ഒഴു­കട്ടെ­ നന്മയു­ടെ­ ഉറവകൾ


പ്രാരാബ്ദങ്ങളുടെ കൊടും വേനലിൽ ജീവിതം ഉരുകിയൊലിച്ചു തീരുന്പോഴും സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും ഉറവയൊഴുകിക്കൊണ്ടിരിക്കുന്ന ഒരു ഹൃദയമാണ് പ്രവാസിയുടെ കൈമുതൽ. ഒരു വേള സ്വന്തക്കാരെ മറന്ന് അപരനെ സഹായിക്കാൻ തിടുക്കം കാട്ടുന്ന ഒരു സമൂഹത്തെ ലോകത്തിൽ തന്നെ മറ്റൊരിടത്തും നമുക്ക് കാണുവാൻ സാധ്യമല്ല. ഉണക്ക കുബ്ബൂസും തൈരും കൊണ്ട് മെരുങ്ങാത്ത രുചിമുകുളങ്ങളെ മെരുക്കിയെടുത്ത് വിഭവസമൃദ്ധമായ മൃഷ്ടാന്നഭോജനം വീട്ടിലുള്ളവരെക്കൊണ്ട് ഊട്ടി നിർവൃതിയടയുവാൻ വിയർപ്പു കണങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്ന വേതനം കൊണ്ട് കുടുംബക്കാർക്ക് മുഴുവൻ സാധനങ്ങൾ വാങ്ങിക്കൊണ്ടു പോയി സന്തോഷിപ്പിക്കുന്നവനും വിലകൂടിയ വാച്ചും മൈബൈലുമൊക്കെ തിരിച്ചു വരുന്പോൾ സുഹൃത്തുക്കൾക്കും സഹോദരന്മാർക്കും നൽകി വെറും കയ്യോടെ വിമാനം കയറുന്നവനും ഗൾഫുകാരൻ മാത്രമായിരിക്കും.

കേരളമെന്ന കൊച്ചുപ്രദേശത്തെ എണ്ണിയാലൊടുങ്ങാത്ത ജീവകാരുണ്യപ്രവർത്തനങ്ങളിൽ ഒന്നുപോലും പ്രവാസിയുടെ കയ്യൊപ്പ് പതിയാതെ പോയിട്ടില്ല എന്നതാണ് പരമാർത്ഥം. മനുഷ്യമനസ്സുകളുടെ അന്താരളങ്ങളിൽ ഒളിച്ചു കിടക്കുന്ന ഉദാരതയെ പുറത്തേയ്ക്ക് കൊണ്ടുവരികയും സ്വാർത്ഥതയെ ആട്ടിയോടിക്കുകയും ചെയ്യുന്ന സേവന പ്രവർത്തനങ്ങളാണ് യഥാർത്ഥത്തിൽ മനുഷ്യനെ മനുഷ്യത്വമുള്ളവനാക്കി നിലനിർത്തുന്നത്. മതാന്ധതയും വർഗ്ഗീയതയുമൊക്കെ വല്ലാതെ പ്രത്യക്ഷത്തിൽ പോലും പൊതുഇടങ്ങളെ ശ്വാസം മുട്ടിച്ചു കൊല്ലുന്ന വർത്തമാന പരിസരങ്ങളിൽ സ്നേഹത്തിന്റെ പാലിയേറ്റീവ് കുട്ടായ്മകൾക്ക് പലതും ചെയ്യാൻ കഴിയുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. 

ജാതിമതഭേദമന്യേ ഓരോ നാട്ടിലും ഉയർന്നുവരുന്ന പാലിയേറ്റീവ് കൂട്ടായ്മകൾ സേവനത്തിന്റെയും ഒപ്പം സഹജീവി സ്നേഹത്തിന്റെയും പുത്തൻ അദ്ധ്യായങ്ങൾ രചിക്കുമെന്നുറപ്പാണ്. മാറാരോഗങ്ങളാൽ മരണത്തെ മുഖാമുഖം കാണുന്നവർക്കിടയിൽ, അവരെ തൊട്ടുരുമ്മി ജീവിക്കുന്പോൾ മനുഷ്യസ്നേഹത്തിന്റെ മഹത്തായ പാഠങ്ങൾ ആരും ചൊല്ലിക്കൊടുക്കാതെ തന്നെ ഹൃദയങ്ങളിലേക്കിറങ്ങി ചെല്ലും.

