ഓർമ്മകളിൽ ഊഷ്മളമാകുന്ന പ്രവാസം...
ഇസ്മയിൽ പതിയാരക്കര
കുലമഹിമയിലും പ്രതാപത്തിലും സന്പത്തിലും സംസ്കാരത്തിലും ഒന്നിനൊന്നു മെച്ചമായ അഞ്ചു സുന്ദരികൾ. അവരിലാരു കടാക്ഷിച്ചാലും തങ്ങളുടെ ജീവിതത്തിന്റെ ഗതി മാറിമറിയുമെന്ന പ്രത്യാശയിൽ ലോകത്തിന്റെ മുക്കു മൂലകളിലുള്ള ലക്ഷക്കണക്കിനാളുകൾ. പശ്ചിമേഷ്യയിലെ ആ അഞ്ചു സുന്ദരികളിൽ ഒരാളാണ് നമ്മുടെ പ്രിയപ്പെട്ട ബഹ്റിൻ. അണിഞ്ഞൊരുങ്ങി അവൾ മലയാളക്കരയിലെ ഓരോ ചെറുപ്പക്കാരനെയും പ്രലോഭിപ്പിക്കുന്നു. കടാക്ഷം ലഭിക്കുന്നവർ കോടീശ്വരന്മാരാകുന്നു. മറ്റു ചിലർ ഒരു നോട്ടത്തിനായി, തേഞ്ഞു തീരുന്ന ജീവിതത്തെ നോക്കി നെടുവീർപ്പിട്ടു കൊണ്ട് അവളുടെ പിറകെ പാഞ്ഞു കൊണ്ടിരിക്കുന്നു.
എന്റെ വളരെ ചെറിയ പ്രവാസകാലം പോലും പതിനൊന്നാണ്ടുകളെ പിന്നിലാക്കുന്പോൾ കണ്ടുമുട്ടിയ ഒരുപാട് മുഖങ്ങൾ, പച്ചയായ ജീവിതങ്ങൾ, ഉറക്കം ലഭിക്കാത്ത രാത്രികളിൽ ഞാനാലോചിച്ചു പോകാറുണ്ട് പ്രവാസം ഒരു തുറന്ന ജയിലാണോ എന്ന്. മറ്റൊന്നും കൊണ്ടല്ല, പ്രാരാബ്ധങ്ങളുടെ പെരുമഴയിലാണ് പലരും പ്രവാസമെന്ന തണലിലേക്ക് മാറി നിൽക്കുന്നത്. സ്വന്തമായി അവസാനിപ്പിക്കാൻ ശ്രമിച്ചാൽ പോലും വിടാതെ ചുറ്റിവരിയുന്ന ജീവിതത്തിന്റെ പങ്കപ്പാടുകൾ. രണ്ടു വർഷത്തിനിടയിൽ കിട്ടുന്ന പരോൾ കഴിഞ്ഞ് വീണ്ടും ജയിലറകളെ അനുസ്മരിക്കുമാറുള്ള ബാച്ചിലേഴ്സ് മുറിയിൽ....
പക്ഷേ വർഗ, വർണ വൈജാത്യങ്ങൾക്കപ്പുറത്ത് ലോകത്തിന്റെ മുക്കുമൂലകളിലുള്ള തൊഴിലന്വേഷകരെ ഉൾക്കൊള്ളാൻ ഈ ചെറു രാജ്യം കാണിക്കുന്ന വിശാലമായ മനസ് വല്ലാതെ നെഞ്ചോടു ചേർത്തു വെക്കേണ്ടതു തന്നെയാണ്. അയൽസംസ്ഥാനക്കാരെപ്പോലും അസഹിഷ്ണുതയോടെ നോക്കാൻ ശീലിച്ചു കൊണ്ടിരിക്കുന്ന നമ്മൾ അറബികളുടെ ആതിഥ്യമര്യാദ കണ്ടു പഠിക്കേണ്ടിയിരിക്കുന്നു. ഒറ്റപ്പെട്ട അപവാദങ്ങളുണ്ടായേക്കാമെങ്കിലും അസൂയ, കുശുന്പ്, കുന്നായ്മ തുടങ്ങി മലയാളിയുടെ ആടയാഭരണങ്ങൾ തീരെയില്ലാത്തവർ തന്നെയാണ് അവരെന്നാണ് എന്റെ അനുഭവപാഠം.
പലപ്പോഴും പറഞ്ഞതാണെങ്കിലും കേരളം പതുക്കെ ഉറയൂരിക്കൊണ്ടിരിക്കുന്ന പരസ്പര സൗഹാർദ്ദവും സ്നേഹവുമൊക്കെ കൈമോശം വരാതിരിക്കാൻ കാവലിരിക്കുന്നവരത്രേ ഗൾഫ് മലയാളികൾ. ഓണവും പെരുന്നാളും ക്രിസ്മസുമൊക്കെ നാട് ഒന്നോ രണ്ടോ ദിവസത്തെ യാന്ത്രികമായ ആഘോഷത്തിലൊതുക്കുന്പോൾ പ്രവാസഭൂമികയിൽ ഒരു മാസത്തിലധികമാണ് അത്തരത്തിലുള്ള ആഘോഷങ്ങൾ അരങ്ങേറുക. ബഹ്റിൻ ദേശീയദിനാഘോഷ സപ്ലിമെന്റിനു വേണ്ടിയുള്ള ഈ കുറിപ്പിന്റെ ഭ്രൂണവും പേറിയുള്ള കിടത്തത്തിലെപ്പോഴോ ഞാൻ പിതാവിനെ ഓർത്തു. അദ്ദേഹം പറഞ്ഞ പ്രവാസാനുഭവങ്ങളിലൂടെ മനസ് വീണ്ടും സഞ്ചരിച്ചു.
