ആഘോ­ഷം എന്നത് അപരനി­ലേ­ക്ക് പരന്നൊഴുകേണ്ട സംസം ജലം


ഇസ്മായിൽ പതിയാരക്കര 

ലത്തിന്റെ പവിഴാധരങ്ങളിൽ ഒരിക്കൽ കൂടി സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സമർപ്പണത്തിന്റെയും പനിനീർപ്പൂ വർഷിച്ചു കൊണ്ട് വീണ്ടുമിതാ ഒരു ബക്രീദ് ദിനം വിരുന്നെത്തിയിരിക്കുന്നു.

വിശ്വാസികൾക്ക് ആഹ്ലാദിക്കാനായി വിശ്വപ്രവാചകർ മുഹമ്മദ് നബി (സ.അ) കൽപ്പിച്ചരുളിയ രണ്ടു ദിനങ്ങളത്രേ ഈദൂൽഫിത്വറും പിന്നെ ഈദുൽ അദ്ഹയും. ഇതിൽ ആദ്യത്തേത് വ്രതവിശുദ്ധിയുടെ ദിനരാത്രങ്ങൾക്ക് ശേഷമാണ് കടന്നു വരുന്നതെങ്കിൽ രണ്ടാമത്തേത് മനുഷ്യനും ദൈവവും ഒറ്റക്കാകുന്ന ആത്മീയോൽക്കർഷത്തിന്റെ അനുപമ സീമകൾ ഉല്ലംഗിക്കുന്ന പരിശുദ്ധ ഹജ്ജിനു വിരാമമായിട്ടാണ് സമാഗതമാകുന്നത്.

മെസപ്പൊട്ടേമിയയുടെ മണ്ണിൽ പിറന്നു വീണ് പലസ്തീനിലും മക്കയിലും ത്യാഗ സുരഭിലമായ പ്രവാസത്തിൻ്റെ പാവനപാഠങ്ങൾ പ്രപഞ്ചം നിലനിൽക്കുന്ന കാലത്തോളം പിറന്നു വീഴുന്ന ജനതതികൾക്ക് സമ്മാനിച്ച എബ്രഹാം പ്രവാചകന്റെ ഓർമ്മ പെരുന്നാളാണ് അക്ഷരാർത്ഥത്തിൽ ബക്രീദ്. ലോകത്തുള്ള മുഴുവൻ വിശ്വാസികളും ഈ ദിനത്തിൽ മനസുകൾ ചേർത്തു നിർത്തുന്നത് നാലായിരം വർഷങ്ങൾക്കപ്പുറത്ത് കടന്നുപോയ ത്യാഗ സുരഭിലമായ ആ പുണ്യജീവിതത്തിന്റെ അടരുകളിലേക്കത്രേ.

അതികഠിനമായ പരീക്ഷണങ്ങളിലൂടെ ദൈവം ഉലയൂതി തനിത്തങ്കമാക്കി മാറ്റിയ അനുപമ വ്യക്തിത്വമാണ് ഹസ്രത്ത് ഇബ്രാഹീം (അ) അരുമയായ സന്താനത്തെയും പ്രിയ പ്രാണേശ്വരിയെയും വിജനമായ മരുഭൂമിയിൽ ഉപേക്ഷിക്കണമെന്ന് സൃഷ്ടാവ് അദ്ദേഹത്തോട് കൽപ്പിക്കുന്ന രോമാഞ്ചജനകമായ ഒരു രംഗമുണ്ട് ചരിത്രത്തിൽ.

പേടിച്ചു നിലവിളിക്കുന്ന പിഞ്ചുകിടാവിനെയും ഭാര്യയെയും ദൈവ സന്നിധിയിൽ ഭരമേൽപ്പിച്ച് തിരിച്ചു പോകുന്പോൾ ദാഹിച്ചരണ്ട പിഞ്ചു പാനങ്ങൾ സ്പർശിച്ച ഭൂമിക്കടിയിൽ നിന്നും മഹാത്ഭുതങ്ങളിലൊന്നായി വിശേഷിപ്പിക്കാവുന്ന ‘സംസം’ ജലം പൊട്ടിയൊഴുകുകയായിരുന്നു. കാലത്തിന്റെ ഇങ്ങേത്തലക്കലും നിലക്കാത്ത കുടിനീർ പ്രവാഹം.

മനുഷ്യ കഥാഖ്യായികതയിൽ തുല്യതയില്ലാത്ത ഈ സംഭവത്തോട് തുലനം ചെയ്യാവതല്ലെങ്കിലും പ്രാരാബ്ധങ്ങളുടെ വിജനതയിൽ പ്രിയപ്പെട്ടവരെ തനിച്ചാക്കി നിറം മങ്ങിപ്പോയ കിനാവുകളെ വർണ്ണാഭമാക്കുവാനായി കണ്ണീർപ്പാടകൾ കാഴ്ച മറച്ച വഴിയിലൂടെ നടന്നു നീങ്ങുന്പോഴുള്ള പ്രവാസിയുടെ ഉള്ളു പൊള്ളുന്ന വേദന മനുഷ്യചരിത്രത്തിന്റെ പാലായനത്തിന്റെ മറ്റൊരദ്ധ്യായം കൂടിയാണ്.

