തിരിച്ചറിയപ്പെടാത്ത നിശബ്ദ അധിനിവേശങ്ങൾ
ഇസ്മായിൽ പതിയാരക്കര
മാസങ്ങൾക്കു മുന്പ് നാട്ടിൽ പോയപ്പോഴുണ്ടായ ചില അനുഭവങ്ങളും അതിനോടു തൊട്ടരുമ്മിക്കൊണ്ട് ഞാൻ നടത്തിയ ചില നിരീക്ഷണങ്ങളുമാണ് ഇന്ന് വായനക്കാർക്കായി സമർപ്പിക്കുന്നത്.
പലവുരു പേജുകളിലൂടെയും സ്്ക്രീനുകളിലൂടെയുമൊക്കെ നാം കേട്ടു പഴകിയ കാര്യങ്ങളാണെങ്കിലും കവിഭാഷ്യം കടമെടുത്തു പറഞ്ഞാൽ ഏകാന്തതയുടെ അപാര തീരങ്ങളിൽ മലർന്നു കിടന്നാലോചിച്ചപ്പോൾ നമ്മുടെയൊക്കെ ജീവിതങ്ങളിൽ നാം പോലുമറിയാതെ സംഭവിച്ചു കൊണ്ടിരിക്കുന്ന ‘അച്ചടിപ്പിശകുകൾ’ എന്നിലെ എളിയ എഴുത്തുകാരനെ വല്ലാതെ ആകുലചിത്തനാക്കി എന്നതു തന്നെയാണ് പരമാർത്ഥം.
അവധിക്കാലത്തെ പതിവു ഗൃഹസന്ദർശന വേളയിൽ അകന്ന ബന്ധത്തിൽപ്പെട്ട ഒരു വ്യക്തിയെ കാണാൻപോയി. തരക്കേടില്ലാത്ത ഒരു പ്രവാസി കുടുംബം. വലിയ വിദ്യാഭ്യാസമൊന്നും ഇല്ലാത്ത നാടൻ വീട്ടമ്മ ‘പട്ടം താണുപിള്ള’ എന്നു പറഞ്ഞാൽ ‘താണുപിള്ള’യെ ഒഴിവാക്കി പട്ടത്തിനു പിറകെ പോകുന്ന നിഷ്കളങ്കമായ വിവരദോഷി.
അവർ എനിക്കായി കൊണ്ടുവെച്ച ഭക്ഷണത്തിലാണ് സംഭവത്തിന്റെ മർമ്മം ഒളിഞ്ഞിരിക്കുന്നത്. ‘പിസ’ ഉൾപ്പെടെ എല്ലാം വിദേശികൾ കഴിക്കുന്ന ആഹാരങ്ങൾ. ചുഴിഞ്ഞന്വേഷിച്ചപ്പോൾ ചാനൽ ‘കുക്കറി ഷോകളുടെ’ ആരാധികയാണ് പ്രസ്തുത വീട്ടമ്മ. ആഴ്ചകളിൽ പലതരം സോസുകളും മഷ്റൂം മൊസല്ലെ പീസ് തുടങ്ങിയവയ്ക്കായി സൂപ്പർ മാർക്കറ്റുകളിൽ കറങ്ങി നടക്കലാണ് പ്രധാന ഹോബി. ബ്രേക്ക് ഫാസ്റ്റ് മെനുവിൽ നിന്നും നാടൻ വിഭവങ്ങളെ വോളന്ററി റിട്ടയർമെന്റ് നൽകി ന്യൂഡിൽസ് ബ്രഡ്+ജാം, ജീബൻ തുടങ്ങിയവെ തിരുകിക്കയറ്റിയെന്നവർ അഭിമാനത്തോടെ മൊഴിഞ്ഞപ്പോൾ എനിക്ക് വല്ലാത്ത അപമാനമാണ് തോന്നിയത്.
പണ്ട് നമ്മുെട നാടിനെ അടക്കി ഭരിച്ച പ്രത്യക്ഷ അധിനിവേശ ശക്തികളെക്കാൾ കരുത്തോടെ അടുക്കളകളെപ്പോലും അടക്കി ഭരിക്കാൻ ശേഷിയുള്ള പ്രച്ഛന്ന സാമ്രാജ്യത്വ ഭീകരതയെക്കുറിച്ചോർത്തു കൊണ്ടാണ് ഞാനവിടെ നിന്നും യാത്ര തിരിച്ചത്.
പിന്നീട് നാട്ടിൽ നടത്തിയ ചെറു നിരീക്ഷണത്തിലാണ് മൂലധനശക്തികൾ വ്യക്തി ജീവിതത്തിൽ നടത്തുന്ന അതിഭീകരമായ കടന്നാക്രമണങ്ങൾ ദൃഷ്ടിഗോചരമായത്.
