വലിച്ച് കീറുന്ന അഭ്യാസം


ഏതാനും ആഴ്ചകളായി നമ്മുടെ മാധ്യമങ്ങൾ വിശിഷ്യാ ദൃശ്യ മാധ്യമങ്ങൾ വളരെ സജീവമായി ചില വിദ്യാഭ്യാസ പ്രശ്നങ്ങൾ ചർച്ച ചെയ്ത് കൊണ്ടിരിക്കുകയാണ്. വിദ്യാർഥി സംഘടനാ പ്രതിനിധികൾ, അദ്ധ്യാപകർ തുടങ്ങി ബഹു:വിദ്യാഭ്യാസ മന്ത്രിവരെ ഈ ചർച്ചകളിൽ പങ്കെടുക്കുന്നുണ്ട്. ദൗർഭാഗ്യവശാൽ ഈ ചർച്ചകളിൽ എവിടെയും തന്നെ നമ്മുടെ വിദ്യാഭ്യാസ രംഗത്തെ യഥാർത്ഥ പ്രശ്നങ്ങൾ പേരിനു പോലും ചർച്ച ചെയ്യപ്പെടുന്നില്ല. ആൺ‍കുട്ടികളും പെൺകുട്ടികളും അടുത്തടുത്തിരിക്കണമോ? അതോ വെവ്വേറെ ബെഞ്ചുകളിൽ ഇരിക്കണമോ?. കോളേജിനകത്ത് വെച്ച് ബീഫ് കഴിക്കണമോ വേണ്ടയോ? ഇതെല്ലാമാണ് ഇത്തരം ചർച്ചകളിലെ മുഖ്യ വിഷയങ്ങൾ. 

നമ്മുടെ വിദ്യാഭ്യാസ രീതിക്ക് ഒരു ലക്ഷ്യ ബോധമുണ്ടോ? സ്‌കൂളുകളിൽ നിന്നും കോളേജുകളിൽ നിന്നും പഠിച്ചിറങ്ങുന്നവർ വ്യക്തി സാമൂഹ്യജീവി സ്വയം നിയന്ത്രണമുള്ളയാൾ എന്നിങ്ങനെ എത്രത്തോളം വിജയകരമായി പ്രവർത്തിക്കുന്നുണ്ട്. നമ്മുടെ വിദ്യാഭ്യാസ രീതിയിലും ഉള്ളടക്കത്തിലും വരുത്തേണ്ട കാതലായ മാറ്റങ്ങളെ കുറിച്ച് ചർച്ച ചെയ്യപ്പെടേണ്ടതല്ലേ? ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ രാഷ്ട്രീയ അതിപ്രസരത്തിൽപ്പെട്ട് വിദ്യാർഥികൾക്ക് കൃത്യസമയത്ത് പരീക്ഷാഫലമോ സർട്ടിഫിക്കറ്റുകളോ ലഭിക്കാത്ത അവസ്ഥയെപ്പറ്റി ഒരന്വേഷണം നടത്തി ചർച്ചകൾ സംഘടിപ്പിച്ച് കാതലായ പ്രശ്നങ്ങൾ അധികൃതരുടെ ശ്രദ്ധയിൽ കൊണ്ട് വരേണ്ടതല്ലേ? വ്യക്തമായ ലക്ഷ്യ ബോധത്തോടെയുള്ള ഒരു വിദ്യാഭ്യാസ ക്രമം വളർത്തിയെടുക്കേണ്ടതിനെപ്പറ്റി നാം ഇനിയെങ്കിലും സമഗ്രമായി ചിന്തിക്കേണ്ടതല്ലേ. വിദ്യാഭ്യാസത്തിലെ പ്രശ്നങ്ങളെ കുറിച്ച് രണ്ട് തരം നിലപാടുകളാണുള്ളത്. നടപ്പു രീതിയിൽ വിദ്യാലയങ്ങളിൽ നടക്കുന്ന വിദ്യാഭ്യാസ പ്രക്രിയയിൽ പരിഷ്‌കാരങ്ങൾ വേണമെന്നതാണ് ഒരു നിലപാട്. ഇത്തരം വിമർശകരുടെ പരീക്ഷണങ്ങൾ ഔദ്യോഗിക വിദ്യാഭ്യാസ സന്പ്രദായത്തെ പുഷ്ടിപ്പെടുത്താൻ സഹായകരമായിട്ടുണ്ട്.   റുഡോൾഫ് െസ്റ്റയ്നർ, എ.എസ്.നെയ്ൽ, നാദിയദ പന്ത് മുതലായവർ ഇത്തരം പരീക്ഷണങ്ങൾ നടത്തിയവരാണ്. രണ്ടാമത്തെ നിലപാടുകൾ ഔപചാരിക വിദ്യാഭ്യാസത്തിന് സാധ്യതയില്ലാത്തവരെ കുറിച്ച് ചിന്തിക്കുകയും പ്രവൃത്തിക്കുകയും ചെയ്തവരാണ്. മഹാത്മജിയും ടാഗോറും ഗിജുബായ് ബഘേഗയും മറ്റും ഇത്തരത്തിൽ ബദൽ വിദ്യാഭ്യാസത്തിനു സംഭാവനകൾ നൽകിയവരാണ്. 

