വരുംകാ­ല നന്മകളു­ടെ­ നറു­നി­ലാ­വും പേ­റി­ വീ­ണ്ടു­മൊ­രു­ വി­ഷു­ക്കാ­ലം...


ഇസ്മയിൽ പതിയാരക്കര

സമൃദ്ധിയുടെ നല്ല നാളെയിലേക്ക് കണികണ്ടുണർന്ന് ഒരു ‘വിഷുപ്രഭാതം’ കൂടി നമ്മുടെ മറിഞ്ഞ് തീരുന്ന ആയുസിന്റെ കണക്കു പുസ്തകത്തിൽ കാലം എഴുതിച്ചേർത്തിരിക്കുന്നു. ഇനി എത്ര വിഷുപ്പുലരിയെ വരവേൽക്കാൻ കഴിയുമെന്നോ, ദൈവത്തിന്റെ ഖജനാവിൽ നമുക്കായി നീക്കി വെച്ച സമയത്തിലെത്ര ബാക്കിയുണ്ടെന്നോ അറിയില്ലെങ്കിലും സ്വന്തത്തിനപ്പുറം തലമുറകളുടെ സമൃദ്ധിയും ഐശ്വര്യവും കൂടിയാണ് വിഷു എന്ന ആഘോഷം പങ്കുവെയ്ക്കുന്ന ഏറ്റവും വിശാലമായ കാഴ്ചപ്പാട്. വിഷു എന്ന വാക്കിന്റെ നേരർത്ഥം തുല്യമായത് എന്നാണ്. രാവും പകലും തുല്യമായ ദിവസമാണ് വിഷു എന്നതു കൊണ്ടായിരിക്കാം ഈ പേര് സിദ്ധിച്ചത്.

ഭൂമിയിൽ നാശം വിതച്ച നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ് വിഷു ആഘോഷിക്കപ്പെടുന്നതെന്നും ഐതീഹ്യമുണ്ട്. ചുരുക്കത്തിൽ ഐതീഹ്യവും കാർഷിക വ്യവസ്ഥയും ഒപ്പം മനുഷ്യന്റെ അറ്റമില്ലാത്ത പ്രതീക്ഷകളുടെയുമൊക്കെ ആകെത്തുകയാണ് വിഷു എന്ന ആഘോഷം.

സ്വർണ വർണത്തിലുള്ള കണിക്കൊന്നകളുടെ അകന്പടിയോടെ വന്നെത്തുന്ന വിഷു മലയാളികളെ സംബന്ധിച്ചിടത്തോളം വർണാഭമായ ഭൂതകാലത്തിലേക്കുള്ള തിരിച്ചുപോക്ക് കൂടിയാണ്.  ചക്ക, കുലമാങ്ങ, നാളീകേരം, അരി, പഞ്ചധാന്യങ്ങൾ, വെള്ളരിക്ക, കൊന്നപ്പൂവ്, സ്വർണം, വെള്ളമുണ്ട്, നിലവിളക്ക് തുടങ്ങിയ കണിസാധനങ്ങൾ ഒരുക്കിവെച്ച് മേടമാസപ്പുലരിയിൽ അതിരാവിലെ ഉണർന്ന് ശുദ്ധി വരുത്തി ഓരോ അംഗത്തെയും കണികാണിക്കുന്ന മുത്തശ്ശിയും പേരമക്കൾക്ക് കൈനീട്ടം സമ്മാനിക്കുന്ന മുത്തച്ഛനും ഒന്നിച്ചുള്ള വിഷുസദ്യയും കുടുംബങ്ങൾ തമ്മിലുള്ള വെടിപറച്ചിലുമൊക്കെയായി ബന്ധങ്ങളുടെയും ബന്ധനങ്ങളുടെയുമൊക്കെ ഇഴയടുപ്പത്തിൽ മനോഹരിയായി വിരാജിക്കുന്ന ഗ്രാമങ്ങളിലെ വിഷുവിൽ നിന്നും നഗരങ്ങളിലെ ഫ്ളാറ്റ് സംസ്കാരത്തിലേക്ക് കണ്ണോടിക്കുന്പോൾ ആത്മാവ് നഷ്ടപ്പെട്ട ഒന്നായി അത് പരിണമിക്കുന്നു.

എന്നാൽ പ്രവാസഭൂമികകളിൽ മിഥുനം കഴിയുന്നതുവരെ വിഷു ആഘോഷിക്കപ്പെടുന്നു എന്നതാണ് പരമാർത്ഥം. വിവിധ സംഘടനകളുടെതായി പല തവണ സദ്യയുണ്ണാനുള്ള ഭാഗ്യവും ഗൾഫ് മലയാളികൾക്ക് മാത്രം അവകാശപ്പെട്ടതാണ്.

തൊട്ടാൽ പൊള്ളുന്ന വിലയ്ക്ക് കണിക്കൊന്നകൾ പോലും വാങ്ങി കണിയൊരുക്കാനും സദ്യക്കായി പ്രിയപ്പെട്ടവരെയൊക്കെ സ്നേഹത്തോടെ വിളിക്കാനും ജോലിഭാരത്തിന്റെ ഓട്ടപ്പാച്ചിലുകൾക്കിടയിലും പ്രവാസി മലയാളി സമയം കണ്ടെത്തുന്നു.

അന്യം നിന്നു പോകുന്ന കൃഷിയെപ്പറ്റിയുള്ള ഓർമ്മപ്പെടുത്തൽ കൂടിയാണ് വിഷു. ചാലിടീൽ, കൈക്കോട്ടുചാൽ, വിഷുവേല, വിഷുവെടുക്കൽ, തുടങ്ങി ആദ്യകാലത്ത് നടന്നുവന്നിരുന്ന പല ചടങ്ങുകളും കൃഷിയുമായി ബന്ധപ്പെട്ട് വിഷു ദിവസം ചെയ്തു വരുന്നതാണ്. കാലത്തിന്റെ കറക്കത്തിലെവിടെയോ കൈമോശം വന്നുപോയ കാർഷിക സംസ്കാരം തിരിച്ചുപിടിക്കാനുള്ള പ്രലോഭനവും പ്രചോദനവുമായി വിഷു ആഘോഷം മാറേണ്ടതുണ്ട്.

പരിമിതമായ സ്ഥലത്താണെങ്കിൽ തനിക്ക് ആവശ്യമുള്ള പച്ചക്കറികൾ സ്വന്തമായുണ്ടാക്കുമെന്ന് പ്രതിജ്ഞയെടുക്കാൻ കൂടി ഈ ആഘോഷദിവസത്തെ ഉപയോഗപ്പെടുത്തേണ്ടതുണ്ട്. സ്വർത്ഥമൂർത്തമായ മനസുകൾ, ആളിക്കത്തിക്കാൻ ശ്രമിക്കുന്ന വർഗ്ഗീയതയുടെ കനലുകളെ കെടുത്തിക്കളയാൻ കെൽപ്പുള്ള സ്നേഹത്തെളിനീരാണ് ആഘോഷങ്ങളെന്നു മനസിലാക്കി അപരനെയും കൂടി അലിവോടെ അതിന്റെ ഭാഗമായി ചേർത്തു വെക്കപ്പെടുന്പോഴാണ് വ്യക്തിപരമായ സന്തോഷങ്ങൾ സമൂഹത്തിനും നാടിനും ഗുണപരമായി ഭവിക്കുക.

പരിണാമത്തിന്റെ പരിപൂർണതയിലേക്ക് മനുഷ്യനെ നയിക്കുന്ന ശക്തി സ്വരൂപമാണ് സ്നേഹം. വെറുപ്പിന്റെ ബിംബകൽപനകളെ സ്നേഹത്താൽ തച്ചുടച്ച് പുതിയ പ്രഭാതങ്ങളെ വരവേൽക്കാൻ ഈ വിഷുപ്പുലരി പ്രചോദനമാകട്ടെ എന്നു പ്രത്യാശിച്ചു കൊണ്ട് പ്രിയപ്പെട്ട വായനക്കാർക്കെല്ലാം ഹൃദ്യമായ ആശംസകൾ നേരുന്നു.

“ കാ­ലമി­നി­യു­മു­രു­ളും...
വി­ഷു­ വരും വർ­ഷം വരും
തി­രു­വോ­ണം വരും
പി­ന്നെ­യൊ­രോ­ തളി­രി­നും
പൂ­ വരും കായ്‌ വരും
അപ്പോ­ഴാ­രെ­ന്നും എന്തെ­ന്നും
ആർ­ക്കറി­യാം.
നമു­ക്കി­പ്പോ­ഴീ­യാ­ർ‍­ദ്രയെ­
ശാ­ന്തരായ് സൗ­മ്യരാ­യ്
എതി­രേ­ൽ‍­ക്കാം
വരി­ക സഖീ­
അരി­കത്തു­ ചേ­ർ­ന്നു­ നി­ൽ‍­ക്കൂ­
പഴയൊ­രു­ മന്ത്രം സ്മരി­ക്ക നാം
അന്യോ­ന്യം ഊന്നു­ വടി­കളായ് നി­ൽ‍­ക്കാം
ഹാ­! സഫലമീ­ യാ­ത്ര....”
−എൻ.എൻ കക്കാ­ട്

 

You might also like

Most Viewed