പഠി­ക്കണം-പ്രവാ­ചകനെ­ന്ന വലി­യ പാ­ഠം


ഇസ്മായിൽ പതിയാരക്കര

വീണ്ടും വിശുദ്ധമായ ആത്മീയാനുരാഗത്തിന്റെ അലൗകികമായ സംഗീതം ഹൃദയതന്ത്രികളെ വരിഞ്ഞു മുറുക്കിക്കൊണ്ട് ഒരു വസന്തം കൂടി നമ്മിലേക്ക് വന്നണയുന്നു. ‘റബീഉൽ അവ്വൽ’ എന്ന അറബിപ്പദം മലയാളീകരിക്കുന്പോൾ ആദ്യ വസന്തം എന്നാണല്ലോ.

അയ്യായിരമോ, പതിനായിരമോ ആണ്ടുകൾക്കപ്പുറം കടന്നുപോയ ഒരു യോഗിവര്യനല്ല പ്രവാചകൻ മുഹമ്മദ് നബി (സ.അ) തലതരിച്ചൊന്ന് കാലത്തിന്റെ പിറകോട്ട് നോക്കിയാൽ കാണാവുന്നത്ര അടുത്ത്, കേവലം പതിനാലു നൂറ്റാണ്ടുകൾക്കപ്പുറം. മതമെന്ന താക്കോലുപയോഗിച്ച് പ്രപഞ്ചത്തിന്റെയെന്നല്ല, മനുഷ്യജീവിതത്തിന്റെയും സകല സമസ്യാവാതിലുകളും തുറക്കാൻ കഴിയുമെന്ന് പ്രവർത്തിപഥത്തിൽ കാണിച്ചു തന്ന വിപ്ലവകാരിയായിരുന്നു അവിടുന്ന്. ഗോത്രമഹിമയുടെ പേരു പറഞ്ഞ് വർഷങ്ങളോളം കലഹിച്ചിരുന്ന ചരിത്രകാരന്മാർ ഇരുണ്ട കാലഘട്ടമെന്ന് പുച്ഛത്തോടെ പറഞ്ഞുവെച്ച ഒരു സമൂഹത്തെയാണ് ലോകാവസാനം വരെയുള്ള ജനതതികൾ സ്നേഹബഹുമാനത്തോടെ ഹൃദയത്തോടു ചേർത്തു വെക്കുന്ന തരത്തിൽ പ്രവാചകർ അതിവിശിഷ്ടമായ ജീവിതങ്ങൾക്കുടമകളാക്കിയത്.

മാനുഷിക മൂല്യങ്ങൾ മരവിച്ചു പോയ, നന്മകൾ വരണ്ടുണങ്ങിപ്പോയ മരുഭൂമിയിൽ പെയ്ത സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മഴയായിരുന്നു മുഹമ്മദ് നബി തിരുമേനി (സ.അ) ആ മഴയിൽ നനഞ്ഞു കുളിക്കാൻ കഴിയുന്പോഴാണ് ആത്മാവിൽ പറ്റിപ്പിടിച്ചു കിടക്കുന്ന മ്ലേച്ഛതകൾ കഴുകിക്കളയാൻ സാധിക്കുന്നത്. ഭൂമിയിൽ ദൈവത്തിന്റെ പ്രതിനിധികളത്രേ മനുഷ്യർ. അതിനാൽ നന്മയുടെ വഴികളിലൂടെ സഞ്ചരിക്കുന്ന നല്ല ദൈവിക പ്രതിനിധിയാവുക എന്നതത്രേ പ്രവാചകൻ മുഹമ്മദ് നബി (സ.അ) മുന്നോട്ടു വെക്കുന്ന ദർശനം. പിശാചിന്റെ പ്രതിനിധിയാവാനുള്ള വാഞ്ഛയിൽ നിന്നും അവനെ തടുത്തു നിർത്തുക എന്നതാണ് ഇസ്ലാം മുന്നോട്ടു അനുഷ്ഠാന മുറകൾ.

പുലർച്ചെ എഴുന്നേറ്റു കഴിഞ്ഞാൽ സകല പാപങ്ങളും ഏറ്റുപറഞ്ഞ് പുതിയ മനുഷ്യനായിട്ടാണ് മുസൽമാന്റെ ഒരു ദിവസം തുടങ്ങുന്നത്. ഇങ്ങനെ വ്യത്യസ്ത സമയങ്ങളിലായുള്ള അഞ്ചു നേരത്തെ പ്രാർത്ഥനകളിലെ നിരന്തരമായ വചനങ്ങളിലൊന്ന് നേരായ വഴിയിൽ നടത്തണെന്നതാണ്. കൂടാതെ, കളവ് പറയൽ, വഞ്ചന, ചതി, അസൂയ തുടങ്ങി നമ്മൾ നിസ്സാരമെന്നു തോന്നുന്ന പലതും ദൈവികശിക്ഷ ലഭിക്കാൻ പാകത്തിലുള്ള പാതകമാണ്. 

വർണത്തിന്റെയും പാരന്പര്യത്തിന്റെയും ജാതിയുടെയും അടിസ്ഥാനത്തിൽ ഇന്നും മനുഷ്യനെ പല തട്ടിലായി കാണുന്ന ഭീകരമായ അവസ്ഥയെ കറുത്തവനും അടിമയുമായിരുന്ന ബിലാലിനെയും െവളുത്ത പേർഷ്യക്കാരനായ സൽമാനെയും ഒരേ പാത്രത്തിൽ നിന്നും അന്നം കഴിപ്പിച്ച് പ്രവാചകർ തിരുത്തിക്കുറിച്ചു.

സ്വന്തം സമുദായക്കാരൻ എന്തു തെറ്റു ചെയ്താലും ന്യായീകരിക്കാൻ വെന്പൽ കൊള്ളുന്ന നാണം കെട്ട വർഗ്ഗീയതയുടെ െകട്ട കാലത്ത് നേരിനും, ന്യായത്തിനൊപ്പം നിൽക്കാനാണ് അവിടുന്ന് പഠിപ്പിച്ചത്. ഒരു പിടി മുന്പോട്ട് കടന്ന് വർഗ്ഗീയതയ്ക്കു വേണ്ടി പ്രവർത്തിക്കുന്നവനും ആ വഴിയിൽ മരിച്ചു വീഴുന്നവനും എന്റെ അനുയായിയല്ല എന്നു പ്രഖ്യാപിക്കുക കൂടി ചെയ്തു. ‘കൊല്ലുന്നവനറിയില്ല ഞാനെന്തിനാണ് അപരനെ വധിക്കുന്നതെന്ന്. കൊല്ലപ്പെടുന്നവനറിയില്ല ഞാനെന്തിനാണ് മരിച്ചു വീഴുന്നതെന്ന്.’ ആധുനികത ഭീകരവാദത്തെ അപഗ്രഥിക്കുന്പോൾ ആയിരത്തി നാനൂറാണ്ടുകൾക്ക് മുന്പ് അവിടുന്ന് പ്രവചിച്ച ലോകാവസാനത്തിന്റെ അടയാളങ്ങളിലൊന്നായ എണ്ണിയ വചനത്തിന്റെ പൊരുൾ നമുക്കു ബോധ്യമാകും. പ്രവാചകൻ (സ.അ)യുടെ അറുപത്തി മൂന്നു വർഷത്തെ ജീവിതത്തിലൂടെ കടന്നു പോകുന്പോൾ സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും മനുഷ്യത്വത്തിന്റെയും മഹാമാതൃകകൾ മാത്രമേ നമുക്ക് കണ്ടുമുട്ടാൻ കഴിയുകയുള്ളൂ. പ്രതിയോഗികളോടു പോലും അവിടുന്ന് അനുകന്പയുടെ ഭാഷയിലെ സംസാരിച്ചുള്ളൂ. ലോകത്തിനു മുഴുവൻ അനുഗ്രഹമായാണ് ഈ നബിയെ (സ.അ) അയച്ചതെന്ന് വേദഗ്രന്ഥം അസന്നിഗ്ദ്ധമായി വ്യക്തമാക്കുന്നുണ്ട്.

