നോട്ടു നിരോധാനന്തര നാട്ടുവർത്തമാനങ്ങൾ
നോട്ടു നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചർച്ചകളാണല്ലോ നാടു മുഴുവൻ. കള്ളപ്പണം, തീവ്രവാദം, കള്ളനോട്ട് തുടങ്ങിയ രാഷ്ട്ര ശരീരത്തെ അതിഗുരുതരമായി ബാധിച്ചു കൊണ്ടിരിക്കുന്ന അർബുദത്തെ മുറിച്ചു മാറ്റാനുള്ള ചികിത്സയായി പ്രസ്തുത നടപടി വ്യാഖ്യാനിക്കപ്പെടുകയും സകല ബുദ്ധിമുട്ടുകളും പ്രയാസങ്ങളും സഹിച്ച് ഭാരതമൊന്നടങ്കം ആ തീരുമാനത്തിനൊപ്പം നിലയുറപ്പിക്കുകയും ചെയ്തു.
പക്ഷേ ദിവസങ്ങൾ കഴിയുന്തോറും ഇല്ലത്ത് നിന്ന് പുറപ്പെടുകയും അമ്മാത്ത് എത്താൻ കഴിയാതെ വരികയും ചെയ്ത ഭരണകൂടത്തിന്റെ നിസാഹയാവസ്ഥ പൊതുബോധത്തിനു മുന്പിൽ ദൃഷ്ടിഗോചരമായിത്തുടങ്ങി. തന്ത്രങ്ങളിൽ പാളിത്തുടങ്ങിയ രണ്ടാമത്തെ ഘട്ടത്തിൽ മുന്പു പറഞ്ഞ പ്രധാനപ്പെട്ട മൂന്നു കാര്യങ്ങളിൽ നിന്നു മാറി പണരഹിത ഇടപാടുകളുടെ പോഷണത്തെപ്പറ്റിയായി ചർച്ച മുഴുവൻ.
അടിസ്ഥാന സൗകര്യങ്ങൾ പോലും അന്യമായ ഒരു കൊച്ചു കൂര പോലും എന്തു നടക്കാത്ത മനോഹര സ്വപ്നം എന്ന രീതിയിൽ ചിന്തിക്കുന്ന ചേരികളിലെ പട്ടിണിപ്പാവങ്ങളെ നോക്കി നൂറുശതമാനം സന്പന്നരെ ഭരിക്കുന്ന അതിവികസിത രാജ്യങ്ങളിലെ ഭരണാധികാരികളെ പ്രധാനമന്ത്രി അനുകരിക്കാൻ ശ്രമിച്ചപ്പോൾ അത് ഈ നൂറ്റാണ്ടിലെ തന്നെ ഒരു തമാശയായി മാറി എന്നതാണ് പരമാർത്ഥം.
പട്ടിക്കുട്ടിയുടെ ആരോഗ്യകാര്യത്തിൽ ആശങ്കപ്പെടുന്ന കൊച്ചമ്മമാരുടെ അംഗസംഖ്യയേക്കാൾ അനേകമിരട്ടിയാണ് വിശന്നു കരയുന്ന പിഞ്ചു കിടാങ്ങളെ നോക്കി നെടുവീർപ്പിടുന്ന പട്ടിണിക്കോലങ്ങളുടെ അംഗസംഖ്യയെന്ന് അദ്ദേഹം ഓർക്കേണ്ടതായിരുന്നു.
നിരോധിക്കപ്പെട്ട നോട്ടുകളിൽ ഏറിയ പങ്കും തിരിച്ചെത്തുകയും എവിടെ കള്ളപ്പണം എന്നത് രാജ്യം ഉത്തരവാദിത്തപ്പെട്ടവരോട് തിരിച്ചു ചോദിക്കുകയും ചെയ്യുന്ന ഒരു കാഴ്ചപ്പാടിലാണ് ഇന്ന് നാടിന്റെ വർത്തമാനം.
മതിയായ നോട്ടുകൾ അച്ചടിച്ചു വെച്ചിട്ടായിരുന്നു ഈ നടപടിയെങ്കിൽ പൊതുജനം ഇത്രയധികം പ്രയാസപ്പെടേണ്ടി വരില്ല എന്നു ചിന്തിക്കുന്നവരാണേറെയും.
കാര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരിത്തുന്പോൾ തെളിയുന്ന കാര്യങ്ങളാണ് മുകളിൽ വിവരിച്ചതെങ്കിലും ചില ‘ഫിലോസഫിക്കൽ അറ്റാച്ച്’മെന്റുകൾ നോട്ടു നിരോധനത്തിന്റെ ഇടനാഴികകളിൽ പരതിയാൽ നമുക്ക് കണ്ടെടുക്കാൻ കഴിയും.