പരസ്പരം പോരടിച്ചും കലഹിച്ചും തീർത്തുകളയേണ്ട ചവറല്ല ജീവിതമെന്നും അത് അപരനെ സ്നേഹിച്ചും പരിപാലിച്ചും ചുറ്റുപാടും സുഗന്ധം പരത്തുന്ന പുഷ്പസമ്മാനമായി മാറേണ്ടതുമാണെന്ന തിരിച്ചറിവ് മേൽപ്പറഞ്ഞ കുട്ടായ്മകളിലൂടെ സംജാതമാകുമെന്നുറപ്പാണ്. സ്വാർത്ഥതയുടെയും, വിദ്വേഷത്തിന്റെയും കരിന്പടം പുതച്ചുറങ്ങുന്ന നാടിനെ നന്മയിലേയ്ക്ക് വിളിച്ചുണർത്തുക എന്നതിനാവട്ടെ ഓരോരുത്തരും പ്രാമുഖ്യം നൽകേണ്ടത്. സാമൂഹിക മാധ്യമങ്ങളെ ദുരുപയോഗം ചെയ്യാൻ മാത്രം മിനക്കെട്ട് കൊണ്ടിരിക്കുന്നവർക്കിടയിൽ ഓൺലൈൻ കൂട്ടായ്മ എന്ന സാധ്യതയെ അപരന്റെ കണ്ണീരൊപ്പാനുള്ള മാതൃകയായേറ്റെടുത്ത എന്റെ പ്രദേശത്തെ നിസ്വാർത്ഥരായ ചെറുപ്പക്കാരെ അഭിനന്ദിക്കാതെ ഈ കുറിപ്പ് പൂർണ്ണമാവില്ല.

ഐഡ്രോപ്സ് എന്ന പേരിലുള്ള വാട്സ് ആപ്പ് കുട്ടായ്മ അഞ്ച് ജി.സി.സി രാജ്യങ്ങളിലും കൂടാതെ ബാംഗളൂർ, ആന്ധ്രപ്രദേശ് തുടങ്ങി പലയിടങ്ങളിൽ ജോലി ചെയ്യുന്ന നാട്ടുകാരിൽ നിന്നും മറ്റ് അഭ്യുദയാകാംക്ഷികളിൽ നിന്നുമായി വലിയൊരു സംഖ്യ ചുരുങ്ങിയ ദിവസം കൊണ്ട് പിരിച്ചെടുത്ത് നാട്ടിലെ പ്രയാസപ്പെടുന്നവർക്കായി ചിലവഴിച്ചു കൊണ്ടിരിക്കുന്നു. അശരണരുടെ കണ്ണീരൊപ്പാനായി വിപുലമായ പദ്ധതികൾ ഈ കൂട്ടായ്മക്കു ചുക്കാൻ പിടിക്കുന്നവരുടെ മനസ്സിലുണ്ടെന്ന് പറയുന്പോൾ ഇത്തരം വറ്റാത്ത സ്നേഹത്തിന്റെ ഉറവകൾ അധർമ്മത്തിന്റെ അഗ്നിസ്ഫുലിംഗങ്ങളെ കെടുത്തിക്കളയുമെന്ന് തന്നെ പ്രത്യാശിക്കാം.

ഓൺലൈൻ സാധ്യതകളെ ഉപയോഗപ്പെടുത്തി ഓരോ ഗ്രാമത്തിലുള്ള പ്രവാസികളും ഇത്തരം കുട്ടായ്മകൾ ജാതിമത ചിന്തകൾക്കതീതമായി രൂപപ്പെടുത്തിയാൽ ഓരോ പ്രദേശത്തുമുള്ള പാവപ്പെട്ടവർക്ക് വലിയ തോതിലുള്ള സഹായമായി അത് മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇപ്പോൾ സുഗമമായി നടക്കുന്ന കൂട്ടായ്മകളെ വിസ്മരിച്ചു കൊണ്ടല്ല ഈ കുറിപ്പ് എന്നു കൂടി ഉണർത്തുന്നു.

You might also like

Most Viewed