മരണം പോ­ലും മാ­റത്തടി­ച്ച് കരഞ്ഞ നേ­രം


ഇസ്മയിൽ പതിയാരക്കര 

 

2012 ഡിസംബർ 16ന് സുഹൃത്തിനൊപ്പം യാത്ര ചെയ്യുകയായിരുന്ന യുവതിയെ അതിക്രൂരമായി പീഡിപ്പിച്ച ശേഷം ബസിൽ നിന്നും വലിച്ചെറിഞ്ഞ അതിനിഷ്ഠൂരമായ സംഭവത്തിനു ശേഷം ഇന്ത്യ നടുങ്ങുകയും ഒപ്പം ഉച്ഛത്തിൽ കണ്ണീർ വാർക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന വർത്തമാന സാഹചര്യത്തിലാണ് നാമിന്നുള്ളത്.

കാശ്മീരീലെ കഠ്്വയിൽ എട്ട് വയസുകാരിയെ ക്ഷേത്രത്തിനുള്ളിൽ പൂട്ടിയിട്ട് ദിവസങ്ങളോളം ഭക്ഷണം പോലും നൽകാതെ അതിക്രൂരമായി, എഴുതാൻ കഴിയാത്ത വിധം പേന പിടിച്ച കൈകൾ പോലും വിറകൊള്ളുന്ന തരത്തിൽ ബലാത്സംഗം ചെയ്തു കൊന്ന കിരാതത്വത്തിൽ കേവലം ഭാരതമെന്ന നാലതിരുകൾ മാത്രമല്ല, ആകാശത്തിനു ചുവട്ടിലെ ഹൃദയമുള്ള മനുഷ്യരെയൊക്കെ നൊന്പരപ്പെടുത്തുകയും വേദനിപ്പിക്കുകയും ചെയ്യുന്നതാണ്.

അമേരിക്കൻ ഭൂഖണ്ധത്തിലുള്ള ഒരു വ്യക്തിയോട് പോലും കൈയിലുള്ള സ്മാർട്ട് ഫോൺ ഉപയോഗിച്ച് ലൈവായി ലോകത്തോട് സംവദിക്കുന്ന തരത്തിൽ ശാസ്ത്രം വളർന്നു വിഭ്രംജിച്ചു നില്ക്കുന്ന കാലത്തും ഇത്തരമൊരു സംഭവം പുറംലോകമറിയാൻ തൊണ്ണൂറു ദിവസമെടുത്തു എന്നത് തീർച്ചയായും നമ്മെ ഓരോരുത്തരെയും വല്ലാതെ ലജ്ജിപ്പിക്കേണ്ട ഒന്നാണ്. ഭരണകക്ഷി സാമാജികരും ബാർ അസോസിയേഷനുമടക്കം വേട്ടക്കാർക്ക് വേണ്ടി നിലകൊള്ളുന്ന തരത്തിൽ പ്രവർത്തിച്ചു എന്നതാണ് ഈ നിഷ്ഠൂരമായ സംഭവത്തിന്റെ മറ്റൊരു ദുരന്തവശം.

‘മരണം’ എന്ന പ്രഹേളിക പോലും കരഞ്ഞു പോയ പിഞ്ചുബാലികയുടെ അലറിക്കൊണ്ടുള്ള നിലവിളിയെ കാണാൻ കഴിയാതെ എഴുത്തു കൊണ്ടും വാക്കകൾ കൊണ്ടും ആ കുഞ്ഞിന്റെ ആത്മാവിനെ മുറിപ്പെടുത്തുവാൻ ശ്രമിക്കുന്നവർ നമ്മുടെ കേരളത്തിലും ഉണ്ടായി എന്നതാണ് ഏറെ ഖേദകരം. അതിനായി ഉപയോഗിച്ചത് എഴുത്തച്ഛന്റെ ഭാഷയാണ് എന്നതിനാൽ നമ്മുെട മാതൃഭാഷയെ പോലും മലിനപ്പെടുത്തി എന്നു തന്നെ വേണം പറയാൻ.