സാമൂഹ്യ രാഷ്ട്രീയ മാറ്റങ്ങൾക്കനുസരിച്ച് വിദ്യാഭ്യാസ ക്രമങ്ങളും രീതികളും മാറിക്കൊണ്ടിരുന്നതാണ് ആഗോളതലത്തിൽ വിദ്യാഭ്യാസ രംഗത്തുണ്ടായ പരിഷ്കരണങ്ങൾ. ലോകത്തിലെ തന്നെ പ്രാചീന വിദ്യാഭ്യാസ സന്പ്രദായങ്ങളിൽ പ്രമുഖമായത് ഇന്ത്യയിലെ പ്രാചീന വിദ്യാഭ്യാസ ക്രമമായിരുന്നു. 5000 വർഷങ്ങളോളം പഴക്കമുള്ള വേദ പഠന സന്പ്രദായം മുതൽ ആശാൻ പള്ളിക്കൂടങ്ങൾ വരെ നമുക്കുണ്ടായിരുന്നു. 1835 English Education Act നിലവിൽ വന്നതിന് ശേഷം നാം ബ്രിട്ടീഷ് വിദ്യാഭ്യാസ ക്രമം ആരംഭിച്ചു.

സിഗ് മണ്ട് ഫ്രോയിഡിന്റെ മനോ വിശകലന രീതി കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ പാശ്ചാത്യ രാജ്യങ്ങളിലെ ഔപചാരിക വിദ്യാഭ്യാസത്തിൽ മൗലിക പരിഷ്കാരങ്ങൾക്ക് കാരണമായി. മനോവിശകലന രീതിയും കുട്ടികളുടെ ലൈംഗികിതയെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടും യൂറോപ്യൻ സമൂഹത്തെ നടുക്കി. പാശ്ചാത്യ നാടുകളിലെ ഒരു സംഘം അദ്ധ്യാപകർ മനോവിശകലന രീതി അവരുടെ അധ്യയനത്തിൽ പ്രയോഗിച്ചു. അമേരിക്കയിലെ ‘വാൾഡൻ’ വിദ്യാലയം അത്തരത്തിൽ ഉള്ള ഒന്നായിരുന്നു. 1920 കളിലും 30കളിലും അവിടെ അധ്യാപികയായിരുന്നു നാദിയ. ഇന്ത്യയിൽ ഫ്രോയിഡിയൻ സമീപനം ആരും കാര്യമായി ഉപയോഗിച്ചില്ല. ഇന്ത്യക്കാരനെ വിവാഹം ചെയ്ത നാദിയ ഒപന്ത് ഇന്ത്യയിൽ സ്ഥിര താമസമാക്കിയപ്പോൾ ബാംഗ്ലൂരിലെ ഒരു സ്വകാര്യ നഴ്സറിയിൽ വിദഗ്ദോപദേശകയായി കുറച്ചുനാൾ പ്രവർത്തിക്കുകയുണ്ടായി അവിടുത്തെ അധ്യാപികമാർ നാദിയ രൂപപ്പെടുത്തിയ കളികൾ കുട്ടികൾക്കിടയിൽ പ്രയോഗിച്ചെങ്കിലും കുട്ടികളുടെ വൈകാരിക വളർച്ചയും വ്യക്തിത്വവും തമ്മിലുള്ള പാരന്പര്യത്തെക്കുറിച്ച് സൂക്ഷ്മ നിരീക്ഷണം നടത്താൻ അവർ തയ്യാറിയില്ല. ഒരധ്യാപിക സാധാരണയായി ക്ലാസ്സിലെത്തുന്നത് സ്വന്തം വിഷയത്തിലുള്ള പരിജ്ഞാനത്തെ കുറിച്ചും ഈ പരിജ്ഞാനം കുട്ടികളിലെത്തിക്കാൻ തനിക്കുള്ള കഴിവിനെക്കുറിച്ചുള്ള ആത്മവിശ്വാസത്തിലാണ്. എന്നാൽ തന്നെ കുറിച്ചും കുട്ടിയുടെ ലോകത്തെ കുറിച്ചുമുള്ള പരിമിതമായ അറിവിനൊപ്പം സ്വന്തം അനിശ്ചിതത്വങ്ങൾ കൂടി അധ്യാപിക ക്ലാസ്സിൽ കൊണ്ടു വരുന്നു.അധ്യാപികയുടെ ഈ പരിമിതി മറികടക്കാൻ വിവിധ വിദ്യാഭ്യാസ തത്വങ്ങളുടെ വായന കുറച്ചൊക്കെ സഹായകരമായേക്കാം. നിലവിലുള്ള വിദ്യാഭ്യാസരീതിയിൽ പഠിക്കുന്ന വിദ്യാർഥികൾ തൃപ്തരാണോ? പഠിപ്പിക്കുന്ന അധ്യാപകർ തൃപ്തരാണോ? നന്നായി തയ്യാറാക്കിയ ആകർഷകമായ പാഠം പോലും ഭൂരിപക്ഷം കുട്ടികൾക്കും മനസ്സിലാകുന്നില്ല. കഴിഞ്ഞ ദിവസം പതിനൊന്നാം ക്ലാസ്സിൽ പഠിക്കുന്ന ഒരു വിദ്യാർഥിയുമായി അനൌപചാരികമായി ഈ വിഷയം സംസാരിച്ചു. സാമാന്യം ബുദ്ധിമാനായ ഈ വിദ്യാർഥി സ്‌കൂളിൽ ശരാശരി മാർക്ക് വാങ്ങുന്നവനാണ്. സ്‌കൂളിലെ പഠന സംവിധാനത്തിൽ അവൻ ഒട്ടും തന്നെ തൃപ്തനല്ല അവന്റെ അഭിപ്രായത്തിൽ. ബഹുഭൂരിപക്ഷത്തിന്റെയും അവസ്ഥയും ഇത് തന്നെ. ഒരു ബദൽ സംവിധാനമില്ലാത്തതുകൊണ്ട് മാത്രമാണ് കുട്ടികൾ സ്‌കൂളിൽ പോകുന്നത് എന്നാണ് അവന്റെ അഭിപ്രായം. 

അധ്യാപക പരിശീലനം സിദ്ധിച്ച ബിരുദാനന്തര ബിരുദധാരിയും പതിറ്റാണ്ടുകൾ അധ്യാപന പരിചയമുള്ള ഒരധ്യാപകനോട് ഇതേകാര്യം ചർച്ച ചെയ്തപ്പോൾ അദ്ദേഹം പറഞ്ഞതിപ്രകാരമായിരുന്നു. അധ്യാപന പരിശീലന കാലത്ത് വിദ്യാഭ്യാസത്തെ കുറിച്ച് ഞാൻ പഠിച്ചതെല്ലാം എന്റെ അനുഭവത്തിൽ സന്പൂർണ്ണമായും മാറ്റപ്പെട്ട അവസ്ഥയിലാണ് ഞാൻ. വിദ്യാഭ്യാസ വകുപ്പും സർക്കാരും പറയുന്ന വേഗത്തിൽ ഞാൻ പുസ്തകത്തിലൂടെ കുറെ കാര്യങ്ങൾ പഠിക്കും. മറ്റുള്ളവർ ഒരു യന്ത്രം കണക്കെ നീങ്ങും. 

സ്റ്റീവ് ജോബ്സ് അദ്ദേഹത്തിന്റെ ആത്മകഥാംശത്തിൽ വിവരിക്കുന്ന ഒരു കാര്യമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂൾ പഠനം അവസാനിപ്പിച്ച സംഭവം. സ്‌കൂൾ പഠനം അവസാനിപ്പിക്കാൻ  അദ്ദേഹം പറഞ്ഞ കാരണം ഇതായിരുന്നു. എനിക്കാവശ്യമുള്ളതല്ല ടീച്ചർ ക്ലാസ്സിൽ പഠിപ്പിച്ചു കൊണ്ടിരിക്കുന്നത്, അവർക്ക് പറയാനുള്ള കാര്യങ്ങളായിരുന്നു. അതിന് ഞാൻ ഫീസ്‌ കൊടുക്കേണ്ടതില്ല.

അനാവശ്യവും അനാരോഗ്യകരവുമായ വിദ്യാഭ്യാസ ചർച്ചകൾക്കായി ചിലവഴിക്കുന്ന സമയം നമുക്ക് ഗുണകരമായ രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കില്ലേ? വിദ്യാർഥികൾക്കും അദ്ധ്യാപകർക്കും സമൂഹത്തിനും ഗുണകരമായ ഒരു വിദ്യാഭ്യാസ ക്രമത്തെ കുറിച്ച് പരമാവധി ആളുകളെ ഉൾപ്പെടുത്തി ഗുണകരമായ ഒരു ചർച്ചയിലേക്കല്ലേ അക്കാദമിക് സമൂഹവും മാധ്യമങ്ങളും രാഷ്ട്രീയ നേതൃത്വവും നീങ്ങേണ്ടത്. 

പ്രമുഖ ചിന്തകനായ ഓഷോ വിദ്യാഭ്യാസത്തെപ്പറ്റി പറഞ്ഞതിപ്രകാരമാണ്,

“A real Education will not teach you to be the first. It will tell you to enjoy what so ever you are doing, not for the result but for the act itself. Just like a painter, a dancer or a musician”.

You might also like

Most Viewed