ബഹുമാന പുരസ്സരം മുഖ്യമന്ത്രിക്ക്....
പതിറ്റാണ്ടുകളുടെ ഇടവേളക്കു ശേഷം കേരളം പ്രതീക്ഷയോടെ കണ്ടുകൊണ്ടിരിക്കുന്ന ഒരു മുഖ്യമന്ത്രിയാണ് താങ്കൾ. വർഗ്ഗീയ സാമുദായിക ശക്തികളുമായിട്ടുള്ള പിന്നാന്പുറ ബന്ധങ്ങളും മറയില്ലാത്ത അഴിമതിയിലും അടിമുടി ആടിത്തിമിർത്ത കഴിഞ്ഞ സർക്കാറിൽ മനം മടുത്ത മലയാളക്കരയുടെ പ്രതീക്ഷക്കൊത്ത് പുതിയ സർക്കാറിന് ഉയരാൻ കഴിഞ്ഞോ എന്നത് ഈ കുറഞ്ഞ സമയം കൊണ്ട് വലിയിരുത്തുന്നതിലെ അനൗചിത്യം ഉൾക്കൊണ്ടു കൊണ്ടു തന്നെ വളരെ സുപ്രധാനമായ ഒരു നിർദേശം താങ്കളുടെ മുന്പിൽ വെക്കാനാണീ കുറിപ്പ്.
കോൺഗ്രസിലെ കാക്കി ട്രൗസർധാരികളുടെ സഹായത്താൽ ലഭിച്ച ഇപ്പോഴത്തെ ഒരംഗത്തിൽ നിന്നും കേവല ഭൂരിപക്ഷത്തിലേക്കുള്ള ദൂരം സുഗമമാക്കുന്നതിനായി ബി.ജെ.പി സകല തന്ത്രങ്ങളും പയറ്റുന്ന ഭീകരമായ ഒരു പരിതസ്ഥിതിയിലാണ് കേരളം എന്നത് താങ്കൾക്കും അറിവുള്ളതാണല്ലോ.
ഭൂമിക്കു ചോട്ടിലുള്ള സകല കാര്യങ്ങളും വർഗ്ഗീയമായി കാണുകയും മതേതര കേരളത്തിന്റെ മനസിനെ വിഭാഗീയമായി പിളർത്താനും അങ്ങനെ ഉത്തരേന്ത്യൻ മോഡലിൽ താമര വിരിയിപ്പിക്കാനുള്ള അമിത്ഷായുടെ തലയിലുദിച്ച തന്ത്രങ്ങൾ ഇനി എന്തൊക്കെയായിരിക്കുമെന്ന് അനുഭവിച്ചറിയുകയെ നിവർത്തിയുള്ളൂ.
ഇങ്ങനെ കേരളത്തിന്റെ സമാധാന അന്തരീക്ഷം തകർക്കാനായി ഷംസുദ്ദീന്മാരും ഗോപാലകൃഷ്ണ ശശികല പ്രഭൂതികളും വാക്കുകളിൽ വിഷം പുരട്ടി പുറത്തേയ്ക്ക് തുപ്പുന്പോൾ സാംസ്കാരിക ഭൂമികയിൽ നിലയുറപ്പിച്ചു കൊണ്ടുള്ള നവോത്ഥാനപരമായ പ്രതിരോധങ്ങൾ സുകുമാർ അഴീക്കോടിന്റെയൊക്കെ കാലത്തിനു ശേഷം വല്ലാതെ ദുർബലപ്പെട്ടു പോയ പോലെ തോന്നുന്നു.
കൂമൻ കൊല്ലിയുടെ കഥാകാരിയും, രാത്രിമഴയുടെ കവയിത്രിയുമൊക്കെ കാവി കൂടാരത്തിലേയ്ക്ക് നടന്നു നീങ്ങുകയും സ്ഥാനമാനങ്ങളുടെ മിന്നലാട്ടത്തിൽ പലരും ക്യൂവിൽ നിൽക്കുകയും ചെയ്യുന്ന ഭീകരമായ വർത്തമാനത്തിൽ മതേതരമായ മുന്നേറ്റങ്ങൾക്കും ആശയ പ്രതിരോധങ്ങൾക്കും ഒരു ജനകീയ സർക്കാറിന് പലതും ചെയ്യാൻ കഴിയും.
