പു­തു­വത്സര ചി­ന്തകൾ


ഇസ്മായിൽ പതിയാരക്കര

 

ർത്തമാന ചിത്രങ്ങളെ പുറംകാലു കൊണ്ട് അതിവേഗത്തിൽ ചരിത്രത്തിലേയ്ക്ക് തള്ളിയിട്ട് ‘കാലമാകുന്ന കുതിര’ വളരെ വേഗം മുന്പോട്ടു കുതിക്കുകയാണ്.

നമ്മുടെയൊക്കെ ആയുസ്സിന്റെ പുസ്തകത്തിൽ നിന്നും ഒരു താളുകൂടി മറിഞ്ഞു വീണു. തിരിഞ്ഞു നോക്കുന്പോൾ പ്രത്യേകിച്ചൊരു മാറ്റവുമില്ലാതെ ഒരു വ‍ർഷം ഒഴുകിപ്പോയിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ പുതുവത്സരാരംഭത്തിലും ഒരുപാടു മാറ്റങ്ങളെ ജീവിതത്തിലേയ്ക്കു കൈപിടിച്ചു കയറ്റാൻ നാമൊക്കെ മനസ്സുകൊണ്ട് തീരുമാനമെടുത്തിരുന്നു. പക്ഷേ പലതും യാഥാർത്ഥ്യമായില്ല എന്നതു തന്നെയാണ് പരമാർത്ഥം.

മനുഷ്യത്വം എന്ന മനുഷ്യനിലെ ജന്തുത്വത്തെ വേലികെട്ടി നിർത്തുന്ന വിശാലമായ നന്മ നമ്മളിൽ പലർക്കും നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു കാലത്തിലാണ് നാം ജീവിക്കുന്നത്.

മതം, ജാതി, സാന്പത്തികം തുടങ്ങിയ സ്വകാര്യതയിലേയ്ക്ക് ഏന്തിവലിഞ്ഞു നോക്കാതെയുള്ള ആഴത്തിലുള്ള സൗഹൃദങ്ങൾ ഇന്ന് അസ്തമിച്ചു കൊണ്ടിരിക്കുന്നു. ഓരോരുത്തരെയും വ്യത്യസ്തമായ കളങ്ങളിൽ തന്നെ നിലനിർത്താൻ ആരൊക്കെയോ അഹോരാത്രം പരിശ്രമിക്കുന്ന പോലെ.

വിശാലമായ മാനവിക കൂട്ടായ്മകൾക്കപ്പുറം സങ്കുചിത ജാതി മത ഗ്രൂപ്പുകളാൽ സാമൂഹിക മാധ്യമ ചുവരുകൾ അനുദിനം വല്ലാതെ വൃത്തികേടായിത്തുടങ്ങിയിരിക്കുന്നു.

ഒരു അപകടം അല്ലെങ്കിൽ മരണം സംഭവിച്ചാൽ അത് ‘നമ്മുടെ ആളാണോ?’ എന്ന് ഉറക്കെ ചോദിക്കുന്നവരുടെ പെരുക്കം സമാധാനവാദികളെ വല്ലാതെ ഭയപ്പെടുത്തുന്നു.

വർത്തമാന പരിസരങ്ങൾ വിറങ്ങലിച്ചതാണെങ്കിലും ഭാവി നമുക്ക് പ്രത്യാശയുടെതു തന്നെയാണ്. 2017ന്റെ നനുനനുത്ത പ്രഭാതങ്ങളിൽ ചോരയൊലിപ്പിക്കുന്ന വാർത്തകൾ നമ്മുടെ വാതിൽപ്പാളികൾ മുട്ടിവിളിക്കാതിരിക്കട്ടെ.

കാലുഷ്യത്തിന്റെ കരാളഹസ്തങ്ങളിൽ ‍‍‍‍ഞെരിഞ്ഞമർന്നു കൊണ്ടിരിക്കുന്ന നാടുകളിൽ സമാധാനത്തിന്റെ പ്രകാശം വരക്കട്ടെ. മാനവികതയുടെ മഹത്വങ്ങൾ വിളിച്ചു പറയുന്നവരുടെ എണ്ണം വർദ്ധിക്കട്ടെ. ശാന്തിയുടെ ദൂതുമായി വന്നെത്തുന്ന സ്നേഹപ്പറവകൾ വർഗ്ഗീയതയുടെ വിത്തുകൾ കൊത്തിനശിപ്പിക്കട്ടെ.

ആഴിയൊന്നലറിയടുത്താൽ, ഭൂമി ചെറുതായൊന്നു വിറച്ചാൽ, ഓടിക്കുന്ന വാഹനമൊന്ന് പാളിയാൽ, രോഗാതുരതയുടെ കണ്ണീർക്കയത്തിലേയ്ക്ക് കാലൊന്നിടറി വീണുകഴിഞ്ഞാൽ, മാഞ്ഞു പോകാൻ മാത്രം നേർത്തതാണ് നമ്മളിൽ പലരും വരയ്ക്കാൻ ശ്രമിക്കുന്ന വിഭാഗീയതയുടെ വരകളെന്ന തിരിച്ചറിവ് തരുന്നതാകട്ടെ ഈ നവവത്സരം.

ഒപ്പം തന്നെ ദൈവം നമുക്ക് നൽകുന്ന സന്തോഷത്തിനെ ഐശ്വര്യത്തെ സന്പത്തിനെ സ്വാർത്ഥതയുടെ കുറ്റിയിൽ കെട്ടിയിടാതെ അപരന്റെ വരണ്ടുപോയ ജീവിതത്തിലേയ്ക്കു കൂടി മേയാൻ വിടാനുള്ള വിശാലതയും നമുക്കെല്ലാം കരഗതമാകട്ടെ എന്നാശംസിക്കുന്നു.

വാൽക്കഷ്ണം: പണ്ട് പണ്ട് മനുഷ്യർക്കും ദൈവീകമായ കഴിവുകളുണ്ടായിരുന്ന കാലമുണ്ടായിരുന്നു. അപാരമായ ആത്മീയ ശക്തിയാൽ പരിലസിച്ച മനുഷ്യന്റെ മുന്പിൽ നിൽക്കുന്നതു പോലും കുറച്ചിലായി ദേവഗണങ്ങൾക്കും തോന്നി. സഹികെട്ട അവർ ബ്രഹ്മദേവനു മുന്പിൽ പരാതിയുമായി ചെന്നു. “മനുഷ്യന്റെ സിദ്ധികൾ തിരിച്ചെടുക്കണം” അതായിരുന്നു അവരുടെ ആവശ്യം. നിരതമായ അഭ്യർത്ഥനകൾക്കൊടുവിൽ ദേവന്മാരുടെ ആവശ്യം സൃഷ്ടിദേവൻ അംഗീകരിച്ചു.

പക്ഷേ ദൈവീകമായ കഴിവുകൾ അവനിൽ‍ നിന്നും തിരിച്ചെടുത്താൽ എവിടെ നിക്ഷേപിക്കും എന്നതായിരുന്നു അടുത്ത പ്രശ്നം. സമുദ്രത്തിനടിത്തട്ട് ഭൂമിക്ക് കീഴെ, ആകാശത്തിനപ്പുറത്ത് തുടങ്ങി പല അഭിപ്രായങ്ങളും ഉയർന്നു വന്നു. ബുദ്ധിമാനായ മനുഷ്യൻ അവിടെയെല്ലാം ചെന്നെത്തി വീണ്ടും ആ ശക്തിവിശേഷം കൈക്കലാക്കും എന്നായിരുന്നു ബ്രഹ്മാവിന്റെ മറുപടി.

“ഒടുവിൽ അദ്ദേഹം തന്നെ പോംവഴി പറഞ്ഞു. മനുഷ്യൻ എത്തിനോക്കാത്ത ഏക സ്ഥലം അവന്റെ മനസ്സിലാണ് അവിടെ നിക്ഷേപിച്ചാൽ സുരക്ഷിതമായിരിക്കും” അന്യരുടെ ന്യൂനതകൾ പരതി നടന്ന് ജീവിതം പാഴാക്കാതെ സ്വന്തത്തിനുള്ളിലെ ദൈവീകാംശം തിരിച്ചറിയാൻ കഴിയുന്നവർ ഭാഗ്യവാന്മാർ. ഒരു സാംസ്കാരിക പ്രസംഗത്തിൽ കേട്ടത് നോ കമെന്റ്സ്. 

പ്രിയപ്പെട്ട വായനക്കാ‍‍ർക്ക് പുതുവത്സരാശംസകൾ

You might also like

Most Viewed