ബർമ്മയെയും സിലോണിനെയുമൊക്കെ മൊഴി ചൊല്ലി കേരളം ഗൾഫിനെ കണ്ണുവെച്ചു കൊണ്ടിരുന്ന കാലമായിരുന്നു അത്. മുംബൈയിലെ ‘ബീണ്ടി ബസാറിൽ’ ജോലി ചെയ്തു കൊണ്ടിരിക്കുന്ന സമയത്ത് വളരെ യാദൃശ്ചികമായാണ് സൗദി അറേബ്യയിലേക്ക് വിസ തരപ്പെടുന്നത്. ഒരു ഇംഗ്ലീഷ് കന്പനിയുടെ വിസയായിരുന്നു. ബാപ്പയുടെ പലായനത്തോടെയാണ് കുടുംബം ഒന്നു പച്ച പിടിച്ചത്. അഞ്ചു വർഷങ്ങൾക്കും ശേഷം നാട്ടിലെക്കുള്ള ആദ്യവരവിനെപ്പറ്റി വർണ്ണാഭമായ പിതാവിന്റെ വിവരണം ഇന്നും മനസിൽ പറ്റിപ്പിടിച്ചു കിടക്കുന്നു. മൺപാതയിൽ ചെളി നിറഞ്ഞു കാർ പോവാത്തതിനാൽ തറവാടിന്റെ അരക്കിലോമീറ്ററിനിപ്പുറത്തു നിന്നും നടന്നാണ് ബാപ്പയും പരിവാരങ്ങളും വീടണഞ്ഞത്.
അന്ന് ഞങ്ങളുടെ ഗ്രാമത്തിലെ മൂന്നോ നാലോ ഗൾഫുകാരിൽ ഒന്നു ബാപ്പയായിരുന്നു. പിന്നീട് ഒരാഴ്ചക്കാലം ചന്ദ്രനിൽ കാൽ കുത്തി മടങ്ങി വന്ന നീൽ ആസ്ട്രോങ്ങിനെയെന്ന പോലെ പേർഷ്യക്കാരനെ കാണാനുള്ള തിരക്കായിരുന്നു. അറബ് നാടിനെപ്പറ്റിയുള്ള വിശേഷങ്ങൾ അവിടത്തെ മനുഷ്യരെപ്പറ്റിയുള്ള അന്വേഷണങ്ങൾ, വരുന്നവർക്ക് ചായയും പലഹാരവും വിളന്പി തളർന്നുപോയ കഥ ഉമ്മയും അയവിറക്കാറുണ്ടായിരുന്നു. തറവാടിന്റെ ചുറ്റുപാടിൽ തങ്ങി നിന്നിരുന്ന ബീഡിപ്പുകയുടെ രുക്ഷഗന്ധം വിദേശിയായ 555 സിഗരറ്റിന് താഴ്മയോടെ വഴിമാറിക്കൊടുത്തു. പറന്പ് വിൽക്കാനുള്ളവരും ഫോറിൻ സാധനങ്ങളുടെ കച്ചവടക്കാരും തറവാടിന്റെ തലക്കു മുകളിലൂടെ വട്ടമിട്ടു പറന്നു.
വറുതിയുടെ ആ കാലത്ത് പൈസക്കും ഫോറിൻ സോപ്പിനുമൊക്കെയാണ് ആളുകൾ വന്നിരുന്നത്. ഇന്ന് ചിന്തിക്കുന്പോൾ ഞങ്ങളുടെ ചെറിയ ഗ്രാമത്തിൽ ഗൾഫ് കാണാത്തവർ വളരെ വിരളമെന്നു തന്നെ പറയാം. ആളുകൾ പോകുന്നതും വരുന്നതുമൊന്നും അയൽക്കാർ പോലും അറിയാത്തത്ര അടുത്തായി പ്രവാസഭൂമി മാറിയ പോലെ തോന്നുന്നു.
പ്രവാസം പരിവേദനങ്ങൾക്ക് പരിഹാരമല്ല എന്നതത്രേ കഷ്ടപ്പെടാൻ താൽപര്യമില്ലാത്ത പുതുതലമുറയുടെ മുദ്രാവാക്യം. പ്രാബ്ധങ്ങളുടെ പാരതന്ത്ര്യത്തിൽ നിന്നും നമ്മെ മോചിപ്പിച്ച ഒരു നാടിന്റെ ദേശീയദിനത്തിൽ നമുക്കും അർപ്പിക്കാം ഐക്യദാഢ്യത്തിന്റെ സ്നേഹപ്പൂച്ചെണ്ടുകൾ.