ഭക്തി നിറയട്ടെ മണ്ണിലും മനസിലും
ഭക്തിയുടെ വസന്തോത്സവത്തിന്റെ വരവറിയിച്ചു കൊണ്ടുള്ള അന്പിളിക്കല ആകാശ നീലിമയിൽ വീണ്ടും തെളിഞ്ഞു. ആത്മീയ നിർവൃതിയുടെ അനിർവചനീയമായ ആരാമങ്ങളിലേക്ക് ഓരോ ആത്മാവും ഓടിയടുക്കുന്ന പകലിരവുകൾ. നിങ്ങൾക്ക് മുന്പ് കഴിഞ്ഞുപോയ സമുദായങ്ങളിൽ വ്രതം നിർബന്ധമാക്കപ്പെട്ട പോലെ എന്ന ഖുർആൻ വാചകത്തിൽ നിന്നും ഇന്നു ഭൂമിയിലുള്ള പല തരത്തിലുള്ള മതവിഭാഗങ്ങളിലും വ്രതം പല രീതിയിലായി നിലനിന്നിരുന്നു എന്നു മനസിലാക്കാം.
‘മനുഷ്യരെ നിങ്ങളെ ഒരു ആണിൽ നിന്നും പെണ്ണിൽ നിന്നുമാണ് പടച്ചതെന്നും നിങ്ങൾ പരസ്പരം തിരിച്ചറിയാൻ വേണ്ടിയാണ് ഗോത്രങ്ങളും സമുദായങ്ങളുമായി തിരിച്ചെതെന്നു’മുള്ള വേദവചനത്തിന്റെ വിശാല കാഴ്ചപ്പാട് പരമത വൈരത്തിന്റെയും വർഗീയതയുടെയും കടക്കലാണ് കത്തിവെക്കുന്നത്. നമ്മളെല്ലാം ഓരോ മാതാപിതാക്കളുടെ തലമുറകളിലൂടെ വന്നവരാണെന്ന തിരിച്ചറിവ് സൃഷ്ടിക്കുന്ന വിശാലമായ കാഴ്ചപ്പാടിന് പരിമിതികളില്ല. വേദഗ്രന്ഥമായ ഖുർആനിന്റെ വരികളിലൂടെ കടന്നു പോകുന്പോൾ അത് ഒരുപാട് കാലഘട്ടങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നു. ആദമിന്റെ, നോഹയുടെ, ലോത്തയുടെ, ദാവീദിന്റെ, ജോസഫിന്റെ, ഇസ്ഹാക്കിന്റെ അങ്ങനെ എണ്ണമറ്റ പ്രവാചക ശ്രേഷ്ടരുടെ കൈവഴികൾ കടന്ന് മുഹമ്മദ് നബി(സ:അ)യിൽ എത്തിച്ചേരുന്നു.
ഇവരെല്ലാം ജീവിതം കൊണ്ടു വരച്ചു വെച്ചത് സൃഷ്ടാവ് ഒന്നേയുള്ളൂ എന്ന ശാശ്വത സത്യമായിരുന്നു. പിൽക്കാലത്ത് പുരോഹിതന്മാരുടെ കടന്നു കയറ്റമാണ് ഇന്നത്തെ രീതിയിൽ വ്യത്യസ്തമായ ബഹുദൈവ ചിന്താധാരകളിലേക്ക് സമൂഹത്തെ തള്ളിയിട്ടത്. മനുഷ്യരെ കലഹിപ്പിച്ചും കരയിച്ചും കാര്യം നേടുന്ന കുബുദ്ധികളെ തിരിച്ചറിയുകയും മതങ്ങളുടെയും സംസ്കാരങ്ങളുടെയും അന്തസത്ത മനസിലാക്കുകയും ചെയ്യുക എന്നതാണ് കാലം നമ്മോടാവശ്യപ്പെടുന്നത്. അപരന്റെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പുതുതലമുറക്കും പരിചയപ്പെടുത്തിക്കൊടുക്കുന്പോഴാണ് വിശാല ചിന്താധാരകളിൽ അഭിരമിക്കുന്ന തലമുറ വളർന്നു വരികയുള്ളൂ. പട്ടിണി കിടക്കുന്ന അയൽവാസിയുടെ മതം തിരിച്ചറിയുന്നവനല്ല അവന്റെ പശിയടക്കുന്നവനാണ് വിശ്വാസി എന്നു പഠിപ്പിച്ച പ്രവാചകാസ്യാപനങ്ങൾ ഒരിക്കൽ കൂടി ഹൃദയത്തിൽ നിറയട്ടെ ഈ വ്രതകാല രാവുകളിൽ.