ്ട് നടക്കുന്ന മറ്റൊരഗ്രഹമാണ് ആ വലിയ മനുഷ്യ സ്നേഹിയെ നോവൽ എന്ന വലിയ കാൻവാസിൽ മലയാളികൾക്ക് മുന്നിൽ അവതരിപ്പിക്കുക എന്നത്. തലമുറകളോളം കെട്ടു പോകാതെ ജ്വലിച്ച് നിൽക്കട്ടെ ഈ മഹാമാനീഷിയായ മനുഷ്യസ്നേഹിയുടെ നിറവാർന്ന നിനവുകൾ.....