അങ്ങനെ ത്യാഗത്തിന്റെ വഴിയിലൂടെ കുറച്ചു മനുഷ്യർ നടക്കാൻ തുടങ്ങിയപ്പോഴാണ് സാന്പത്തികാഭിവൃദ്ധിയുടെ ഉറവയാൽ നമ്മുടെ നാട് പുഷ്കലമായത്. കേരളത്തിലെ മുക്കുമൂലകളിലുള്ള മിക്ക വീട്ടകങ്ങളിലേക്കും പ്രത്യക്ഷമായും പ്രച്ഛന്നമായും ആ ഉറവയിൽ നിന്നും തെളിനീരൊഴുകി.

ജാതിമതഭേദങ്ങൾക്കപ്പുറത്ത് ഒത്തൊരുമിച്ചുണ്ടാക്കിയെടുത്ത സഹനത്തിന്റെയും സമർപ്പണത്തിന്റെയും തെളിനീർച്ചാലുകളെ തട കെട്ടി നിർത്താനുള്ള അതി നീചമായ ശ്രമങ്ങൾ മറയില്ലാതെ നടക്കുന്ന ഇക്കാലത്ത് ആഘോഷങ്ങൾ എന്നത് അപരനിലേക്ക് പരന്നൊഴുകേണ്ട സംസം ജലമാകണം.

വീടിനു ചുറ്റും പൊങ്ങച്ചത്തിന്റെ വലിയ മതിൽക്കെട്ടുകൾ കെട്ടി ഉയ‍ർത്തിക്കൊണ്ടിരിക്കുന്ന നമ്മൾ ഹൃദയങ്ങൾക്ക് മറ കെട്ടാൻ വരുന്നവരെ ആട്ടിപ്പായിക്കുവാനുള്ള ആർജ്ജവമെങ്കിലും കാണിക്കേണ്ടതുണ്ട്.

അധികാരമെന്ന സ്വാ‍‍ർത്ഥതയ്ക്കു വേണ്ടി രാഷ്ട്രീയക്കാരാൽ വിഭജിക്കപ്പെടേണ്ടി വന്ന സമൂഹമാണ് മലയാളികൾ. മനുഷ്യമനസിലെ വർഗീയ വികാരങ്ങളെ ഒളിഞ്ഞും തെളിഞ്ഞും മതേതരമെന്ന് പറയപ്പെടുന്ന പാർട്ടികൾ വരെ കുത്തിയിളക്കുന്ന സമയമാണ് തിരഞ്ഞെടുപ്പു കാലങ്ങൾ. ഇങ്ങനെയൊരു അവസ്ഥ ഇല്ലാത്തതുകൊണ്ടാവണം നാടിനെക്കാൾ എന്തുകൊണ്ടും മനുഷ്യബന്ധത്തിന്റെ മതേതര ബന്ധനങ്ങളും ഇഴയടുപ്പങ്ങളും കൂടുതലായി കാണുവാൻ കഴിയുക സ്നേഹത്തിന്റെ ഈ മരുഭൂമികളിൽ തന്നെയാണ്. ഇവിടെയുള്ള ഒട്ടുമിക്ക ബാച്ചിലേഴ്സ് മുറികളും ജാതി മത ഭേദങ്ങൾക്കപ്പുറത്തുള്ള മനുഷ്യസ്നേഹത്തിന്റെ ചത്വരങ്ങളാണെന്നു തന്നെയാണ് ഏറ്റവും സന്തോഷകരമായ കാര്യം.

ഹസ്രത്ത് ഇബ്രാഹീം (അ) സ്വഭാവ സവിശേഷതകളിലൊന്നായി പറയപ്പെടുന്നത് സമൂഹത്തിന് എന്ത് നൽകാൻ കഴിയും എന്ന ചിന്തയാണ്.  ആർത്തിയുടെ ദുര മൂത്ത് എനിക്കെന്ത് ലഭിക്കും എന്ന് മാത്രം ചിന്തിക്കുന്ന മനുഷ്യരുടെ എണ്ണം അതിഭീകരമായി വർദ്ധിച്ചു കൊണ്ടിരിക്കുന്ന ഒരു കാലത്ത് അക്ഷരാർത്ഥത്തിൽ സ്വന്തത്തെക്കാൾ മറ്റുള്ളവർക്കായി നീക്കി വെക്കുന്ന പ്രവാസികൾ തിങ്ങിപ്പാർക്കുന്ന ഈ മരുഭൂമിയിൽ വിരുന്നു വന്നെത്തുന്ന ആഘോഷങ്ങളെ ഒന്നിച്ചു നെഞ്ചോടു ചേർത്തു പിടിച്ച് നമ്മളെപ്പറ്റിച്ചേർന്നു വിരാജിക്കുന്ന സ്നേഹ വസന്തകാലത്തെ വരും തലമുറകൾക്കും കൂടി അഭിമാനത്തോടെ കൈമാറാം.

മനസ്സിനെ നാട്ടിലെ പ്രിയപ്പെട്ടവരുടെ ആഘോഷത്തിലേക്ക് ആവേശത്തോടെ പറ‍ഞ്ഞയച്ച് എരിപൊരി കൊള്ളുന്ന ചൂടിനെ സ്വപ്നങ്ങളും പ്രതീക്ഷകളും കൊണ്ട് തണുപ്പിക്കാൻ വൃഥാ ശ്രമം നടത്തിക്കൊണ്ടിരിക്കുന്ന എല്ലാ പ്രിയപ്പെട്ട സഹപ്രവാസികൾക്കും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബലിപെരുന്നാൾ ആശംസകൾ നേരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed