മനസ്സിൽ മായാതെ ചില അനുഭൂതികൾ...
ഇസ്മയിൽ പതിയാരക്കര
പ്രാരാബ്ദങ്ങളുടെ ദശാസന്ധികളിൽ പകച്ചുപോകുന്ന കുടുംബങ്ങളിൽ ഐശ്വര്യത്തിന്റെ വെള്ളിവെളിച്ചം വിതറി കടന്നു പോകുന്ന കൊള്ളിയാനുകളാണ് യഥാർത്ഥത്തിൽ പ്രവാസികൾ. ഉടപ്പിറപ്പുകളുടെ ക്ഷേമത്തിനായി കാഠിന്യപൂരിതമായ കഥനങ്ങളുടെ ഉള്ളറകളിലേയ്ക്ക് ജീവിതത്തെ ബലിയായി നൽകി നടന്നു പോകുന്ന സ്നേഹത്തിന്റെയും, കരുതലിന്റെയും പ്രതിപുരുഷന്മാർ.
ഓരോ കുടുംബത്തിൽ നിന്നും ഇങ്ങനെ സാന്പത്തികാവശ്യത്തിന് വേണ്ടിയുള്ള ബലിദാഹികൾ പുറപ്പെട്ട് പോയപ്പോൾ ഒരു സമൂഹവും നാടും സമൃദ്ധിയുടെ പുതുപുത്തൻ പുലരിയിലേയ്ക്ക് ഉണർന്നെഴുന്നേൽക്കുകയായിരുന്നു. പേർഷ്യയിൽ എത്തപ്പെട്ടവരെല്ലാം പണക്കാരായി തിരിച്ചു വരുന്ന സുന്ദര കഥകളാണ് എഴുപതുകളുടെയും എൺപതുകളുടെയും സാഹിത്യവും സിനിമയും നമുക്ക് മുന്പിൽ വരഞ്ഞിടുന്നത്. കാലചക്രത്തിന്റെ കറക്കത്തിനിടയിൽ പ്രതീക്ഷയുടെ എണ്ണപ്പാടങ്ങളിലേയ്ക്കുള്ള കുത്തൊഴുക്ക് വർദ്ധിച്ചപ്പോൾ പ്രവാസം എന്നത് ഒരു ഭാഗ്യപരീക്ഷണമായി മാറി എന്നതാണ് പരമാർത്ഥം.
വികാര വിചാരങ്ങളെ മുഴുവൻ ഊരിമാറ്റി ശരീരത്തെ ഒരു യന്ത്രസമാനമാക്കി പ്രത്യാശയുടെ കളങ്ങളിൽ കാണിക്കയായി വെച്ചപ്പോൾ ഭാഗ്യത്തിന്റെ ഗാഡമായ ആലിംഗനത്താൽ ചിലരെങ്കിലും കോടികളുള്ള ഈശ്വരൻമാരായി. മറ്റു ചിലരോ ആയുസിന്റെ താളുകൾ മറിഞ്ഞു വീഴുന്നത് നൊന്പരത്തോടെ നോക്കി നിന്ന് ചതുരംഗഷലകയിൽ പേർത്തും പേർത്തും ഭാഗ്യം പരീക്ഷിച്ചു കൊണ്ടിരിക്കുന്നു. ഇതിനെല്ലാമിടയിൽ പറയത്തക്ക വരുമാന മാർഗ്ഗമൊന്നുമില്ലാത്ത ഒരു നാട് അന്താരാഷ്ട്ര സമൂഹത്തിന്റെ കയ്യും പിടിച്ച് നടക്കാൻ തുടങ്ങിയിരുന്നു. സന്പന്ന രാജ്യങ്ങളുമായി കിടപിടിക്കാൻ പോന്ന പ്രസ്തുത വളർച്ചയുടെ ഗുണഭോക്താക്കളാകാൻ രാഷ്ട്രീയ പാർട്ടികൾ മത്സരിച്ചു കൊണ്ടിരിക്കുന്പോഴും അതൊന്നും ഗൗനിക്കാതെ കുടുംബത്തിനും നാടിനും വേണ്ടി വിയർപ്പൊഴുക്കുകയായിരുന്നു ചരിത്രം തമസ്കരിച്ച നിർഭാഗ്യവാൻമാർ.
