കരി­ന്പടം പു­തച്ചു­റങ്ങു­ന്ന കാ­ലം!!!


ഇസ്മായിൽ പതിയാരക്കര

 

ല്യങ്ങൾക്ക് യാതൊരു വിധ മഹത്വവും കൽപ്പിക്കാത്ത, എനിക്കെന്ത് ലഭിക്കും എന്നതിനപ്പുറം അപരന് എന്ത് നൽകാൻ കഴിയും എന്ന് ചിന്തിക്കാൻ കഴിയാത്ത ആർത്തിയുടെ നാനാർത്ഥങ്ങൾ തേടിയലയുന്ന, സർവ്വോപരി കാലം കയറൂരി വിട്ട ഒരു കൂട്ടം മനുഷ്യർക്കിടയിലാണ് നാമിന്ന് ജീവിക്കുന്നത്.

രാഷ്ട്രീയ, സാംസ്കാരിക, മതഭൂമികകളിൽ നിലയുറപ്പിച്ചു കൊണ്ട് ജനങ്ങൾക്ക് വേണ്ടി ജീവിച്ച മഹാമനീഷികളുടെ നിരന്തരമായ പോരാട്ടത്തിന്റെ ഫലമായി ലോകത്തങ്ങോളമിങ്ങോളം നിഷ്കാസനം ചെയ്യപ്പെട്ട മനുഷ്യത്വത്തിന് നിരക്കാത്ത അല്ലെങ്കിൽ ഉതൃകൃഷ്ട സൃഷ്ടിയായ മനുഷ്യനു വിലയിടിവ് സംഭവിക്കുന്ന തരത്തിലുള്ള ആശയങ്ങൾ കുഴിമാടങ്ങളിൽ നിന്നും കിളിർത്തു വരുന്ന കാഴ്ചപ്പെടലുകൾക്കിടയിലാണ് നാമിന്ന്.

കേരളത്തിൽ നിന്ന് തുടങ്ങിയാൽ നവോത്ഥാന പ്രസ്ഥാനങ്ങളും, ആചാര്യ ശ്രേഷ്ഠന്മാരും അഭംഗുര പരിശ്രമങ്ങളിലൂടെ വിപാടനം ചെയ്തതും പൊതുസമൂഹം മ്ലേച്ഛതയായി കരുതിയതുമായ ജാതീയത, വർഗീയത തുടങ്ങിയ അനാചരങ്ങളും ഒപ്പം മദ്യപാനം വ്യഭിചാരം, തുടങ്ങിയ ദുഷ്പ്രവർത്തികളും മുന്പെങ്ങുമില്ലാത്ത വിധത്തിൽ സമൂഹ ശരീരത്തിൽ പടർന്നു തുടങ്ങുകയും അത്തരം പ്രവർത്തികളിൽ മുഴുകിയവരെ അശ്ലീലമായി മാറ്റി നിർത്തിയിരുന്ന ഇന്നലെകളിൽ നിന്നു മാറി പൊതുബോധം യാതൊരു അപകർഷതാ ബോധവുമില്ലാതെ അത്തരം പ്രവർത്തികൾ ചെയ്യുന്നവരെ വാരിപ്പുണരുന്ന വിരോധാഭാസത്തിൽ നടുങ്ങി നിൽക്കുകയാണ് നവോത്ഥാന കേരളം.