ഇതിന്റെ പ്രഥമ പടിയെന്നോണം എല്ലാ മത മേലദ്ധ്യക്ഷന്മാരുടെയും ഒരു കൂട്ടായ്മ രൂപീകരിക്കാൻ ഭരണകൂടം തയ്യാറാവണം. കേരളത്തിലെ നഗര ഗ്രാമ പ്രദേശങ്ങളിൽ മാനവികതയുടെ മഹത്വം വിളിച്ചറിയിക്കുന്നതിനായി ഈ കൂട്ടായ്മയുടെ നേതൃത്വത്തിൽ സർവ്വ മത സമ്മേളനങ്ങൾ നടത്തപ്പെടണം.
അന്ധമായ വർഗ്ഗീയതയിൽ അഭിരമിക്കുന്നവരെ പൊതുധാരയിൽ നിന്നും അകറ്റി നിർത്താനുള്ള അവബോധം ജനങ്ങളിൽ സൃഷ്ടിച്ചെടുക്കാനുള്ള പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കാനും ഈ കൂട്ടായ്മയ്ക്ക് കഴിയേണ്ടതുണ്ട്.
മനസുകൾക്കിടയിൽ ഭിത്തികൾ കെട്ടാൻ ശ്രമിക്കുന്നവർക്കെതിരെ യോജിച്ച മുന്നേറ്റങ്ങൾ നടത്താൻ അങ്ങയുടെ മതനിരപേക്ഷ മനസ് കൂടെയുണ്ടാവുമെന്ന ആത്മവിശ്വാസത്തോടെ......
വാൽക്കഷ്ണം: ജന്മവാസനകളാൽ ആജീവനാന്തം നിയന്ത്രിതമായ ജന്തു ജീവിതത്തിൽ നിന്നും വ്യത്യസ്തമായി ജൈവലോകത്ത് അത്യുന്നതമായ ഔന്നിത്യത്തിലെത്തി എന്ന് ഗർവ്വ് കൊള്ളുന്ന മനുഷ്യന്റെ വാദം വർത്തമാന കാലത്ത് വെറും പൊള്ളയാണെന്ന് തെളിയിക്കുന്നതായിരുന്നു ഈയിടെ കേട്ട ഒരു സാംസ്കാരിക പ്രഭാഷണം.
‘നാഷണൽ ജ്യോഗ്രഫിക്’ ചാനലിൽ ഒരു സിംഹം അനവധി മാൻകൂട്ടങ്ങൾക്ക് പിറകെ പായുന്നതാണ് സീൻ. വിശന്നു വലഞ്ഞ കാട്ടുരാജാവിന്റെ ഇരയോടുള്ള ക്രൗര്യം നിറഞ്ഞ നോട്ടവും മുരളലും സ്ക്രീനിൽ നിറഞ്ഞു നിൽക്കുന്നു. ജീവൻ കൈയിലെടുത്തു പിടിച്ചു കൊണ്ടുള്ള പേടമാനുകളുടെ പാച്ചിലിനിടയിൽ ഒരു ഗർഭിണിയായ മാൻ വീണു പോയി. പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ട് വിശന്നു വലഞ്ഞ ആ മൃഗം വീണുകിടക്കുന്ന ഇരയെ ഒന്നും ചെയ്യാതെ തിരിഞ്ഞു നടന്നു.
ജീവന്റെ തുടിപ്പിനെ ശരീരത്തിൽ പേറി നടക്കുന്ന ഇരയുടെ ദൈന്യതയെ ഹൃദയത്തിലേറ്റു വാങ്ങി തിരിച്ചു നടന്ന മൃഗത്തിന്റെ കോടിക്കണക്കിലൊരംശം അലിവ് മനുഷ്യൻ എന്ന ജീവിക്ക് കാണിക്കാൻ കഴിഞ്ഞിരുന്നുവെങ്കിൽ നിർഭയ, സൗമ്യ, ജിഷ എന്നീ പേരുകളും ഇറാഖ്, പലസ്തീൻ, ഗുജറാത്ത്, മുംബൈ, ഭഗത്പൂർ തുടങ്ങിയ സ്ഥലനാമങ്ങളും നമുക്ക് വേദനയോടെ ഓർക്കേണ്ടി വരുമായിരുന്നില്ല.