പ്രവാസ ജീവിതത്തിന്റെ ഒരു വശമാണ് ഇതുവരെ നമ്മൾ ചർച്ച ചെയ്തതെങ്കിൽ ദൈവം തങ്ങൾക്ക് നൽകിയ സന്പത്തിനെ ലോകത്തിന് മുഴുവനായി സന്തോഷത്തോടെ പങ്കുവെയ്ക്കുന്ന നിസ്വാർത്ഥരായ ഒരു ജനതയുടെ വിശാല വീക്ഷണത്തെ പരാമർശിക്കാതെ തരമില്ല. അറേബ്യൻ ഗൾഫിന്റെ ചരിത്ര പശ്ചാത്തലങ്ങളെ ഇഴകീറി പരിശോധിക്കുന്പോൾ അത്ര ചെറുതല്ലാത്ത പാരന്പര്യം അഹന്തയോടെ തന്നെ അവകാശപ്പെടാൻ അർഹതയുള്ളവരാണ് ബഹ്റൈനികൾ. മെസപ്പട്ടോമിയൻ സംസ്ക്കാരത്തിന്റെ കൈവഴികളായി ചരിത്രത്തിൽ തിളങ്ങി നിൽക്കുന്ന ദിലുമുൺ, ടൈലോസ് നാഗരികതകളുടെ ഈറ്റില്ലമായ ഈ കൊച്ചു പ്രദേശം മനുഷ്യ ചരിത്രത്തിൽ വലിയൊരിടം തന്നെയാണ് നേടിയെടുത്തത്.
ലോകത്താദ്യമായി പെട്രോളിന്റെ ഉറവ ഈ മണ്ണിൽ നിന്നും പൊട്ടി ഒഴുകിയപ്പോൾ ചരിത്രത്തിന്റെ ഗതിക്കൊപ്പം ലോകത്തങ്ങോളമിങ്ങോളമുള്ള സാധാരണക്കാരന്റെ ജീവിതവും അത് മാറ്റി മറിക്കുകയായിരുന്നു. ഈ ചെറിയ നാടിന്റെ ഓരോ മുക്കുംമൂലകളിലും ഓരോ മൺതരികളിൽ പോലും മലയാളികളുടെ നോവും നൊന്പരങ്ങളും പതിഞ്ഞു കിടക്കുന്നുണ്ട് എന്നതാണ് പരമാർത്ഥം. ഒരുപാട് ജീവിതങ്ങളുടെ നേർചിത്രങ്ങൾ പച്ചയായി വരഞ്ഞിടുന്ന വലിയൊരു ക്യാൻവാസാണ് പ്രവാസ ഭൂമികയെന്നും ചിലപ്പോൾ തോന്നാറുണ്ട്.
ദുഃഖങ്ങളും ദുരിതങ്ങളും വിരഹവും, വേദനകളുമൊക്കെ കക്ഷത്തിൽവെച്ച് യാന്ത്രികമായി നടന്നു തീർക്കുന്ന ഒരു കൂട്ടം പച്ച മനുഷ്യർ പാർക്കുന്ന ഇടം. പ്രവാസത്തിന്റെ പ്രതീക്ഷയിൽ പ്രഭാതങ്ങളെ വരവേൽക്കുന്ന ഇത്തരമൊരു സമൂഹത്തെ സംബന്ധിച്ചിടത്തോളം സ്വന്തം നാടുപോലെ തന്നെ പ്രിയപ്പെട്ടതാണ് ഈ മണ്ണും. ഇവിടുത്തെ ആഘോഷങ്ങളും.
സ്വാതന്ത്ര്യത്തിന്റെ വലിയ ആകാശത്ത് പവിഴമായി പ്രശോഭിച്ചു നിൽക്കുന്ന ഈ കൊച്ചു പ്രദേശത്തെ സ്നേഹത്തോടെയും നന്ദിയോടെയും ഹൃദയത്തോട് ചേർത്ത് വെച്ച് കൊണ്ട് നേരുന്നു ഒരായിരം ദേശീയദിന ആശംസകൾ.
പിൻകുറി: കോൾഡ് സ്റ്റോറിലെ സഹപ്രവർത്തകൻ ആദ്യമായി കുടുംബത്തെ കൊണ്ടുവന്നപ്പോൾ അവളെ ‘മോളെ’ എന്ന് സംബോധന ചെയ്ത് സ്വന്തം വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടു പോകുകയും പരന്പരാഗത രീതിയിൽ സ്വീകരിക്കുകയും, കുടുംബത്തിലെ ഒരംഗത്തെ പോലെ അവന്റെ ഭാര്യയെ ഖൽബകത്തോട് ചേർത്ത് വെക്കുകയും ചെയ്ത കടയുടെ തൊട്ടുമുന്പിൽ താമസിക്കുന്ന വൃദ്ധയായ സ്വദേശി സ്ത്രീയെ ഈ ദിവസം വെറുതെ ഓർത്തു പോയി.
ജാതി, മത, വർഗ്ഗ, രാഷ്ട്ര പരിതിയിൽ നമ്മൾ വരഞ്ഞിടുന്ന വരകളെ നിഷ്കളങ്ക സ്നേഹത്താൽ മായ്ച്ചു കളയുകയായിരുന്നു ആ സ്ത്രീ. ഇത്തരം ഹൃദ്യമായ അനുഭവങ്ങളാണ് ഈ മണ്ണിൽ നിന്നും നമ്മളെയൊരുനാൾ നാടണഞ്ഞാലും മായാതെ നിലകൊള്ളുന്ന അനുഭൂതികൾ...