ഇതിൽ ഏറ്റവും പ്രധാനം ബന്ധങ്ങളെയും ഇന്ധനങ്ങളെയും പറിച്ചെറിഞ്ഞ് ചതിയും വഞ്ചനയും എന്നു വേണ്ട സ്വന്തം സഹോദരന്റെ ജീവിക്കാനുള്ള അവകാശത്തെപ്പോലും കവർന്നെടുക്കുന്ന വിധത്തിൽ നമ്മളിൽ പലരും പിന്നാലെ പാഞ്ഞുകൊണ്ടിരിക്കുന്ന ‘പണം’ എന്ന പ്രഹേളിക ഏതു സമയത്തും ഭരണകൂടത്തിന് കടലാസിന്റെ വില പോലുമില്ലാതാക്കാൻ പറ്റുന്ന ഒന്നാണെന്ന തിരിച്ചറിവാണ്.
ബാങ്കിൽ പണമുണ്ടായിട്ടും പിൻവലിക്കാൻ കഴിയാതെ പണക്കാരനും, പാവപ്പെട്ടവനും ഒരേ പോലെയായി. സൈദ്ധാന്തിക വശം നോക്കിയാൽ പരിമിത രീതിയിലുള്ള സോഷ്യലിസം!!
നിസാരമായ ഒരു പനി വന്നാൽ പോലും അത്യാന്താധുനിക ചികിത്സാ കേന്ദ്രങ്ങൾ എന്ന പൊങ്ങച്ചത്തിലേയ്ക്ക് നൂണ്ടിറങ്ങുന്നവർ ചുക്കുകാപ്പിയിലേയ്ക്കും ഗവൺമെന്റ് ആശുപത്രികളിലേയ്ക്കും തിരിഞ്ഞു നടന്നു. കോഴിക്കോട്ടെ തിരക്കേറിയ ‘മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റ’ലുകളിൽ പലതും തിരക്കൊഴിഞ്ഞ പൂരപ്പറന്പു പോലെയായി എന്നു സുഹൃത്തിന്റെ വാചകം അതേപടി ഇവിടെ പകർത്തട്ടെ.
ആഴ്ചകൾ ഇടവിട്ട് ആഭരണങ്ങളുടെ മോഡലുകൾ മാറ്റിയെടുത്തു കൊണ്ടിരുന്ന ‘ഗൾഫ് കൊച്ചമ്മമാർ’ ജ്വല്ലറികളുടെ ഭാഗത്തേയ്ക്ക് നോക്കുക പോലും ചെയ്യാതായി.
രണ്ടു ദിവസങ്ങളിലായി ഭക്ഷ്യമേളയെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള ‘ബുഫെ വിവാഹങ്ങൾ’ ഭക്ഷണപ്രിയർക്ക് സുഖമുള്ള ഓർമ്മ മാത്രമാവുകയും ആ സ്ഥാനത്ത് വൈകുന്നേരത്തെ ചായ സൽക്കാരത്തിൽ കല്യാണങ്ങൾ ഒതുക്കപ്പെടുന്ന കാഴ്ചയും ഗോചരമായി.
ഇടക്കിടക്ക് വീടിന്റെ പെയിന്റ് മാറ്റി മാറ്റി അടിപ്പിക്കുന്നവരും മതില് പൊളിച്ച് വീണ്ടും കെട്ടിക്കുന്നവരുമൊക്കെ തങ്ങളുടെ കലാപരിപാടികൾ അനിശ്ചിതകാലത്തേയ്ക്ക് നിർത്തിവെച്ചു.
സർവ്വോപരി പ്രാരാബ്ധങ്ങളുടെ കരിപുരണ്ടു പോയ പാവങ്ങളുടെ ജീവിതത്തെ നോക്കി കൊഞ്ഞനം കാണിച്ച് പൊങ്ങച്ചത്തിനു വേണ്ടി മാത്രം പണം വാരിയെറിഞ്ഞവർക്ക് അപ്രതീക്ഷിതമായി സംഭവിച്ച നോട്ടു നിരോധനം ഒരു തിരിച്ചറിവുണ്ടാക്കി എന്നു തന്നെയാണ് പരമാർത്ഥം. ആകെക്കൂടി കാച്ചിക്കുറുക്കി സംഗ്രഹിച്ചാൽ ഈ നിരോധനക്കാലാനുഭവങ്ങളിൽ നിന്നും ഒരു തത്ത്വചിന്തയുടെ മണം സാംസ്കാരിക ധിഷണകളിൽ അടിച്ചു കയറുന്നുണ്ട് അതിതാണ്.
ബലഹീനരെ ചവിട്ടിമെതിച്ച് മുന്പിൽ നോക്കാതെ പണമുണ്ടാക്കാനുള്ള മത്സര ഓട്ടത്തിനു വേണ്ടിയല്ല പടച്ച തന്പുരാൻ മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത്. സ്നേഹിക്കാനും, സ്നേഹിക്കപ്പെടാനും, പരിസ്ഥിതിയെ പരിപാലിക്കാനും, സർവ്വചരാചരങ്ങളോടും കരുണ കാ
ണിക്കാനും അപരന്റെ നൊന്പരങ്ങൾക്ക് സാന്ത്വനം പകരാനുമാണ്.