ഇന്ത്യയിൽ ആദ്യമായല്ലല്ലോ ഇത്തരം സംഭവങ്ങളെന്ന് വാദിക്കുന്നവരെ ചാനൽ ചർച്ചകളിൽ കാണാൻ കഴിഞ്ഞു. പക്ഷേ പരിപാവനമായ ദേവസ്ഥാനത്ത് വെച്ച് നടന്ന ഈ മ്ലേച്ഛത ഒരുപക്ഷേ രാജ്യത്ത് ആദ്യത്തേതായിരിക്കാനാണ് സാധ്യത.

 കഠ്്്വ സംഭവത്തെ അപലപിക്കുന്നതിനു പകരം അതിനോട് രാജിയാകുന്നവരിൽ മലയാളി മുഖങ്ങളുണ്ടാകുന്നത് കേവലം ഒരു നിസാര വാർത്തയായി തള്ളിക്കളയേണ്ടതല്ല മറിച്ച് കേരളം ഗൗരവതരമായി ചിന്തിക്കേണ്ട ഒന്നാണ്. കാരണം നാടിനെയും നാട്ടുകാരെയും അമിതമായി വിശ്വസിച്ചു കൊണ്ടാണ് കുടുംബത്തെ തനിച്ചാക്കി ഓരോ പ്രവാസിയും ഈ മരുഭൂമിയിൽ കഴിയുന്നത്. മനസിൽ അതിക്രൂരമായ തരത്തിൽ കുടിലതയുള്ളവർ സമൂഹത്തിലുണ്ടെന്ന തിരിച്ചറിവ് ഓരോ പ്രവാസിയെയും പേടിപ്പെടുത്തുന്ന ഒന്നത്രേ.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങളിൽ ലോകത്ത് നാലാം സ്ഥാനത്താണ് നമ്മുടെ രാജ്യമെന്ന ‘റോയിട്ടേഴ്സിന്റെ’ അഭിപ്രായ സർവ്വെ ശരിയാണെങ്കിൽ തീർച്ചയായും ചില വിചിന്തനങ്ങൾ കാലം നമ്മോട് ആവശ്യപ്പെടുന്നുണ്ട്. ഉന്നത രാഷ്ട്രീയ ബന്ധങ്ങൾ ഉപയോഗപ്പെടുത്തി ഇത്തരം കേസുകളിലെ പ്രതികൾ നിയമത്തിനു മുന്പിൽ നിന്നും വഴുതിമാറുന്നു എന്നതാണ് പരമാർത്ഥം.

സമീപകാലത്ത് നടന്ന ഡൽഹി കേസിലെയും പ്രതികളുടെ കാര്യം മാത്രമെടുത്താൽ നമുക്കിത് ബോധ്യമാകും. ആദ്യത്തെതിൽ വയസിന്റെ ആനൂകൂല്യത്തിലാണെങ്കിൽ രണ്ടാമത്തെതിൽ പണവും സ്വാധീനവുമാണ് വിജയിച്ചതെന്നു കാണുവാൻ കഴിയും. കഠ്്വ സംഭവത്തിൽ തന്നെ ചാർജ് ഷീറ്റ് പ്രകാരം 2018 ജനുവരി പത്തിനാണ് കുട്ടിയെ കാണാതാവുന്നത്. ഒരാഴ്ച കഴിഞ്ഞതിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്.

ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ കാര്യമായ പുരോഗതിയൊന്നുമുണ്ടാകാത്ത പ്രസ്തുത കേസ് അഭിഭാഷകയായ ദീപിക സിംഗ് ജമ്മു കാശ്മീർ ഹൈക്കോടതിയിൽ നൽകിയ റിട്ട് ഹർജിയോടെയാണ് കൈംബ്രാഞ്ചിന് കൈമാറ്റം ചെയ്യപ്പെടുന്നത്. ക്രൈംബ്രാഞ്ച് സീനിയർ സൂപ്രണ്ട് സുരേഷ് കുമാർ ജല്ലയും സംഘവും പലവിധ സമ്മർദ്ദങ്ങൾ അതിജീവിച്ചാണ് കുറ്റാരോപിതരെ പിടികൂടിയിട്ടുള്ളത്. ഇത്രയും ഹീനമായ കൃത്യത്തിൽ അച്ഛനും മകനും ഉൾപ്പെട്ടു എന്നതും പ്രതിസ്ഥാനത്തുള്ളവർക്ക് വേണ്ടി പവിത്രമായ ദേശീയ പതാകയെ ദുരുപയോഗം ചെയ്ത് പ്രകടനം നടത്തി എന്നുള്ളതും പ്രത്യേകമായി ചർച്ച ചെയ്യപ്പെടേണ്ട വിഷയങ്ങൾ തന്നെയാണ്.

ഇതിനുമപ്പുറം ഒരു സമൂഹത്തെ പിറന്ന നാട്ടിൽ നിന്നും ഭയപ്പെടുത്തി പാലായനം ചെയ്യിക്കാൻ വേണ്ടി കൂടിയാണ് ഇത്തരമൊരു ഹീനകൃത്യം നടത്തിയതെന്ന കുറ്റപത്രത്തിലെ പരാമർശം വസ്തുതാപരമാണെങ്കിൽ നാം നെഞ്ചോടു ചേർത്തു പിടിച്ച നാടിന്റെ പോക്ക് എങ്ങോട്ടാണ് എന്ന കാര്യത്തിൽ തീർച്ചയായും വ്യാകുലപ്പെടേണ്ടതായിട്ടുണ്ട്.

സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ കൈകാര്യം ചെയ്യാൻ വേണ്ടി മാത്രമായി പ്രത്യേക കോടതികൾ സ്ഥാപിക്കുകയും നീതി നിർവ്വഹണം ത്വരിതഗതിയിൽ പൂർത്തീകരിക്കുകയും പ്രതികളായവർക്ക് പരമാവധി മാതൃകാപരമായ ശിക്ഷ നല്കുകയും ചെയ്യുക എന്നത് തന്നെയാണ് ഇത്തരം ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാനുള്ള പോംവഴി. അടിക്കടി പുതിയ നിയമനിർമ്മാണം നടത്തുന്നതിനെക്കാൾ നിലവിലെ നിയമങ്ങളെ സുഗമമായി പ്രാവർത്തികമാക്കാനുള്ള സൗകര്യമാണ് രാഷ്ട്രീയ നേതൃത്വം ചെയ്തു കൊടുക്കേണ്ടത്.

ഇത്തരം പൈശാചികതകളിൽ പിടിക്കപ്പെട്ട പ്രതികൾക്ക് അവിഹിതമായ രീതിയിൽ സഹായം നൽകുന്ന നേതാക്കന്മാരെയും പാർട്ടികളെയും ഒറ്റപ്പെടുത്താനും തിര‍ഞ്ഞെടുപ്പുകളിൽ അത്തരമാളുകൾക്ക് വോട്ട് നൽകാതിരിക്കാനും പൊതുബോധം ജാഗ്രത പുലർത്തേണ്ടതുണ്ട്.

കാമക്കലി പൂണ്ട മനുഷ്യപ്പിശാചുകൾക്ക് മുന്പിൽ ഇനി ഒരു പിഞ്ചു ബാലികയ്ക്കും ഭയവിഹ്വലമായി നിൽക്കേണ്ട അവസ്ഥ വരരുതേ എന്ന പ്രാർത്ഥന മാത്രമാണിപ്പോൾ നെഞ്ചകം നിറയെ.. പെൺമക്കളുള്ള മാതാപിതാക്കന്മാരുടെ മനസ് തകർന്നു കൊണ്ടുള്ള പ്രാർത്ഥനയ്ക്ക് ഫലമുണ്ടാവുക തന്നെ ചെയ്യും. നിലവിളികളില്ലാത്ത സമാധാന പൂർണ്ണമായ പ്രഭാതങ്ങൾ നമ്മെ തട്ടിയുണർത്തട്ടെ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed