അൽപ്പം സ്ത്രീ­പക്ഷ വി­ചാ­രങ്ങൾ


സമൂഹത്തിന്റെ പാതിയായ പെൺജീവിതങ്ങൾ വീണ്ടും വല്ലാത്ത വേദനയോടും, വേപഥുവോടും ചർച്ചയാകുന്ന ഒരു ഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നത്. പ്രഭാതങ്ങളിലെ പാതിയുറക്കങ്ങളിൽ നിന്നും നമ്മെ തട്ടി വിളിക്കുന്ന പീഡനവാർത്തകളോരൊന്നും മലയാളി എന്ന നിലയിൽ നാം കെട്ടിപ്പൊക്കിയ അഹന്താ നിർഭരമായ അമിത ആത്മവിശ്വാസമെന്ന ബലൂണിന് ഒരായിരം തുളകൾ ഒന്നിച്ചു വീഴ്ത്തുന്നവയാണ്. 

പുരുഷ വർഗത്തെ മുഴുവൻ പ്രതിക്കൂട്ടിൽ നിർത്തിക്കൊണ്ടും, അല്ലെങ്കിൽ അവനെക്കാൾ ഉയരത്തിലാണ് തങ്ങളെന്നുമുള്ള ഒരുതരം യുക്തി നഷ്ടപ്പെട്ട വാദങ്ങൾ ഫെമിനിസം തലക്കു പിടിച്ച ചില മഹിളാമണികൾ ഈ ഘട്ടത്തിലും ഉയർത്തുന്നുണ്ട്. തങ്ങളുടെ ജീവിതത്തിലേക്ക് കടന്നുവന്ന പുരുഷന്റെ മാപിനിയിൽ ആൺവർഗത്തെ മുഴുവൻ അളന്നുകൊണ്ടുള്ള അവരുടെ മുൻവിധികൾ അർഹിക്കുന്ന അവജ്ഞയോടെ അവഗണിക്കുകയേ നിർവാഹമുള്ളൂ.

യഥാർത്ഥത്തിൽ പുരുഷനും സ്ത്രീയും വ്യത്യസ്തമായ പോർനിലങ്ങളിൽ നിലയുറപ്പിക്കേണ്ടവരാണോ? ഇവരിൽ ഒരു കൂട്ടരില്ലെങ്കിൽ മറ്റേ  കൂട്ട‍ർക്ക് നിലനിൽപ്പില്ല എന്ന സത്യം അംഗീകരിച്ചാൽ ഇത്തരം വാചക കസർത്തുകളുടെ നിരർത്ഥതകത നമുക്ക് ബോധ്യപ്പെടും. സ്്ത്രീക്ക് പുരുഷനെപ്പോലെയോ പുരുഷന് നേരെ തിരിച്ചോ ആവാൻ കഴിയില്ലെന്നും കുടുംബപരവും സാമൂഹികവുമായ പ്രശ്നങ്ങൾ അവരൊന്നിച്ചാണ് നേരിടേണ്ടതെന്നും പലപ്പോഴും വിസ്മരിക്കപ്പെടുന്നു.

മുറിക്കയ്യൻ ഷർട്ടുമിട്ട് മുടി മുറിച്ച് പുരോഗമനത്തിന്റെ പുറംമോടിയാൽ അവൾ അവനാവാൻ ശ്രമം നടത്തുന്പോൾ പുരുഷാധിപത്യത്തെ അംഗീകരിക്കുകയും സ്ത്രൈണതയെ തള്ളിപ്പറയുകയുമല്ലേ ചെയ്യുന്നതെന്ന് അത്തരക്കാർ ആലോചിക്കേണ്ടതാണ്. പ്രകൃതിപരമായി തന്നെ പുരുഷന് ചെയ്യാൻ കഴിയുന്നത് സ്ത്രീക്കും അവൾക്ക് ചെയ്യാൻ പറ്റുന്നത് അവനും ചെയ്യാനാവില്ലെന്ന സത്യം തിരിച്ചറിയുന്പോൾ പരസ്പര ബഹുമാനത്തിന്റെ ഇടങ്ങളല്ലേ യഥാർത്ഥത്തിൽ സൃഷ്ടിക്കപ്പെടേണ്ടത്.

ഇതൊടൊപ്പം തന്നെ രാഷ്ട്രീയ പാർട്ടികളുടെ വാലായും അല്ലാതെയുമുള്ള സ്ത്രീപക്ഷ കൂട്ടായ്മകൾ തങ്ങളുടെ വർഗ്ഗത്തിനു വേണ്ടി എന്തു ചെയ്തുവെന്നും പുരോഗമന പ്രസ്ഥാനങ്ങളടക്കമുള്ള മുഖ്യധാരാ പാർട്ടി പരിസരങ്ങളിൽ തങ്ങൾക്ക് എത്രത്തോളം ഇടം നൽകാൻ വിശാലത കാണിച്ചു എന്നതും ഒരു വിചിന്തനത്തിന് മുതിരുന്നത് നല്ലതാണ്.

വർഷങ്ങൾക്ക് മുന്പ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ജീവനക്കാരി പി.ഇ ഉഷ അപമാനിക്കപ്പെട്ട സംഭവം മുതൽ പല നാടിന്റെ പേരുകളാൽ മാധ്യമങ്ങൾ ആഘോഷിച്ച പീഡന പരന്പരകളിൽ ഇരകൾക്കൊപ്പം നിലകൊള്ളാനും അവർക്ക് നീതി വാങ്ങിക്കൊടുക്കാനും തങ്ങൾക്ക് എത്രത്തോളം കഴിഞ്ഞു എന്ന കാര്യവും ആത്മവിമർശനത്തിന്റെ പരീക്ഷയിൽ വെക്കാവുന്നതാണ്. എന്തുകൊണ്ട് പിഡന പരന്പരകൾ തുടർക്കഥ പോലെ ആർമാദിക്കപ്പെടുന്നു എന്ന അന്വേഷണത്തോടൊപ്പം തന്നെ കുറ്റക്കാർക്കെതിരെ അർഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള യോജിച്ച നീക്കങ്ങൾ അനിവാര്യമാണ്. കഴി‍‍‍‍ഞ്ഞ കാലങ്ങളിൽ നാട് നടുങ്ങിപ്പോയ പീഡന കേസുകളിൽ ഒരാൾക്കെങ്കിലും അർഹമായ ശിക്ഷ ലഭിച്ചിരുന്നെങ്കിൽ ഇത്രത്തോളം പെൺമണികളുടെ മാനം ചീന്തപ്പെടുന്ന അവസ്ഥ വരില്ലായിരുന്നു.

ഏതാനും ദിവസത്തെ മാധ്യമ ആഘോഷങ്ങൾക്കപ്പുറം പീഡന വാർത്തകൾക്ക് ഫലപ്രദമായ ‘ഫോളോ അപ്പുകൾ’ ഉണ്ടാവുന്നില്ല. ഏതെങ്കിലുമൊരു അജ്ഞാതനായ വി.ഐ.പിയിൽ തട്ടി അന്വേഷണം നിന്നു പോകുന്ന അവസ്ഥക്കെതിരെയാണ് പ്രതിഷേധങ്ങൾ പടർന്നു കയറേണ്ടത്.

മിണ്ടാപ്രാണികളോടുള്ള ക്രൂരതകൾ കലയുടെ പേരിലായാലും സ്ക്രീനുകളിൽ വിലക്കിയിട്ടുള്ള ഒരു നാട്ടിൽ പെണ്ണുടകളുടെ വാണിജ്യവൽക്കരണത്തിനെതിരെയും അധമ വികാരങ്ങൾ തട്ടി ഉണർത്തുന്ന ആഭാസങ്ങൾക്കെതിരെയും നിയമം ഒന്നു കൂടി ജാഗ്രത പുലർത്തേണ്ടിയിരിക്കുന്നു.

തീവ്രവാദ കേസുകളിൽ പിടിക്കപ്പെടുന്ന രാജ്യദ്രോഹികളെ പോലെ തന്നെ പീഡനകഥകളിലെ പ്രതികളെ കാണാനുള്ള അവസ്ഥ സൃഷ്ടിക്കപ്പെടുകയും അവർക്ക് വേണ്ടി വാദിക്കാൻ ഒരു അഭിഭാഷകൻ പോലും തയ്യാറാവാതിരിക്കുകയും ചെയ്യുന്ന അവസ്ഥ സംജാതമാവുകയും വേണം.

വെറും ഉടലുകളുടെ ഉടമകൾ മാത്രമല്ല തങ്ങളെന്നും, ഉടയോന്റെ ഉത്തമമായ സൃഷ്ടികളാണെന്നും അതിനുമപ്പുറം പ്രപ‍ഞ്ചത്തിന്റെ പൂജനീയരായ മാതാക്കളാണെന്നും പൊതു മനസുകളിൽ കൂടുതൽ കൂടുതൽ രുഢമൂലമാകുവാൻ പുരുഷനെക്കാൾ സ്ത്രീ കൂട്ടായ്മകൾ മുന്നിട്ടിറങ്ങേണ്ടത് കാലഘട്ടത്തിന്റെ തേട്ടമാണ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed