ചിലപ്പോൾ നല്ലതുമാകാം


ഏതാനും ദിവസങ്ങൾക്ക് മുന്പ് ഒരു പാശ്ചാത്യ സുഹൃത്തുമായി മാധ്യമങ്ങളെ കുറിച്ച് അനൗപചാരികമായി ചർച്ച ചെയ്യാനിടയായി. ഇന്ത്യൻ മാധ്യമങ്ങളുടെ വാർത്താരീതിയെക്കുറിച്ച് അദ്ദേഹം വളരെ വിമർശനാത്മകമായി സംസാരിച്ചു. അദ്ദേഹം പറഞ്ഞ ഒരു പ്രധാന കാര്യം ഇന്ത്യൻ മാധ്യമങ്ങൾ ഇന്ത്യക്ക് എതിരായ വാർത്തകളാണ് കൂടുതൽ പ്രാധാന്യത്തോടെ നൽകുന്നത് എന്നാണ്. ദേശീയ മാധ്യമങ്ങളും നൽകുന്ന തലക്കെട്ട്‌ വാർത്തകൾ ഏതാണ്ട് പൂർണ്ണമായും നെഗറ്റീവായ കാര്യങ്ങൾ മാത്രമാണ്. പാശ്ചാത്യ ജനാധിപത്യ രാജ്യങ്ങൾ മുതൽ ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെ ഏതൊരു രാജ്യത്ത് പ്രവർത്തിക്കുന്ന മാധ്യമങ്ങളും അതതു രാജ്യത്തെ നല്ല കാര്യങ്ങളെ ലോകത്തിനു മുൻപിൽ അവതരിപ്പിക്കുകയാണ് പതിവ്. ഇന്ത്യയിൽ പലതവണ സന്ദർശനം നടത്തിയ എന്റെ സുഹൃത്തിന് ഇന്ത്യയുടെ ബഹുസ്വരതയിലും സഹിഷ്ണുതയിലും ഒട്ടേറെ മതിപ്പും ബഹുമാനവുമാണുള്ളത്. വിവിധ മതസ്ഥർ ഒരുമിച്ച് നടത്തുന്ന ആഘോഷങ്ങളും ഒരു ചുവരിന്റെ വ്യത്യാസത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത ആരാധനാലയങ്ങളും ഒന്നും തന്നെ മാധ്യമങ്ങളിൽ വേണ്ടത്ര ഇടം നേടാത്തതിന്റെ കാരണം മനസ്സിലാവുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യപോലൊരു ജനാധിപത്യ രാജ്യത്തിന്‌ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാറുണ്ട്. അത് ജനങ്ങളുടെയും അധികാരികളുടെയും ശ്രദ്ധയിൽ കൊണ്ടുവരേണ്ടത് മാധ്യമങ്ങളുടെ ധർമ്മവുമാണ് എന്ന കാര്യത്തിൽ സംശയമില്ല. ശക്തമായ ജനാധിപത്യ സംവിധാനങ്ങൾ നിഷ്പക്ഷമായി ഉണർന്ന് പ്രവർത്തിക്കുന്നു എന്ന് ഉറപ്പു വരുത്തുന്നതിന് പകരം, പലപ്പോഴും ഈ സംവിധാനങ്ങളെ മറികടന്ന് ജനങ്ങളെ വൈകാരികമായി വേർതിരിച്ച് മാനസികമായി അകറ്റുന്നതിൽ മുഖ്യപങ്ക് നമ്മുടെ മാധ്യമങ്ങൾക്കില്ലേ എന്ന് സംശയിക്കുന്ന തരത്തിലാണ് മിക്കപ്പോഴും നമ്മുടെ മാധ്യമങ്ങൾ ചർച്ച ചെയ്യുന്നത്. ഇത്തരം വൈകാരിക തലത്തിലുള്ള ചർച്ചകളും വാർത്തകളും താൽക്കാലികമായി ചിലപ്പോൾ മാധ്യമങ്ങൾക്ക് റേറ്റിംഗ് കൂട്ടാമെങ്കിലും നമ്മുടെ രാജ്യത്തിനോ വരും തലമുറക്കോ ഏത് തരം പ്രയോജനമാണ് അതുണ്ടാക്കുക എന്ന് കൂടി നാം ചിന്തിക്കേണ്ടതല്ലേ!

ഒട്ടേറെ വിദഗ്ദരും പ്രമുഖരുമുള്ള നമ്മുടെ രാജ്യത്ത് അത്തരക്കാരെ പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ സന്പദ് വ്യവസ്ഥയുടെ വളർച്ച കാർഷിക വളർച്ച ആരോഗ്യരംഗത്തെ പ്രശ്നങ്ങൾ ജീവിതശൈലി, നമ്മുടെ വിദ്യാഭ്യാസ രംഗത്തെ പരിഹാരങ്ങൾ, ശുചിത്വ ശീലങ്ങൾ, മാലിന്യ സംസ്കരണം തുടങ്ങി ക്രിയാത്മകമായ കാര്യങ്ങൾ ചിലപ്പോഴെങ്കിലും ചർച്ച ചെയ്യുന്നത് നല്ലതല്ലേ? നമ്മുടെ മുൻ രാഷ്ട്രപതിയായിരുന്ന ഡോ. എ.പി.ജെ അബ്ദുൾ കലാം ‘Spirit of India’ എന്ന പുസ്തകത്തിൽ ഒരു വികസിത രാഷ്ട്രമായിത്തീരുന്നതിൽ നിന്നും ഇന്ത്യയെ തടയുന്ന ഏറ്റവും വലിയ പ്രതിബന്ധം ഏതാണ്? എന്ന ചോദ്യത്തിനുത്തരമായി അദ്ദേഹം പറഞ്ഞിരിക്കുന്നത്,

