ഇമ്മി­ണി­ ബല്യ ഒന്ന്...


നിറം മങ്ങിപ്പോയ ജീവിതത്തെ നോക്കി നിരാശയോടെ നെടുവീർപ്പിട്ടു കൊണ്ടിരിക്കുന്ന പ്രവാസത്തിന്റെ കഥകൾ കേട്ട് കാതുകൾ തഴന്പിച്ചവരാണ് നാം. ഒരു ഭാഗത്ത് ഉണക്ക ഖുബ്ബൂസും തൈരും പോലും ആർഭാടമാവുന്ന അവസ്ഥയും, മറുകരയിൽ പൊങ്ങച്ചത്തിന്റെ സകല സീമകളും ലംഘിക്കുന്ന അവസ്ഥാന്തരവുമാണ് അടിസ്ഥാന പ്രവാസത്തിന്റെ പരസ്പര വിരുദ്ധമായ രണ്ടു വശങ്ങൾ. അപവാദങ്ങളുണ്ടായേക്കാമെങ്കിലും....

കളിക്കൂട്ടുകാരനായിരുന്ന വ്യക്തിയെപ്പറ്റി മറ്റൊരു സുഹൃത്ത് പറഞ്ഞ വാക്കുകൾ കാതിൽ അലയടിച്ചപ്പോഴാണ് മേൽപ്പറഞ്ഞ ചിന്തകൾ നുരഞ്ഞു പൊന്തിയത്.

വളരെ തുച്ഛമായ വേതനം പറ്റുന്ന ക്ലീനിംഗ് കന്പനി തൊഴിലാളിയായ അദ്ദേഹത്തിന്റെ ഭാര്യ മൂന്ന് കുട്ടികളെ പ്രസവിച്ചതും നഗരത്തിലെ സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിൽ നിന്നാണത്രേ. തൊട്ടടുത്ത് കുറഞ്ഞ ചിലവുള്ള സ്വകാര്യ − സർക്കാർ ആതുരാലയങ്ങൾ ഒരുപാടുണ്ടായിട്ടും വാടക വാഹനത്തിൽ എഴുപതോളം കിലോമീറ്റർ സഞ്ചരിച്ച് മാസ പരിശോധനകളും പ്രസവത്തിനുമൊക്കെയായി ഓരോ പ്രാവശ്യവും ലക്ഷങ്ങളുടെ കടക്കാരനായി ആ പാവം സഹോദരൻ മാറുകയായിരുന്നു. 

അമിത സ്നേഹപ്രകടനത്താൽ ഭാര്യയെ ആ‍ർഭാടത്തിന്റെയും പൊങ്ങച്ചത്തിന്റെയും തടവറയിലേക്ക് തള്ളിയിട്ടപ്പോൾ അറിയാതെ താൻ പ്രാരാബ്ധത്തിന്റെ ജയിലറകളിലേക്കാണ് എത്തപ്പെട്ടതെന്ന് മനസിലാകുന്പോഴേക്കും സമയം വൈകിപ്പോയിരുന്നു.

കോടീശ്വരന്മാർ മാത്രം വിഹരിക്കുന്ന പഞ്ചനക്ഷത്ര അറവുശാലയ്ക്ക് സമാനമായ ആതുരാലയത്തിൽ നിന്ന് തന്നെ തനിക്ക് കുഞ്ഞിന് ജന്മം നൽകണമെന്ന് നിസ്സാഹയനായ ഭർത്താവിന്റെ മുന്പിൽ വാശി പിടിച്ച സ്ത്രീയെക്കുറിച്ചോർത്തു കിടന്നപ്പോൾ ‍‍ഞാനറിയാതെ മനസിലേയ്ക്ക് ഗൗരവം സ്ഫുരിക്കുന്ന ചെറുചിരിയോടെ ഒരാൾ കയറി വന്നു. അത് മറ്റാരുമായിരുന്നില്ല മലയാള കഥാലോകത്തെ സുൽത്താനായി വിഹരിച്ച സാക്ഷാൽ വൈക്കം മുഹമ്മദ് ബഷീർ.

പേറ്റിച്ചികൾ പ്രസവമെടുത്തിരുന്ന ഇന്നലെകളിൽ സൃഷ്ടിക്ക് ജന്മം നൽകപ്പെടുന്ന മഹനീയ സന്ദർഭത്തിന് ഡാക്കിട്ടർ വേണമെന്ന് വാശിപിടിക്കുന്ന ആയിശക്കുട്ടി എന്ന കഥയിലെ ആയിശക്കുട്ടിയെയും അറിയാതെ ഓർത്തു പോയി. കഥയുടെ ഒരു ഘട്ടത്തിൽ ഹോജരാജാവായ തന്പുരാനോട് നായിക ഡോക്കിട്ടറ് എത്തുന്നതിന് മുന്പെ എന്നെ പ്രസവിപ്പിക്കല്ലെ എന്ന് മുട്ടിപ്പായി പ്രാർത്ഥിക്കുന്ന രംഗം അതീവ ചാരുതയോടെ കഥാകാരൻ വരഞ്ഞിടുന്നുണ്ട്. 

ഇതേപോലെ തന്നെ കാലിക പ്രസക്തിയുള്ള ഏത് രാഷ്ട്രീയ നേതാവിന്റെ പ്രഭാഷണത്തിലും കടന്നുവരുന്ന ബഷീർ സൃഷ്ടിയാണ് എട്ടുകാലി മമ്മൂഞ്ഞ്.

1908ൽ വൈക്കത്ത് തലയോലപ്പറന്പിൽ ജനിച്ച് 1994 ജൂലൈ 5ന് ബേപ്പൂരിലെ വസതിയിൽ നിന്നും കാലത്തിന്റെ അണിയറ പൂകുന്നതിനിടയിലെ ബഷീറിന്റെ ജീവിതം സംഭവബാഹുല്യങ്ങളുടേതായിരുന്നു.

അഞ്ചാം ക്ലാസിൽ പഠിക്കുന്പോൾ ഗാന്ധിജിയെ കാണാനായി വീട്ടിൽ നിന്നും ഒളിച്ചോടി കള്ളവണ്ടി കയറി കോഴിക്കോട്ട് എത്തിയതു മുതൽ അതാരംഭിക്കുന്നു. 1930ൽ ഉപ്പു സത്യാഗ്രഹത്തിൽ പങ്കെടുത്ത് ജയിലിലായി. പിന്നീട് ‘ഭഗത് സിംഗ്’ മോഡലിൽ തീവ്രവാദ ഗ്രൂപ്പൂണ്ടാക്കി അതിന്റെ മുഖപത്രത്തിൽ തീപ്പൊരി ലേഖനങ്ങളെഴുതി. വാരിക പിന്നീട് പോലീസ് കണ്ടുകെട്ടി.

പഥികനായി ഇന്ത്യയിലങ്ങോളമിങ്ങോളം സൂഫികളോടും സന്യാസിമാരോടുമൊത്തുള്ള ജീവിതാനുഭവമാണ് ബഷീറിന് ലോകം ഇഷ്ടമുള്ള കഥാപാത്രങ്ങൾക്ക് ജന്മം നൽകാൻ പ്രചോദനമായതെന്ന് പറയാം.

‘വെളിച്ചത്തിനെന്ത് വെളിച്ചം’, ‘ഇമ്മിണി ബല്യ ഒന്ന്’ തുടങ്ങിയ പ്രയോഗങ്ങൾ പുതുമ നഷ്ടപ്പെടാതെ ഇന്നും തലമുറകൾ ആവേശത്തോടെ ഏറ്റെടുക്കുന്നു. മലയാളത്തിൽ ഏറ്റവും കൂടുതൽ വിറ്റുപോകുന്നതും ബഷീർ കൃതികൾ തന്നെ.

ചിന്തയുടെയും ഭാവനയുടെയും മനോഹരമായ ഉല്പന്നമാണ് സാഹിത്യമെന്ന് പറയാറുണ്ട്. അങ്ങനെ നോക്കുന്പോൾ കാലത്തിന് പോലും പരിക്കേൽപ്പിക്കാൻ കഴിയാത്ത മനോഹരങ്ങളായ സൃഷ്ടികളാണ് മഹാനായ സാഹിത്യകാരൻ നമുക്കായി നൽകി യാത്രയായത്. സർവ്വചരാചരങ്ങളും ഭൂമിയുടെ അവകാശികളാണെന്ന് വിളിച്ചു പറഞ്ഞ സ്നേഹത്തിന്റെ മനുഷ്യാവതാരത്തിന്റെ ഓർമ്മകൾക്കു മുന്പിൽ രണ്ടിറ്റു കണ്ണീർ കാണിക്കയാക്കി വീഴ്ത്തിക്കൊണ്ട്.

You might also like

Most Viewed