ഭാരതം അതിജീവിക്കുക തന്നെ ചെയ്യും
ഇസ്മയിൽ പതിയാരക്കര
ഭ
ാരതം ബ്രിട്ടീഷുകാരുടെ നുകത്തിൽ നിന്നു മോചിതമായി ഒരു പരമോന്നത റിപ്പബ്ലിക്ക് രാജ്യമായതിന്റെ ഒരു ഓർമ്മദിവസം കൂടി സമാഗതമായിരിക്കുന്നു.
1947 ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യം നേടിയെങ്കിലും 1950 ജനുവരി 26നാണ് നമുക്ക് അഭിമാനിക്കാവുന്ന രീതിയിൽ ഒരു ഭരണഘടന നിലവിൽ വന്നത്. മറ്റുള്ള നാടുകളെ അപേക്ഷിച്ച് വളരെയധികം വ്യത്യസ്തരാണ് ഇന്ത്യൻ ജനതയും സംസ്ഥാനങ്ങളും സംസ്കാരങ്ങളും. രൂപത്തിലും ഭാവത്തിലും എന്തിന് കാലാവസ്ഥയിൽ പോലും അത് വ്യത്യാസപ്പെട്ടു കിടക്കുന്നു. ഒരു മേഘാലയ നിവാസിയെയും മലയാളിയെയും കണ്ടാൽ ഒരേ രാജ്യക്കാരാണ് രണ്ടു പേരുമെന്ന് പുറത്തു നിന്ന് നോക്കുന്നവർക്ക് വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. ഈ പ്രവാസ ഭൂമികയിൽ ഒരു ബംഗ്ലാദേശിയോ പാകിസ്ഥാനിയെയോ അല്ലെങ്കിൽ മറ്റു രാജ്യക്കാരനെയോ അവർ അവിടെയുള്ള ഏതു പ്രവിശ്യയിൽ ജീവിച്ചിരിക്കുന്നവരാണെങ്കിലും നമുക്ക് അടയാളപ്പെടുത്തുക പ്രയാസമല്ല. പക്ഷേ ഭാരതീയനെ അങ്ങനെ എളുപ്പത്തിൽ തിരിച്ചറിയാൻ കഴിയില്ല. ഓരോ സംസ്ഥാനത്തുള്ളവരും അത്രമേൽ വ്യത്യാസപ്പെട്ടിരിക്കുന്നു.
ഇങ്ങനെ നാനാത്വത്തിൽ അഭിരമിച്ചു നിൽക്കുന്ന നമ്മെ ഒന്നിച്ചു നിർത്തുന്ന ഏകത്വമത്രേ ഇന്ത്യ എന്ന ഒരുമയും സകല ജനവിഭാഗത്തിനും തുല്യത പ്രദാനം ചെയ്യുന്ന മഹത്തായൊരു ഭരണഘടനയും. പക്ഷേ ഏകരൂപത്തിൽ നിലകൊണ്ട ജനതയെ ബ്രിട്ടീഷുകാരുടെ പാത പിന്തുടർന്ന് മതത്തിന്റെ പേരിൽ ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങൾ പല ഭാഗത്തും തെളിഞ്ഞു കാണാനുണ്ട്. നമ്മുടെ തലക്കു മുകളിലുള്ള ശാന്തിയുടെയും സമാധാനത്തിന്റെയും ബലമേറിയ പാളികളിൽ തുളകൾ വീഴ്ത്താനുള്ള ശ്രമങ്ങളും മുന്പെങ്ങുമില്ലാത്ത വിധം ശക്തിയാർജ്ജിച്ചു കൊണ്ടിരിക്കുന്ന വർത്തമാനത്തിൽ പ്രതിസന്ധികളെ ഒത്തൊരുമയോടെ നേരിട്ട ജനത അതിന്റെ മഹത്തായ പാരന്പര്യം പിന്തുടരുമെന്നു തന്നെ നമുക്ക് പ്രത്യാശിക്കാം.
കാലങ്ങൾക്കപ്പുറത്ത് വിരചിതമായ അല്ലാമാ ഇഖ്ബാലിന്റെ ‘തരാന ഇ ഹിന്ദി’ (ഹിന്ദുസ്ഥാനി ജനങ്ങളുടെ ഗീതം) എന്ന കവിതാ സമാഹാരത്തിലെ വരികൾ നമുക്ക് ഉറക്കെ പാടാം.
“സാരേ ജഹാംസെ അച്ചാ
ഹിന്ദോ സിതാം ഹമാരാ
ഹം ബുൽ ബുലേം ഹെം ഇസ് കി
യഹ് ഗുൽസിതാം ഹമാരാ
പ്രിയ വായനക്കാർക്കും
റിപ്പബ്ലിക് ദിനാശംസകൾ...