ജാതിയിൽ താഴ്ന്നവർ പരസ്യമായി അധിക്ഷേപിക്കപ്പെടുന്പോഴും, അധികൃതർ ഇരുന്ന സർക്കാർ കസേര പോലും പുണ്യാഹം തളിച്ച് ശുദ്ധമാക്കപ്പെടുന്പോഴും അന്ധവിശ്വാസത്തിന്റെ അഗ്നിനാളങ്ങൾ ഒരു പെൺജീവിതത്തെ നക്കിത്തുടച്ചപ്പോഴും മുന്പെങ്ങുമില്ലാത്ത വിധത്തിൽ പീഡനങ്ങളും മറ്റു കുറ്റകൃത്യങ്ങളും ക്രമാതീതമായി പെരുകിക്കൊണ്ടിരിക്കുന്പോഴും യാതൊരു വിധ മനഃസാക്ഷിക്കുത്തുമില്ലാതെ ഞങ്ങൾ ലോകത്തിലെ ഏറ്റവും സംസ്കാര സന്പന്നരായ സമൂഹമാണെന്ന മിഥ്യാ ധാരണക്ക് മുകളിൽ മല‍ർന്ന് കിടന്ന്, മൂല്യങ്ങൾക്ക് കാവൽ നിൽക്കുന്ന ജാഗരൂകതയിൽ നിന്നും കുതറി മാറി സ്വാർത്ഥതയുടെ മൺപുറ്റിനുള്ളിലേയ്ക്ക് മലയാളി നൂണ്ടു കയറിക്കഴിഞ്ഞു എന്നതിന്റെ വേദനിപ്പിക്കുന്ന നിദർശനമാണ് സാംസ്കാരിക ജീർണതയ്ക്കു നടുവിലുള്ള വേദനിപ്പിക്കുന്ന മൗനവും നിസംഗതയും. ജനതതികളെ തട്ടിയുണർത്തേണ്ട കാലവും കരിന്പടം പുതച്ചുറങ്ങുന്നു എന്നതാണ് കാൽപ്പനികവും കാവ്യാത്മകവുമായ സത്യം.

ഇനി ലോകത്തിന്റെ നേർക്കാഴ്ചകളിലേയ്ക്ക് കണ്ണയക്കുന്പോഴും വേദനിക്കുന്ന യാഥാർത്ഥ്യങ്ങളാണ് നിഴലിക്കുന്നത്. ജീവിതത്തിന്റെ സത്യത്തിലേക്കോ മരണത്തിന്റെ തണുപ്പിലേക്കോ നാളത്തെ പ്രഭാതം തട്ടിവിളിക്കപ്പെടുന്നതെന്ന് യാതൊരു ഉറപ്പുമില്ലാത്ത വിധത്തിൽ ബോംബുകൾക്കിടയിൽ ഞെളിപിരി കൊള്ളുന്ന അറബ് സമൂഹം. സ്വയം കൃതാനർത്ഥത്തിന്റെ തിരിച്ചടികൾക്കിടയിൽ ഞെട്ടിത്തെറിച്ചു നിൽക്കുന്ന പാശ്ചാത്യ ലോകം. ഒപ്പം അവിടങ്ങളിൽ ശക്തിയാർജിച്ചു വരുന്ന ഫാഷിസ്റ്റ് പ്രവണതകളും.

സ്വന്തം ചരിത്രം തിരുത്തിയെഴുതി അനുദിനം ട്രംപേരിക്കയിലേയ്ക്ക് പരകായ പ്രവേശം നടത്തിക്കൊണ്ടിരിക്കുന്ന അമേരിക്കയും പൊതുസ്ഥലങ്ങളിൽ മാതൃഭാഷ സംസാരിക്കാൻ പേടിക്കുന്ന തരത്തിൽ മരണഭയം വേട്ടയാടപ്പെടുന്ന അവിടുത്തെ വിദേശി സമൂഹവും പേടിപ്പെടുത്തുന്ന ഭാവിയാണ് വരച്ചിടുന്നത്.

ചുരുക്കത്തിൽ ലോകം മുഴുക്കെ അധർമ്മം അരങ്ങു തകർക്കുകയും ധർമ്മ സംസ്ഥാപകർ പിറവിയെടുക്കാതിരിക്കുകയും ചെയ്യുന്ന അഭിശപ്ത യാമങ്ങളിൽ പ്രശസ്തമായ ഒരു ഉറുദു കവിതയിലെ ഈരടികൾ തികട്ടി വരുന്നു.

 

“എന്റെ യൗവനവും കവർന്നെടുത്തോളൂ

എന്റെ സന്പത്തും അധികാരവും കൊണ്ടുപോയ്ക്കൊള്ളൂ

പകരമെനിക്ക് തിരിച്ചു തരുമോ

എന്റെ കുഞ്ഞു നാളിലെ മഴവെള്ളവും

അതിലൊഴുക്കിയ കടലാസു തോണിയും”

You might also like

  • Lulu Exchange
  • Straight Forward

Most Viewed