സദ്ചിന്തകൾ നിറയട്ടെ
പരിശുദ്ധവും പരിപാവനവുമായ ഭക്തിയുടെ ദിനരാത്രങ്ങൾ ഒന്നൊന്നായി കൊഴിഞ്ഞു വീഴുകയാണ്. ഈ പുണ്യമാസത്തിൽ നിന്നും കൊളുത്തിയെടുക്കുന്ന ദൈവസ്മരണയെന്ന ദീപം അടുത്ത റമദാൻ വരെ അണയാതെ സൂക്ഷിക്കുന്നവർ സുകൃതവാന്മാർ.വിശുദ്ധ ഖുർആനിൽ ആലുഇംറാൻ അദ്ധ്യായത്തിൽ ഇങ്ങനെ വായിക്കാം. സൽബുദ്ധികളായ ദൈവദാസന്മാർ നിന്നുകൊണ്ടും ഇരുന്നുകൊണ്ടും കിടന്നുകൊണ്ടും അള്ളാഹുവിനെ ഓർമ്മിക്കുകയും ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പിനെപ്പറ്റി ചിന്തിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്നവനാകുന്നു.
യഥാർത്ഥത്തിൽ ദൈവസ്മരണയാണ് മനുഷ്യനെ നന്മയിലേയ്ക്ക് വഴിനടത്തുന്നത്. തിന്മയുടെ വഴികളിൽ ചാഞ്ഞു പോകുന്പോഴൊക്കെ എന്റെ നാഥൻ കാണുന്നുണ്ടല്ലോ എന്ന ചിന്ത അവനെ സദ്പന്ദാവിൽ നിലയുറപ്പിച്ച് നിർത്തും. ഒപ്പം തന്നെ പ്രപഞ്ചസൃഷ്ടാവിനെക്കുറിച്ചുള്ള ചിന്തയും അള്ളാഹു ഇവിടെ പ്രത്യേകം എടുത്തുപറഞ്ഞിരിക്കുന്നു. ഒരു സത്യവിശ്വാസിയെ സംബന്ധിച്ചിടത്തോളം ഭൂമിയിലെ ഓരോ അനുഗ്രഹത്തെപ്പറ്റിയും ചിന്തിക്കുന്പോൾ അവൻ കൂടുതൽ കൂടുതൽ ദൈവത്തോട് അടുത്തവനായി മാറുന്നു. അങ്ങനെ സദാ ദൈവചിന്തയിൽ നടക്കുന്ന ഒരാൾക്ക് മുന്പിൽ സ്വാർത്ഥതയുടെ വേലിക്കെട്ടുകളെല്ലാം പൊഴിഞ്ഞു വീഴുന്നു. എന്നെപ്പോലെ തന്നെ ഭൂമിയിൽ ജീവിക്കാൻ അവകാശമുള്ളവനാണ് അപരനുമെന്ന ബോധം മനസ്സിൽ രൂഢമൂലമാകുന്നതോടെ എനിക്ക് എന്ന ചിന്തയിൽ നിന്നും ‘നമുക്ക്’ എന്ന ചിന്ത മനസ്സിൽ നിറയും.
ആരെങ്കിലും നന്മ ചെയ്താൽ അവന് പത്തിരട്ടി നന്മയുണ്ടാകും, ആരെങ്കിലും തിന്മ ചെയ്താൽ തത്തുല്യമായ അളവിൽ മാത്രമേ പ്രതിഫലം ലഭിക്കുകയുള്ളൂ. അവർ ആക്രമിക്കപ്പെടുന്നതല്ല. (അൻ ആം 160). ഒരാൾ ഒരു നന്മ ചെയ്താൽ അതിന് പത്തു മുതൽ അനേക മടങ്ങ് പ്രതിഫലം ലഭിക്കുന്പോൾ തന്നെ ഒരു തിന്മയെയാണ് ചെയ്യുന്നതെങ്കിൽ അതിന്റെ ശിക്ഷയെ ഉണ്ടാവുകയുള്ളൂ. പ്രത്യേകിച്ചും റമദാനിൽ പറഞ്ഞറിയിക്കാൻ വയ്യാത്ത പ്രതിഫലമാണ് ലഭിക്കുക. നോന്പുകാരെ ‘റയ്യാൻ’ എന്ന കവാടത്തിലൂടെയായിരിക്കും സ്വർഗ്ഗത്തിൽ പ്രവേശിപ്പിക്കുക എന്നും പ്രവാചകൻ (സ) അരുളിയിട്ടുണ്ട്.
വ്രതകാലം വെറും യാന്ത്രികമാകാതെ ഈ സദ്്ദിനങ്ങൾ കൊണ്ട് മനസ്സിലും ജീവിതത്തിലും ഉണ്ടായിത്തീരേണ്ട നന്മകളെപ്പറ്റി ബോധവാന്മാരാവുകയും ജീവിതത്തെ മാറ്റിപ്പണിയുകയും ചെയ്യുക. നാഥൻ തുണയ്ക്കട്ടെ.