മലയാള സിനിമയുടെ മധുവിധു കാലം അഥവാ ജോർജിയൻ കാലം

കാഴ്ചയുടെ കുതൂഹലങ്ങളെ പരതുന്പോൾ ഒരിക്കലും അവഗണിക്കാൻ പറ്റാത്ത നാമധേയമാണ്, ‘കുളക്കാട്ടിൽ ഗീവർഗ്ഗീസ് ജോർജ് എന്ന കെ.ജി ജോർജിന്റേത്. 1976ൽ പുറത്തിറങ്ങിയ ‘സ്വപ്നാടനം’ മുതൽ 1998ൽ വെളിച്ചം കണ്ട ‘ഇലവങ്കോട് ദേശം’ വരെ കേവലം 19 സിനിമകൾ മാത്രം സംവിധാനം ചെയ്ത ഇദ്ദേഹമാണ് ഇന്ത്യൻ പനോരമയിൽ ഏറ്റവും കൂടുതൽ പരാമശിക്കപ്പെട്ട ചലച്ചിത്രകാരൻ എന്നറിയുന്പോൾ നാം അത്ഭുതം കൂറും. അതുല്യനായ ഈ പ്രതിഭയ്ക്ക് മുന്പിൽ മലയാള കാഴ്ചയുടെ പ്രണാമമാണ് ജെ.സി ഡാനിയേൽ പുരസ്കാരം.
സിനിമയെന്നാൽ കാതടിപ്പിക്കുന്ന ശബ്ദഘോഷങ്ങളും അരോചകമാകുന്ന അശ്ലീല വർത്തമാനങ്ങളും യുക്തിചിന്ത തീണ്ടാത്ത കഥാസന്ദർഭങ്ങളും അമാനുഷികത നിറഞ്ഞു നിൽക്കുന്ന സംഘട്ടന രംഗങ്ങളുമൊക്കെയായി പരിവർത്തിക്കപ്പെട്ട സമകാലികാവസ്ഥയിൽ ജോർജിയൻ സിനിമകളെ വിലയിരുത്തുന്പോൾ അദ്ദേഹത്തിന്റെ ഓരോ ചലച്ചിത്രവും കാലത്തിനു മായ്ക്കാൻ കഴിയാത്ത അഭ്രകാവ്യങ്ങളാണെന്നു പറയേണ്ടി വരും. ഇന്നും വെള്ളിത്തിര നാടകത്തെ ഗൗരവപരമായി സമീപിക്കുന്നവർക്ക് ഒരു പാഠപുസ്തകം തന്നെയാണ് അദ്ദേഹത്തിന്റെ സൃഷ്ടികൾ. മലയാളത്തിന്റെ ആദ്യ ‘മനശാസ്ത്ര സിനിമ’ എന്നു വേണമെങ്കിൽ സ്വപ്നാടനത്തെ വിശേഷിപ്പിക്കാം. ആ വർഷത്തെ ദേശീയ സംസ്ഥാന ബഹുമതികൾ ഈ ചിത്രത്തിനായിരുന്നു.
ഇനിയും അന്പത് വർഷം പിന്നിട്ടാലും മലയാളിയെ ഉദ്യോഗത്തിന്റെ മുൾമുനയിൽ നിർത്താൻ ശേഷിയുള്ള കാന്പുള്ള തിരക്കഥയിൽ പിറന്ന ‘യവനിക’യാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ്. കഥാന്ത്യത്തിൽ മാത്രം കൊലയാളിയെ പ്രേക്ഷകന് മനസിലാവുന്ന അതിന്റെ ആഖ്യാനം ‘സിനിമാ രചന’യിൽ തുല്യതയില്ലാത്തതാണ്. മേള മമ്മൂട്ടിയുടെ പ്രഥമചിത്രമായാണ് ചരിത്രത്തിൽ ഇടം നേടിയതെങ്കിലും അക്ഷരാർത്ഥത്തിൽ അന്നോളമുള്ള യന്ത്രക്കാഴ്ചയുെട നടപ്പുശീലങ്ങൾക്കുള്ള തിരുത്തും ഒരു വേള ‘കിഴുക്കുമാ’യിരുന്നു ആ സിനിമ. രഘു എന്ന ഉയരം കുറഞ്ഞ നടപ്പു കാഴ്ചാശീലങ്ങളുടെ കണ്ണടകളിൽ ഒതുക്കാൻ കഴിയാത്ത ഒരു പാവം മനുഷ്യന്റെ പകർന്നാട്ടം തന്നെയായിരുന്നു ആ അഭ്രകാവ്യം.
തന്റേതല്ലാത്ത കാരണത്താൽ നീളം അല്പം കുറവായിപ്പോയതിന്റെ പേരിൽ ഒരു മനുഷ്യൻ സമൂഹത്തിൽ അനുഭവിക്കേണ്ടി വരുന്ന വേദനകളും ഭർത്സനങ്ങളും ഹൃദയത്തിൽ നൊന്പരമുണ്ടാക്കുന്ന രീതിയിലാണ് കെ.ജി ജോർജ് വരച്ചിടുന്നത്. സൗന്ദര്യവും ആകാര സൗഷ്ടവവും തൊലിവെളുപ്പുമൊക്കെ വല്ലാതെ ആഘോഷിക്കപ്പെടുന്ന ഒരു മേഖലയിൽ ഉയരം കുറഞ്ഞ നായകനെ അവതരിപ്പിച്ച് ഒരു ‘സെല്ലുലോയ്ഡ് വിപ്ലവം’ മലയാളത്തിലേക്ക് കൊണ്ടുവരികയായിരുന്നു അദ്ദേഹം എന്ന് തീർത്ത് പറയാം. ഇതേപോലെ എടുത്തു പറയേണ്ട ഒന്നാണ് സമൂഹത്തിലെ മൂന്ന് തട്ടുകളിലുള്ള സ്ത്രീകളുടെ പച്ചയായ ജീവിതം വരഞ്ഞിടുന്ന ‘ആദാമിന്റെ വാരിയെല്ല്’ മികച്ച ഒരു പെൺപക്ഷ സിനിമയാണ്. അതിന് മുന്പോ ശേഷമോ ഇത്രയും ശക്തമായ പെൺകഥാപാത്രങ്ങളെ മലയാളി കണ്ടിരിക്കാനിടയില്ല.
ഭാര്യയെ പലർക്കും കാഴ്ചവെച്ച് സാമ്രാജ്യങ്ങൾ നിർമ്മിച്ചെടുക്കുന്ന മാമച്ചൻ എന്ന ഭരത് ഗോപി കഥാപാത്രത്താൽ ഗർഭിണിയാക്കപ്പെടുന്ന വേലക്കാരി അമ്മിണി അസുരക്ഷിതമായ സ്ത്രീ ജീവിതത്തിന്റെ നേർചിത്രമാണ്. താഴെക്കിടയിൽ ജീവിക്കുന്ന സ്ത്രീകളുെട ശരീരത്തിൽ പോലും അവകാശം സ്ഥാപിച്ചെടുക്കുന്ന മുതലാളിത്തത്തിന്റെ മ്ലേച്ഛമുഖം ഭാവസാന്ദ്രമായാണ് സംവിധായകൻ അടയാളപ്പെടുത്തുന്നത്. ഈ ചിത്രത്തിന്റെ അവസാന രംഗത്തിൽ ഗേറ്റിൽ നിൽക്കുന്ന സൃഷ്ടാവിനെയും തട്ടിമാറ്റി പുറത്തേക്കോടിപ്പോകുന്ന കഥാപാത്രം ആ കാലഘട്ടത്തിൽ ധൈഷണിക കേരളത്തിൽ പലവിധ ചിന്തകൾക്കും ചർച്ചകൾക്കും ഇടയാക്കിയിരുന്നു.
‘പാപത്തിന്റെ ശന്പളം മരണമാണ്’ എന്ന ബൈബിൾ വാക്യത്തെ ആസ്പദമാക്കിയെടുത്ത ഇരകൾ, കോലങ്ങൾ, ഉൾക്കടൽ, മറ്റൊരാൾ മണ്ണ്, ലേഖയുടെ മരണം ഒരു ഫ്ളാഷ്ബാക്ക്, ഓണപ്പുടവ, പഞ്ചവടിപ്പാലം തുടങ്ങി ഏതു ചിത്രങ്ങളെടുത്താലും ഒരു സ്വപ്നത്തിന്റെ പുറത്ത് അടയിരുന്ന്, ഭ്രാന്തവും ഭാവതീവ്രവുമായ അനുഭവങ്ങളിലൂടെയൂം അനുഭൂതികളിലൂടെയും സഞ്ചരിച്ച്, ഒഴുക്കിനെതിരെ അതിസാഹസികമായി നീന്തിയ പുതിയ തീരങ്ങൾ നമുക്ക് സമ്മാനിച്ച പ്രതിഭാശാലിയുടെ അദൃശ്യമായ ‘ആത്മാവിന്റെ കൈയൊപ്പ്’ നമുക്ക് കണ്ടെത്താൻ കഴിയും.
വാൽക്കഷ്ണം: സാംസ്കാരിക കേരളം ആദരവോടെ കാണുന്ന ഒരു വലിയ കലാകാരനെപ്പറ്റിയുള്ള ഒരു സാധാരണ പ്രേക്ഷകന്റെ വിലയിരുത്തൽ മാത്രമാണ് മുകളിലെ കുറിപ്പ്. കലാരൂപങ്ങൾ അതേതുമാകട്ടെ സാംസ്കാരികമായ കൊലയാകരുതെന്നും പച്ചയായ മനുഷ്യജീവിതത്തിന്റെ നോവും വേവും പകരുന്ന നേർച്ചിത്രങ്ങളാകണമെന്നും ആഗ്രഹിക്കുന്നവരെ തൃപ്തിപ്പെടുത്തുന്നതാണ് കെ.ജി ജോർജിന്റെ സിനിമകൾ.