“വികസിത രാഷ്ട്രമായിത്തീരാനുള്ള ഇന്ത്യയുടെ പ്രയാണഗതിയിൽ ഏറ്റവും വലിയ തടസ്സമായി നിൽക്കുന്നത് നമ്മുടെ കീഴടങ്ങൽ മനോഭാവമാണ്. ചെറിയ ലക്ഷ്യം വെച്ചു പുലർത്തുക എന്നതും വലിയൊരു പ്രതിബന്ധമാണ്. ചെറിയ ലക്ഷ്യം വെച്ച് പുലർത്തുക എന്നത് യഥാർത്ഥത്തിൽ ഒരു കുറ്റമാണ്. നമ്മുടെ ആളുകൾ ഒരിക്കൽ ഉന്നത ലക്ഷ്യങ്ങൾ നേടാനുള്ള ആഗ്രഹത്താൽ പ്രചോദിതരായി ഉത്സാഹ പൂർണ്ണരാവുകയാണെങ്കിൽ എല്ലാകാര്യങ്ങളും വ്യക്തമായി തീരും. ജനങ്ങളെ നയിക്കാനായി മഹത്വമാർന്ന നേതൃ ഗുണവും ലക്ഷ്യബോധവുമുള്ള നേതാക്കളെയാണ് നമ്മുക്കാവശ്യം”. മാധ്യമ ചർച്ചകളിലും മറ്റും പങ്കെടുക്കുന്നവർ പുതിയ തലമുറക്ക് പ്രചോദനവും ആത്മവിശ്വാസവും നൽകാൻ സഹായിക്കുന്നവരായിരിക്കണം. ചർച്ചകളിലൂടെ പരിഹാരം ഉണ്ടാവണം. പുതിയ പ്രശ്നങ്ങൾ ഉണ്ടാവരുത്. 

ഉദാഹരണമായി ഈയിടെ ഉണ്ടായ ഒരു ഭക്ഷ്യ വിവാദം. അത് പ്രചരിപ്പിക്കപ്പെട്ട രീതി ശരിയാണോ? ജനങ്ങൾ നിയമം കൈയിലെടുക്കുന്നത് ഒരു ജനാധിപത്യ സംവിധാനത്തിന് യോജിച്ചതല്ല എന്ന് മാത്രമല്ല, അത് രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുകയും ചെയ്യും എന്നതിൽ യാതൊരു തർക്കവുമില്ല. ഒരാൾ ബീഫ് കൈവശം വെച്ചു എന്നരോപിച്ച് അദ്ദേഹത്തെ തല്ലിക്കൊന്ന സംഭവത്തിൽ പ്രതികൾ മാതൃകപരമായി ശിക്ഷിക്കപ്പെടേണ്ടതാണ്. ഇനി ഇത്തരം സംഭവങ്ങൾ നമ്മുടെ രാജ്യത്തുണ്ടാവരുത്. പക്ഷെ ഇതിന്റെ പേരിൽ ബീഫ് ഫെസ്റ്റിവൽ നടത്തുന്നത് ഗുണപരമായ ഒരു സന്ദേശമാണോ? ഈ കഴിഞ്ഞ ഒക്ടോബർ 26ന് WHO റെഡ് മീറ്റ്‌ കഴിക്കുന്നതിനെക്കുറിച്ചുള്ള പഠന റിപ്പോർട്ട് പുറത്തു വിട്ടു. വേവിച്ച, റെഡ് മീറ്റ്‌ കഴിക്കുന്നത് 17% കാൻസറിനു കാരണമെന്നാണ് അത്. ക്യാൻസർ ആശുപത്രികൾ വലിയൊരു വ്യവസായമായി വളരുകയും, സ്വകാര്യ ആശുപത്രികൾ നടത്തുകയും ചെയ്യുന്ന അവസ്ഥയിൽ അവിടേക്ക് കൂടുതൽ രോഗികളെ ഉണ്ടാക്കുന്നത് മാത്രമല്ലേ ഇതിന്റെ ഫലം. ഏതൊരു കാര്യവും വൈകാരിക തലത്തിൽ ചർച്ച ചെയ്ത് വ്യത്യസ്ത അഭിപ്രായങ്ങളെ വ്യത്യസ്ത ചേരികളാക്കി നിർത്തുന്നതിനു പ്രകാരം, ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളോ പ്രശ്നങ്ങളോ, രാജ്യത്തിന്‌ ഗുണകരമായ പരിഹാരങ്ങളിൽ എത്തിക്കാവുന്ന തരത്തിലുള്ള പ്രമുഖരെ പങ്കെടുപ്പിച്ച് ജനങ്ങളെ ഒരുമിപ്പിച്ച് നിർത്തുകയും ചുരുങ്ങിയത് ഒരു ദിവസമെങ്കിലും രാജ്യത്തിന്റെ പുരോഗതിക്കും ഉന്നമനത്തിനും വേണ്ടിയുള്ള നല്ലകാര്യങ്ങളും നമ്മുടെ ചർച്ചകളിൽ ഇടം തേടേണ്ടതല്ലേ?.

You might also like

Most Viewed