ചില മദ്യവിരുദ്ധ ചിന്തകൾ
അന്തിയാകുന്നതു വരെ എല്ലുമുറിയെ ജോലിയെടുത്ത് ഷാപ്പിൽ നിന്നും വയറു നിറയെ കള്ളും മോന്തി വഴിനീളെ പാട്ടുകൾ പാടി വീണുടയുന്ന ഒരു ഗോവിന്ദേട്ടൻ ഞങ്ങളുടെ നാട്ടിലുണ്ടായിരുന്നു. പിറ്റേന്ന് എന്നും സംഭവിക്കാതെ ജോലിക്ക് പോകും. വൈകുന്നേരമായാൽ തലേന്നത്തെ തനിയാവർത്തനം. ഇങ്ങനെ യാന്ത്രികമായ ചാക്രികതയിൽ നീങ്ങിയ അദ്ദേഹത്തിന്റെ ജീവിതത്തിൽ ലഹരിയില്ലാത്ത വൈകുന്നേരങ്ങൾ ഇല്ലായിരുന്നു എന്നു തന്നെ പറയാം.
ഇനി മോശമല്ലാത്ത ശന്പളം വാങ്ങുന്ന സർക്കാർ ഉദ്യോഗസ്ഥനാണ് രണ്ടാമത്തെ കഥാപാത്രം. രാവിലെ രണ്ടോ മൂന്നോ പെഗ്ഗ് അകത്തു ചെന്നാലെ അദ്ദേഹത്തിന്റെ കൈവിറ മാറുമായിരുന്നുള്ളൂ. വൈകുന്നേരം ജോലി കഴിഞ്ഞാലും നേരെ ബാറിലേക്ക്. ഒടുക്കം സുന്ദരിയായ ഭാര്യ മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടിപ്പോയപ്പോൾ മുഴുക്കുടിയനായ ഭ്രാന്തിനു സമാനമായ അവസ്ഥയിലാണ് അയാളെ കാണുന്നത്.
ഇനി മൂന്നാമത്തെ വ്യക്തി ലഹരിയുടെ രാപ്പകലുകളെപ്പറ്റി ഒരു ആഴ്ചപ്പതിപ്പിൽ എഴുതിയത് ഇങ്ങനെയാണ്. ഒരുനാൾ ബാറിൽ നിന്നും പതിവിലും കൂടുതൽ അകത്താക്കിയ അയാൾ സ്ഥലകാല ബോധം നഷ്ടപ്പെട്ട് അടുത്തുള്ള ചവറു കൂനക്കരികിൽ ഓഫായി ഏറെ നേരമായിട്ടും കാണാതെ അന്വേഷിച്ചിറങ്ങിയ ഭാര്യാപിതാവിന് കാണാൻ കഴിഞ്ഞത് കവിളിലൂടെ ഒലിച്ചിറങ്ങുന്ന ഛർദ്ദിലിന്റെ അവശിഷ്ടങ്ങൾ നക്കിക്കൊണ്ടിരിക്കുന്ന ചാവാലിപ്പട്ടിക്കരികെ ശവം പോലെ കിടക്കുന്ന മരുമകനെയാണ്. ഈയൊരു സംഭവത്തിനു ശേഷം വിശദമായ ചികിത്സകൾ കഴിഞ്ഞ് ആ വ്യക്തിയിപ്പോൾ കേരളമങ്ങോളമിങ്ങോളം മദ്യാസക്തിക്കെതിരെ ബോധവത്ക്കരണം നടത്തിക്കൊണ്ടിരിക്കുകയാണ്.
സിനിമകളിലും സീരിയലുകളിലും സാഹിത്യങ്ങളുമൊക്കെ ആണത്തത്തിന്റെ അടയാളമായി കൊണ്ടാടുന്ന ലഹരിയെന്ന വിപത്തിനടിപ്പിച്ച് ജീവിതം കൈവിട്ടു പോകുന്ന പതിനായിരങ്ങളിൽ ചില ഉദാഹരണങ്ങളാണ് മുകളിൽ കൊടുത്തത്.
‘മദ്യം പോലെ മനുഷ്യരാശിയെ നശിപ്പിക്കുന്ന മറ്റൊരു വിഷമില്ല’ എന്ന് ഡോ.സി.വി രാമന്റെ വാക്കുകൾ കടമെടുത്താൽ കേരളത്തിലെ വർത്തമാനാവസ്ഥയെക്കുറിച്ച് നാമൊരു വിചിന്തനത്തിന് തയ്യാറായേ മതിയാവൂ. തകർന്നു പോകുന്ന ദാന്പത്യബന്ധങ്ങൾ, കൊലപാതകങ്ങൾ, ക്രൂരമായ ബലാത്സംഗങ്ങൾ, വാഹനാപകടങ്ങൾ തുടങ്ങി ഏത് അത്യാഹിത സംഭവങ്ങളുടെയും കൂട്ടുപ്രതി ലഹരിയാണ്. ഈയൊരർത്ഥത്തിലാണ് പ്രവചാകൻ മുഹമ്മദ് നബി ലഹരി സകല തിന്മകളുടെയും മാതാവാണെന്ന് പറഞ്ഞുവെച്ചത്.
കേവലം കുറെ ബാറുകൾ പൂട്ടിയതു കൊണ്ടു മാത്രം ജനങ്ങൾ ലഹരിയിൽ നിന്നും തിരിച്ചു നടക്കുമെന്ന് വിശ്വസിക്കുന്നത് മൗഢ്യമാണ്.
വ്യാജമദ്യങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കിൽ വൈപ്പിൻ, കല്ലുവാതിൽക്കൽ തുടങ്ങിയ മദ്യദുരന്തങ്ങളുടെ കണ്ണീരണിയുന്ന കാഴ്ചകൾക്ക് മുന്നിൽ പകച്ചുപോകാതിരിക്കണമെങ്കിൽ ബാറുകൾ പൂട്ടിയ നടപടിക്ക് ഉപോല്ബലമായിത്തന്നെ അതിശക്തമായ ബോധവത്കരണം അനിവാര്യമാണ്. മദ്യപിക്കുന്നവന് സമൂഹത്തിൽ മാന്യത നൽകുന്ന രീതി മാറി കുടിയനെ മോശക്കാരനായി കാണുന്ന അവസ്ഥ സംജാതമാകണം. മദ്യപിക്കുന്നവർക്ക് പെണ്ണ് കിട്ടാത്ത അവസ്ഥയുണ്ടാകുന്പോൾ യുവാക്കൾക്കിടയിലൊക്കെ ഒരു വീണ്ടുവിചാരം ഉരുത്തിരിയും.
ഇതിന്റെ പ്രഥമപടിയെന്നോണം താഴെ എഴുതിക്കാണിക്കുന്ന ആളെപ്പറ്റിക്കൽ രീതി മാറ്റി സിനിമകളിലെയും സീരിയലുകളിലെയും മദ്യപാനരംഗങ്ങൾ സെൻസർ ബോർഡ് നിരോധിക്കണം. ‘മദ്യമേ നിന്റെ പേര് പിശാച്’ എന്നാണ് ഷേക്സ്പിയർ പറഞ്ഞത്. ഈ പിശാചിന്റെ കെണിവലയിൽ നിന്നും പുതുതലമുറയെ രക്ഷിക്കാൻ രാഷ്ട്രീയക്കാരെക്കാൾ മതസംഘടനകൾക്കാണ് കൂടുതൽ സാധിക്കുക.
എല്ലാ മതവിഭാഗങ്ങളിലെയും പുരോഹിതന്മാർ മദ്യവിരുദ്ധമായ സംസ്കാരത്തിനു വേണ്ടി ബോധവത്കരണ കൂട്ടായ്മകൾ ഉണ്ടാക്കേണ്ടിയിരിക്കുന്നു.
കേരളത്തിന് അഭിമാനമായിരുന്ന ഒരു വലിയ നടന്റെ അകാല വേർപാടിന്റെ യഥാർത്ഥ ഉത്തരവാദി മദ്യമാണെന്നു വരികിൽ തീർച്ചയായും ഈ വിപത്തിനെതിരെ നാം ഒറ്റക്കെട്ടായി പോരാടിയെ മതിയാകൂ. ഒപ്പം തന്നെ നാട്ടിൽ മാന്യതയുടെ മുഖം മൂടിയണിഞ്ഞ പലരും പ്രവാസം ലഹരിയിൽ ആറാടിക്കുന്നതും നാം കാണുന്നു. ശന്പളം ലഭിച്ചു കഴിഞ്ഞാൽ ഒരു മാസത്തേക്കുളള മദ്യം കട്ടിലിനടിയിൽ വാങ്ങിവെക്കുന്നവർക്കിടയിലും ബോധവത്കരണത്തിന്റെ പുത്തൻ ചാലുകൾ കീറേണ്ടതുണ്ട്.