വ്രതദിനങ്ങൾ അർത്ഥമാക്കുന്നത്...
ഭൗതികതയുടെയും ആത്മീയതയുടെയും ഒരു സങ്കലനമത്രേ മനുഷ്യൻ. ഭൗതികമായ ശരീരവും അതിന് വഴികാട്ടുന്ന ആത്മാവും കൂടിച്ചേരുന്പോഴാണ് ദൈവത്തിന്റെ ഉതൃകൃഷ്ട സൃഷ്ടിയായ മനുഷ്യൻ ഉണ്ടായിത്തീരുന്നത്.
ശരീരത്തിന്റെ നിലനിൽപ്പിന് വെള്ളവും വായുവും ഭക്ഷണവും അത്യാന്താപേക്ഷിതമായ പോലെ ആത്മാവിന്റെ പരിപോഷണത്തിന് അവശ്യം വേണ്ടതാണ് ദൈവസ്മരണയും അവന്റെ വിധി വിലക്കുകൾ അനുസരിക്കാനുള്ള അഭിവാജ്ഞയും സത്കർമ്മങ്ങളും.
ജീവിതത്തിൽ ഭയഭക്തിയും സൂക്ഷ്മതയും ഉണ്ടായിത്തീരുവാനുള്ള ആഹ്വാനമാണ് ഓരോ റമദാനും നടത്തിക്കൊണ്ടിരിക്കുന്നത്. റമദാൻ കഴിയുന്പോഴേക്കും അതിൽ നിന്നും ആവാഹിച്ചെടുത്ത നന്മകൾ തിരസ്കരിക്കുന്നവരല്ല പുണ്യവാന്മാർ.
ഇസ്ലാമിൽ സത്കർമ്മം എന്നതു കൊണ്ടുദ്ദേശിക്കുന്നത് കേവലം ദൈവികമായ ആരാധനകൾ മാത്രമല്ല മറിച്ച് ഓരോ സത്പ്രവർത്തികളും ആരാധനയുടെ ഭാഗം തന്നെയായി കെട്ടുപിണഞ്ഞു കിടക്കുന്നു.
വിശ്വാസത്തിന് നാൽപ്പതിലധികം ശാഖകളുള്ളതിൽ അവസാനത്തേത് വഴിയിലെ തടസങ്ങൾ മാറ്റിക്കൊടുക്കുക എന്നതാണ്. പക, അസൂയ, വിദ്വേഷം, കുശുന്പ്, കുരുട്ടു ബുദ്ധികൾ, കളവ് പറയൽ, മദ്യപാനം, വ്യഭിചാരം തുടങ്ങി സകല തിന്മകളെയും ഇസ്ലാം നിരാകരിക്കുന്നു.
തന്റെ സന്പത്തിന്റെ രണ്ടര ശതമാനം പാവങ്ങൾക്ക് നീക്കിവെക്കുന്ന, പാലിൽ വെള്ളം ചേർക്കാത്ത, കളവ് പറയാത്ത, പുഞ്ചിരിച്ചു കൊണ്ട് സംസാരിക്കുന്ന, ഭാര്യയെ തല്ലാത്ത, മദ്യപിക്കാത്ത, അപരനെ സഹായിക്കാൻ ശുഷ്കാന്തി കാണിക്കുന്ന, ഭക്ഷണത്തളികയിൽ കൈ കുത്തുന്നതിന് മുന്പെ അയൽവാസിയുടെ അടുക്കളയിൽ അടുപ്പു പുകഞ്ഞോ എന്നന്വേഷിക്കുന്ന ഒരു വ്യക്തിയെ ലോകത്തിനു വെറുക്കാൻ സാധിക്കുമോ. ഇന്നത്തെ കാലത്ത് മുസ്ലിംകൾ വെല്ലുവിളികളിലൂടെ കടന്നു പോവുന്നുണ്ടെങ്കിൽ ഓരോരുത്തരും സ്വന്തത്തിൽ എത്രത്തോളം മതമൂല്യങ്ങൾ പറ്റിപ്പിടിച്ചു നിൽക്കുന്നുണ്ട് എന്ന് വിചിന്തനം നടത്തേണ്ടതുണ്ട്.
ചുറ്റുമുളള നിരാലംബരുടെ വെല്ലുവിളികൾ കേൾക്കാതിരിക്കാനായി കണ്ണിനും കാതിനും സ്വാർത്ഥതയുടെ കറുത്ത തുണി കൊണ്ട് വരിഞ്ഞു കെട്ടി പള്ളി മൂലകളിൽ പ്രാസമൊപ്പിച്ച് പ്രാർത്ഥനാ വചനങ്ങൾ മൊഴിഞ്ഞാൽ മാത്രം കരഗതമാകുന്നതല്ല ആത്മീയമായ ഉത്കർഷ. എല്ലാം എനിക്ക് മാത്രം എന്ന ദേഹേച്ഛയുടെ കരിന്പടം വലിച്ചു ദൂരെക്കളയുവാനാണ് ഓരോ റമദാനും നിശബ്ദമായി ആഹ്വാനം ചെയ്യുന്നത്.