മലയാളി ’ ചില വ്യത്യസ്ത ചിന്തകൾ


മലയാളി സമൂഹത്തെക്കുറിച്ച് പ്രിയപ്പെട്ട നടൻ ജോയ് മാത്യു ബഹ്റിനിൽ വന്നപ്പോൾ നടത്തിയ നിരീക്ഷണങ്ങൾ മുന്പ് പലരും പങ്കുവെച്ചതാണെങ്കിലും അദ്ദേഹത്തിന്റെ വീക്ഷണ കോണിലൂടെ പറഞ്ഞ ചില കാര്യങ്ങൾ വ്യത്യസ്തമായിരുന്നു എന്നു പറയാതെ വയ്യ.

ലോകത്തിൽ തന്നെ ഏറ്റവും പ്രയാസമേറിയ ഭാഷകളിലൊന്നാണ് നമ്മുടെ മാതൃഭാഷ. അതുകൊണ്ടാണ് തമിഴനും ഹിന്ദിക്കാരനുമൊക്കെ മറ്റ് ഭാഷകൾ കൈകാര്യം ചെയ്യുന്പോൾ അവരുടെ സ്വന്തം ഭാഷ കൂടി കൂട്ടിക്കുഴഞ്ഞ് അവിയൽ പരുവമായി പുറത്തേയ്ക്ക് വരുന്പോൾ മലയാളിയെ സംബന്ധിച്ചിടത്തോളം സ്ഫുടമായി തന്നെ പറയാൻ സാധിക്കുന്നത്.

ഇത്രയും മനോഹരമായ ഭാഷയുടെ ഉടമകളായിട്ടും അത് അപമാനമായി കണ്ട് അപരന്റെ ഭാഷയെ തലയിലേറ്റി സ്വത്വത്തെ ചവിട്ടിയരയ്ക്കുന്ന സമീപനമാണ് മലയാളിയുടെ വൃത്തികെട്ട സ്വഭാവങ്ങളിൽ പ്രഥമമായത് എന്ന് തോന്നിപ്പോകുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് കോഴിക്കോട് കലക്ടർമാരായിരുന്ന പലരും മലയാളം പഠിച്ചിട്ടുണ്ടന്നും അവരിലൊരാളായ ‘ഡ്യൂമർഗ്’ എന്നയാളാണ് ചന്തുമേനോന്റെ ഇന്ദുലേഖ വിവർത്തനം ചെയ്തതെന്നും ചരിത്രരേഖകളിൽ കാണുന്നു. ഭാഷയ്ക്ക് വ്യാകരണപ്പുസ്തകമെഴുതിയ ഹെർമൻ ഗുണ്ടർട്ടിനെയും ഇത്തരുണത്തിൽ ഓർക്കേണ്ടതാണ്. ഇങ്ങനെ വിദേശികൾ നമ്മുടെ ഭാഷ പഠിക്കാൻ ഉത്സാഹം കാണിച്ച് വളരെ മുന്പു കാലത്തു തന്നെ മുന്നോട്ടു വന്നപ്പോൾ നാമിന്നു ചെയ്യുന്നതോ ഒരു പിഞ്ചുപൈതൽ സി.ബി.എസ്.ഇ സ്കൂളിൽ മാതൃഭാഷ അറിയാതെ പറഞ്ഞു പോയാൽ പുറത്താക്കി വിദേശ വിധേയത്വം പ്രകടമാക്കുന്നു. തൊണ്ണൂറുകളുടെ ആദ്യപാദത്തിൽ ഇംഗ്ലീഷ് മീഡിയത്തിൽ മലയാളം പറഞ്ഞ വിദ്യാർത്ഥിയെ തല മൊട്ടയടിച്ച സംഭവവും ഓർമ്മയിൽ തെളിഞ്ഞു വരുന്നു.

അതേപോലെ ഭരണ നീതിനിർവ്വഹണ മേഖലകളിലും ഭാഷയെ അടുപ്പിക്കാൻ നാമിന്നും മടിക്കുന്നു.

ഏറ്റവും കൂടുതൽ സാംസ്കാരിക ഔന്നത്യമുള്ള, വായനാശീലമുള്ള, മലയാളിയുടെ വേദനിപ്പിക്കുന്ന മറുപുറമാണിത്. പ്രണയത്തിന്റെ അധര സിന്ദൂരം കൊണ്ട് എഴുതപ്പെട്ട മഹത്തായ സാഹിത്യങ്ങൾ കൊണ്ട് നിബിഡമായ മണ്ണായിട്ടും, നമ്മുടെ പ്രിയപ്പെട്ട എം.ടിയും ബഷീറും മാധവിക്കുട്ടിയും മുകുന്ദനുമൊക്കെ വിദേശ വായനക്കാർക്ക് വരെ പ്രിയങ്കരരാണെന്നറിയാമായിട്ടും അടൂർ ഗോപാലകൃഷ്ണനെ പോലുള്ളവരുടെ ‘അഭ്രകാവ്യങ്ങൾ’ അവരെ ഞെട്ടിച്ചിട്ടുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ഭാഷ നിലനിർത്താനുള്ള യജ്ഞങ്ങളിൽ പങ്കുകൊള്ളേണ്ട അവസ്ഥയിലേയ്ക്ക് കാര്യങ്ങൾ എത്തപ്പെടുന്നത് എഴുത്തുകാരൻ ബെന്യാമിന്റെ ഭാഷയിൽ പറഞ്ഞാൽ നാം ശിരസിൽ അഹന്ത ബാധിച്ച ജനതയായി മാറിപ്പോകുന്നതു കൊണ്ടല്ലേ?

പിറന്ന നാട്ടിൽ അലസന്മാരായിരിക്കുന്പോഴും നിയമങ്ങൾ കാറ്റിൽ പറത്തി രസിക്കുന്പോഴും, പുറം നാടുകളിൽ ശുഷ്കാന്തിയാലും നിയമങ്ങൾ പാലിക്കാനുള്ള അമിത ത്വരയാലും അവിടുത്തുകാരെ കൈയിലെടുക്കുന്ന മലയാളിയുടെ സ്വന്തം നാട്ടിലേക്ക് ഒരു വിദേശി വന്നാൽ കാണുന്ന കാഴ്ചകളെന്തൊക്കെയായിരിക്കും. റോഡരികിൽ മൂത്രമൊഴിക്കുക, കാർക്കിച്ചു തുപ്പുക, ചപ്പുചവറുകൾ അലക്ഷ്യമായി വലിച്ചെറിയുക തുടങ്ങി കലാപരിപാടികൾക്കൊപ്പം ബോധം മറഞ്ഞു പോകുന്ന ദുർഗന്ധത്തിന്റെ ഉറവിടങ്ങളായ മൂത്രപ്പുരകൾ സ്ലാബിട്ടു മൂടാത്ത അഴുക്കുചാലുകൾ, കൊതുകുകൾ വട്ടമിട്ടു പറക്കുന്ന ചവറുകൂനകൾ. കാലങ്ങളായി നാം വൻവികസന വാചകമടിക്കിടയിൽ ശ്രദ്ധിക്കാതെ പോയ കാര്യങ്ങൾ. നിയമങ്ങളെല്ലാം പലപ്പോഴും നിശബ്ദമാകുന്നു എന്നതാണ് നാടിന്റെ ദുരവസ്ഥ. പലപ്പോഴും രഹസ്യമായി ഇരുളിന്റെ മറവിൽ നിയമലംഘനം നടത്താനുള്ള ത്വര മലയാളിയെ വല്ലാതെ കാപട്യക്കാരനാക്കുന്നുണ്ട്.

ഇതുപോലെ തന്നെ സ്വന്തം ജീവിതത്തെ അമിത ആത്മവിശ്വാസത്തിൽ തന്ത്രപരമായി പൊതിഞ്ഞു കെട്ടി അപരന്റെ സ്വകാര്യതയിലേയ്ക്കുള്ള ഒളിനോട്ടക്കരാണ് പലരും. അപവാദങ്ങൾ പറഞ്ഞു പരത്തി കല്യാണം മുടക്കുക, മറ്റു രീതിയിൽ ഉപദ്രവിക്കുക, പക, കുശുന്പ്, അപരന്റെ ഉയർച്ചയിലെ അടങ്ങാത്ത അസൂയ എന്നിവയാൽ സ്വജീവിതത്തെ നെരിപ്പോട് പോലെ പുകയ്ക്കുകയാണ്, അഹന്തതയോടെ അറിവില്ലാത്ത കാര്യങ്ങളിൽ ഇടപെട്ട് പൊങ്ങച്ചത്തിന്റെ കിടക്കയിൽ കിടന്ന് മലർന്നു കിടന്ന് തുപ്പുകയാണ് മലയാളി. ലോകത്തിലെ ഏറ്റവും സാംസ്കാരിക സന്പന്നന്മാരാണെന്ന് മേനി നടിക്കുന്പോഴും നമ്മെയോ നാടിനെയോ മാറ്റിപ്പണിയാൻ നമുക്കാവുന്നില്ല.

കുടുംബം അരികിലില്ലാത്ത പ്രവാസലോകത്ത് സദാചാരപരമായ അച്ചടക്കം പാലിക്കാൻ മറ്റ് നാട്ടുകാരെക്കാൾ മുൻപന്തിയിൽ മലയാളിക്ക് ഇടം നൽകാമെങ്കിലും നമ്മുടെ നാട്ടിൽ നേരമൊന്നിരുട്ടിയാൽ പെണ്ണുടലുകൾ കൊത്തി വലിക്കാൻ വെന്പുന്നവരായി ചിലർ മാറുന്നുവെന്നത് നമ്മുടെ ഉള്ളുപൊള്ളയായ ഒരുപാട് ബോധത്തെയാണ് ബോധ്യപ്പെടുത്തുന്നത്.

 

അവസാനമായി എല്ലാം ജാതിമത കണ്ണടയ്ക്കുള്ളിലൂടെ നോക്കാൻ പരിചിത മുഖങ്ങൾ വരെ മുന്നോട്ടു വരുന്പോൾ നാം നേടിയെടുത്ത നവോത്ഥാന മൂല്യങ്ങൾ ഉരുകിയൊലിക്കുകയല്ലേ എന്ന് തോന്നിപ്പോകുന്നു. മതത്തിനുമപ്പുറം മനുഷ്യനെ കാണാനും അറിയാനും മനുഷ്യത്വം അനുഭവിക്കാനും അനുഭവിപ്പിക്കാനും പറ്റുന്ന നല്ല പ്രഭാതങ്ങളിലേയ്ക്ക് ഈ കൊച്ചു ജീവിതത്തിന്റെ ജാലകം എന്നെങ്കിലും പൂർണ്ണമായി തുറന്നിടുമോ മലയാളി. കൂരിരുട്ടിലെ മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടങ്ങളെ നിരാകരിച്ചു കൊണ്ടല്ല ഈ കുറിപ്പെന്ന് ഓർമ്മപ്പെടുത്തിക്കൊണ്ട്.

 

You might also like

Most Viewed