കൂലിപ്പണിക്കാരനായ കുമാരേട്ടന്റെ പതിനായിരം രൂപ സ്വകാര്യ സ്ഥാപനത്തിൽ നിന്നും ശന്പളം വാങ്ങുന്ന പയ്യൻ ഓടിക്കുന്നത് ഒരു ലക്ഷം രൂപ വിലയുള്ള ബൈക്ക്!! എൽ.പി സ്കൂൾ അദ്ധ്യാപകന്റെ വീടിന്റെ മുറ്റത്തു പോലും ഒരു സ്കൂട്ടറും ബൈക്കും പോരാഞ്ഞ് ഒരു പുതുപുത്തൻ കാറും!! രണ്ടു ദിവസം ജോലിയില്ലാതായാൽ അടുപ്പു പുകയാത്ത സാധാരണക്കാരന്റെ കൊച്ചു വീട്ടിൽ പോലും എയർകണ്ടീഷണർ ഒഴികെയുള്ള അത്യാന്താധുനിക സംവിധാനങ്ങൾ. സർവ്വോപരി എവിടെ നോക്കിയാലും ആഢംബര ജീവിതത്തിനായി വായ്പയെടുത്ത് കടക്കാരാകേണ്ടി വന്ന വലിയൊരു സമൂഹം. ഒപ്പം തന്നെ കുഗ്രാമത്തിലെ പെട്ടിക്കട ഭരണികളിൽ പോലും നിറയുന്ന കുത്തക കന്പനികളുടെ മിഠായികളും ചോക്ലേറ്റുകളും.
നൂറ്റി ഇരുപതും നൂറ്റി അന്പതും ദിനാർ ശന്പളം വാങ്ങുന്ന പ്രവാസലോകത്തെ തൊഴിലാളികൾ പോലും കെട്ടിപ്പൊക്കുന്നത് രണ്ടായിരത്തി അഞ്ഞൂറും മൂവ്വായിരവും സ്ക്വയർഫീറ്റുള്ള ആഢംബര കൊട്ടാരങ്ങൾ. മുപ്പതും നാൽപ്പതും ലക്ഷത്തിന്റെ എസ്റ്റിമേറ്റുള്ള ഇത്തരം കെട്ടിടങ്ങൾക്കായി ജീവിതം ഉരുകിത്തീർത്ത് മരുഭൂമിയിൽ നിന്നും ആത്മ സായൂജ്യമടയുന്നവർ.
രാജ്യം അധിനിവേശത്തിന്റെ നുകത്തിലമർന്നപ്പോൾ ഐതിഹാസികമായ പോരാട്ടങ്ങളിലൂടെ തിരിച്ചു പിടിച്ച നാം ഈ പ്രച്ഛന്നമായ കടന്നാക്രമണങ്ങൾക്കു മുന്പിൽ തീർത്തും നിരായുധരാണ്. ‘പരസ്യം’ എന്ന അതിശക്തമായ പട്ടാളത്തെ ഉപയോഗിച്ച് അവർ ഓരോ മനസിനെയും നിഷ്പ്രയാസം കീഴ്പ്പെടുത്തിക്കൊണ്ടിരിക്കുന്നു.
വികസ്വര രാജ്യങ്ങളിൽ കൃത്രിമമായി രോഗങ്ങളും രോഗഭീതിയെയും കയറ്റി അയച്ച് മരുന്നു കുത്തകകൾ കോടികൾ കൊയ്യുന്നു.
ചില സോപ്പു തേച്ചാൽ വെളുക്കുമെന്നും യൗവനം തിരിച്ചു വരുമെന്നും ടൂത്ത് പേസ്റ്റിന്റെ മാസ്മരികതയിൽ പരസ്പരം ആകർഷിക്കപ്പെടുമെന്നുമൊക്കെ നിരന്തരം അവർ നമ്മെ നോക്കി പറഞ്ഞു കൊണ്ടേയിരിക്കുന്നു.
സാമ്രാജ്യത്വം തങ്ങളെ ചൂഷണം ചെയ്യുകയാണെന്ന തിരിച്ചറിവ് ജനതക്കുണ്ടാകാതിരിക്കാൻ വ്യക്തികളെയും ചില സംഘടനകളെയും ഉപയോഗിച്ച് വർഗ്ഗീയത കുത്തിപ്പൊക്കി മാനസിക വിഭജനം സാധ്യമാക്കുന്നു.
അതെ, നമ്മുടെയൊക്കെ മനസും ചിന്താശേഷിയും വരെ അവർ അധീനപ്പെടുത്തിയിട്ടും നമ്മളുറങ്ങുക തന്നെയാണ്. തട്ടിവിളിക്കാൻ ഒരു മോഹൻദാസ് കരംചന്ദ് ഗാന്ധി വരില്ലെന്നറിയാമായിരുന്നിട്ടും.