ചരിത്രത്തിന്റെ പൂർണമായ വെള്ളിവെളിച്ചത്തിലാണ് പ്രവാചകർ (സ.അ) ജീവിച്ചത്. അവിടുത്തെ ചെറു ചലനങ്ങൾ പോലും പിൻതലമുറകൾക്കായി കുറിച്ചു വെക്കപ്പെട്ടു. ആ മഹാനുഭവന്റെ പാദപങ്കജങ്ങൾ ഏറ്റുവാങ്ങിയ മണ്ണെന്ന നിലയിൽ മക്കയും മദീനയും ഹൃദയങ്ങളിൽ പ്രശോഭിച്ചു നി‍‍‍‍ൽക്കുന്നു. എപ്പോഴും പുഞ്ചിരിച്ചു കൊണ്ടുമാത്രം സംസാരിക്കുന്ന, വഴിയിലെ തടസങ്ങൾ മാറ്റിക്കൊടുക്കുന്ന, പാലിൽ വെള്ളം ചേർക്കാത്ത കളവ് പറയാത്ത, ഭാര്യയെ ഉപദ്രവിക്കാത്ത, മദ്യപാനിയാകാൻ കഴിയാത്ത, അയൽവാസിയുടെ അവസ്ഥയറിഞ്ഞു പെരുമാറുന്ന, തന്റെ കരുതൽ ധനത്തിന്റെ രണ്ടര ശതമാനം ആരുമറിയാതെ പാവങ്ങളുടെ വീട്ടിലെത്തിക്കുന്ന, അന്യസമുദായക്കാരോട് സഹവർത്തിത്വത്തിൽ ഇടപെടുന്ന, മൃതദേഹത്തെപ്പോലും എഴുന്നേറ്റ് നിന്ന് ബഹുമാനിക്കുന്ന മധുരമുള്ള വാക്കുകൾ മാത്രം ഉരുവിടുന്ന, അഞ്ചുനേരം ശരീരം വൃത്തിയാക്കുന്ന, മൃഗങ്ങളോടും മരങ്ങളോടു പോലും ക്രൂരത കാണിക്കാത്ത ഒരു മനുഷ്യനെ ആർക്കെങ്കിലും വെറുക്കാൻ കഴിയുമോ? ഇന്ന് മുസ്ലീംലോകം നേരിടുന്ന എല്ലാ പ്രതിസന്ധികളുടെയും മൂലകാരണം ദാർശനിക കവി അല്ലാമാ ഇഖ്ബാൽ നിരീക്ഷിച്ച പോലെ പ്രവാചകാധ്യാപനങ്ങൾ ജീവിതത്തിന്റെ പുറന്പോക്കിലേക്ക് മാറ്റിവെച്ചതാണ്. ആയതിനാൽ പരിവർത്തനത്തിന്റെ ധ്വജവാഹകരായ, വിപ്ലവത്തിന്റെ തേജപുഞ്ചമായ മനുഷ്യജീവിതത്തിന്റെ മേലെ പുൽകാൻ വന്ന സകലവിധ തത്വജ്ഞാനങ്ങളുടെയും ആത്മീയ നാദമായ ദൈവിക വചനപ്പൊരുളിനെയും പ്രവാചക മാതൃകയേയും തിരിച്ചു പിടിക്കുക എന്നതാണ് ഈ പുണ്യവസന്തം നമ്മുടെ കാതിലോതിക്കൊണ്ടിരിക്കുന്ന കാര്യം.

You might also like

Most Viewed